25 April Thursday

സിറിയന്‍ യുദ്ധം ഇനിയും നീളും

വെബ് ഡെസ്‌ക്‌Updated: Monday Apr 10, 2017

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തനിനിറം കാട്ടിയിരിക്കുന്നു. റീഗന്‍, ബുഷ് തുടങ്ങി മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരെപോലെ ഡോണള്‍ഡ് ട്രംപും പരമാധികാര രാഷ്ട്രത്തിനെതിരെ ആക്രമണം നടത്തി 'വീരനായക പദവി' സ്വന്തമാക്കി. മുന്‍ പ്രസിഡന്റുമാര്‍ ബോംബാക്രമണമാണ് നടത്തിയതെങ്കില്‍ ട്രംപ് മിസൈല്‍ ആക്രമണമാണ് നടത്തിയതെന്ന് മാത്രം. ഏതായാലും ട്രംപിന്റെ സിറിയ ആക്രമണം ഏറെ ആശ്വാസം നല്‍കുന്നത് അമേരിക്കന്‍ ഭരണസംവിധാനത്തിനും ബഹുരാഷ്ട്ര ആയുധകമ്പനികള്‍ക്കും കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്കുമാണ്. 'ഭരണാധികാരികളെ മാറ്റുക' എന്ന ബിസിനസ് തന്റെ അജന്‍ഡയിലില്ലെന്നും അമേരിക്കന്‍കീശ കാലിയാക്കുന്ന യുദ്ധങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും മറ്റുമുള്ള ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ ഇവരില്‍ കടുത്ത ആശങ്ക ഉയര്‍ത്തിയിരുന്നു. എന്നാല്‍, മുന്‍ സൈനിക ജനറല്‍മാരെ പ്രധാന പോസ്റ്റുകളില്‍ അവരോധിച്ചതോടെതന്നെ ട്രംപും യുദ്ധത്തിന്റെ വഴിയേ നീങ്ങുമെന്ന പ്രതീക്ഷ ഉണര്‍ന്നിരുന്നു. അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് സിറിയക്കുനേരെ തുടങ്ങിയ മിസൈല്‍ ആക്രമണം. 

