23 April Tuesday

അപവാദപ്രചാരണങ്ങളെ തിരിച്ചറിയുക

വെബ് ഡെസ്‌ക്‌Updated: Thursday Jun 9, 2022


സിപിഐ എമ്മും എൽഡിഎഫ് സർക്കാരും മതനിരപേക്ഷ രാഷ്ട്രീയവും ബദൽ വികസന കാഴ്ചപ്പാടുകളും മുന്നോട്ടുവച്ചു  പ്രവർത്തിക്കുകയാണ്. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനാകാതെ അപവാദങ്ങളും നുണപ്രചാരണങ്ങളും നടത്തി രാഷ്ട്രീയരംഗത്തെ മലീമസമാക്കുകയാണ് വലതുപക്ഷ രാഷ്‌ട്രിയക്കാർ. ചില മഞ്ഞമാധ്യമക്കാർ പുറത്തുവിടുന്ന മാലിന്യങ്ങൾ അതേപോലെ പ്രചരിപ്പിക്കുന്നതിനാണ്‌ ഇവർ താൽപ്പര്യം കാണിക്കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ചെയ്തികൾ ഇനിയും തുടരാൻ തന്നെയാണ് ഭാവമെന്ന് അപവാദപ്രചാരണത്തെ സംബന്ധിച്ച് യുഡിഎഫ്‌ നടത്തിയ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.

തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുഘട്ടത്തിലും നിയമസഭാ തെരഞ്ഞെടുപ്പുഘട്ടത്തിലും പ്രതിപക്ഷം മുന്നോട്ടുവച്ചത് സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്തുന്നുവെന്ന പ്രശ്നം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ട ഉടനെതന്നെ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സർക്കാർ ഇടപെട്ടു. വിദേശത്തുനിന്ന് സ്വർണം കടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കേണ്ട ഏജൻസി കസ്റ്റംസാണ് എന്നതുകൊണ്ട് അന്വേഷണം നടത്താൻ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു.   

കേസുമായി ബന്ധപ്പെട്ട പ്രതികളെ കണ്ടെത്തി ചോദ്യംചെയ്യുന്ന നടപടികളിലേക്ക് അന്വേഷണ ഏജൻസികൾ കടന്നു. അങ്ങനെ മാധ്യമപ്രവർത്തകനിലേക്ക് അന്വേഷണം എത്തിച്ചേർന്നു. ഇതിലൂടെ ബിജെപി നേതൃത്വത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവെന്ന വാർത്തയും ഇതോടൊപ്പം പുറത്തുവരികയുണ്ടായി. ഇതോടെ സ്ഥിതിഗതികൾക്ക് മാറ്റംവന്നു. അന്വേഷണ ഉദ്യോഗസ്ഥർ തലങ്ങുംവിലങ്ങും മാറ്റപ്പെട്ടു. തിരക്കഥകൾ സൃഷ്ടിച്ച് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനുള്ള പ്രത്യേക സംവിധാനങ്ങൾ തന്നെ ഉയർന്നുവന്നു. ശരിയായ അന്വേഷണം നടത്താൻ നിർദേശിച്ച മുഖ്യമന്ത്രിക്കെതിരായുള്ള അവസരമാക്കി ഇതിനെ മാറ്റാനുള്ള ശ്രമങ്ങളാണ് തുടർന്നുണ്ടായത്. പല മാധ്യമത്തിലും ഇത്തരം കഥകൾ പ്രചരിപ്പിക്കുന്നതിന് പ്രത്യേക ചുമതലക്കാർ തന്നെ വരികയുണ്ടായി. തിരക്കഥകൾക്ക്‌ അനുസരിച്ചുള്ള സമ്മർദങ്ങൾ പ്രതികൾക്കുമേലുണ്ടായി. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ പേരുപറയാൻ തന്നെ നിർബന്ധിക്കുന്നുവെന്ന കാര്യം സ്വപ്ന സുരേഷിന്റെ വോയിസ് മെസേജിലൂടെ പുറത്തുവന്നത്.

