23 April Tuesday

നിയമവാഴ‌്ചയെ വെല്ലുവിളിക്കരുത‌്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 9, 2018

 ബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ‌്ത്രീകൾക്ക‌് പ്രവേശിച്ച‌് ആരാധന നടത്താനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന‌്  അർഥശങ്കയ‌്ക്കിടയില്ലാത്തവിധം മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നു. സുപ്രീംകോടതിവിധി നടപ്പാക്കുന്നതിനെതിരെ ഉയരുന്ന എതിർപ്പുകൾക്കുമുന്നിൽ സർക്കാർ നടപടികൾ  മയപ്പെടുത്തുകയാണെന്ന പ്രചാരണത്തിനിടെയാണ‌് സുവ്യക്തമായ നിലപാടുകൾ വ്യക്തമാക്കിയത‌്. ശബരിമലയിലെ സ‌്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട‌് നീതിപീഠങ്ങളുടെ തീരുമാനങ്ങളിൽ  എൽഡിഎഫ‌് ഗവൺമെന്റുകൾ എല്ലാകാലത്തും ഒരേ നിലപാടേ സ്വീകരിച്ചിട്ടുള്ളൂ. പ്രശ‌്നം പരിശോധിച്ച  കോടതികളിൽ ലിംഗസമത്വം എന്ന ഭരണഘടനാതത്വം ഉയർത്തിപ്പിടിച്ചപ്പോഴും വിശ്വാസനിഷ‌്ഠകളിലും  ആചാരപരമായ കാര്യങ്ങളിലും അഭിപ്രായ സമന്വയമാണ‌് നല്ലതെന്ന സമീപനമാണ‌് സ്വീകരിച്ചത‌്. ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടശേഷം കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ നടപ്പാക്കുക എന്നതായിരുന്നു തുടർന്നുവന്ന രീതി.

