29 March Friday

നവകേരളത്തിനുള്ള ചുവടുവയ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Jul 9, 2016


നിശബ്ദരാക്കപ്പെടുന്ന മനുഷ്യരുടെ വിജയമുദ്ഘോഷിക്കുകയും അവര്‍ ഈ ഭൂമിതന്നെയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന കവിതാശകലം പാടിയാണ് ധനമന്ത്രി ഡോ. തോമസ് ഐസക് 14–ാം കേരള നിയമസഭയില്‍ ആദ്യബജറ്റ് അവതരിപ്പിച്ചത്. അഴിമതിമുക്ത– മതനിരപേക്ഷ– വികസിത കേരളം എന്ന വാഗ്ദാനമാണ് പിണറായി വിജയന്‍ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയത്. അത് അക്ഷരാര്‍ഥത്തില്‍ പാലിക്കാനുള്ളതാണെന്നും ഏതുപ്രതിസന്ധിയും മുറിച്ചുകടന്ന് വാഗ്ദാനം പാലിക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാരിനുണ്ടെന്നുമാണ് 2016–17ലെ പുതുക്കിയ ബജറ്റിലൂടെ ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചത്. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം, സംസ്ഥാനത്തിന്റെ ഗുരുതരമായ സാമ്പത്തികപ്രശ്നങ്ങള്‍ അക്കമിട്ടുനിരത്തുകയും അതിന് കാരണമായ കെടുകാര്യസ്ഥത, അഴിമതി, അരാജകത്വം എന്നിവയിലേക്ക് വിരല്‍ചൂണ്ടുകയും ചെയ്യുന്നു. എന്നാല്‍, മുരടിപ്പിന്റെയും നൈരാശ്യത്തിന്റെയും കണക്കുകള്‍ നിരത്തി നിസ്സഹായാവസ്ഥയുടെ വിലാപമുയര്‍ത്തുകയല്ല ബജറ്റ്. മറിച്ച്, സര്‍വപരിമിതികളും നിലനില്‍ക്കെ, കേരളത്തെ എങ്ങനെ മുന്നോട്ടുനയിക്കും എന്ന വികസനതന്ത്രം പ്രഖ്യാപിക്കുകയാണ്.

ധനമന്ത്രി അത് ഇങ്ങനെ വിശദീകരിക്കുന്നു: "കെടുകാര്യസ്ഥതയും അഴിമതിയും ഒഴിവാക്കിയാല്‍ നികുതിവരുമാനം ഗണ്യമായി ഉയര്‍ത്താന്‍ കഴിയും. പാവങ്ങള്‍ക്കുള്ള സമാശ്വാസങ്ങള്‍ക്കും അവരുടെ തൊഴില്‍മേഖലയുടെ സംരക്ഷണത്തിനും ഒരു കുറവും വരുത്താനുദ്ദേശിക്കുന്നില്ല. എന്നാല്‍, പുതിയ സ്ഥാപനങ്ങളും തസ്തികകളും ആരോഗ്യംപോലുള്ള ചില മേഖലകളൊഴികെ, കഴിവതും രണ്ടുവര്‍ഷത്തേക്ക് മാറ്റിവയ്ക്കാനാകണം. അങ്ങനെ റവന്യൂചെലവ് വര്‍ധന നിയന്ത്രണാധീനമാക്കാം. ഇത് യാഥാര്‍ഥ്യമായാല്‍ റവന്യൂകമ്മി കുറയ്ക്കാന്‍ കഴിയും. അതോടെ വായ്പയെടുക്കുന്നതിന്റെ കൂടുതല്‍ വിഹിതം മൂലധനച്ചെലവിനായി നീക്കിവയ്ക്കാനും കഴിയും. ഇതില്‍ ഒരുഭാഗം ഉപയോഗപ്പെടുത്തി അതിന്റെ പലമടങ്ങ് പണം ബജറ്റിനുപുറത്ത് സമാഹരിച്ച് സര്‍ക്കാര്‍നേതൃത്വത്തിലുള്ള മുതല്‍മുടക്കില്‍ കുതിപ്പ് ഉറപ്പുവരുത്താന്‍ കഴിയും. അടുത്ത അഞ്ചുവര്‍ഷംകൊണ്ട് ഒരുലക്ഷത്തോളം കോടി രൂപ സംസ്ഥാനത്ത് മുതല്‍മുടക്ക് ഉണ്ടാക്കുവാന്‍ കഴിഞ്ഞാല്‍ ഇന്ന് സംസ്ഥാനം നേരിടുന്ന സാമ്പത്തികമുരടിപ്പ് മറികടക്കാന്‍ കഴിയും.''

കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ അര്‍പ്പിക്കുന്ന പ്രത്യാശയും വിശ്വാസവുമാണ് ഈ നിശ്ചയദാര്‍ഢ്യത്തിന് ഊര്‍ജമാകുന്നത്. നികുതിചോര്‍ച്ച തടഞ്ഞ് വരുമാനംകൂട്ടി വികസനം, ക്ഷേമം, പരിസ്ഥിതിസംരക്ഷണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റ് അടിസ്ഥാനസൌകര്യ വികസനവും അധിക വിഭവസമാഹരണവും ലക്ഷ്യമിടുന്നു. കാര്‍ഷികമേഖലയ്ക്കും സ്ത്രീക്ഷേമത്തിനും പ്രാധാന്യം നല്‍കുന്നു. റവന്യൂചെലവ് നിയന്ത്രിച്ച് മൂലധനച്ചെലവ് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് 12,000 കോടി രൂപയുടെ രണ്ടാം മാന്ദ്യവിരുദ്ധ പ്രത്യേക നിക്ഷേപ പാക്കേജ് ബജറ്റില്‍ പ്രഖ്യാപിക്കുന്നു. ഇടതുപക്ഷ കാഴ്ചപ്പാടുകളില്‍ അടിയുറച്ചുള്ള ബദല്‍സമീപനമാണ്, നൂതനമായ ജനക്ഷേമ പരിപാടികളും വികസനസമീപനവും ഒത്തുചേരുന്ന ബജറ്റിന് ആധാരം.
എല്ലാ സാമൂഹിക ക്ഷേമപെന്‍ഷനുകളും 1000 രൂപയായി ഉയര്‍ത്തുകയും ആയിരത്തിലേറെ കോടി രൂപ വരുന്ന മുഴുവന്‍ പെന്‍ഷന്‍ കുടിശ്ശികകളും ഓണത്തിനുമുന്നേ കൊടുത്തുതീര്‍ക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്നുണ്ട് ധനമന്ത്രി. കേരളമാതൃകയെ തിരിച്ചുപിടിക്കാനുള്ള ക്രിയാത്മക ഇടപെടലായി ചുരുക്കംവാക്കുകളില്‍ ഈ ബജറ്റിനെ വിശേഷിപ്പിക്കാം. 13,066 കോടി രൂപയാണ് ഇന്ന് സംസ്ഥാനത്തിന്റെ റവന്യൂകമ്മി. 17,926 കോടി രൂപ പൊതുകടം ലഭിക്കുന്നതില്‍ 73 ശതമാനവും ഈ കമ്മി നികത്താനാണ് ചെലവഴിക്കേണ്ടത്. വരുംവര്‍ഷങ്ങളില്‍ റവന്യൂകമ്മി ഗണ്യമായി കുറച്ചില്ലെങ്കില്‍ വഴിമുട്ടിപ്പോകും. അതിനര്‍ഥം കൃത്യമായ അച്ചടക്കവും നിയന്ത്രണങ്ങളും കര്‍ക്കശ സമീപനവുംകൊണ്ടേ മുന്നോട്ടുപോകാനാകൂ എന്നാണ്. അത് സാധ്യമാണെന്ന് ബജറ്റ് വസ്തുതകള്‍ നിരത്തി പ്രഖ്യാപിക്കുന്നു. അതുകൊണ്ടാണ്, ബജറ്റ് യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന പ്രതിപക്ഷവിമര്‍ശത്തെ യുക്തിഭദ്രം ഖണ്ഡിക്കാന്‍ ധനമന്ത്രിക്ക് കഴിയുന്നത്.

പാവങ്ങള്‍ക്ക് സമ്പൂര്‍ണ സംരക്ഷണം ഉറപ്പുവരുത്തി, സുസ്ഥിരവും ദ്രുതഗതിയിലുള്ളതുമായ സാമ്പത്തികവളര്‍ച്ച കൈവരിക്കാനുള്ള നിര്‍ദേശങ്ങള്‍ ദോഷൈകദൃക്കുകള്‍പോലും സ്വാഗതം ചെയ്തിട്ടുണ്ട്. പ്രതിപക്ഷത്തിന് അത്തരമൊരു നിര്‍ദേശത്തെയും എതിര്‍ക്കാന്‍ കഴിയുന്നില്ലെന്നതും ശ്രദ്ധേയമാണ്. ധനമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ,  നൂല്‍പ്പാലത്തിന്മേല്‍ക്കൂടിയുള്ള നടത്തമാണിത്. റവന്യൂവരുമാനം വര്‍ധിപ്പിക്കാനും അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കാനും എല്ലാ ഭാഗത്തുനിന്നും സഹകരണം ഉണ്ടാകേണ്ടതുണ്ട്. പട്ടിണി കിടക്കുന്നവരില്ലാത്ത, എല്ലാവര്‍ക്കും കിടപ്പാടമുള്ള, മികച്ച ചികിത്സ കിട്ടുന്ന, ഏതു കുഞ്ഞിനും അഭിരുചിക്കനുസൃതം വിദ്യാഭ്യാസം ലഭിക്കുന്ന, വിഷമില്ലാത്ത ഭക്ഷണം ഉറപ്പാക്കുന്ന, സമാധാനവും മതനിരപേക്ഷതയും പുലരുന്ന, അഴിമതി  വിളയാടാത്ത കേരളം ഇന്നത്തേക്കും നാളത്തേക്കും ഉറപ്പാക്കാനുള്ള ഈ ചുവടുവയ്പിനെ ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top