അമേരിക്കന്‍ സംവിധാനത്തില്‍ ഏതെങ്കിലും ഒരു വ്യക്തിയുടെ, രാഷ്ട്രീയകക്ഷിയുടെ  ഇഷ്ടാനിഷ്ടങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്നും ബഹുരാഷ്ട്ര-കോര്‍പറേറ്റ് താല്‍പ്പര്യങ്ങളാണ് അന്തിമമായി അമേരിക്കന്‍ നയങ്ങളെ തീരുമാനിക്കുകയെന്നും അടിവരയിടുന്നതാണ് സിറിയന്‍ ആക്രമണം. നേരത്തെ ജോണ്‍ എഫ് കെന്നഡി പോലുള്ള പല അമേരിക്കന്‍ പ്രസിഡന്റുമാരും സമാധാനത്തിന്റെ പാതയിലേക്ക് ചലിക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും അവരൊക്കെത്തന്നെ വന്‍ സൈനികാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരായാണ്  പിന്നീട് ചരിത്രത്തില്‍ അറിയപ്പെട്ടത്.
എന്നാല്‍, ട്രംപിന്റെ മിസൈലാക്രമണം സമ്പൂര്‍ണ സിറിയന്‍ വിരുദ്ധ ആക്രമണത്തിലേക്ക് നീങ്ങുമോ എന്ന് ഇനിയും വ്യക്തമല്ല. ഇറാഖിലും അഫ്ഗാനിസ്ഥാനിലുമെന്നപോലെ ഒരു തുറന്ന യുദ്ധത്തിന് അമേരിക്ക തയ്യാറാകുമെന്നതിന് സൂചനകളൊന്നുമില്ല. രണ്ടുവര്‍ഷം മുമ്പുവരെ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ അധികാരത്തില്‍നിന്ന് പുറത്താക്കുക എന്നതായിരുന്നു അമേരിക്കയുടെ ലക്ഷ്യം. ഇറാഖില്‍ സദ്ദാം ഹുസൈനെയും ലിബിയയില്‍ കേണല്‍ ഗദ്ദാഫിയെയും മാറ്റിയതുപോലെ മതനിരപേക്ഷതയില്‍ അടിയുറച്ചുനില്‍ക്കുന്ന, ബാത്ത് സോഷ്യലിസത്തിന്റെ അവസാന കണ്ണിയായ ബഷാര്‍ അല്‍ അസദിനെയും  മാറ്റി മധ്യപൌരസ്ത്യ ദേശത്ത് അമേരിക്കന്‍-ഇസ്രയേല്‍ ആധിപത്യം നേടുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം. ഇതിനായി ബഷാര്‍ അല്‍ അസദ് വിരുദ്ധര്‍ക്ക് എല്ലാ അര്‍ഥത്തിലും സഹായം നല്‍കാന്‍ അമേരിക്ക തയ്യാറായി. അല്‍ ഖായ്ദയുടെ വകഭേദങ്ങളായി അറിയപ്പെടുന്ന അല്‍ നൂസ്ര ഫ്രണ്ടിനും നിലവില്‍ ജബാത്ത് അല്‍ ഷാമിനും എല്ലാ പിന്തുണയും പരസ്യമായിത്തന്നെ അമേരിക്ക നല്‍കി. 
ഇസ്ളാമിക സ്റ്റേറ്റിനെ പരോക്ഷമായും അമേരിക്ക പിന്തുണച്ചു. അഫ്ഗാനിസ്ഥാനില്‍ ഭീകരവാദികളായി മുദ്രകുത്തി അമേരിക്ക അല്‍ ഖായ്ദയ്ക്കെതിരെ യുദ്ധംചെയ്യുമ്പോള്‍ത്തന്നെയാണ് സിറിയയില്‍ അല്‍ ഖായ്ദ സംഘത്തിന് പണവും ആയുധവും നല്‍കി അമേരിക്ക സഹായം നല്‍കുന്നത്. സിറിയയില്‍ സുന്നി ഭീകരവാദികള്‍ക്ക് സഹായംനല്‍കുന്ന അമേരിക്ക ഇറാഖില്‍ നേരേ തിരിച്ച് ഷിയാകള്‍ക്കാണ് പിന്തുണനല്‍കുന്നത്. അമേരിക്കയ്ക്ക് ഭീകരവാദമല്ല പ്രധാന വിഷയം, സ്വന്തം താല്‍പ്പര്യങ്ങള്‍ മാത്രമാണ്. തങ്ങള്‍ക്ക് വഴങ്ങിനില്‍ക്കുന്നതാരായാലും അവര്‍ക്ക് പിന്തുണ എന്നതും അമേരിക്കന്‍നയമാണ്. അതുകൊണ്ടാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപതികളൊക്കെ അമേരിക്കയുടെ ഉറ്റ സുഹൃത്തുക്കളായത്.

