25 April Thursday

ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാകുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ കൂടുതല്‍ സംഘര്‍ഷങ്ങളിലേക്കും ഏറ്റുമുട്ടലിലേക്കും നയിക്കുക ലക്ഷ്യമാക്കി ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി  അംഗീകരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയ്യാറായി. ജൂതരും മുസ്ളിങ്ങളും ക്രിസ്ത്യാനികളും ഒരുപോലെ പുണ്യനഗരമായി കരുതുന്ന ജറുസലേം ഇസ്രയേലിന് പതിച്ചുനല്‍കുന്നതിന് സമാനമായ നടപടിയാണ് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.  ഡിസംബര്‍ ആറിന് വൈറ്റ്ഹൌസില്‍ നടത്തിയ 12 മിനിറ്റ് പ്രസംഗത്തിലാണ് ഇസ്രയേലെന്ന അധിനിവേശരാഷ്ട്രത്തിനും സയണിസത്തിനും അനുകൂലമായ പ്രഖ്യാപനം ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്. ടെല്‍ അവീവിലുള്ള അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന്റെ അര്‍ഥം തലസ്ഥാനമായി ജറുസലേമിനെയാണ് അമേരിക്ക അംഗീകരിക്കുന്നതെന്നാണ്.

ജറുസലേമിലേക്ക് എംബസി മാറ്റുന്ന ആദ്യരാഷ്ട്രവും അമേരിക്കയായിരിക്കും. 1995ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ ജറുസലേം എംബസി ആക്ടിന്റെ ചുവടുപിടിച്ചാണ് ട്രംപിന്റെ പ്രഖ്യാപനം. മുന്‍ പ്രസിഡന്റുമാര്‍ (ബില്‍ ക്ളിന്റനും ബുഷും ഒബാമയും) നടപ്പാക്കാന്‍ മടിച്ച തീരുമാനം താന്‍ നടപ്പാക്കുന്നു എന്ന്  ട്രംപ് പറയുന്നതിന്റെ അര്‍ഥമിതാണ്. 1980ല്‍ ഇസ്രയേല്‍ അംഗീകരിച്ച അടിസ്ഥാന നിയമത്തില്‍ ജറുസലേം ഏകീകൃത ഇസ്രയേലിന്റെ തലസ്ഥാനമാണെന്ന് പ്രഖ്യാപിച്ചിരുന്നു.  ഇതിന്റെ ചുവടുപിടിച്ചാണ് അമേരിക്കന്‍ നിയമനിര്‍മാണവും ഉണ്ടായിട്ടുള്ളത്.

ഇതൊരു തലസ്ഥാനമാറ്റത്തിന്റെമാത്രം കാര്യമല്ല. മറിച്ച് ഇരുരാഷ്ട്ര(ഇസ്രയേല്‍, പലസ്തീന്‍)രൂപീകരണത്തിലൂടെ പലസ്തീന്‍ പ്രശ്നത്തിന് സമാധാനപരമായ മാര്‍ഗങ്ങളിലുടെ പരിഹാരം കാണാനുള്ള ലോകരാഷ്ട്രങ്ങളുടെ വര്‍ഷങ്ങള്‍നീണ്ട ശ്രമത്തിന് അന്ത്യമിടല്‍കൂടിയാണ് ഈ നടപടി. ഇരുരാഷ്ട്ര പദ്ധതി നടപ്പാക്കുന്ന പക്ഷം പലസ്തീന്റെ തലസ്ഥാനമാകേണ്ടത് കിഴക്കന്‍ ജറുസലേമായിരുന്നു. എന്നാല്‍, 1967ലെ ആറുദിന യുദ്ധത്തില്‍ ഈ പ്രദേശം ഇസ്രയേല്‍ കീഴ്പ്പെടുത്തിയിരുന്നു.  പശ്ചിമ ജറുസലേമാകട്ടെ 1948ല്‍ സാമ്രാജ്യത്വവഞ്ചനയുടെ ഫലമായി ഇസ്രയേല്‍ രൂപംകൊണ്ട വേളയില്‍ത്തന്നെ അതിന്റെ ഭാഗമായിരുന്നു. പലസ്തീന്റെ ഭാവിതലസ്ഥാനമാണ് കിഴക്കന്‍ ജറുസലേം എന്നതുകൊണ്ടുതന്നെ അവിടെ എല്ലാ  അന്താരാഷ്ട്രനിയമങ്ങളും ലംഘിച്ച് ജൂത ആവാസകേന്ദ്രങ്ങള്‍ കെട്ടിപ്പൊക്കുകയായിരുന്നു ഇസ്രയേല്‍. യുദ്ധത്തില്‍ കീഴ്പ്പെടുത്തിയ പ്രദേശങ്ങളിലേക്ക് രാഷ്ട്രങ്ങള്‍ അവരുടെ ജനതയെ മാറ്റിപാര്‍പ്പിക്കരുതെന്ന 1949ലെ നാലാം ജനീവ കണ്‍വന്‍ഷന്റെ പ്രഖ്യാപനത്തിന് കടകവിരുദ്ധമാണ് ഈ 'സെറ്റില്‍മെന്റ് കൊളോണിയലിസം' യുഎന്‍ രക്ഷാസമിതി അഞ്ച് തവണയെങ്കിലും ഈ ആവാസകേന്ദ്രനിര്‍മാണത്തിലൂടെയുള്ള അധിനിവേശത്തെ എതിര്‍ക്കുന്ന പ്രമേയം പാസാക്കിയിരുന്നു. ഇസ്രയേല്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഈ നിയമലംഘനത്തിനാണിപ്പോള്‍ അമേരിക്ക അംഗീകാരം നല്‍കിയിരിക്കുന്നത്.  

