19 March Tuesday

കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 9, 2016

നരേന്ദ്രമോഡി സര്‍ക്കാരിനെ അധികാരത്തില്‍ എത്തിച്ചതില്‍ കോര്‍പറേറ്റുകള്‍ക്കുള്ള പങ്ക് വളരെ വലുതായിരുന്നു. കൊള്ളലാഭം കൊയ്യാനുള്ള കോര്‍പറേറ്റുകളുടെ നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും മോഡി വാഗ്ദാനം ചെയ്തിരുന്നു. ഈ ധാരണയുടെ ഭാഗമായാണ് മോഡിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് കോര്‍പറേറ്റുകള്‍ വാരിക്കോരി പണമൊഴുക്കിയത്. കൊഴുപ്പേറിയ ഈ പ്രചാരണം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് സമാനമാക്കുകയും ചെയ്തു. മോഡി അധികാരമേറിയശേഷമുള്ള രണ്ടു ബജറ്റിലുമായി അഞ്ചുലക്ഷം കോടിയിലധികം രൂപയുടെ ഇളവാണ് കോര്‍പറേറ്റുകള്‍ക്ക് നല്‍കിയത്. മൂലധനനേട്ട നികുതി ഉപേക്ഷിക്കുകയും വെല്‍ത്ത് ടാക്സ് പിരിക്കേണ്ടന്ന് തീരുമാനിക്കുകയും ചെയ്തു. അടുത്ത ബജറ്റിലും കോര്‍പറേറ്റുകള്‍ക്കുള്ള ഇളവ്  തുടരുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്നെ സൂചിപ്പിച്ചു. ഏറ്റവും അവസാനം പുറത്തുവന്ന വാര്‍ത്ത 2013നും 2015നും ഇടയില്‍ കോര്‍പറേറ്റുകളുടെ 1.14 ലക്ഷം കോടി രൂപയുടെ കടം പൊതു ബാങ്കുകള്‍ എഴുതിത്തള്ളിയെന്നാണ്. 100 കോടി രൂപയിലധികമുള്ള കടങ്ങളാണത്രേ എഴുതിത്തള്ളിയത്. സാധാരണക്കാരുടെയോ കര്‍ഷകരുടെയോ കടമല്ല ഇതെന്ന് വ്യക്തം.

2012 മാര്‍ച്ച് 31വരെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 15,551 കോടി രൂപ മാത്രമായിരുന്നു. 2015ല്‍ ഇത് മൂന്നിരട്ടിയായി വര്‍ധിച്ച് 52,542 കോടിയായി. 2004നുമുമ്പ് പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടത്തിന്റെ വര്‍ധന നാലു ശതമാനമായിരുന്നെങ്കില്‍ മോഡി അധികാരമേറിയശേഷം അത് 85 ശതമാനമായി വര്‍ധിച്ചു. 2011നുശേഷം ക്രമാനുഗതമായി കിട്ടാക്കട നിരക്ക് വര്‍ധിക്കുകയാണെന്ന് വിവരാവകാശപ്രകാരമുള്ള ചോദ്യത്തിനു മറുപടിയായി റിസര്‍വ് ബാങ്ക് തന്നെ അറിയിച്ചു. 2004നും 2015നും ഇടയില്‍ 2.11 ലക്ഷം കോടിയുടെ കിട്ടാക്കടമാണ് പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത്. ഇത്രയുംവലിയ തുക എഴുതിത്തള്ളുന്നത് പൊതുമേഖലാ ബാങ്കുകളുടെ കാര്യശേഷിയില്ലായ്മയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും അതിനാല്‍ ഈ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുകയാണ് ഇന്ത്യന്‍ ബാങ്കിങ് രംഗത്തെ രക്ഷിക്കാനുള്ള ഏക മാര്‍ഗമെന്നും ലോക മുതലാളിത്തത്തിന്റെ ജിഹ്വയായി അറിയപ്പെടുന്ന ഇക്കോണമിസ്റ്റ് വാരിക മോഡി സര്‍ക്കാരിനെ ഉപദേശിക്കുന്നു. മൂവായിരത്തെഴുനൂറോളം ഇന്ത്യന്‍ കമ്പനികള്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് വായ്പാ പലിശയടച്ച് വിഷമിക്കുകയാണെന്നും ഇക്കോണമിസ്റ്റ് വിലപിക്കുന്നു. പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി 52 ശതമാനമായി കുറയ്ക്കുമെന്ന മോഡിയുടെ പ്രഖ്യാപനത്തെ ഇക്കോണമിസ്റ്റ് വാരികയുടെ ഉപദേശവുമായി കൂട്ടിവായിച്ചാല്‍ ചിത്രം വ്യക്തമാകും. ബാങ്കിങ് സ്വകാര്യവല്‍ക്കരണത്തിലേക്കാണ് സര്‍ക്കാര്‍ അതിവേഗം നീങ്ങുന്നത്.