എന്നാല്‍, സിറിയന്‍ ആഭ്യന്തരയുദ്ധം ആരംഭിച്ച് ആറ് വര്‍ഷമായിട്ടും അമേരിക്കയ്ക്ക് വഴങ്ങിനില്‍ക്കാന്‍ സിറിയ തയ്യാറായില്ല. രണ്ടുവര്‍ഷം മുമ്പ് റഷ്യ സഹായവുമായി എത്തിയതോടെ സിറിയന്‍ യുദ്ധത്തിന്റെ ഗതി മാറി. ഐഎസിന്റെയും അല്‍ ഖായ്ദയുടെയും കൈവശമുണ്ടായിരുന്ന നഗരങ്ങള്‍ ഒരോന്നായി സിറിയന്‍ അറബ് സേന കീഴ്പ്പെടുത്തി. കഴിഞ്ഞവര്‍ഷം അവസാനത്തോടെ അലെപ്പോ നഗരവും സിറിയന്‍സേന കീഴ്പ്പെടുത്തിയതോടെ ബഷര്‍ അല്‍അസദിന് അന്തിമവിജയം ഉറപ്പായി.  അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോയും സൌദിയും ഖത്തറും ഇസ്രയേലും ചേര്‍ന്നുള്ള സഖ്യത്തിന്റെ പിന്തുണയുണ്ടായിട്ടും വിമതര്‍ക്ക് ബഷാര്‍ അല്‍ അസദിനെ പുറത്താക്കാന്‍ കഴിഞ്ഞില്ല. ഈ ഘട്ടത്തിലാണ് വിഘടിച്ചുനിന്ന വിമതസംഘങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരന്ന് സിറിയന്‍ സേനയ്ക്കെതിരെ തിരിഞ്ഞത്. അല്‍ നൂസ്ര ഫ്രണ്ടും മറ്റ് മൂന്ന് സംഘടനകളുംചേര്‍ന്ന് ജബാത്ത് ഫത്തേഹ് അല്‍ ഷാം എന്ന സഖ്യത്തിനും അഹറര്‍ അല്‍ ഷാമും മറ്റ് അഞ്ച് സംഘടനകളും ചേര്‍ന്ന് ഹയത്ത് തഹ്രീര്‍ അല്‍ ഷാം എന്ന സഖ്യത്തിനും രൂപം നല്‍കി.

ഏറ്റവും അവസാനമായി തുര്‍ക്കിയും ഈ സഖ്യത്തെ സഹായിക്കാനെത്തി. എന്നിട്ടും സിറിയന്‍ അറബ് സേന തന്നെയാണ് വിജയിച്ചുകൊണ്ടിരുന്നത്.  ഇതോടെ വിമതരെല്ലാം തന്നെ അവര്‍ക്ക് സ്വാധീനമുള്ള ഇദ്ലിബ് പ്രവിശ്യയിലേക്ക് കുടിയേറി. ഇവിടെയാണ് രാസായുധപ്രയോഗം നടന്നത്.  അമേരിക്കയുടെ കുടിലബുദ്ധയില്‍നിന്നുദിച്ചതാണ് ഈ രാസായുധപ്രയോഗമെന്ന് റഷ്യയും മറ്റും ആരോപിക്കുന്നതും ഇതുകൊണ്ടാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സംഘടിതമായ സൈനിക ഇടപെടല്‍ റഷ്യയുടെ നേതൃത്വത്തില്‍ വിജയകരമായി വെല്ലുവിളിക്കപ്പെട്ട ആദ്യസംഭവമാണ് സിറിയന്‍ യുദ്ധം. ഈ ഘട്ടത്തിലാണ് വിമതര്‍ക്ക് ഊര്‍ജം പകരുന്നതിനായി ട്രംപ് മിസൈല്‍ ആക്രമണം നടത്തിയിട്ടുള്ളത്. ഈ ആക്രമണത്തോടെ സിറിയന്‍ യുദ്ധം വീണ്ടും നീളാനാണ് സാധ്യത. ഈ കാലയളവില്‍ വിമതരെ ഉപയോഗിച്ച് മധ്യപൌരസ്ത്യ ദേശത്ത് ആധിപത്യം തിരിച്ചുപിടിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. എന്നാല്‍, ഇറാഖിലേതുപോലെ ഒരു തുറന്ന യുദ്ധത്തിന് അമേരിക്ക തയ്യാറാകുമെന്ന് പ്രതീക്ഷിക്കാനാകില്ല. അത് വീണ്ടും അമേരിക്കയുടെ നില പരുങ്ങലിലാക്കുമെന്നതുതന്നെ കാരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top