29 March Friday

അഴിമതി അന്വേഷണവും അന്തർനാടകങ്ങളും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 8, 2020


അധികാര സ്ഥാനങ്ങളും സ്വാധീനവും ഉപയോഗിച്ചുള്ള അഴിമതിയും ധനസമ്പാദനവും സാമൂഹ്യജീവിതത്തിലെ പുഴുക്കുത്തുകൾമാത്രമായി കണാനാകില്ല. നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുന്ന മാരക വ്യാധികളാണിത്‌. ഇക്കാര്യത്തിൽ കേരളത്തിലെ രണ്ട്‌ മുന്നണികൾ തമ്മിൽ‌ അജഗജാന്തരമാണുള്ളത്‌. ഏറ്റവുമൊടുവിൽ, മുസ്ലിംലീഗ്‌ എംഎൽഎ എം സി ഖമറുദ്ദീൻ നടത്തിയ 150 കോടിയുടെ വെട്ടിപ്പിന്റെ വിശദാംശങ്ങൾ പുറത്തുവന്നെങ്കിലും യുഡിഎഫിന്‌ കുലുക്കമില്ല. ഇല്ലാക്കഥകളുടെ പുകമറയിൽ എൽഡിഎഫ്‌ ഭരണത്തെ ആക്രമിക്കുന്ന മാധ്യമങ്ങൾ സ്വർണക്കടത്തിനു പിന്നാലെ ജ്വല്ലറിത്തട്ടിപ്പിലും ലീഗിന്‌ രക്ഷയൊരുക്കുകയാണ്‌. ബിജെപിയാകട്ടെ, എല്ലാ അധമ പ്രവൃത്തികൾക്കും മുൻപന്തിയിലുണ്ട്‌.

അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ചെളിപുരളാതെ, ‌കൂടുതൽ തെളിച്ചത്തോടെയാണ്‌ ഇടതു ജനാധിപത്യമുന്നണി സർക്കാർ അവസാനപാദത്തിൽ എത്തിയത്‌. സംസ്ഥാന ഭരണത്തിന്റെ കാര്യത്തിൽ മാത്രമല്ല ഈ സവിശേഷത. തദ്ദേശഭരണ–- സഹകരണ സ്ഥാപനങ്ങളിലും പൊതുപണം ദുർവിനിയോഗം ചെയ്യപ്പെട്ടുകൂടാ എന്ന നിർബന്ധമുണ്ട്‌. ഇതിനു വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ മുഖംനോക്കാതെ നിയമപരവും സംഘടനാപരവുമായി നടപടിയെടുക്കുന്നു. ഇതുവഴി പൊതുജീവിതത്തിലെ അഴിമതി ഏറെക്കുറെ അവസാനിപ്പിക്കാൻ എൽഡിഎഫിന്‌ സാധിക്കുന്നു. നിയമവ്യവസ്ഥയ്‌ക്ക്‌ ഇവിടെ കൈവിലങ്ങുകളില്ല.

കൊച്ചി നഗരഹൃദയത്തിലെ പാലാരിവട്ടം പാലംമാത്രംമതി യുഡിഎഫിന്റെ മാറ്റുരയ്‌ക്കാൻ. ഉദ്‌ഘാടനം കഴിഞ്ഞ്‌ രണ്ടര വർഷമാകുമ്പോഴേക്കും പാലത്തിൽ വിള്ളലുകൾ രൂപപ്പെട്ടു. 41 കോടി രൂപ ചെലവ്‌ കണക്കാക്കിയ പാലത്തിന്‌ യഥാർഥത്തിൽ എത്ര മുടക്കി, എത്ര പണം പോക്കറ്റിലായി എന്ന്‌ അന്വേഷണത്തിൽ വ്യക്തമാകട്ടെ. പാലം നിർമാണക്കരാറിൽ അന്യായമായി ഇടപെട്ട അന്നത്തെ പൊതുമരാമത്തുമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്‌ അഴിക്കുള്ളിലാകുന്ന നാളും കാത്തിരിപ്പാണ്‌. അഴിമതിയുടെ കുംഭമേളയായിരുന്നു കഴിഞ്ഞ യുഡിഎഫ്‌ ഭരണം. സോളാറും ബാർകോഴയും ഉൾപ്പെടെ കോടികൾ മറിഞ്ഞ ഇടപാടുകളിലെല്ലാം ഒന്നാംനിര യുഡിഎഫ്‌ നേതാക്കളായിരുന്നു സൂത്രധാരന്മാർ. രാഷ്‌ട്രീയ വൈരനിര്യാതനം എന്ന യുഡിഎഫ്‌ ശൈലി ആവശ്യമില്ല. എന്നാൽ, ഈ അഴിമതിക്കേസുകളിലെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി കുറ്റക്കാരെ തുറുങ്കിലടയ്‌ക്കണം.