ഇസ്രയേലുമായും ജൂത ലോബിയുമായും അടുത്ത ബന്ധമാണ് ട്രംപിനുള്ളത്.  ട്രംപിന്റെ മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാറേദ്് കുഷ്നര്‍ യാഥാസ്ഥിതിക ജൂതനാണെന്നുമാത്രമല്ല, പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ കുടിയേറ്റങ്ങളെ പണം നല്‍കി സഹായിക്കുന്ന വ്യക്തികൂടിയാണ്.

കുടിയേറ്റകേന്ദ്രങ്ങള്‍ നിര്‍മിക്കുന്ന ബീറ്റ് യെല്‍ യെഷ്വേക്ക് എന്ന സംഘടനയ്ക്ക് 60000 ഡോളര്‍ കുഷ്നര്‍ സംഭാവന നല്‍കിയതായി നികുതിരേഖകള്‍ വെളിപ്പെടുത്തി. ബീറ്റ് യെല്‍ യെഷ്വേയുടെ പ്രസിഡന്റാണ് ഇസ്രയേലിലെ അംബാസഡറായി ട്രംപ്് നിയമിച്ച ഡേവിഡ് ഫ്രീഡ്മാന്‍.  മനുഷ്യാവകാശപ്രവര്‍ത്തകനായ സ്റ്റാന്‍ലി കോഹ്ലി 'ഇരുകാലിമൃഗമെന്ന്' വിളിക്കുന്ന നെതന്യാഹുവിനേക്കാളും തീവ്രവലതുപക്ഷക്കാരനാണ് ഫ്രീഡ്മാന്‍. ഇയാളെ അംബാസഡറാക്കുകവഴി പലസ്തീനികള്‍ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരുന്നു ട്രംപ്. അമേരിക്കന്‍ എംബസി ടെല്‍ അവീവില്‍നിന്ന് ഈസ്റ്റ് ജറുസലേമിലേക്ക് മാറ്റുമെന്ന  തീര്‍ത്തും പ്രകോപനപരമായ പ്രഖ്യാപനവും ഫ്രീഡ്മാന്‍ നേരത്തെ നടത്തിയിരുന്നു.

ഇസ്രയേലി കുടിയേറ്റത്തെ പരസ്യമായി അനുകൂലിക്കുകയും കുടിയേറ്റ കേന്ദ്രത്തില്‍ സ്വന്തമായൊരു വീടിന്റെ ഉടമയുമായ ഫ്രീഡ്മാനെ അംബാസഡറാക്കിയ നടപടിതന്നെ പ്രകോപനപരമാണ്. ഫ്രീഡ്മാന്റെ വരവോടെതന്നെ പലസ്തീന്‍ സമാധാനപ്രക്രിയക്ക് അന്ത്യമകാകുമെന്നും കൂട്ടക്കുഴപ്പത്തിന്റെ തുടക്കമാകുമെന്നും പലസ്തീന്‍ വിമോചനസംഘടനയുടെ ജനറല്‍ സെക്രട്ടറി സയേബ് എറേകത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതാണിപ്പോള്‍ യാഥാര്‍ഥ്യമായിട്ടുള്ളത്. ട്രംപിനും നെതന്യാഹുവിനുമൊപ്പം പ്രധാനമന്ത്രി മോഡിയും കൈകോര്‍ത്തിരിക്കുകയാണ്. മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുന്ന തീര്‍ത്തും പ്രകോപനപരമായ അമേരിക്കന്‍ നയത്തെ എതിര്‍ക്കാന്‍ മോഡി തയ്യാറായില്ല.  പലസ്തീനെ പിന്തുണയ്ക്കുന്ന പരമ്പരാഗത ഇന്ത്യന്‍ നയമാണ് ഇവിടെ ഉപേക്ഷിക്കപ്പെടുന്നത്. അയോധ്യയില്‍ പള്ളി തകര്‍ത്തിടത്ത് ക്ഷേത്രം നിര്‍മിക്കാന്‍ തയ്യാറെടുക്കുന്ന സംഘപരിവാറിന് ഊര്‍ജംപകരുന്ന അമേരിക്കന്‍ തീരുമാനത്തെ സയണിസ്റ്റ് സ്ഥാപകന്റെ സ്മാരകത്തില്‍ പോയി ആദരാഞ്ജലി അര്‍പ്പിച്ച മോഡി എതിര്‍ക്കുന്നതെങ്ങനെ? 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top