29 March Friday

ചൈനയെ ലക്ഷ്യമാക്കി വ്യാപാരയുദ്ധം

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാരയുദ്ധത്തിന് അമേരിക്ക തിരികൊളുത്തി. ജൂലൈ ആറിന് 3400 കോടി ഡോളറിന്റെ ചൈനീസ് സാധനങ്ങൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്താൻ അമേരിക്ക തയ്യാറായി. സമാനമായി നികുതി ചുമത്തി ചൈനയും തിരിച്ചടിച്ചു. ട്രംപ് അധികാരത്തിൽ വന്നതോടെയാണ് ‘അമേരിക്ക ആദ്യം' എന്ന നയത്തിന്റെ ഭാഗമായി അമേരിക്കൻ വ്യവസായ‐കാർഷിക മേഖലയുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി സ്വതന്ത്രവ്യാപാരത്തെ തള്ളിപ്പറഞ്ഞ് വിദേശ ഉൽപ്പന്നങ്ങൾക്ക് അധികനികുതി ചുമത്താൻ ആരംഭിച്ചത്. ചൈനയിൽനിന്ന‌് പ്രധാനമായും ഇറക്കുമതി ചെയ്യുന്ന സോളാർ പാനലുകൾക്ക‌് 30 ശതമാനവും വാഷിങ് മെഷീനുകൾക്ക് 20 ശതമാനവും നികുതി ഏർപ്പെടുത്തിയായിരുന്നു അമേരിക്കൻ കമ്പോളസംരക്ഷണ നീക്കത്തിന് തുടക്കമിട്ടത്. മാർച്ചിൽ, ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് 25 ശതമാനവും അലുമിനിയത്തിന് പത്ത‌് ശതമാനവും നികുതി ഏർപ്പെടുത്തി. അമേരിക്കയുമായി അടുത്ത ബന്ധമുള്ള ക്യാനഡ, മെക്‌സിക്കോ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളെയാണ് ഈ തീരുമാനം ദോഷമായി ബാധിച്ചത്. ആദ്യം ഈ മൂന്നു രാജ്യങ്ങൾക്ക് ഇളവ് നൽകിയെങ്കിലും മെയ് മാസം അവസാനം അതും പിൻവലിച്ചു.  അതോടെ, അമേരിക്കയിൽനിന്നുള്ള പഴവർഗങ്ങൾക്കും വീഞ്ഞിനും സ്റ്റീൽ പൈപ്പുകൾക്കും ചൈന 25 ശതമാനം നികുതി ഏർപ്പെടുത്തി. അതിന്റെ തുടർച്ചയെന്നോണമാണ് ഇപ്പോൾ അമേരിക്കയും ചൈനയും വീണ്ടും 3400 കോടി ഡോളർ വിലവരുന്ന ഉൽപ്പന്നങ്ങൾ പരസ്പരം നികുതി ഏർപ്പെടുത്തിയിട്ടുള്ളത്.

വ്യാപാരയുദ്ധംകൊണ്ട് അമേരിക്ക പ്രധാനമായും ലക്ഷ്യമാക്കുന്നത്, ചൈനാമുന്നേറ്റം തടയുകയാണ്.  അമേരിക്കയുടെ വ്യാപാരത്തിന്റെ പത്തിലൊന്നിലധികം മാത്രമാണ് ചൈനയുടെ വ്യാപാരമെങ്കിലും യൂറോപ്യൻ യൂണിയനെപ്പോലും കടത്തിവെട്ടി ചൈന രണ്ടാംസ്ഥാനത്തേക്ക് കുതിക്കുകയാണിപ്പോൾ. റോബോട്ടിക്‌സ്, ബയോടെക‌് തുടങ്ങിയ ഹൈടെക‌് മേഖലയിലാണ് ചൈന അവരുടെ ഗവേഷണവും മറ്റും ശക്തിപ്പെടുത്തുന്നത്. ഇത് അമേരിക്കയുടെ വ്യാവസായിക അടിത്തറയാണ് ഇളക്കുന്നത്. ചൈന വളർന്നാൽ മരിക്കുന്നത് അമേരിക്കയായിരിക്കുമെന്ന ഭീതി പല കോണുകളിൽനിന്നും ഉയരുന്നുണ്ട്. അതിനാൽ ചൈനയിൽനിന്ന‌് ഇറക്കുമതി ചെയ്യുന്ന 5ജി നെറ്റ്‌വർക്ക‌്, സൈബർ സുരക്ഷ, റോബോട്ടിക‌്സ്, ഏറോസ്‌പേസ്, ഓഷ്യൻ എൻജിനിയറിങ്, ഹൈസ്പീഡ് റെയിൽവേ തുടങ്ങിയ മേഖലകളിലെ ഉപകരണങ്ങൾക്കാണ് നികുതി ഏർപ്പെടുത്തിയിട്ടുള്ളത്. ഏതായാലും രണ്ടാം ലോകയുദ്ധത്തിന് തൊട്ടുമുമ്പുണ്ടായ വ്യാപാരതർക്കങ്ങൾക്കുസമാനമായ സ്ഥിതിവിശേഷമാണ് സംജാതമാകുന്നതെന്ന ഭീതി പല കോണുകളിൽനിന്നും ഉയർന്നിട്ടുണ്ട്.