 

മുൻകാലത്തെ അഴിമതിക്കേസുകൾ തേച്ചുമായ്‌ക്കാനുള്ള അവസരമായാണ്‌ ഓരോ ഭരണവും യുഡിഎഫ്‌ ഉപയോഗപ്പെടുത്താറുള്ളത്‌. പാമൊലിൻ, ടൈറ്റാനിയം, സൈൻബോർഡ്‌ അഴിമതികൾ ഇത്തരത്തിൽ നിയമക്കുരുക്കിൽപ്പെട്ട്‌ കിടക്കുന്ന കേസുകളാണ്‌. പാമൊലിൻ അഴിമതിയിൽ ഖജനാവിന് നഷ്ടം 2.32 കോടി രൂപ. സൈൻബോർഡിൽ 500 കോടിയും ടൈറ്റാനിയത്തിൽ 68 കോടിയും. ഇതിൽ സിബിഐക്ക്‌ വിട്ട ടൈറ്റാനിയം കേസിൽ കേന്ദ്ര ഭരണകക്ഷിയിൽനിന്ന്‌ യുഡിഎഫിന്‌ ലഭിക്കുന്ന വഴിവിട്ട പിന്തുണ‌ കഴിഞ്ഞ ദിവസം ദേശാഭിമാനി പുറത്തുകൊണ്ടുവന്നു‌. കേസ്‌ ഏറ്റെടുക്കണമെന്ന ശുപാർശയിൽ ഒരു വർഷം കഴിഞ്ഞിട്ടും സിബിഐ തീരുമാനം എടുക്കാത്തതിനു പിന്നിൽ‌ രാഷ്‌ട്രീയ സമ്മർദമാണെന്ന്‌ വ്യക്തം. വിദേശ കമ്പനികൾക്കുകൂടി പങ്കുള്ള കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുൻ വ്യവസായമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ എന്നിവരാണ്‌ പ്രതികൾ. ഇവിടെ എന്ത്‌ സംഭവം ഉണ്ടായാലും ഉടൻ സിബിഐയെ വിളിക്കണമെന്ന്‌ ആവശ്യപ്പെടുന്ന പ്രതിപക്ഷവും ബിജെപിയും ടൈറ്റാനിയം കേസിൽ നടത്തുന്ന ഒത്തുകളി മറയില്ലാത്തതാണ്‌.

കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ രാഷ്‌ട്രീയ എതിരാളികളെ ഒതുക്കുന്ന പതിവ്‌ തുടങ്ങിവച്ചത്‌ കോൺഗ്രസാണ്‌. ബിജെപി അത്‌ തുടരുന്നുണ്ടെങ്കിലും ആവശ്യമായ ഘട്ടങ്ങളിലെല്ലാം പരസ്‌പര സഹകരണം മുറപോലെ നടക്കുന്നു‌. സ്വർണക്കടത്തുകേസിന്‌ മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇല്ലാത്ത ബന്ധം സ്ഥാപിച്ചെടുക്കാൻ കസ്റ്റംസിനുമേൽ ബിജെപി പ്രയോഗിച്ച സമ്മർദവും ഭീഷണിയും കുറച്ചൊന്നുമല്ല. പ്രധാന പ്രതിയായ ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കുന്നതടക്കമുള്ള നടപടികൾ വിദേശമന്ത്രാലയം സ്വീകരിക്കാത്തതും ഒത്തുകളിയുടെ ഭാഗംതന്നെ. സ്വർണക്കടത്തുകാരുടെ ലീഗ്‌ ബന്ധം വെളിപ്പെടുംവിധം അന്വേഷണം മുന്നോട്ടു പോകരുതെന്ന്‌ ബിജെപിക്ക്‌ നിർബന്ധമുണ്ട്‌. ഒടുവിൽ ജനം ടിവി മേധാവിവഴി അന്വേഷണം ബിജെപി നേതൃത്വത്തിലേക്ക്‌ എത്തുമെന്ന ഘട്ടം വന്നപ്പോൾ ഉദ്യോഗസ്ഥരെ മാറ്റാനും ഇടപെടലുണ്ടായി.

യുഡിഎഫ്‌–- ബിജെപി അന്തർനാടകങ്ങളിലെ വേഷംകെട്ടുകാരായി അധഃപതിച്ച ഒരുകൂട്ടം മാധ്യമങ്ങളുടെ പങ്കുകൂടി പരാമർശിച്ചാലേ ചിത്രം പൂർണമാകൂ. അഴിമതിയോടോ നിയമനിഷേധത്തോടോ അല്ല ഈ മാധ്യമങ്ങളുടെ എതിർപ്പെന്ന്‌ സ്വർണക്കടത്തുകേസിലെ പ്രകടനം വ്യക്തമാക്കുന്നു. യുഎഇ കോൺസുലേറ്റിന്റെ മറപിടിച്ച്‌ എത്തിച്ച സ്വർണം ആർക്കുവേണ്ടിയായിരുന്നു, ആര്‌ അയച്ചു എന്നൊക്കെ അന്വേഷിക്കാൻ ഇവർക്ക്‌ താൽപ്പര്യം ഇല്ല. മാത്രമല്ല, കേന്ദ്രമന്ത്രിയടക്കമുള്ള ബിജെപി നേതാക്കളിലേക്ക്‌ അന്വേഷണം നീളുമെന്നായപ്പോൾ മുഖ്യധാരാ മാധ്യമങ്ങൾ രംഗംവിട്ടു. ബംഗളൂരു ലഹരി കടത്തുകേസിന്റെ പേരിൽ പുകമറ തീർക്കാനാണ്‌ അടുത്ത ശ്രമം. എന്നാൽ, ഏതെങ്കിലും ആരോപണങ്ങൾക്കു മുന്നിൽ ഒളിച്ചോടാനല്ല, എല്ലാം അന്വേഷിക്കാനാണ്‌ എൽഡിഎഫ്‌ നേതൃത്വം ആവശ്യപ്പെടുന്നത്‌.

ദുരിതാശ്വാസ ക്യാമ്പിൽനിന്ന്‌ 70 രൂപ ഓട്ടോക്കൂലി ‌വാങ്ങിയതിന്‌ ഓമനക്കുട്ടൻ എന്ന സിപിഐ എം പ്രവർത്തകനെ കള്ളനാക്കിയ മാധ്യമങ്ങൾ ഖമറുദ്ദീന്റെ 150 കോടിയുടെ വെട്ടിപ്പ്‌ കാണാതിരിക്കുന്നത്‌‌ യാദൃച്ഛികമല്ല. സംഭവത്തെക്കുറിച്ച്‌ പഠിക്കട്ടെ എന്ന്‌ ലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതിനപ്പുറമൊന്നും മുഖ്യധാരാ മാധ്യമങ്ങളിൽനിന്ന്‌ പ്രതീക്ഷിക്കേണ്ടതില്ല. പക്ഷേ, ഇവർക്ക്‌ സത്യത്തിന്റെ കണ്ണ്‌ കെട്ടാനാകില്ല.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top