19 April Friday

ആരാധനാ സൗകര്യവും ഇരട്ടത്താപ്പും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 9, 2020



മനുഷ്യരുടെ ജീവിതവ്യാപാരങ്ങളാകെ മാറ്റിമറിക്കപ്പെട്ട നാളുകളാണ്‌ കടന്നുപോയത്‌. ലോകം ഇനിയൊരിക്കലും പഴയ നിലയിലേക്ക്‌ തിരിച്ചുപോകുമെന്ന്‌ പ്രതീക്ഷിക്കാനും വയ്യാ. എന്നാൽ, ജീവിതത്തിന്റെ സാധാരണനില  ഏതൊരാളും ആഗ്രഹിക്കും‌. അതിൽ തൊഴിലും വരുമാനവും ആരോഗ്യവും  വിദ്യാഭ്യാസവും വിനോദവും  ആത്മീയതയുമെല്ലാം ഉൾപ്പെടും. ഇതെല്ലാം മാറ്റിവച്ചാണ്‌ ലോകജനത കൊറോണയ്‌ക്കെതിരെ അണിചേർന്നത്‌‌.  വലിയ ത്യാഗത്തിന്‌ തയ്യാറായില്ലായിരുന്നുവെങ്കിൽ ഇന്നനുഭവിക്കുന്നതിലും വലിയ ദുരന്തം മനുഷ്യരാശിയെ വിഴുങ്ങുമായിരുന്നു. രണ്ടുമാസത്തിലേറെ നീണ്ട അടച്ചുപൂട്ടലിന്റെ ഗുണദോഷങ്ങളെ ഈ അർഥത്തിൽ വേണം വിലയിരുത്താൻ. നിയന്ത്രണങ്ങളിൽ പടിപടിയായാണ്‌ ഇളവ്‌ അനുവദിക്കുന്നത്‌. സമ്പൂർണ അടച്ചിടൽ അനിശ്‌ചിതമായി തുടർന്നാൽ അത്‌ മറ്റൊരു ദുരന്തമായി പരിണമിക്കാതിരിക്കില്ല. നമ്മുടെ സാമ്പത്തിക , തൊഴിൽ മേഖലകളിൽ ലോക്ഡൗൺ ഏൽപ്പിച്ച ആഘാതം അത്ര വലുതാണ്‌.

രോഗത്തെ ചെറുക്കുന്നതോടൊപ്പം, ജീവിതം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവും‌ സർക്കാരുകൾക്ക്‌ പ്രധാനമാണ്‌. വസ്‌തുനിഷ്‌ഠ യാഥാർഥ്യങ്ങളെ ശാസ്‌ത്രീയമായി അപഗ്രഥിച്ചും യുക്തിസഹമായി കൂടിയാലോചിച്ചുമാണ്‌ ഉത്തരവാദപ്പെട്ടവർ ഇളവ്‌ പ്രഖ്യാപിക്കുന്നത്‌. എന്നാൽ, ഒാരോ ഘട്ടത്തിലും വിവാദം കുത്തിപ്പൊക്കുന്നതിൽ മാത്രമാണ്‌ ചിലർക്ക്‌ താൽപ്പര്യം. മദ്യഷാപ്പുകൾ  അടയ്‌ക്കുന്നതും തുറക്കുന്നതും വിൽപ്പന കൂടുന്നതും കുറയുന്നതും എല്ലാം ഇവർക്ക്‌ വിവാദമാണ്‌. എസ്‌എസ്‌എൽസി, പ്ലസ്‌ ടു പരീക്ഷകൾ സാധ്യമാകുന്ന ആദ്യഘട്ടത്തിൽ നടക്കണമെന്ന്‌ ആഗ്രഹിക്കാത്ത വിദ്യാർഥികളും രക്ഷിതാക്കളുമില്ല. എന്നാൽ, പരീക്ഷയ്‌ക്കെതിരെ ഉറഞ്ഞുതുള്ളാൻ  പ്രതിപക്ഷ നേതാക്കൾക്ക്‌ മടിയുണ്ടായില്ല.  ജനതാൽപ്പര്യത്തിന്റെ  നേർവിപരീത ദിശയിൽ സഞ്ചരിക്കുന്നവർ. ഉയർത്തുന്ന വിവാദപ്പുകമറ ഏറ്റെടുക്കാൻ ചില മാധ്യമങ്ങളും തയ്യാറായി. ജനങ്ങളുടെ ഭൗതികവും‌ മാനസികവുമായ ചോദനകളെ തൃപ്‌തിപ്പെടുത്തലോ ആശങ്കകൾക്ക്‌ പരിഹാരമുണ്ടാക്കലോ അല്ല, സർക്കാരിനെ അവമതിക്കലാണ്‌ ഇവരുടെ ലക്ഷ്യം.‌