        മുൻകാലങ്ങളിൽ സ‌്ത്രീകൾക്ക‌് ശബരിമലയിൽ അനുവദനീയമായ ആരാധനാസ്വതന്ത്ര്യം കേരള  ഹൈക്കോടതി 1991ൽ വിലക്കിയപ്പോഴും തുടർന്നുവന്ന എൽഡിഎഫ‌് സർക്കാരുകൾ വ്യത്യ‌സ‌്ത നിലപാട‌് സ്വീകരിച്ചില്ല. വർഷങ്ങൾക്കുശേഷം റിട്ട‌് ഹർജി പരിഗണിച്ച സുപ്രീംകോടതി  ആവശ്യപ്പെട്ടതനുസരിച്ചാണ‌്  2007ൽ വി എസ‌്‌ സർക്കാർ  സത്യവാങ്മൂലം നൽകിയത‌്. അതിൽ എടുത്തുപറഞ്ഞ കാര്യങ്ങൾ ഇവയാണ‌്. ആർത്തവത്തിന്റെപേരിൽ സ‌്ത്രീകൾക്ക‌് പ്രവേശനം  നിഷേധിക്കുന്നത‌് ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യം, ലിംഗസമത്വം  എന്നിവയുടെ നഗ്നമായ ലംഘനമാണ‌്‌. ശബരിമലയിൽ  സ‌്ത്രീകൾക്ക‌് ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രമേ ആചാരപരമായ വിലക്ക‌് നിലനിന്നിരുന്നുള്ളൂ. സാമൂഹ്യപരിഷ‌്കരണ പ്രസ്ഥാനങ്ങളുടെ ഭാഗമായി ഇത്തരം പല ദുരാചാരങ്ങളും  ഇല്ലാതായതാണ‌് കേരളത്തിന്റെ ചരിത്രം. അതുകൊണ്ട‌് ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ‌്ത്രീകൾക്ക‌് പ്രവേശനം അനുവദിക്കണം എന്നാണ‌് സർക്കാരിന്റെ അഭിപ്രായം. എന്നാൽ, കോടതി ഈ വിഷയത്തിൽ തീർപ്പുകൽപ്പിക്കുന്നതിനുമുമ്പ‌് ഹിന്ദുമത ധർമശാസ‌്ത്രത്തിലും ക്ഷേത്രാചാരങ്ങളിലുമൊക്കെ പരിണതപ്രജ്ഞരായ, അഴിമതിക്കാരല്ലാത്ത പ്രമുഖ വ്യക്തികൾ അടങ്ങുന്ന ഒരു കമീഷൻ രൂപീകരിച്ച‌് പഠനംനടത്തണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. തുടർന്നുവന്ന യുഡിഎഫ‌് സർക്കാർ ഇത‌്   തിരുത്തി ശബരിമലയിൽ സ‌്ത്രീപ്രവേശനം അനുവദിച്ചുകൂടാ എന്ന നിലപാട‌് സ്വീകരിച്ചു. 2016ൽ പിണറായി സർക്കാർ ചുമതലയേറ്റ ഘട്ടത്തിൽ മുൻ എൽഡിഎഫ‌് ഗവൺമെന്റിന്റെ നിലപാട‌് കോടതിയിൽ ആവർത്തിച്ചു. സർക്കാർ ആഗ്രഹിച്ച പ്രകാരം വിശദമായ പരിശോധനയാണ‌് അഞ്ചംഗ ഭരണഘടനാ ബെഞ്ച‌് ഇക്കാര്യത്തിൽ നടത്തിയത‌്. സ‌്ത്രീവിലക്കിനെ അനുകൂലിക്കുന്ന നിരവധി സംഘടനകളുടെയും വ്യക്തികളുടെയും  ദേവസ്വം ബോർഡിന്റെയും ദീർഘമായ വാദങ്ങൾ പലഘട്ടങ്ങളിലായി  കേട്ടു. കോടതി നിയോഗിച്ച അമിക്കസ‌്ക്യൂറിമാരുടെ കണ്ടെത്തലുകൾ വിലയിരുത്തി. ഏതൊരു പരിഷ‌്കൃത സർക്കാരും സ്വീകരിക്കുന്ന ഉറച്ച നിലപാടാണ‌് എൽഡിഎഫ‌് ഭരണവും  സ്വീകരിച്ചത‌്. പൗരാവകാശവും തുല്യനീതിയും സ‌്ത്രീകളുടെ അന്തസ്സുമെല്ലാം അട്ടിമറിക്കപ്പെടുന്ന വിഷയമായിട്ടും വിശ്വാസവുമായി ബന്ധപ്പെട്ടതാകയാൽ സർക്കാരിന്റെ അഭിപ്രായം അടിച്ചേൽപ്പിക്കപ്പെടരുതെന്ന ഉന്നത ജനാധിപത്യബോധം മുറുകെ പിടിച്ചു.  അതുകൊണ്ടുതന്നെ  കോടതിവിധി എന്തായാലും അത‌് നടപ്പാക്കുന്നതിൽ സർക്കാർ ഉപേക്ഷ കാണിക്കില്ലെന്നും  പരമോന്നത കോടതിയിൽ ഉറപ്പുനൽകി.

      ഇതൊന്നും മനസ്സിലാക്കാത്തവരല്ല കോടതിവിധിയെ ചാരി സർക്കാരിനെതിരെ കലാപത്തിന‌് കോപ്പുകൂട്ടുന്നത‌്.  സർക്കാർ  നിലപാട‌് അംഗീകരിച്ച  ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകണമെന്ന ആവശ്യം എത്രമാത്രം ബാലിശമാണ‌്. ഹൈക്കോടതിവിധിയിലൂടെ നിലവിൽവന്ന സ‌്ത്രീവിലക്ക‌് ഇല്ലാതായിരിക്കുന്നു.  ഇപ്പോഴത്തെ സുപ്രീംകോടതിവിധി രാജ്യത്തെ നിയമമാണ‌്. പരമോന്നത കോടതിതന്നെ അത‌് തിരുത്തുംവരെ അത‌് നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണ‌്. വിശ്വാസപരമായ കാര്യമായതിനാൽ ശബരിമലയിൽ പ്രാർഥിക്കണമെന്ന‌് ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു വനിതയെ തിരിച്ചയക്കാൻ സർക്കാരിന‌് സാധിക്കില്ല. അതിനപ്പുറം ആരെയെങ്കിലും അവിടെ കൊണ്ടുവന്നു മറ്റാരുടെയെങ്കിലും വിശ്വാസത്തെ വ്രണപ്പെടുത്തുകയെന്നത‌് സർക്കാരിന്റെ അജൻഡയുമല്ല.  ഈ ധാരണയോടെ വേണം ദേവസ്വം ബോർഡും സർക്കാരും സ്വീകരിക്കുന്ന നടപടികളെ കാണാൻ. ഇതിന‌് ബന്ധപ്പെട്ടവരുടെ സഹകരണം തേടാനും അഭിപ്രായസമന്വയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനുമാണ‌് തന്ത്രിമാരെയടക്കം ബന്ധപ്പെട്ടവരെ ചർച്ചയ‌്ക്ക‌് ക്ഷണിച്ചത‌്. എന്നാലവർ മുഖംതിരിച്ചുനിൽക്കുകയാണ‌്.

