27 April Saturday

കള്ളം പറയാനോ ആഭ്യന്തരമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 9, 2021


ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വിജയയാത്രയുടെ സമാപനച്ചടങ്ങിന്‌ ചേരുന്നതായിരുന്നു‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ ശംഖുംമുഖം പ്രസംഗം. യാത്രയുടെ തുടക്കത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തുടർന്ന്‌ സുരേന്ദ്രനും മറ്റു നേതാക്കളുമൊക്കെ പറഞ്ഞുപഴകിയ നുണക്കഥകളുടെ കൊട്ടിക്കലാശമായി ഷായുടെ വിടുവായത്തത്തെ അവഗണിക്കാവുന്നതേയുള്ളൂ‌. എന്നാൽ, കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമനും കേന്ദ്ര അന്വേഷണ ഏജൻസികളുടെ ചുമതലക്കാരനുമായ ആഭ്യന്തരമന്ത്രിക്ക്‌ ചേരുന്നതായില്ല അദ്ദേഹത്തിന്റെ വാക്കുകളെന്ന്‌ ഓർമിപ്പിക്കാതെ വയ്യ. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം പോയിട്ട്‌ സുജനമര്യാദപോലും ബിജെപി നേതാക്കളിൽനിന്ന്‌ പ്രതീക്ഷിച്ചിട്ട്‌ കാര്യമില്ല. ജനങ്ങളുടെ സാമാന്യബോധത്തെ വെല്ലുവിളിച്ച്‌ ഇവരുടെ കള്ളത്തരത്തിന്‌ പ്രചാരം നൽകുന്ന മാധ്യമങ്ങളും ആത്മപരിശോധനയ്‌ക്ക്‌ തയ്യാറാകേണ്ടതുണ്ട്‌.

ഗുജറാത്തിൽ ആയിരക്കണക്കിന്‌ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്‌ത വർഗീയ കലാപത്തിലും നിരവധി വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലും പ്രതിയായി നീതിപീഠത്തിന്‌ മുന്നിലെത്തിയ ബിജെപി നേതാവാണ്‌ അമിത്‌ ഷാ. സാക്ഷികളെ കൊന്നുതള്ളിയും ജഡ്‌ജിമാരെ ഭീഷണിപ്പെടുത്തിയും അധികാരം ദുരുപയോഗിച്ചുമാണ്‌ പലതും തേച്ചുമായ്‌ച്ചുകളഞ്ഞത്‌. കേസുകൾ കേട്ട ന്യായാധിപരുടെ ദുരൂഹ മരണം ഉൾപ്പെടെ ഒട്ടേറെ നിഗൂഢതകൾ ബാക്കിയാക്കിയാണ്‌ നരേന്ദ്ര മോഡിക്ക്‌ പിന്നാലെ അമിത്‌ ഷായും ദേശീയ രാഷ്‌ട്രീയത്തിലേക്ക്‌ ചേക്കേറിയത്‌. ബിജെപിയുടെ ഒന്നാംനിര നേതാക്കളെ പലരേയും വെട്ടി, ഷായെ പാർടി അധ്യക്ഷനാക്കുമ്പോൾ മോഡിക്ക്‌ ചില മനക്കണക്കുകൾ ഉണ്ടായിരുന്നു. നാസി ജർമനിയിൽ പ്രചാരവേലയുടെ ചുമതല വഹിച്ച പോൾ ജോസഫ് ഗീബൽസിനെ അനുസ്‌മരിപ്പിച്ചുകൊണ്ട്‌ അമിത്‌ ഷാ കേന്ദ്ര മന്ത്രിസഭയിലുമെത്തി.

ഇന്ത്യയുടെ ആത്മാവിനെ മുറിപ്പെടുത്തുന്ന ഒട്ടനവധി ചെയ്‌തികൾക്ക്‌ മോഡിയുടെ കൈയാളായതും മറ്റാരുമല്ല. ജുഡീഷ്യറിയിലും സൈന്യത്തിലും കാവി അജൻഡകൾ നടപ്പാക്കുന്നതിനുള്ള ഗൂഢപദ്ധതികളുടെ കാർമികത്വവും അമിത്‌ ഷായ്‌ക്കുതന്നെ

