03 October Tuesday

തകര്‍ക്കരുത് നാടിന്റെ ഐക്യബോധം

വെബ് ഡെസ്‌ക്‌Updated: Thursday Apr 9, 2020


ലോകം ഒരുമഹാമാരിക്കെതിരെ പൊരുതുകയാണ്. ഒറ്റക്കെട്ടായി മറ്റെല്ലാം മറന്നുള്ള ആ പോരാട്ടത്തിൽ ഏറെപ്പേർ വീഴുന്നു. കുറേപ്പേർ അതിജീവിക്കുന്നു. നമ്മൾ, കേരളം ഈ അതിജീവനത്തിൽ ഒരു പരിധിവരെ വിജയിച്ചുനിൽക്കുന്നു. അത് രാജ്യം മാതൃകയാക്കുന്നു. ലോകം അംഗീകരിക്കുന്നു.ഈ നേട്ടം കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടം എന്ന നിലയിൽ മാത്രമല്ല ആരും വിലയിരുത്തുന്നത്. ആരോഗ്യരംഗത്തും സാമൂഹ്യ സുരക്ഷാമേഖലയിലും നമ്മൾ കൈവരിച്ചിട്ടുള്ള മുൻകൈ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞതാണ് ഈ വിജയത്തിനു കാരണം. അതിന് ശക്തമായ നേതൃത്വം നൽകുക എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന മന്ത്രിസഭയും ചെയ്യുന്നത്. പീഡിതർക്ക് ഒപ്പം നിൽക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പിൻബലമാണ് അവരെ ഇതിന്‌ പ്രാപ്തരാക്കുന്നത്. ഇതിന്റെ ഗുണമാണ് കേരളം അനുഭവിക്കുന്നത്. ഈ മികവിനെയാണ്  ലോകം വാഴ്ത്തുന്നത്. സ്വാഭാവികമായും ഈ കെടുതിക്കിടയിലും ഏത്‌ കേരളീയനും ഇത് അഭിമാനകരമാണ്. ലോകത്താകെയുള്ള മലയാളികൾ ഈ അഭിമാനത്തിൽ പങ്കുചേരുന്നു.

കേരളത്തിന്റെ ഒരുമിച്ചുള്ള ഈ മുന്നേറ്റത്തിൽ കാര്യമായ അപശബ്ദങ്ങൾ ഇതുവരെ ഉയർന്നിരുന്നില്ല. തുടക്കത്തിൽ ആരോഗ്യമന്ത്രിക്ക് "മീഡിയ മാനിയ' ആണെന്നും മറ്റും പറഞ്ഞെങ്കിലും പ്രതിപക്ഷനേതാവുപോലും പിന്നീട് കൂടുതൽ പക്വത കാണിച്ചു. സംസ്ഥാന ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് ആവശ്യപ്പെടാൻ സർക്കാർ തീരുമാനിച്ചപ്പോൾ അതിനെ സ്വാഗതം ചെയ്തവരിൽ പ്രതിപക്ഷനേതാവും  ഉണ്ടായിരുന്നു. ക്ലാസ് ഫോർ  ജീവനക്കാരെ ഒഴിവാക്കണം എന്ന ഉപാധിയാണ് അദ്ദേഹം മുന്നോട്ടുവച്ചത്. മുഖ്യമന്ത്രി അന്ന് വൈകിട്ടത്തെ വാർത്താസമ്മേളനത്തിൽത്തന്നെ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. എന്നാൽ, ചൊവ്വാഴ്ച ചെന്നിത്തല അടക്കം പ്രമുഖരായ മൂന്ന് കോൺഗ്രസ് നേതാക്കൾ ഒന്നിച്ചുനടത്തിയ വാർത്താസമ്മേളനം ഈ സമീപനമല്ല സ്വീകരിച്ചത്. അത് കേരളം ഇതുവരെ മുന്നോട്ടുകൊണ്ടുപോയ "നമ്മൾ ഒറ്റക്കെട്ട്' എന്ന ഐക്യബോധത്തെ തകർക്കുന്ന വിധത്തിലായി എന്ന് പറയാതെ വയ്യ.

കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞ കാര്യങ്ങളിൽ അത്ഭുതമില്ല. കോവിഡ്–-19 പ്രതിസന്ധി തുടങ്ങിയശേഷം ഇന്നുവരെ ക്രിയാത്മകമായി ഒരു വാക്കുപോലും പറയാത്ത അദ്ദേഹം ഇന്നലെ പറഞ്ഞതൊക്കെ അദ്ദേഹത്തെപ്പറ്റിയുള്ള കേരളസമൂഹത്തിന്റെ  പൊതുധാരണയ്ക്ക് അടിവരയിടുകയാണ് ചെയ്തത്. വിടുവായത്തവും  അനൗചിത്യവും  സങ്കുചിതത്വവും  മുഖമുദ്രയാക്കിയ നേതാവ് എന്ന് ഇതിനകംതന്നെ മുല്ലപ്പള്ളി തെളിയിച്ചുകഴിഞ്ഞിട്ടുണ്ടല്ലോ. മുഖ്യമന്ത്രിയെ എതിർക്കാൻ വേണ്ടി മാത്രം  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അവരുടെ ആകുലതകൾ മുഖ്യമന്ത്രിയുമായി പങ്കുവച്ച പ്രവാസികളെവരെ അപമാനിക്കാൻ മുല്ലപ്പള്ളി തയ്യാറായി. മുഖ്യമന്ത്രി പറഞ്ഞതുപോലെ ‘‘അതാണ് സാക്ഷാൽ  മുല്ലപ്പള്ളി'’.

