25 April Thursday

സൌദി: എല്ലാവര്‍ക്കും നീതി ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2016

സൌദി അറേബ്യയില്‍ പ്രതിസന്ധിയില്‍ അകപ്പെട്ട തൊഴിലാളികളുടെ  ശമ്പളക്കുടിശ്ശിക വിതരണം ചെയ്യണമെന്നും അവശ്യസഹായ നടപടി  സ്വീകരിക്കണമെന്നും  സൌദി ഭരണാധികാരി  ഉത്തരവിട്ടെന്ന വാര്‍ത്ത പ്രതീക്ഷാനിര്‍ഭരമാണ്. തൊഴില്‍ നഷ്ടമായ ഇന്ത്യക്കാര്‍ കഷ്ടപ്പാടുകള്‍ സഹിച്ച് അവിടെ തുടരുന്നത് ആരെങ്കിലും തടഞ്ഞതുകൊണ്ടല്ല, തങ്ങള്‍ ജോലിയെടുത്തതിന്റെ കൂലി കിട്ടാനും തുടര്‍ന്നും തൊഴില്‍ ലഭിക്കാനുമാണ്.  ഇന്നത്തെ അനിശ്ചിതത്വം നീക്കി പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കണമെന്നതാണ് അവരുടെ ആവശ്യം. സങ്കീര്‍ണമായ പ്രശ്നങ്ങളാണ് അവരുടേത്. ഇന്ത്യയില്‍നിന്ന് വിദേശ സഹമന്ത്രി ചെന്ന് ഏതാനും വിമാനങ്ങള്‍ ഏര്‍പ്പാടാക്കി തൊഴിലാളികളെ കയറ്റി അയച്ചതുകൊണ്ടോ വാര്‍ത്തകള്‍ സൃഷ്ടിച്ചതുകൊണ്ടോ സൌദിയിലെ തൊഴിലാളിപ്രശ്നം അവസാനിക്കും എന്ന് കരുതുന്നത് മൌഢ്യമാണ്.   

എണ്ണ വിലയിടിവിന്റെ ഫലമായി സൌദിയില്‍ മിക്ക കമ്പനികളും പ്രതിസന്ധി നേരിടുന്നുണ്ട്. പല കമ്പനികളും മൂന്നും നാലും മാസം കൂടുമ്പോഴാണ് ശമ്പളം നല്‍കുന്നത്. സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോള്‍ പല പദ്ധതികളില്‍നിന്നും സര്‍ക്കാര്‍ പിന്മാറി. പല കരാറുകളും ഉപേക്ഷിച്ചു. ഇതിന്റെയെല്ലാം ഫലം തൊഴിലാളികളില്‍ തീവ്രമായാണ് പ്രതിഫലിച്ചത്. എന്നിട്ടും മിക്കവരും അവിടെ പിടിച്ചുനില്‍ക്കാന്‍ തയ്യാറായത് കുടുംബം പുലര്‍ത്താനുള്ള വഴി അടഞ്ഞുപോകാതിരിക്കാനാണ്. ഇരുപതും മുപ്പതും വര്‍ഷം ജോലി ചെയ്ത അനുകൂല്യങ്ങള്‍ കിട്ടാനുള്ളവര്‍ കൂട്ടത്തിലുണ്ട്. ഒമ്പതു മാസത്തെയെങ്കിലും   ശമ്പളക്കുടിശ്ശികയുള്ളവരാണ് ഭൂരിപക്ഷവും. ബാങ്ക് ലോണ്‍ അടക്കമുള്ള ബാധ്യതയില്ലാത്തവര്‍ വിരളം.  ഈ സാഹചര്യങ്ങള്‍ മനസ്സിലാക്കാതെ 'കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ' നാട്ടിലെത്തിക്കുന്നു എന്ന മട്ടില്‍ ലാഘവബുദ്ധിയോടെ വിഷയത്തെ സമീപിക്കാനാവില്ല.  