സംഘപരിവാരത്തിന്റെ വംശീയ, വിദ്വേഷ പ്രചാരകൻ എന്നതിനപ്പുറം രാഷ്‌ട്രീയ കുടിലതകളുടെ പ്രയോക്താവുകൂടിയാണ്‌ അമിത്‌ ഷാ. ജനാധിപത്യ വ്യവസ്ഥയോടോ, മൂല്യങ്ങളോടോ തെല്ലും കൂറ്‌ ഇല്ലെന്നതാണ്‌ ഈ സംഘപുത്രന്റെ പ്രത്യേകത. ജനവിധിയെ അട്ടിമറിച്ച്‌, എംഎൽഎമാരെ വിലയ്‌ക്കെടുത്ത്‌ സംസ്ഥാനഭരണം പിടിക്കുന്നതിലുള്ള ഷായുടെ വൈഭവം നിരവധി തവണ കണ്ടു. പാർടി അധ്യക്ഷനായിരിക്കുമ്പോൾ മാത്രമല്ല, കേന്ദ്രഭരണം കൈയാളുമ്പോഴും ഈ ജനാധിപത്യക്കുരുതി തുടർന്നു. മുത്തലാഖ്‌ നിയമം, കശ്‌മീർ വിഭജനം, പൗരത്വരേഖ തുടങ്ങി ഇന്ത്യയുടെ ആത്മാവിനെ മുറിപ്പെടുത്തുന്ന ഒട്ടനവധി ചെയ്‌തികൾക്ക്‌ മോഡിയുടെ കൈയാളായതും മറ്റാരുമല്ല. ജുഡീഷ്യറിയിലും സൈന്യത്തിലും കാവി അജൻഡകൾ നടപ്പാക്കുന്നതിനുള്ള ഗൂഢപദ്ധതികളുടെ കാർമികത്വവും അമിത്‌ ഷായ്‌ക്കുതന്നെ.

ഭൂരിപക്ഷ വർഗീയതയുടെ ചാട്ടുളിക്ക്‌ ഒപ്പം അധികാര രാഷ്‌ട്രീയത്തിന്റെ സമ്മർദങ്ങളും സംസ്ഥാനങ്ങൾക്കുമേൽ പ്രയോഗിക്കാൻ കേന്ദ്രം മടിക്കുന്നില്ല. ഭരണം അട്ടിമറിക്കാൻ സാധിക്കാത്ത സംസ്ഥാനങ്ങളിൽ ഗവർണറെയും ഭരണഘടനാ സ്ഥാപനങ്ങളെയും കേന്ദ്ര അന്വേഷണ ഏജൻസികളെയും തരാതരംപോലെ ദുരുപയോഗിക്കുന്നു‌. സാമ്പത്തികമായി സംസ്ഥാനങ്ങളെ ഞെരുക്കുന്നതിന്‌ പുറമെയാണിത്‌. ബംഗാളും കേരളവുമടക്കമുള്ള സംസ്ഥാനങ്ങൾ നിരവധിതവണ പ്രതികാര നടപടികൾക്ക്‌ ഇരയായി. ഇതിന്റെ തുടർച്ചയാണ്‌ തെരഞ്ഞെടുപ്പു ലാക്കാക്കിയുള്ള ഇപ്പോഴത്തെ നുണപ്രചാരണം. നയതന്ത്രകാര്യാലയങ്ങൾ വഴിയുള്ള ‌ സ്വർണക്കടത്ത്‌ രാജ്യത്തിന്റെ സമ്പദ്‌ഘടനയ്‌ക്കും പരമാധികാരത്തിനും സൃഷ്‌ടിക്കുന്ന ആഘാതം തിരിച്ചറിഞ്ഞാണ്‌‌ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടത്‌. എന്നാൽ, ഇത്‌ എൽഡിഎഫ്‌ ഭരണത്തിനെതിരെ രാഷ്‌ട്രീയ ആയുധമാക്കാനാണ്‌ കേന്ദ്രം തയ്യാറായത്‌. ഇക്കാര്യത്തിൽ യുഡിഎഫിന്റെ അകമഴിഞ്ഞ പിന്തുണയും‌ ബിജെപിക്ക്‌ ലഭിച്ചു.‌

കസ്‌റ്റംസ്‌ കഴിഞ്ഞദിവസം ഹൈക്കോടതിയിൽ അനവസരത്തിൽ നൽകിയ സത്യവാങ്മൂലം അമിത്‌ ഷായുടെ വരവിനുള്ള മുന്നൊരുക്കമായിരുന്നുവെന്ന്‌ വ്യക്തമാണ്‌

