26 April Friday

അനശ്വരനായ വിപ്ളവകാരി

വെബ് ഡെസ്‌ക്‌Updated: Monday Oct 9, 2017

മാതൃകാ വിപ്ളവകാരിയെന്നും യുദ്ധതന്ത്രങ്ങളുടെ നായകനെന്നും വിപ്ളവങ്ങളുടെ ഹീറോയെന്നും ഫിദല്‍ കാസ്ട്രോ വിളിച്ച ചെ ഗുവേര രക്തസാക്ഷിത്വം വരിച്ചിട്ട് ഇന്നേക്ക് 50 വര്‍ഷമായി. അമേരിക്കന്‍ ഏജന്റായിരുന്ന റെനെ ബാരിയന്റോസിന്റെ കിരാതഭരണത്തിനെതിരെ ബൊളീവിയന്‍ നാഷണല്‍ ലിബറേഷന്‍ ആര്‍മിയെ സംഘടിപ്പിച്ച് ആര്‍ഡീസ് മലനിരകളില്‍ പോരാടവെയാണ് ചെ ഗുവേരയെ ബൊളീവിയന്‍ സൈന്യം പിടികൂടിയതും വധിച്ചതും.  കനത്ത പോരാട്ടത്തിനൊടുവിലായിരുന്നു ചെയുടെ കീഴടങ്ങല്‍.

ഗ്രാമത്തിലെ സ്കൂളില്‍ കസേരയില്‍ കെട്ടിയിട്ട ചെയുടെ മുറിവേറ്റ വലതുകാലില്‍നിന്ന് രക്തം ഒഴുകിക്കൊണ്ടിരുന്നു. സിഐഎയുടെയും ബൊളീവിയന്‍ പ്രസിഡന്റിന്റെയും ഉത്തരവനുസരിച്ചാണ് ഒക്ടോബര്‍ ഒമ്പതിന് ഉച്ചയ്ക്ക് ഒന്നോടെ മരിയോ ടെരാന്‍ എന്ന ബൊളീവിയന്‍ സൈനികന്‍ ചെയെ വെടിവച്ചുകൊന്നത്. നെഞ്ചിലും താഴെയുമായി ഒമ്പത് ബുള്ളറ്റാണ് ആ ശരീരത്തിലേക്ക് തുളച്ചുകയറിയത്. ഏറ്റുമുട്ടല്‍ക്കൊലയാണെന്ന് ലോകത്തെ ധരിപ്പിക്കാനായിരുന്നു നെഞ്ചിലേക്കുതന്നെ വെടിയുതിര്‍ത്തത്. അര്‍ജന്റീനയില്‍ ജനിച്ച് മോട്ടോര്‍സൈക്കിളില്‍ ലാറ്റിനമേരിക്ക ചുറ്റി ഗ്വാട്ടിമാലയിലെ അര്‍ബന്‍സ് സര്‍ക്കാരിന്റെ അട്ടിമറിക്ക് ദൃക്സാക്ഷിയായതോടെ കടുത്ത സാമ്രാജ്യത്വവിരുദ്ധനായ ചെ ക്യൂബന്‍ വിപ്ളവത്തിനും വിപ്ളവസര്‍ക്കാരിനും നേതൃത്വം കൊടുത്തതോടെയാണ് ലോകപ്രസിദ്ധനായത്.

ചെ ജീവിക്കുന്നത് തങ്ങള്‍ക്ക് ഭീഷണിയാണെന്ന് കണ്ടാണ് അമേരിക്കന്‍ സാമ്രാജ്യത്വവും ബൊളീവിയന്‍ ഭരണാധികാരികളും അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ഉത്തരവിട്ടത്. ലാ ഹിഗ്യേര ഗ്രാമത്തില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ വില്ലെ ഗ്രാന്‍ഡേ വിമാനത്താവളത്തിനടുത്ത് ഒരു കുഴി കുഴിച്ച് മറ്റു ഗറില്ലാ പോരാളികള്‍ക്കൊപ്പം ചെയെയും കുഴിച്ചുമൂടുകയായിരുന്നു. അനശ്വരനായ ആ വിപ്ളവകാരിക്ക് സ്മാരകംപോലും ഉയരാതിരിക്കാനാണ് ആരോരുമറിയാത്ത പ്രദേശത്ത് അദ്ദേഹത്തിന്റെ മൃതദേഹം മറവുചെയ്തത്. ചെയ്ക്ക് സ്മാരകമുയര്‍ന്നാല്‍ ആയിരങ്ങള്‍ അവിടേക്ക് ഒഴുകിയെത്തുമെന്നും അത് തങ്ങളുടെ ഭരണത്തിനുതന്നെ ഭീഷണിയാകുമെന്നും അമേരിക്കന്‍ സാമ്രാജ്യത്വവും ബൊളീവിയയിലെ ബാരിയന്റോസ് സര്‍ക്കാരും കണ്ടിരുന്നു. ചെയുടെ ഓര്‍മകളെപ്പോലും തേച്ചുമായ്ച്ചുകളയുകയായിരുന്നു അവരുടെ ലക്ഷ്യം.