ഇന്ത്യയിലെതന്നെ പല സർക്കാരുകളും അടച്ചുപൂട്ടൽക്കാല നടപടികൾക്ക് കേരളത്തെ മാതൃകയാക്കുമ്പോഴാണ്  ഈ ആരോപണം. ഇത്ര സമഗ്രമായ പാക്കേജുകളുമായി ജനങ്ങൾക്കുമുന്നിൽനിന്ന് നയിക്കുന്ന ഏത്‌ സർക്കാർ വേറെ ഉണ്ടെന്ന് ചെന്നിത്തല പറയട്ടെ.

പക്ഷേ, പ്രതിപക്ഷനേതാവിന് ഇതെന്തുപറ്റി? അദ്ദേഹം കേരളത്തിന് പൂർണമായും എതിരായിക്കഴിഞ്ഞോ? എത്ര അപകടകരമായ നിലപാടാണ് വാർത്താസമ്മേളനത്തിൽ അദ്ദേഹം സ്വീകരിച്ചത്? കേരളത്തിന് കേന്ദ്രം ആവശ്യത്തിന് പണം നൽകിയെന്നും ഇനി ജീവനക്കാരുടെ വേതനം  അഭ്യർഥിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിന് പണം നൽകരുതെന്ന് ലോകത്തോട് അഭ്യർഥിച്ച സംഘപരിവാറിന്റെ  സേവാഭാരതി നേതാവിന്റെ നിലവാരത്തിലേക്ക് ചെന്നിത്തല എത്തി. സംസ്ഥാനങ്ങൾക്ക് അർഹമായത് നൽകുന്നില്ലെന്ന് ശക്തമായ വിമർശനം ഉന്നയിക്കുന്ന കോൺഗ്രസിന്റെ ദേശീയനേതൃത്വത്തെക്കൂടി അദ്ദേഹം അപമാനിക്കുകയും ചെയ്തു. കോവിഡിനെ നേരിടുന്ന കാര്യത്തിൽ കേരളം ഒന്നും ചെയ്തില്ല എന്നുപറയാനും ചെന്നിത്തല ധൈര്യപ്പെട്ടു. ഇന്ത്യയിലെതന്നെ പല സർക്കാരുകളും അടച്ചുപൂട്ടൽക്കാല നടപടികൾക്ക് കേരളത്തെ മാതൃകയാക്കുമ്പോഴാണ്  ഈ ആരോപണം. ഇത്ര സമഗ്രമായ പാക്കേജുകളുമായി ജനങ്ങൾക്കുമുന്നിൽനിന്ന് നയിക്കുന്ന ഏത്‌ സർക്കാർ വേറെ ഉണ്ടെന്ന് ചെന്നിത്തല പറയട്ടെ.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി  കാസർകോട് മെഡിക്കൽ കോളേജ്‌ പൂർത്തിയാക്കാത്തതിനെ പറ്റിയാണ്  മുഖ്യമായി പറഞ്ഞത്. യുഡിഎഫ് കാലത്ത് 2013ൽ ഒരു തറക്കല്ലിട്ടിരുന്നു എന്നത് നേരാണ്. മെഡിക്കൽ കോളേജിലേക്കുള്ള റോഡിന്റെ തറക്കല്ലായിരുന്നു ഇത്. പിന്നീട് മൂന്നുകൊല്ലം ഒന്നും ചെയ്തില്ല.  2016ൽ തെരഞ്ഞെടുപ്പിന് മൂന്നുമാസംമുമ്പ് നിർമാണ ഉദ്ഘാടനം എന്ന തട്ടിപ്പ് നടത്തി. പിന്നീട് എൽഡിഎഫ് വന്നശേഷമാണ് ആശുപത്രി പണി ആരംഭിച്ചത്. എൽഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ യുഡിഎഫ് എംഎൽഎ അടക്കമുള്ളവർ കാസർകോട്ട്‌ നിന്നെത്തി ആരോഗ്യമന്ത്രിക്ക് നിവേദനം നൽകിയതുതന്നെ ഈ ആശുപത്രി കെട്ടിടം പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ടാണ്. എൽഡിഎഫ് സർക്കാർ കെട്ടിടം പണി പൂർത്തിയാക്കി. ഇപ്പോൾ മറ്റ്‌ സൗകര്യങ്ങളും അവിടെ ഒരുക്കുന്നു. തൽക്കാലത്തേക്ക് കോവിഡ് ആശുപത്രിക്കുവേണ്ട സൗകര്യങ്ങളും അവിടെ സജ്ജമാക്കിയിട്ടുണ്ട്.

ചുരുക്കത്തിൽ നുണകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും നിരത്തി കേരളത്തിന്റെ ഐക്യബോധത്തെ തകർക്കാനുള്ള ശ്രമമാണ്  കോൺഗ്രസ് നേതാക്കൾ ചൊവ്വാഴ്ച നടത്തിയത്. മുഖ്യമന്ത്രി പറഞ്ഞതേ അവരോട് പറയാനുള്ളൂ "ഇത്രയും ഇടുങ്ങിയ മനസ്സ് ദുരന്തസമയത്തെങ്കിലും ഒഴിവാക്കൂ' എന്ന്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top