24 April Wednesday

ബാങ്കുകളെ തകർക്കരുത്

വെബ് ഡെസ്‌ക്‌Updated: Saturday Mar 10, 2018

രത്‌‌നവ്യാപാരി നീരവ് മോഡി ഉൾപ്പെട്ട ബാങ്ക് തട്ടിപ്പിൽ പഞ്ചാബ് നാഷണൽ ബാങ്ക് മാത്രമല്ല, പുതുതലമുറ സ്വകാര്യബാങ്കുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് വെളിവായിരിക്കുകയാണ്. ഐസിഐസിഐ, ആക്സിസ് ബാങ്കുകളുടെ സിഇഒമാരെ 'സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്' ചോദ്യംചെയ്യാൻ വിളിപ്പിച്ചു. ചങ്ങാത്ത മുതലാളിത്തം ഇന്ത്യയിലും ശക്തിപ്പെടുകയാണെന്ന് വ്യക്തമാക്കി ബാങ്ക് അഴിമതികൾ ഒന്നൊന്നായി പുറത്തുവരുന്നു. ഇപ്പോൾ ദൃശ്യമായിട്ടുള്ളത് അഴിമതിമലയുടെ അഗ്രംമാത്രം. ഇതുതന്നെ 12,600 കോടിയുടെ തട്ടിപ്പ്. നീരവ് മോഡിയുടെയും വിക്രം കോത്താരിയുടെയും മെഹുൽ ചോക്സിയുടെയും അഴിമതിക്കഥകൾ പുറത്തുവന്നപ്പോൾ അഴിമതി നടത്തിയവർക്കെതിരെയല്ല, പൊതുമേഖലാ ബാങ്കിങ് സംവിധാനത്തിനെതിരെയാണ് ആക്രമണമുയർന്നത്. നവലിബറൽവാദികളും കോർപറേറ്റുകളും കുത്തക മാധ്യമങ്ങളെ ഉപയോഗിച്ച് പൊതുമേഖലാ ബാങ്കുകൾക്കെതിരെ സംഘടിത ആക്രമണം നടത്തുകയാണ്. ബാങ്കുകളെ നിയന്ത്രണമുക്തവും അന്വേഷണരഹിതവുമാക്കണമെന്ന് ശുപാർശ ചെയ്ത പി ജെ നായിക് കമ്മിറ്റിയെക്കുറിച്ചോ അത് പ്രാബല്യത്തിൽ വരുത്തിയ മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനെതിരായോ മിണ്ടാട്ടമില്ല. വൻകിട കോർപറേറ്റുകളുടെ സംഘടനകളായ ഫിക്കിയുടെയും അസോച്ചെത്തിന്റെയും തലവന്മാർ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ബാങ്കുകളിലെ കിട്ടാക്കടത്തിന്റെ 88 ശതമാനവും വരുത്തിയിട്ടുള്ളവർ ഇവരാണ്.

വൻകിട മുതലാളിമാരായിരുന്നു പണ്ട് ബാങ്കുകൾ നടത്തിയിരുന്നത്. അവർ നിക്ഷേപകരുടെ സമ്പാദ്യം അപഹരിച്ചതിന്റെ ഫലമായി ആയിരക്കണക്കിന് ബാങ്കുകൾ തകർന്നിരുന്നു. സ്വാതന്ത്ര്യലബ്ധിക്കും 1969ലെ ബാങ്ക് ദേശസാൽക്കരണത്തിനും ഇടയിൽ 559 സ്വകാര്യബാങ്കുകളാണ് ഇന്ത്യയിൽ തകർന്നത്. ദേശസാൽക്കരണത്തിനുശേഷവും സ്വകാര്യബാങ്കുകളുടെ തകർച്ച തുടർന്നു. 1969നുശേഷം 36 സ്വകാര്യബാങ്കുകളാണ് ഇന്ത്യയിൽ തകർന്നത്. എന്നാൽ, ഒരൊറ്റ പൊതുമേഖലാ ബാങ്കുപോലും തകർന്നില്ല. മാത്രവുമല്ല, തകർന്ന സ്വകാര്യബാങ്കുകളെ ഏറ്റെടുത്തുകൊണ്ട് പൊതുമേഖലാ ബാങ്കുകളാണ് നിക്ഷേപകരുടെ പണം മടക്കിക്കൊടുത്തത്. ബാങ്ക് ദേശസാൽക്കരണത്തിനുമുമ്പ് ബാങ്കുകൾ തകർന്നാൽ നിക്ഷേപകർക്ക് ഒരു രൂപപോലും തിരികെ ലഭിച്ചിരുന്നില്ല. സ്വകാര്യബാങ്കുകളുടെ അഴിമതികളിൽനിന്ന് ജനങ്ങളെ രക്ഷിക്കാനാണ് വലിയ ബാങ്കുകളെ ഇന്ത്യയിൽ ദേശസാൽക്കരിച്ചത്.

