27 April Saturday

മുന്നേറ്റത്തിന്റെ ചുവടുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019



‘വേണം നമുക്കൊരു പുതുകേരളം. അഭ്യസ്‌തവിദ്യരായ യുവതലമുറയുടെ പ്രതീക്ഷയ്‌ക്കനുസരിച്ചുള്ള തൊഴിലവസരങ്ങൾ ഉറപ്പുനൽകുന്ന സംസ്ഥാനമാകണം കേരളം. അതിനായി പുതിയ വ്യവസായങ്ങളും ആധുനിക കൃഷിയും അതിവേഗത്തിൽ വളരണം. അതോടൊപ്പം ഇന്ന് നമ്മുടെ പരമ്പരാഗത മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് സമ്പൂർണ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തണം.’ 2016ൽ നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയുടെ ആമുഖത്തിൽ പറഞ്ഞതാണിത്. വികസനരംഗത്ത് കേരളം നേരിടുന്ന കിതപ്പ് അവസാനിപ്പിച്ച് കുതിപ്പുണ്ടാക്കണമെന്നും തുടർന്നു പറയുന്നുണ്ട്.

ഇപ്പോൾ, എൽഡിഎഫ് സർക്കാർ മൂന്നരവർഷം പിന്നിടുമ്പോൾ, ഈ വാക്കും കർമവും രണ്ടല്ലെന്ന് ഓരോ മലയാളിയും തിരിച്ചറിയുന്നു.  ഏതു സാമ്പത്തിക വിഷമങ്ങൾക്കു നടുവിലും സമ്പൂർണ സാമൂഹ്യസുരക്ഷ, സുസ്ഥിരവികസനം, സമഗ്ര പശ്ചാത്തല സൗകര്യവികസനം എന്നിവ പിണറായി സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. വിവിധ മേഖലകളിൽ സർക്കാരിന്റെ വിപ്ലവകരമായ ചുവടുകൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാവുകയാണ്. നാടിന്റെ പശ്ചാത്തല സൗകര്യ വികസനത്തിന് ബജറ്റിനുപുറത്ത് പണം കണ്ടെത്താൻ സർക്കാർ നിയന്ത്രണത്തിൽ രൂപീകരിക്കപ്പെട്ട കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ്‌ ഫണ്ട് ബോർഡിന്റെ (കിഫ്ബി) പ്രവർത്തനംതന്നെ ഒന്നാന്തരം മാതൃക.

കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിന് പോയവാരം ദുബായിൽ നടന്ന സംരംഭകരുടെ സംഗമം പ്രത്യാശാ നിർഭരമാകുന്നത്   ഈ പശ്ചാത്തലത്തിലാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഈ സംരംഭക കൂട്ടായ്‌മയിൽ മൊത്തം 10,000 കോടിരൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചു. ഡിപി വേൾഡ് 3500 കോടി, ആർപി ഗ്രൂപ്പ് 1000 കോടി, ലുലു ഗ്രൂപ്പ് 1500 കോടി, ആസ്റ്റർ 500 കോടി, മറ്റു ചെറുകിട സംരംഭകർ 3500 കോടി എന്നിങ്ങനെയാണ് വാഗ്ദാനം.  ഡിപി വേൾഡ് ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ്‌ മേഖലയിലും ആർപി ഗ്രൂപ്പ് ടൂറിസം രംഗത്തും ലുലു റീട്ടെയിൽ മേഖലയിലും ആസ്റ്റർ ആരോഗ്യരംഗത്തുമാണ് പണം മുടക്കുക. നമ്മുടെ വികസന-തൊഴിൽരംഗത്ത് വലിയ സാധ്യതകളാണ് ഇതുവഴി തുറന്നുകിട്ടുക. പ്രവാസി സംരംഭകർക്ക് വേണ്ട സഹായം നൽകുന്നതിന് ഉന്നതതല നിക്ഷേപക കൗൺസിൽ രൂപീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ശ്രദ്ധേയമായ നീക്കമാണ്.

