25 April Thursday

വായ്പാപ്രഖ്യാപനം വെറുംവാക്കോ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 10, 2020

സാമ്പത്തികമാന്ദ്യവും കോവിഡും വിഴുങ്ങിയ ഇന്ത്യയെ കരകയറ്റാൻ കേന്ദ്ര ഗവൺമെന്റ്‌ പ്രഖ്യാപിച്ച പാക്കേജിൽ മുഖ്യ ഇനം ബാങ്ക് വായ്പകളായിരുന്നു. പ്രഖ്യാപനം കൊണ്ടുമാത്രം വായ്പ വർധിക്കില്ലെന്നും സാമ്പത്തികരംഗം ഉണരില്ലെന്നും അന്നേ വിമർശവുമുയർന്നു. ഇപ്പോൾ, പ്രതിദിനം പുറത്തുവരുന്ന വിവിധ റിപ്പോർട്ടുകൾ ആ വിമർശം അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ്. ബാങ്ക് വായ്പകൾ കൂടുന്നില്ലെന്ന് മാത്രമല്ല, വലിയ കുറവുണ്ടാകുകയും ചെയ്യുന്നു. ഈ ധനവർഷം വായ്പകളിൽ വൻ ഇടിവുണ്ടാകുമെന്ന മുന്നറിയിപ്പുകളും വന്നുകഴിഞ്ഞു. ആവശ്യക്കാർക്ക് വായ്പ നൽകുന്നതിനുപകരം ബാങ്കുകൾ പണം റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്ന പ്രവണത ശക്തിപ്പെടുന്നു. എങ്ങനെ വായ്പ കൊടുക്കാതിരിക്കാമെന്നാണ് ആലോചന.

നടപ്പുസാമ്പത്തിക വർഷത്തിൽ ( 2020-–-21) ഇതിനകം ബാങ്ക് വായ്പ മുൻവർഷത്തെ അപേക്ഷിച്ച് 1.48 ലക്ഷം കോടി കുറഞ്ഞു. മെയ് 22ന് അവസാനിച്ച ആഴ്ചയിൽമാത്രം 28,683 കോടിയുടെ കുറവ്. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശനിരക്ക് (റിപ്പോ നിരക്ക്) പലവട്ടം കുറച്ചിട്ടും ബാങ്കുകൾ നൽകുന്ന വായ്പകൾ വർധിക്കുന്നില്ല. ഇപ്പോൾ, റിപ്പോ നിരക്ക് നാലുശതമാനംമാത്രം. ഇനിയും കുറച്ചേക്കുമെന്ന സൂചനകളുണ്ട്. റിസർവ് ബാങ്ക് പലിശനിരക്ക് കുറച്ചാലും ബാങ്കുകൾ അതനുസരിച്ച് പലിശ കുറയ്ക്കുന്നില്ലെന്നത് മറ്റൊരു കാര്യം. വായ്പ കൂട്ടുന്നതിനും പലിശ കുറയ്ക്കുന്നതിനും റിസർവ് ബാങ്കിന്റെയും കേന്ദ്രഗവൺമെന്റിന്റെയും കർശന ഇടപെടൽ വേണം.

ഈ സാമ്പത്തികവർഷം ബാങ്ക് വായ്പയിൽ പതിറ്റാണ്ടുകൾക്കിടയിലെ വൻ ഇടിവുണ്ടാകുമെന്ന് വിപണി ഗവേഷണ ഏജൻസിയായ ക്രിസിൽ ( ക്രെഡിറ്റ് റേറ്റിങ് ഇൻഫർമേഷൻ സർവീസസ് ഓഫ് ഇന്ത്യ) കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഈ സാഹചര്യത്തിൽ വലിയ പ്രാധാന്യമർഹിക്കുന്നു. 20 ലക്ഷം കോടിയുടെ കേന്ദ്ര പാക്കേജിൽ വായ്പാ പദ്ധതികളുടെ പരമ്പരതന്നെയുണ്ട്. അതിന്റെയൊക്കെ സ്ഥിതി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ഈവർഷം പ്രതീക്ഷിക്കുന്ന പരമാവധി വായ്പാവർധന ഒരു ശതമാനംമാത്രം. പോയവർഷം വർധന ആറു ശതമാനമായിരുന്നു. കോവിഡിന്റെയും മാന്ദ്യത്തിന്റെയും പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിൽ ബാങ്കുകൾ “റിസ്ക് ‘ എടുക്കാൻ തയ്യാറല്ലത്രേ. ചെറുകിട വ്യവസായമേഖലയ്ക്കും കാർഷികമേഖലയ്‌ക്കും അർഹമായ വായ്പ കിട്ടാത്ത സ്ഥിതി പതിറ്റാണ്ടുകളായി ഇന്ത്യൻ ബാങ്കിങ് രംഗത്തെ പ്രവണതയാണ്. വൻകിട കോർപറേറ്റുകൾക്കാണ് വലിയൊരു പങ്കും ലഭിക്കുന്നത്. അത് പലതും തിരിച്ചടയ്ക്കാറുമില്ല.