പൊതുമേഖലാ ബാങ്കുകളുടെ മൂലധനാസ്തി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വന്‍തുക നീക്കിവയ്ക്കുമ്പോള്‍ തന്നെയാണ്—കോര്‍പറേറ്റുകളുടെ കീശയിലേക്ക് ലക്ഷക്കണക്കിന് കോടിരൂപ ചോര്‍ന്നെത്തുന്നത്. മോഡി സര്‍ക്കാരിന്റെ മൌനസമ്മതത്തോടെയാണ് രാജ്യത്തെ ഏറ്റവുംവലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (21,313 കോടി രൂപ 2015ല്‍ മാത്രം) രണ്ടാമത്തെ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കും (6582 കോടി രൂപ) മറ്റ് പൊതുമേഖലാ ബാങ്കുകളും കോര്‍പറേറ്റ് കടങ്ങള്‍ എഴുതിത്തള്ളുന്നത്.

എന്നാല്‍, ഇതേ ബാങ്കുകള്‍ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളാന്‍ വിസമ്മതിക്കുന്നു. ഒരുലക്ഷവും അരലക്ഷവും കടമെടുത്ത കര്‍ഷകനെ കിട്ടാക്കടത്തിന്റെ പേരില്‍ ജയിലിലടയ്ക്കുന്ന സംഭവംപോലും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉണ്ടായി. കടക്കെണിയില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ ചെറുവിരലനക്കാന്‍പോലും കോര്‍പറേറ്റുകളുടെ മാനസപുത്രനായ മോഡി തയ്യാറാകുന്നില്ല. ജനങ്ങളുടെ നികുതിപ്പണം വിഴുങ്ങി കോര്‍പറേറ്റുകള്‍ തടിച്ചുകൊഴുക്കുമ്പോള്‍ കര്‍ഷകന്‍ പീഡനമേറ്റുവാങ്ങി പിടഞ്ഞുമരിക്കുകയാണ്.

വരള്‍ച്ച ഏറ്റവുംകൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്രയിലെ മറാത്തവാഡ മേഖലയില്‍ ജനുവരിയില്‍ മാത്രം 89 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. എട്ടു ജില്ലയുള്ള ഈമേഖലയില്‍ കഴിഞ്ഞ വര്‍ഷം 1100 കര്‍ഷകര്‍ ജീവനൊടുക്കി. ഈവര്‍ഷം ജനുവരിയില്‍ ജല്‍ന ജില്ലയില്‍ 16ഉം നന്ദേഡില്‍ 14ഉം ലാത്തൂര്‍, ഒസ്മാനാബാദ് ജില്ലകളില്‍ 13 പേര്‍ വീതവും ആത്മഹത്യ ചെയ്തു. ഗുജറാത്തിലും പശ്ചിമബംഗാളിലും ഉത്തര്‍പ്രദേശിലെ ബുന്ദേര്‍ഗഡിലും കര്‍ണാടകത്തിലും കര്‍ഷക ആത്മഹത്യ വര്‍ധിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനകം രണ്ടുലക്ഷത്തോളം കര്‍ഷകരാണ് രാജ്യത്ത് ജീവനൊടുക്കിയത്. ഇവരുടെ കടം എഴുതിത്തള്ളാന്‍ മാറിമാറി വന്ന കേന്ദ്രസര്‍ക്കാരുകള്‍ തയ്യാറായില്ല. മോഡി സര്‍ക്കാരും ആ വഴിയില്‍ത്തന്നെ. കര്‍ഷകര്‍ക്കോ ജനങ്ങള്‍ക്കോ വേണ്ടിയല്ല മറിച്ച് കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കുംവേണ്ടിയുള്ള ഭരണമാണ് മോഡിയുടേതെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top