സാമ്പത്തികമായി കേരളത്തെ എല്ലാത്തരത്തിലും ഞെരുക്കാനാണ് കേന്ദ്ര ഗവൺമെന്റ് എപ്പോഴും ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ വായ്‌പാ പരിധി ഉയർത്താനോ പ്രളയ പുനർനിർമാണത്തിന് മതിയായ സഹായം നൽകാനോ കേന്ദ്രം ഇതുവരെ സന്മനസ്സ് കാണിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ ധനപരമായ ആവശ്യങ്ങളോട് ഒട്ടും ഉദാരമായ സമീപനമല്ല മോഡി ഗവൺമെന്റ്‌ സ്വീകരിക്കുന്നത് എന്നു പറയേണ്ടിയിരിക്കുന്നു. ഇവിടെ തോറ്റുകൊടുക്കാൻ തയ്യാറല്ലെന്ന പ്രഖ്യാപനമാണ് വികസനത്തിനും പുനർനിർമാണത്തിനും പണം കണ്ടെത്താൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന മാർഗങ്ങൾ. കിഫ്ബിയുടെ മസാല ബോണ്ടുവഴി 2150 കോടിരൂപ കണ്ടെത്തിയത് മറ്റു സംസ്ഥാനങ്ങൾക്കടക്കം ഉണർവു പകരുന്നതായി.

വൻകിട പശ്ചാത്തല നിക്ഷേപവുമായി ബന്ധപ്പെടുത്തി സംസ്ഥാനത്ത് വ്യവസായപാർക്കുകൾ സ്ഥാപിക്കാനും അവയിലേക്ക് വലിയ കമ്പനികളുടെ മുതൽമുടക്ക് കൊണ്ടുവരാനും സർക്കാർ നടത്തുന്ന ശ്രമങ്ങൾ ഇതോടൊപ്പം കാണണം. നിസാൻ, ടോറസ് ഇൻവെസ്റ്റ്മെന്റ്, എച്ച്ആർ ബ്ലോക്ക്, ടെക് മഹീന്ദ്ര എന്നിവ  ഇതിനകം വിവിധ മേഖലകളിൽ തൊഴിൽ സാധ്യതകളുമായി എത്തിയ കമ്പനികളാണ്. നൂതനസാങ്കേതികവിദ്യകൾ അതിവേഗം ആർജിക്കാനും അവ ഉപയോഗപ്പെടുത്തി പുതിയ സംരംഭങ്ങൾ തുടങ്ങാനും നവീന ബിസിനസ് മാതൃകകൾ സൃഷ്ടിക്കാനുമുള്ള യുവതയുടെ ശേഷി ഇന്ന് ലോകമാകെ സാമ്പത്തിക വളർച്ചയ്‌ക്കുള്ള ചാലകശക്തിയായി കണക്കാക്കുന്നുണ്ട്. അതിനുള്ള വഴി തുറക്കലാണ് "സ്റ്റാർട്ടപ്പുകൾ'. കേരളത്തിലും ഇങ്ങനെ വലിയ മുന്നേറ്റമുണ്ടാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ഇക്കൊല്ലം ആദ്യം എറണാകുളത്ത് ആരംഭിച്ച സംയോജിത സ്റ്റാർട്ടപ് കോംപ്ലക്‌സ്‌ മികച്ച സംവിധാനമായി മാറിക്കഴിഞ്ഞു.

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നവീകരണവും വൈവിധ്യവൽക്കരണവും മറ്റൊരു മുന്നേറ്റമാണ്. ചേർത്തലയിലെ ഓട്ടോകാസ്റ്റിന് റെയിൽവേ ബോഗി നിർമിക്കാൻ ഓർഡർ ലഭിച്ചതും കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് വിദേശത്തേക്ക് മരുന്ന് കയറ്റി അയക്കാൻ ഒരുങ്ങുന്നതും ശ്രദ്ധേയമായ നേട്ടങ്ങളാണ്. 2018-–-19ൽ സംസ്ഥാനത്തെ 12 പൊതുമേഖലാ സ്ഥാപനങ്ങൾ മികച്ച ലാഭത്തിലെത്തി. വ്യവസായം തുടങ്ങൽ എളുപ്പമാക്കി ഏകജാലക സംവിധാനമടക്കം വ്യവസായവകുപ്പ് സ്വീകരിച്ച ഒട്ടേറെ നടപടികളും കേരളത്തെ നിക്ഷേപ സൗഹൃദമാക്കാൻ പോന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ, സർക്കാരിന്റെ ക്രിയാത്മക ഇടപെടലുകൾ എല്ലാ അർഥത്തിലും പുതിയൊരു കേരളത്തിലേക്കുള്ള പ്രയാണമാണ്. പോയവാരം ദുബായിൽനിന്നുവന്ന നിക്ഷേപ വാഗ്ദാനവും അതിന്റെ ഭാഗംതന്നെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top