എന്നാല്‍, ആ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനായില്ലെന്ന് 50 വര്‍ഷത്തെ ചരിത്രം നമ്മോട് പറയുന്നു. ലോകമെങ്ങുമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ, ചൂഷിതരുടെ ആശയും ആവേശവും പ്രതീക്ഷയുമാണിന്ന് ചെ. സാമ്രാജ്യത്വവിരുദ്ധ സമരത്തിനുമാത്രമല്ല, കൂലിക്കുവേണ്ടിയുള്ള പോരാട്ടത്തിനുപോലും ചെയുടെ ആദര്‍ശങ്ങളും പ്രവര്‍ത്തനങ്ങളും ആവേശം നല്‍കുന്നു. ആരോരുമറിയാതെ ചെയെ കൊന്നുകുഴിച്ചുമൂടിയതോടെ വിജയം വരിച്ചുവെന്ന് കരുതിയവര്‍ക്ക് തെറ്റുപറ്റി. ചെയുടെ രക്തസാക്ഷിത്വം സ്ഥിരീകരിച്ച് 1967 ഒക്ടോബര്‍ 15ന് ഹവാനയില്‍ കാസ്ട്രോ പറഞ്ഞതുപോലെ "ചെ മരിച്ചതോടെ അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും ഗറില്ലാരീതിക്കും വിപ്ളവസിദ്ധാന്തങ്ങള്‍ക്കും അന്ത്യമായെന്ന് കരുതിയവര്‍ക്ക് തെറ്റുപറ്റി. നേര്‍ക്കുനേര്‍ വെടിയേറ്റ് ഒരു പോരാളിയെപ്പോലെ, വിപ്ളവനേതാവിനെപ്പോലെ മരിച്ചുവീണെങ്കിലും ആയിരംമടങ്ങ് ശക്തിയോടെ തന്റെ കൊലയാളിക്കെതിരെ പോരാടാന്‍ ആ ഓര്‍മ കരുത്ത് നല്‍കും.'' അക്ഷരാര്‍ഥത്തില്‍ അതാണ് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ചെ ഉയര്‍ത്തിപ്പിടിച്ച നീതി, സമത്വം, വിമോചനം എന്നീആദര്‍ശങ്ങള്‍ ഇന്ന് ലാറ്റിനമേരിക്കയുടെ, ലോകജനതയുടെ ആവശ്യമായി മാറിയിരിക്കുന്നു. അതിനായുള്ള പോരാട്ടങ്ങളുടെ കാഹളമാണ് എങ്ങും മുഴങ്ങുന്നത്. ചെയുടെ രക്തസാക്ഷിത്വ വേളയില്‍ ലാറ്റിനമേരിക്കയില്‍ ഒരു ക്യൂബമാത്രമാണ് ഇടതുപക്ഷത്ത് ഉറച്ചുനിന്നതെങ്കില്‍ ഇപ്പോള്‍ വെനസ്വേലയും ഇക്വഡോറും  നിക്കരാഗ്വയും മറ്റും ഇടതുപക്ഷത്താണ്. എന്തിനധികം പറയുന്നു, ചെയെ വധിച്ച ബൊളീവിയയും ഇടത്തോട്ട് നീങ്ങിയിരിക്കുന്നു. ചെയുടെ സ്മരണകള്‍പോലും കുഴിച്ചുമൂടാനൊരുങ്ങിയ ബൊളീവിയ ഇന്ന് ചെ സ്മരണകളില്‍നിന്നാണ് രാഷ്ട്രീയ ഊര്‍ജം ഉള്‍ക്കൊള്ളുന്നത്. ലാറ്റിനമേരിക്കയില്‍മാത്രമല്ല, ലോകമെമ്പാടും ചെ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള നീക്കത്തിന്റെ മുന്‍നിരയിലാണിന്ന് ബൊളീവിയ. ചെ കൊല്ലപ്പെട്ട ലാ ഹിഗ്യേര ഗ്രാമത്തില്‍പ്പോലും അദ്ദേഹത്തിന് സ്മാരകമുയര്‍ന്നിരിക്കുന്നു. ഒക്ടോബര്‍ അഞ്ചുമുതല്‍ ഒമ്പതുവരെ ഔദ്യോഗിക ചെ അനുസ്മരണപരിപാടികളാണ് ബൊളീവിയയിലെങ്ങും നടക്കുന്നത്.     
                                                                                                                                                                                                     ചെയുടെ പ്രവര്‍ത്തനങ്ങളുടെ ചരിത്രം വ്യക്തമാക്കുന്ന വെബ്സൈറ്റിനും ബൊളീവിയന്‍ സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നു. ചെയുടെ പേരില്‍ ഒരു പുരസ്കാരം നല്‍കാനും ബൊളീവിയന്‍ പാര്‍ലമെന്റ് തീരുമാനിച്ചു. സാമ്രാജ്യത്വവിരുദ്ധപോരാട്ടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും സാമൂഹ്യസമത്വത്തിനും സോഷ്യലിസത്തിനുമായി പ്രവര്‍ത്തിക്കുന്നവര്‍ക്കുമായിരിക്കും പുരസ്കാരം നല്‍കുകയെന്ന് ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് വ്യക്തമാക്കി. അതായത് ചെയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നവര്‍ക്കായിരിക്കും പുരസ്കാരമെന്നര്‍ഥം. "ഇത് ചെയുടെ സ്മരണകള്‍ അയവിറക്കി കരയാനുള്ള സമയമല്ല; ഇത് സാമ്രാജ്യത്വവിരുദ്ധപോരാട്ടങ്ങള്‍ക്ക് ആഴവും പരപ്പും ശക്തിയും നല്‍കേണ്ട സമയമാണ്.