  ശബരിമലയിലെ അടിസ്ഥാനസൗകര്യങ്ങളും ക്രമസമാധാനപാലനവും ഭരണാധികാരികളുടെ ചുമതലയാണ‌്. അതുമാത്രമാണ‌്  നിർവഹിക്കപ്പെടുന്നത‌്. ഇപ്പോഴത്തെ വിധിയിൽ എതിർപ്പുള്ളവർ നിയമപരമായ രീതിയിൽ പരഹാരമാർഗങ്ങൾ തേടുകയാണ‌്  വേണ്ടത‌്‌. റിവ്യു ഹർജിയിൽ തീർപ്പു വരുന്നതുവരെ നിലവിലുള്ള വിധി പാലിച്ചുതന്നെ സർക്കാർ മുന്നോട്ടുപോകുമെന്ന‌് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട‌്. എന്നാൽ, കേരളത്തിലെ പ്രതിപക്ഷവും കേന്ദ്രത്തിലെ ഭരണകക്ഷിയും ഇവിടെ കാട്ടിക്കൂട്ടുന്നത‌് അത്യന്തം അപലപനീയമായ കാര്യങ്ങളാണ‌്. രണ്ടു പാർടികളും വിധിവന്ന ഉടനെ സ്വാഗതംചെയ്യുകയാണുണ്ടായത‌്. ഇവരുടെ ലജ്ജാകരമായ ചുവടുമാറ്റമാണ‌് പിന്നീടുകണ്ടത‌്.  നിലനിൽക്കുന്ന ആചാരങ്ങളിൽ പുരോഗമനപരവും കാലികവുമായ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ എല്ലാവിഭാഗം ജനങ്ങളും ഒരുപോലെ ഒപ്പം നിൽക്കുന്നതല്ല മുൻകാല അനുഭവം. ഇത്തരം സ്വാഭാവിക എതിർപ്പുകളെ രാഷ്ട്രീയ നേട്ടമാക്കാനാകുമോ എന്ന പരീക്ഷണത്തിലാണ‌് കോൺഗ്രസും ബിജെപിയും. വിശ്വാസികളെ ഇളക്കിവിട്ട‌് നിയമവാഴ‌്ചയെ അട്ടിമറിക്കാനാണ‌് ശ്രമം. ഡൽഹിയിൽ മന്ത്രി ഇ പി ജയരാജനെ തടയാൻ നടത്തിയ ശ്രമവും ഇത്തരം നീക്കങ്ങളുടെ ഭാഗമാണ‌്. കേരളത്തിലെ ചില സാമുദായിക സംഘടനകളും ഈ വഴിവിട്ട നീക്കങ്ങൾക്ക‌് കൂട്ടുനിൽക്കുന്നുണ്ട‌്. എന്നാൽ, ജനാധിപത്യ ഭരണസംവിധാനത്തെയും നീതിപീഠത്തെയും ജനവികാരമിളക്കി വരുതിയിൽ നിർത്താമെന്ന വ്യാമോഹം കേരളത്തിൽ വിലപ്പോകില്ല. സ‌്ത്രീത്വത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ച ചരിത്രവിധി യഥാർഥ്യമാക്കാൻ വിട്ടുവീഴ‌്ചയില്ലാതെ മൂന്നാട്ടുപോകുന്ന എൽഡിഎഫ‌് സർക്കാരിന‌് അഭിവാദ്യങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top