ശമ്പളവും മറ്റ് ആനുകൂല്യവും ലഭിക്കുന്നതില്‍ ഉറപ്പുകിട്ടുകയും തുടര്‍ന്നും ജോലി ലഭിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയുമാണ് യഥാര്‍ഥ ആവശ്യം. ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ലേബര്‍ കോടതിയില്‍ പലരും പരാതി നല്‍കിയിട്ടുണ്ട്. അവയിലും തീര്‍പ്പുണ്ടാകണം. ഏകദേശം 300 മലയാളികളാണ് തൊഴില്‍ നഷ്ടപ്പെട്ട് ലേബര്‍ ക്യാമ്പുകളിലുള്ളത്. അവരുടെയെല്ലാം വിഷയം കൈകാര്യം ചെയ്യാന്‍ സൂക്ഷ്മതയോടെയുള്ള ഇടപെടലാണ് വേണ്ടത്്. കൂട്ടായ പ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടത്. അത്തരമൊരു ഏകോപനത്തിനാണ് മന്ത്രി കെ ടി ജലീലിനെ സൌദിയിലേക്ക് അയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ മന്ത്രി ജലീലിന്റെ ദൌത്യം മുടക്കി.   

ലേബര്‍ ക്യാമ്പുകള്‍ അടക്കം സന്ദര്‍ശിച്ച് മലയാളികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും തുടര്‍ നടപടികളെടുക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ സന്നദ്ധതയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്കു കല്‍പ്പിച്ചത്. മറ്റു പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കാനും വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാനുമുള്ള ശ്രമവും ഇതോടെ തടയപ്പെട്ടു. ഫെഡറല്‍ തത്വങ്ങള്‍ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് പകരം "ഞങ്ങള്‍ ചെയ്തുകൊള്ളാം, നിങ്ങള്‍ അംഗീകരിച്ചു കൊള്ളുക'' എന്ന ധിക്കാരപരമായ നിലപാടാണ് ഇക്കാര്യത്തില്‍ കേന്ദ്രം സ്വീകരിച്ചത്. ഫലത്തില്‍, സൌദിയിലെ മലയാളി സമൂഹത്തിനാകെ വിഷമമുണ്ടാക്കുന്ന നടപടിയാണിത്. ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പു പ്രചാരണം ലക്ഷ്യമിട്ട് വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള വ്യഗ്രതയാണ് ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനുള്ളതെന്ന ആക്ഷേപത്തിന് സാധുത ലഭിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്്.

തൊഴിലാളി പ്രശ്നം പരിഹരിക്കാന്‍ പത്തുകോടി റിയാല്‍ അനുവദിച്ച സൌദി ഭരണാധികാരിയുടെ നടപടി സ്വാഗതാര്‍ഹമാണ്. ശമ്പളക്കുടിശ്ശിക പൂര്‍ണമായി ലഭ്യമാക്കാനും ഇതര പ്രശ്നങ്ങള്‍ പരിഹരിക്കാനും തുടര്‍ന്നും നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്.  ഇതിന് നിരന്തരമായ ഇടപെടല്‍ ആവശ്യമാണ്. കേന്ദ്ര സഹമന്ത്രി വികെ സിങ്ങിന്റെ സൌദി സന്ദര്‍ശനവും ഇന്ത്യന്‍ അംബാസഡറുടെ ചര്‍ച്ചയുംകൊണ്ട് അവസാനിക്കേണ്ടതല്ല അത്. ഇതില്‍ കക്ഷിരാഷ്ട്രീയം കാണരുത്.

പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനത്തിന്റെ സഹായം വേണ്ട എന്ന നിലപാടും അരുത്. കൂട്ടായ പ്രവര്‍ത്തനത്തെ അവമതിക്കുകയും നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ചശേഷം സംസ്ഥാന സര്‍ക്കാരിനെ പരിഹസിക്കുകയും ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിലവാരത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ താഴാന്‍ പാടില്ല. അതുകൊണ്ടുതന്നെ, സൌദി രാജാവിന്റെ പ്രഖ്യാപനം പൂര്‍ണ അര്‍ഥത്തില്‍ ഫലപ്രാപ്തിയിലെത്തിക്കാനുള്ള ഇടപെടല്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഉണ്ടാകണം. തൊഴില്‍ പ്രശ്നത്തില്‍ അകപ്പെട്ട എല്ലാ പ്രവാസി ഇന്ത്യക്കാര്‍ക്കും നീതി ലഭിക്കും എന്ന് ഉറപ്പാക്കണം
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top