 

വായ്പ കുറയുന്ന സ്ഥിതിയിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ സ്ഥിതി എന്താകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 11 കോടിയോളം ആളുകൾ സ്വയം തൊഴിൽ കണ്ടെത്തുന്ന ഈ മേഖലയിൽ എണ്ണമറ്റ കൊച്ചു കൊച്ചു വ്യവസായങ്ങൾ പ്രവർത്തിക്കുന്നു. മൊത്തം ആഭ്യന്തരോൽപ്പാദനത്തിന്റെ 27 ശതമാനം ഈ രംഗത്തുനിന്നാണ്. രാജ്യത്തിന്റെ കയറ്റുമതിയിൽ 48 ശതമാനത്തോളമാണ് ചെറുകിട വ്യവസായമേഖലയുടെ പങ്ക്. വൻ തകർച്ച നേരിടുന്ന ഈ മേഖലയ്‌ക്ക് മൂന്നുലക്ഷം കോടി രൂപയുടെ ഈടില്ലാ വായ്പ നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. പലിശരഹിത വായ്പ വേണമെന്നായിരുന്നു ഈ മേഖലയുടെ ആവശ്യം. അത് ചെവിക്കൊണ്ടില്ല. പ്രഖ്യാപിച്ചത്‌ പോലും കിട്ടുമോ എന്ന ആശങ്കയിലാണ് പലരും.

വായ്പകിട്ടാൻ സർക്കാർ മുന്നോട്ടുവച്ചിട്ടുള്ള ഉപാധികളാണ് ആശങ്കയ്‌ക്ക് അടിസ്ഥാനം. നിലവിൽ 25 കോടിയുടെയെങ്കിലും വായ്പയുള്ളവർക്ക് മാത്രമേ പുതിയ വായ്പ കിട്ടൂ. നേരത്തേതന്നെ വായ്പയെടുത്തിട്ടുള്ള ചെറുകിട സ്ഥാപനങ്ങൾക്ക് അധിക പ്രവർത്തന മൂലധനം എന്ന നിലയ്ക്കാണ് ഈടില്ലാ വായ്പ നൽകുക. 100 കോടിയുടെ വിറ്റുവരവും വേണം. മറ്റു ചില വ്യവസ്ഥകളുമുണ്ട്. ജാമ്യമില്ലാ വായ്പയുടെ പ്രഖ്യാപനത്തിൽ ചെറുതായി ആശ്വസിച്ചവർ വ്യവസ്ഥകൾ കേട്ട് അന്ധാളിപ്പിലായി. പാക്കേജുകൊണ്ട് തങ്ങൾക്ക് നേരിട്ട് ഒരു പ്രയോജനവുമില്ലെന്ന്, ഓൾ ഇന്ത്യാ മാനുഫാക്ചേഴ്സ് ഓർഗനൈസേഷൻ നടത്തിയ ഒരു സർവേയിൽ ഈ രംഗത്തെ 80 ശതമാനത്തോളം വ്യവസായികളും അഭിപ്രായപ്പെട്ടത് ഇതൊക്കെ മനസ്സിലാക്കിയാകും.

ചുരുക്കിപ്പറഞ്ഞാൽ, സർക്കാർ പ്രഖ്യാപനങ്ങൾകൊണ്ടോ റിസർവ് ബാങ്ക് പലിശനിരക്ക് കുറച്ചതുകൊണ്ടോ സമ്പദ്‌വ്യവസ്ഥ കരകയറില്ല. അതിന് രണ്ടു കാര്യം വേണം. ഒന്ന് വായ്പകൾ അർഹരായവർക്ക് കിട്ടണം. പിന്നെ, സർക്കാർ നേരിട്ട് ചെലവ് വർധിപ്പിക്കണം, മുതൽമുടക്ക് കൂട്ടണം. പാവപ്പെട്ടവർക്കെല്ലാം നേരിട്ട് പണം നൽകണം. തൊഴിലും വരുമാനവുമുണ്ടാകുമ്പോൾ ആ പണം വിപണിയിലെത്തും. സമ്പദ്‌വ്യവസ്ഥ ചലിച്ചുതുടങ്ങും. വായ്പ നൽകുമെന്ന് പറഞ്ഞാൽമാത്രം സാമ്പത്തിക ഉണർവുണ്ടാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top