സ്വർണക്കടത്തും തീവ്രവാദ ബന്ധവുമൊക്കെ ഉപേക്ഷിച്ച്‌ സംസ്ഥാന സർക്കാരിനുനേരെ നീങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളുടെ രാഷ്‌ട്രീയമുഖം തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്‌. കടത്തുമായി നേരിട്ടു ബന്ധമുണ്ടെന്ന്‌ കണ്ടെത്തിയവരെപ്പോലും നിയമത്തിന്‌ മുന്നിൽ കൊണ്ടുവരാൻ സാധിച്ചില്ല. അറസ്‌റ്റിലായവർക്കെതിരെ യഥാസമയം കുറ്റപത്രമോ തെളിവുകളോ ഹാജരാക്കാനാകാതെ കോടതിയിൽനിന്ന്‌ വിമർശം ഏറ്റുവാങ്ങി. ഇതൊക്കെയായിട്ടും നുണകൊണ്ട്‌ പുകമറ തീർക്കാനുള്ള ശ്രമം ബിജെപിയും യുഡിഎഫും ഉപേക്ഷിക്കുന്നില്ല. കസ്‌റ്റംസ്‌ കഴിഞ്ഞദിവസം ഹൈക്കോടതിയിൽ അനവസരത്തിൽ നൽകിയ സത്യവാങ്മൂലം അമിത്‌ ഷായുടെ വരവിനുള്ള മുന്നൊരുക്കമായിരുന്നുവെന്ന്‌ വ്യക്തമാണ്‌. സത്യവാങ്മൂലം‌ ചീറ്റിപ്പോയെങ്കിലും തയ്യാറാക്കിവച്ച പ്രസംഗം തട്ടിവിടാൻ ഷായ്‌ക്ക്‌ മടിയുണ്ടായില്ല.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട്‌ കേന്ദ്ര ആഭ്യന്തരമന്ത്രി ഉന്നയിച്ച ചോദ്യങ്ങളിൽ സംശയ നിവൃത്തി വരുത്താൻ മാധ്യമ പ്രവർത്തകർ സമീപിച്ചപ്പോൾ സംസ്ഥാന പ്രസിഡന്റ്‌‌ കൈ മലർത്തി. കേസുമായി ബന്ധപ്പെട്ട ദുരൂഹമരണത്തെക്കുറിച്ച്‌ അമിത്‌ ഷാതന്നെ വെളിപ്പെടുത്തുമെന്നായിരുന്നു മറുപടി. ഇങ്ങനെ നട്ടാൽ മുളയ്‌ക്കാത്ത നുണകൾ തട്ടിവിട്ടാൽ ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാമെന്ന ധാരണയാണ്‌ ബിജെപിയെ നയിക്കുന്നത്‌. സ്വർണക്കടത്തിൽ പ്രതിയായ യുവതിയുമായുള്ള ബന്ധത്തിന്റെ സൂചന ലഭിച്ചപ്പോൾത്തന്നെ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ നീക്കിയതാണ്‌. പിന്നീട്‌ ഐഎഎസിൽനിന്ന് സസ്‌പെൻഡ്‌ ചെയ്‌തു. യുവതിയുടെ നിയമനവും വ്യാജ സർട്ടിഫിക്കറ്റും സംബന്ധിച്ച്‌ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. ശമ്പളം തിരിച്ചുപിടിക്കാനും ഉത്തരവായി. മറ്റ്‌ കാര്യങ്ങളെല്ലാം കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലാണ്‌. സ്വർണക്കടത്തു പിടികൂടിയതിന്റെ വാർഷികമെത്താറായിട്ടും എൻഐഎ ഉൾപ്പെടെ ഇരുട്ടിൽ തപ്പുന്നതിന്റെ കാരണം ദുരൂഹമാണ്‌. കേന്ദ്രമന്ത്രി വി മുരളീധരന് ഇക്കാര്യങ്ങളിലുള്ള പങ്കാളിത്തം സംശയാസ്‌പദമാണ്‌. ഒരു വശത്ത്‌ സ്വതന്ത്രമായ അന്വേഷണം തടയുക. മറുവശത്ത്‌ സംസ്ഥാന സർക്കാരിനെതിരെ പുകമറ സൃഷ്‌ടിക്കുക. അമിത്‌ ഷായുടെ ഒടുവിലത്തെ വെടിയും ഇതുതന്നെയാണ്‌ ലക്ഷ്യമാക്കുന്നത്‌. പക്ഷേ ഇത്‌ കേരളമാണെന്ന്‌ നുണക്കൃഷിക്കാർ ഓർക്കുന്നത്‌ നന്ന്.‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top