ഏറ്റവുമൊടുവിൽ  ദേവാലയങ്ങളിൽ ഭക്തർക്ക്‌ നിയന്ത്രണവിധേയമായി ആരാധനാ സൗകര്യം അനുവദിക്കാനുള്ള തീരുമാനത്തെയും ദുർവ്യാഖ്യാനം ചെയ്യാൻ  ഇക്കൂട്ടർ തയ്യാറായി. കേന്ദ്ര സർക്കാരിന്റെ  മാർഗനിർദേശപ്രകാരമാണ്‌‌ ആരാധനാ സൗകര്യം ഉപാധികളോടെ പുനഃസ്ഥാപിക്കുന്നത്‌.  കേന്ദ്ര നിർദേശം വരുന്നതിനുമുമ്പുതന്നെ  ഈ  വിഷയം കേരളത്തിൽ കുത്തിപ്പൊക്കാൻ ശ്രമം നടന്നു. മദ്യഷാപ്പുകൾവരെ തുറന്നിട്ടും ആരാധനാലയങ്ങൾ അടച്ചിടുന്നത് ദൈവ നിഷേധമാണെന്നായിരുന്നു വാദം. താൻ ലോക്‌ഡൗൺ ലംഘിച്ച്‌ ഗുരുവായൂർ ക്ഷേത്രത്തിൽ ആരാധനയ്‌ക്ക്‌ പോകുമെന്ന്‌ മുതിർന്ന കോൺഗ്രസ്‌ നേതാവായ ഒരു‌ എംപി വാർത്താസമ്മേളനം നടത്തി പറഞ്ഞു. കോൺഗ്രസ്‌ –- ബിജെപി നേതാക്കളായ മറ്റുചിലരും സമാന പ്രഖ്യാപനങ്ങൾ നടത്തി. സംസ്ഥാന സർക്കാരിനെതിരെ വിശ്വാസികളെ ഇളക്കിവിടാനുള്ള സുവർണാവസരമാണ്‌ ഇവർ മോഹിച്ചത്‌. പക്ഷേ, എല്ലാ മതങ്ങളിലുമുള്ള വിശ്വാസിസമൂഹം  ഈ കുത്തിത്തിരിപ്പിനെ തള്ളിക്കളഞ്ഞു. ദേവാലയങ്ങൾ ഒരു ഘട്ടത്തിലും അടച്ചില്ലെന്നും  അത്യാവശ്യമുള്ള പുരോഹിതരും പരികർമികളും ചേർന്ന്‌ ആചാരനിഷ്‌ഠകളും പ്രാർഥനകളും മുടക്കംവരാതെ നോക്കി. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ കപടഭക്തരുടെ പ്രചാരണത്തിന്റെ മുനയൊടിഞ്ഞു. പൊതു ആരാധനയ്‌ക്ക്‌ മാത്രമാണ്‌ നിയന്ത്രണം ഉണ്ടായിരുന്നത്‌. മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ സാമൂഹ്യക്കൂട്ടായ്‌മ ഒഴിവാക്കി പ്രാർഥന വീടുകളിൽ നടത്താൻ യഥാർഥ ഭക്തർക്ക്‌ ഒരു ബദ്ധിമുട്ടും ഉണ്ടായില്ല.

കേരളത്തിൽ കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ കടുത്ത നിയന്ത്രണം തുടരുകയാണ്‌. ട്രെയിൻ, ബസ്‌ ഗതാഗതവും വ്യാപാരസ്ഥാപനങ്ങളും പുനരാരംഭിച്ചു കഴിഞ്ഞു.  കേന്ദ്ര മാനദണ്ഡങ്ങൾക്ക്‌ വിധേയമായി സംസ്ഥാനത്തും നാളെമുതൽ പരിമിതമായി ആരാധന അനുവദിക്കുകയാണ്‌.