സ്വകാര്യ കോർപറേറ്റുകൾ നടത്തിയ വഴിവിട്ട ഇടപാടുകളുടെ ഫലമായി ആയിരക്കണക്കിന് സ്വകാര്യബാങ്കുകളാണ് ലോകത്താകെ തകർന്നത്. അമേരിക്കയിൽമാത്രം 2008നും 2012നും ഇടയിൽ 456 സ്വകാര്യബാങ്കുകൾ തകർന്നു. യൂറോപ്പിലേക്കും ഏഷ്യൻ രാജ്യങ്ങളിലേക്കും ഈ തകർച്ച പടർന്നു. ഈ കാലയളവിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യബാങ്കായ ഐസിഐസിഐ തകർച്ചയുടെ വക്കുവരെയെത്തി. ഭീതികാരണം ഇടപാടുകാർ പുലർച്ചെതന്നെ ബാങ്കിന്റെ എടിഎമ്മുകൾക്കുമുന്നിൽ വരിനിന്ന് പണം പിൻവലിച്ചുതുടങ്ങി. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വലിയതോതിൽ പണം നൽകി ഈ ബാങ്കിനെ രക്ഷപ്പെടുത്തുകയായിരുന്നു. അന്ന് ഒരൊറ്റ ബാങ്കും ഇന്ത്യയിൽ തകരാതിരുന്നത് കൂടുതൽ ബാങ്കുകളും പൊതുമേഖലയിലായതുകൊണ്ടും ഇന്ത്യൻ ബാങ്കുകൾ ശക്തമായ സാമൂഹ്യനിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കുന്നതുകൊണ്ടുമാണ്.
ബാങ്കുകളിൽനിന്നുള്ള പണം ഊറ്റിയെടുത്ത് പുത്തൻകൂറ്റുകാരായ നിരവധി സ്വകാര്യ കോർപറേറ്റുകൾ ഈ കാലയളവിൽ വളർന്നുപന്തലിച്ചിട്ടുണ്ട്. ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താക്കളായ ബാങ്ക് അധികാരികൾ ഇവരെ വഴിവിട്ട് സഹായിച്ചിട്ടുമുണ്ട്. ഹർഷദ് മേത്ത, കേതൻ പരേഖ് എന്നിവരായിരുന്നു ഇവരിലെ മുമ്പന്മാർ. പിന്നീട് ഇവരുടെ പട്ടിക വളർന്നു. ജതിൻമേത്ത, വിജയ് മല്യ, സഞ്ജയ് ഭണ്ഡാരി, ദീപക് തൽവാർ തുടങ്ങിയ തട്ടിപ്പുവീരന്മാരുടെ പട്ടികയിലെ അവസാനത്തെ കണ്ണികളാണ് നീരവ് മോഡി, മെഹുൽ ചോക്സി, വിക്രം കോത്താരി എന്നിവർ.

നിയന്ത്രണങ്ങളും പരിശോധനകളും ശക്തിപ്പെടുത്തുകയും ഊഹക്കച്ചവടരംഗത്തേക്കുള്ള പണമൊഴുക്ക് നിയന്ത്രിച്ചും മാത്രമേ ബാങ്ക് തട്ടിപ്പുകൾക്ക് അറുതിവരുത്താനാകൂ. റിസർവ് ബാങ്കിന്റെ മേൽനോട്ടങ്ങളിലും പരിശോധനകളിലും നടത്തിയ വെള്ളം ചേർക്കലുകൾ തിരുത്തണം. പക്ഷേ, മോഡിസർക്കാർ റിസർവ് ബാങ്കിന്റെ അധികാരങ്ങൾ കുറയ്ക്കുകയും ബാങ്കിങ് മേഖലയെ അന്വേഷണ ഏജൻസികളിൽനിന്ന് വിമുക്തമാക്കാൻ പരിശ്രമിക്കുകയുമാണ്. പൊതുമേഖലയുടെ കഥകഴിക്കുന്നതിനുവേണ്ടിയാണ് അവർ പാർലമെന്റിൽ എഫ്ആർഡിഐ ബിൽ കൊണ്ടുവന്നത്. രഘുറാം രാജൻ കമ്മിറ്റി ആവശ്യപ്പെട്ടത് പാർലമെന്റിൽനിന്നും സെൻട്രൽ വിജിലൻസ് കമീഷനിൽനിന്നും ബാങ്കുകളെ സ്വതന്ത്രമാക്കണം എന്നാണ്. ഇദ്ദേഹം റിസർവ് ബാങ്ക് ഗവർണറായി ചുമതലയേറ്റ ഉടനെ നിയോഗിച്ച മറ്റൊരു കമ്മിറ്റി പറഞ്ഞത് വിവരാവകാശത്തിന്റെ പിടിയിൽനിന്നുകൂടി ബാങ്കുകളെ മോചിപ്പിക്കണമെന്നാണ്.

കർഷകരെയും മറ്റ് സാധാരണജനങ്ങളെയും ബാങ്കിൽനിന്ന് അകറ്റുകയാണ്. വൻകിട കോർപറേറ്റുകൾക്ക് വഴിവിട്ട് വായ്പകളും ഗ്യാരന്റികളും നൽകുകയുമാണ്. ഇത്തരം ഇടപാടുകളിൽനിന്നുള്ള വലിയ ലാഭമാണ് പല ബാങ്ക് അധികാരികളെയും ഇതിന്് പ്രേരിപ്പിക്കുന്നത്. ഇത് വെറും കുമിളയാണെന്ന് അറിഞ്ഞുകൊണ്ടുള്ള ചൂതാട്ടം. അരനൂറ്റാണ്ടായി ഇന്ത്യൻ സമൂഹത്തിന്റെയും സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലായ ബാങ്കിങ് മേഖലയെ ഊഹക്കച്ചവടക്കാരുടെയും തട്ടിപ്പുകാരുടെയും താവളമാക്കുന്നത് രാജ്യംനേരിടുന്ന ഏറ്റവും വലിയ വിപത്തായി മാറിയിരിക്കുകയാണ്. ജനകീയ ബാങ്കിങ്ങിനുവേണ്ടിയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തേണ്ടത് ജനാധിപത്യവിശ്വാസികളുടെയാകെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ് •


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top