അമേരിക്കയുടെ തലതിരിഞ്ഞ വ്യാപാരനയത്തിനെതിരെ ലോകരാഷ്ട്രങ്ങളെ അണിനിരത്താനുള്ള ശ്രമവും ചൈന ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബ്രസ്സൽസിൽ ചേർന്ന ചൈന‐ജർമനി യോഗത്തിലാണ് ചൈനീസ് ഉപപ്രധാനമന്ത്രി ലിയു ഹി അമേരിക്കയ‌്ക്കും ലോകവ്യാപാര സംഘടനയ‌്ക്കുമെതിരെ ചൈന‐ഇയു സംയുക്തപ്രസ്താവന എന്ന ആശയം മുന്നോട്ടുവച്ചത്. എന്നാൽ, ചൈനവിരുദ്ധത കൈവെടിയാൻ ഇയു തയ്യാറാകാത്തതിനാൽ ഈ ശ്രമം വിജയിച്ചിട്ടില്ല. ജൂലൈ 16, 17 തീയതികളിൽ ചൈന‐ഇയു ഉച്ചകോടി ബീജിങ്ങിൽ നടക്കുകയാണ്. ദക്ഷിണ ചൈന കടൽപ്രശ്‌നം ഉയർത്തി കഴിഞ്ഞ രണ്ട് ഉച്ചകോടിയിലും സംയുക്തപ്രസ്താവനപോലും ഇറക്കാനായിരുന്നില്ല. എന്നാൽ, ഇക്കുറി സാമ്പത്തിക സംരക്ഷണ വാദത്തിനെതിരെ പ്രമേയം കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് ചൈന. ട്രംപിന്റെ വ്യാപാരനയം പാശ്ചാത്യരാഷ്ട്രങ്ങളിലുണ്ടാക്കിയ ഭിന്നിപ്പ് അവസരമാക്കാനുള്ള തന്ത്രങ്ങളാണ് ചൈന മെനയുന്നത്.
 

നവാസ് ഷെരീഫിനെതിരായ കോടതിവിധി

പാകിസ്ഥാനിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാൻ രണ്ടാഴ്ചമാത്രം ശേഷിക്കെയാണ് പാകിസ്ഥാൻ മുസ്ലിംലീഗ് എൻ നേതാവും മൂന്നുവട്ടം പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫിനെ പത്തുവർഷം തടവിനും 120 കോടി പിഴയടയ‌്ക്കാനും പാകിസ്ഥാനിലെ അക്കൗണ്ടബിലിറ്റി കോടതി ശിക്ഷിച്ചത്. മകളും പാർടി നേതാവുമായ മറിയം നവാസിനെയും അവരുടെ ഭർത്താവിനെയും കോടതി ശിക്ഷിച്ചിട്ടുണ്ട്.  കഴിഞ്ഞവർഷം ഷെരീഫിന് പ്രധാനമന്ത്രിസ്ഥാനം നഷ്ടമായത് പനാമ രേഖകൾ പുറത്തുവന്നതോടെയാണ്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പേരിലാണ് സുപ്രീംകോടതി നവാസിനെതിരെ ആജീവനാന്ത രാഷ്ട്രീയവിലക്ക് ഏർപ്പെടുത്തിയത്.  ഈ കേസിന്റെ തുടർച്ചയെന്നോണമാണ് ലണ്ടനിലെ നാല് ഫ്‌ളാറ്റുകൾ വാങ്ങിയതുസംബന്ധിച്ച കേസ് അക്കൗണ്ടബിലിറ്റി കോടതി പരിശോധിച്ചതും ഇപ്പോൾ ശിക്ഷ വിധിച്ചതും.  

പാകിസ്ഥാൻ സൈന്യവും ജുഡീഷ്യറിയും ചേർന്ന് നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ വിധികളെന്നാണ് നവാസ് ഷെരീഫ് ആരോപിക്കുന്നത്. ജൂലൈ 25ന് നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ നവാസിന്റെ പാർടി വീണ്ടും അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്ന ഘട്ടത്തിലാണ് ശിക്ഷ പ്രഖ്യാപിച്ചത് എന്നത് ഈ വാദത്തിന് ബലംനൽകുന്നു. സിയാ ഉൾ ഹഖ് കൈപിടിച്ചുയർത്തിയ ബിസിനസുകാരനായ രാഷ്ട്രീയക്കാരനാണ് നവാസ് ഷെരീഫ്. 1999ൽ പർവേസ് മുഷറഫ് അട്ടിമറിച്ചതോടെ സൈന്യവുമായി അകന്ന ഷെരീഫിന് 2013ലെ പ്രധാനമന്ത്രിയായി തിരിച്ചുവരാൻ പറ്റിയെങ്കിലും ജൂഡീഷ്യറിയുമായും അദ്ദേഹം കലഹിച്ചു.  കഴിഞ്ഞവർഷം അധികാരം നഷ്ടമാകുകയും ചെയ്തു. ഷെരീഫിനെതിരായ കോടതിവിധി പരമാവധി അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് മുൻ ക്രിക്കറ്റ് താരം ഇമ്രാൻ ഖാൻ നയിക്കുന്ന തെഹ്‌രീഖ് ഇ ഇൻസാഫ് പാർടിയും സർദാരിയും ബിലാവൽ ഭൂട്ടോയും നയിക്കുന്ന പാകിസ്ഥാൻ പീപ്പിൾസ് പാർടിയും.
.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top