കോവിഡ്‌ നിയന്ത്രണവിധേയമായി എന്ന മിഥ്യാധാരണയിലല്ല ഇളവുകൾ അനുവദിക്കുന്നത്‌.  രാജ്യത്തെ രോഗവ്യാപന–- മരണനിരക്കുകൾ ഉയർന്ന നിലയിൽ  തുടരുകയാണ്‌. രണ്ടുമാസത്തെ അടച്ചിടലിനുശേഷവും ചില സംസ്ഥാനങ്ങളിൽ സമൂഹ വ്യാപനം തടയാനാകാത്ത സ്ഥിതിയാണ്‌. ഇവിടങ്ങളിൽ ആവശ്യമായ നിയന്ത്രണം നിലനിർത്തി മറ്റിടങ്ങളിൽ ഇളവ്‌  അനുവദിക്കുകയെന്ന നിലപാടാണ്‌ കേന്ദ്രം സ്വീകരിക്കുന്നത്‌. കേരളത്തിൽ കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ കടുത്ത നിയന്ത്രണം തുടരുകയാണ്‌. ട്രെയിൻ, ബസ്‌ ഗതാഗതവും വ്യാപാരസ്ഥാപനങ്ങളും പുനരാരംഭിച്ചു കഴിഞ്ഞു.  കേന്ദ്ര മാനദണ്ഡങ്ങൾക്ക്‌ വിധേയമായി സംസ്ഥാനത്തും നാളെമുതൽ പരിമിതമായി ആരാധന അനുവദിക്കുകയാണ്‌. ഈ തീരുമാനം പ്രാവർത്തികമാകുന്ന ഘട്ടത്തിലാണ്‌ രണ്ട്‌ വ്യത്യസ്‌ത സമീപനം ചർച്ചചെയ്യപ്പെടുന്നത്‌.

ആദ്യത്തേത്‌,  തങ്ങളുടെ ആരാധനാലയങ്ങളിൽ തൽക്കാലം പൊതുപ്രവേശനം വേണ്ടെന്ന ദേവാലയ ഭരണസമിതികളുടെയും മതസംഘടനകളുടെയും  തീരുമാനമാണ്‌. സാമൂഹ്യഅകലം ഫലപ്രദമാക്കാൻ ആരാധന വീടുകളിൽ തുടരാനുള്ള നല്ലൊരുപങ്ക്‌ ദേവാലയങ്ങളുടെയും തീരുമാനം മാതൃകാപരമാണ്‌. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട്‌  കഴിയുന്ന പുരോഹിതരിൽ പലരും അറുപത്‌ പിന്നിട്ടവരാണ്‌ എന്നതടക്കമുള്ള പരിഗണനകൾ  ഈ തീരുമാനത്തിന്‌ പിന്നിലുണ്ട്‌. സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ഇത്തരം സ്വയം നിയന്ത്രണം പ്രാവർത്തികമാകില്ല. അവിടങ്ങളിൽ മാനദണ്ഡപ്രകാരം പ്രവേശനം അനുവദിക്കും. ഇത്‌ ദുർവ്യാഖ്യാനം ചെയ്‌ത്‌ ബിജെപി, ഹിന്ദുഐക്യവേദി നേതാക്കൾ നടത്തുന്ന കുപ്രചാരണമാണ്‌ രണ്ടാമത്തെ കാര്യം. 

ക്ഷേത്രങ്ങൾ തുറക്കാനുള്ള സർക്കാരിന്റെ ‘ദുർവാശി’ ദേവസ്വം വരുമാനത്തിൽ കണ്ണുവച്ചാണെന്ന ഇവരുടെ വായ്‌ത്താരി‌ എന്തുമാത്രം പരിഹാസ്യമാണ്‌. ക്ഷേത്രങ്ങൾ സർക്കാർ അടച്ചിട്ടുവെന്ന്‌  ഇതുവരെയും പ്രചരിപ്പിച്ചവരാണ്,‌ ഇപ്പോൾ തുറക്കുന്നതിനെതിരെ രംഗത്തുവരുന്നത്‌.  ക്ഷേത്ര ജീവനക്കാരുടെ വരുമാനത്തെക്കുറിച്ചുള്ള ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ആശങ്കയും ആത്മാർഥതയുള്ളതല്ല. കേന്ദ്ര നിർദേശപ്രകാരം ആരാധനാസൗകര്യം നൽകുന്നതുസംബന്ധിച്ച്‌ സംസ്ഥാന സർക്കാർ വിളിച്ച യോഗത്തിൽ  സ്വീകരിച്ച നിലപാടിന്‌ വിരുദ്ധമായാണ്‌ ഹിന്ദു സംഘടനകളുടെ വക്കാലത്തെടുത്ത്‌ ബിജെപി ഇപ്പോൾ സംസാരിക്കുന്നത്‌. ഇത്തരം ഇരട്ടത്താപ്പുകൾ പൊതുജനങ്ങളും വിശ്വാസികളും  എളുപ്പം തിരിച്ചറിയുമെന്നുമാത്രം  പറയട്ടെ‌‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top