പരമാധികാരം ഉയര്‍ത്തിപ്പിടിക്കാനും സാമ്രാജ്യത്വം അടിച്ചേല്‍പ്പിച്ച ഏകാധിപത്യത്തെ ചെറുക്കാനുമായിരുന്നു ചെയും ഏതാനും പോരാളികളും തോക്കുമേന്തി ബൊളീവിയന്‍ കാടുകളിലേക്ക് വന്നത്. അതുകൊണ്ടുതന്നെ ചെയെ ആദരിക്കേണ്ടത്, ഓര്‍മിക്കേണ്ടത് ബൊളീവിയയുടെകൂടി കടമയാണ്''- എന്ന് ബൊളീവിയന്‍ പ്രസിഡന്റ് ഇവാ മെറേല്‍സ് നമ്മെ ഓര്‍മിപ്പിക്കുന്നു. ചെ നടന്ന വഴികളിലും പ്രദേശങ്ങളിലും ലാ ഹിഗ്യേരയിലും വില്ല ഗ്രാന്‍ഡേയിലും കാമിരിയിലും ലാ പാസിലും മറ്റും വന്‍ പരിപാടികള്‍ക്കാണ് ബൊളീവിയന്‍ സര്‍ക്കാര്‍ ആഹ്വാനം നല്‍കിയിട്ടുള്ളത്. ലോകം ചെ സ്മരണകളില്‍ മുഴുകുമ്പോള്‍ ഭയക്കുന്നത് മുതലാളിത്തശക്തികളും വലതുപക്ഷവുമാണ്. അതിന്റെ അലയൊലികള്‍ ഇങ്ങ് കേരളത്തിലും കേള്‍ക്കാനായി. വലതുപക്ഷത്തിന്റെ, ഫാസിസ്റ്റ് ശക്തികളുടെ കോട്ടകൊത്തളങ്ങളാണ് ചെ സ്മരണ ഉയരുമ്പോള്‍ ആടി ഉലയുന്നത് *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top