സ്വപ്ന സുരേഷിനെ ചോദ്യംചെയ്യുന്ന സ്ഥലത്ത് അകമ്പടി പോയ പൊലീസ് ഉദ്യോഗസ്ഥകളും ഇക്കാര്യം വെളിപ്പെടുത്തിയത്‌  പിന്നീട് പുറത്തുവന്നു.  വോയിസ് മെസേജ് തന്റേതു തന്നെയെന്ന് സ്വപ്ന സുരേഷും ഉറപ്പുവരുത്തി. കേസിലെ മറ്റൊരു പ്രതിയും സമാനമായ ആരോപണം ഉന്നയിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ പേരുപറഞ്ഞാൽ കേസിൽനിന്ന് രക്ഷപ്പെടുത്താമെന്നും പലരോടും പറഞ്ഞതായുള്ള കാര്യം പിന്നീട് വ്യക്തമായി. ഇത്തരം പരാതികളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കേസെടുക്കുകയും അന്വേഷണം നടത്തി കിട്ടിയ വിവരങ്ങൾ കോടതിക്കു മുമ്പാകെ സമർപ്പിച്ചു എന്നതും വിസ്‌മരിക്കരുത്.

എൻഐഎ ഈ കേസ് അവസാനിപ്പിച്ചു. കസ്റ്റംസ് ആകട്ടെ ചിലർക്കെതിരെ കുറ്റപത്രം നൽകി പിന്മാറി. ഇഡി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതിക്കു മുമ്പാകെ സമർപ്പിക്കാൻ പോകുന്നുവെന്ന വാർത്ത കുറച്ചുനാളായി അന്തരീക്ഷത്തിലുണ്ട്. ഇഡി രാജ്യത്തെമ്പാടും ബിജെപിയുടെ രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ കേസുകൾ എടുത്ത് മുന്നോട്ടുപോകുന്ന വാർത്തകളും ഒപ്പം പുറത്തുവന്നിരിക്കുന്നു. സ്വപ്ന സുരേഷ് ഇപ്പോൾ സംഘപരിവാറുകാരുടെ എച്ച്‌ആർഡിഎസ്‌ എന്ന സ്ഥാപനത്തിന്റെ തണലിലാണ്. അതുകൊണ്ട് ഗൂഢാലോചനകളുടെ ഉറവിടം എവിടെയെന്ന് കണ്ടെത്താൻ ഏറെ ദൂരെയൊന്നും പോകേണ്ടതില്ല.   

രഹസ്യമൊഴിയെന്നത് ജഡ്ജിയും അന്വേഷണ ഉദ്യോഗസ്ഥനുംമാത്രം അറിയുന്ന ഒരു കാര്യമാണ്. അത് പരസ്യമായി പറയുമ്പോൾ എന്താണ് മൊഴിയുടെ ലക്ഷ്യമെന്ന് വ്യക്തം. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും വലിച്ചിഴയ്‌ക്കപ്പെടുമ്പോൾ ഗൂഢാലോചനയുടെ സ്വഭാവംകൂടി വ്യക്തമാകുന്നു.പ്രവാചക നിന്ദയുടെ പേരിൽ ദേശീയമായും സാർവദേശീയമായും ശക്‌തമായ എതിർപ്പിനെ നേരിടുന്ന ഘട്ടത്തിൽ അതിൽ നിന്നും ശ്രദ്ധ തിരിക്കാൻ കൂടിയാണ്‌ ഇഡിയെ ഉപയോഗിച്ചുള്ള ഈ ഇടപെടൽ.

രാഷ്ട്രീയമേഖലയെന്നത് വ്യത്യസ്തമായ ആശയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ഏറ്റുമുട്ടലുകളുടെ വേദിയാണ്. രാഷ്ട്രീയനയങ്ങളും വികസന കാഴ്ചപ്പാടുകളുമാണ് അവിടെ ചർച്ചചെയ്യപ്പെടേണ്ടത്. എന്നാൽ, വലതുപക്ഷ ശക്തികളാകട്ടെ അപവാദ പ്രചാരണങ്ങളുടെ വ്യവസായശാലകൾ തന്നെയായി മാറിയിരിക്കുകയാണ്. അപവാദപ്രചാരണത്തിന്റെ വാർത്തകൾ പുറത്തുവന്നപ്പോൾ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പുറത്തുവിട്ട വ്യാജവാർത്തകളും പ്രചാരണങ്ങളും യാദൃച്ഛികം അല്ലെന്നതിന്റെ തെളിവുകൂടിയാണ് ഇത്. കോൺഗ്രസ്‌ നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇഡി വലവിരിച്ചിട്ടുണ്ട് എന്നത് പ്രതിപക്ഷ നേതാവ് മറക്കരുത്. പശ്ചിമഘട്ടത്തിന് അപ്പുറത്ത് ലോകമുണ്ടെന്ന കാര്യം വിസ്മരിക്കരുത്. രാഷ്ട്രീയരംഗം മലീമസമാക്കുന്ന ശക്തികൾക്കെതിരെ പ്രബുദ്ധ കേരളം ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top