25 April Thursday

കശ്‌മീർ: ഒരു നിലപാട് വേണ്ടേ കോൺഗ്രസേ?

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019


370–-ാം വകുപ്പ്‌ റദ്ദാക്കിയ ബിജെപി സർക്കാരിന്റെ തീരുമാനം ജനാധിപത്യഹത്യയുടെ ഒടുവിലത്തെ ഉദാഹരണമായി രാജ്യം തിരിച്ചറിയുന്നു. ഇക്കാര്യത്തിൽ ബിജെപിയുടെ നിലപാട്‌ വ്യക്തമാണ്‌. എക്കാലത്തും 370–-ാം വകുപ്പിനെതിരെയും ജമ്മു കശ്‌മീരിന്റെ സ്വയംഭരണാവകാശത്തിനെതിരെയും നിലപാടെടുത്തവരാണവർ. കശ്‌മീരിന്റെ  പ്രത്യേക അവകാശങ്ങൾ മുസ്ലിങ്ങൾക്ക്‌ അനർഹമായി ലഭിച്ച ആനുകൂല്യമാണെന്ന മട്ടിൽ പ്രചാരണം നടത്തി പല തെരഞ്ഞെടുപ്പിലും വോട്ടുതേടിയവരാണവർ. അവരിൽനിന്ന്‌ കശ്‌മീർ നിലപാടിൽ മറ്റൊന്നും നാം പ്രതീക്ഷിക്കുന്നില്ല. അവർ അതു ചെയ്യും. അതിനവരെ പറ്റാവുന്നവിധത്തിലെല്ലാം എതിർക്കുകയേ വഴിയുള്ളൂ.

എന്നാൽ, ഇന്നും ‘മുഖ്യ’പ്രതിപക്ഷമെന്ന ലേബലിൽ അറിയപ്പെടുന്ന കോൺഗ്രസിന്റെ നിലപാടോ? അറിയാവുന്നിടത്തോളം കോൺഗ്രസിനുള്ളത്‌ ബിജെപിയുടെ നിലപാടല്ല. ഇത്രകാലവും കോൺഗ്രസ്‌ നേതാക്കളാരും 370–-ാം വകുപ്പ്‌ ഈ രീതിയിൽ ഇല്ലാതാക്കണമെന്ന്‌ അഭിപ്രായപ്പെട്ടതായി അറിവില്ല. സ്വതന്ത്ര ഇന്ത്യയുടെ ആദ്യഘട്ട നിർമിതിയിൽ നിർണായക പങ്കുവഹിച്ച കോൺഗ്രസ്‌, കശ്‌മീരിന്റെ പ്രത്യേക പദവി അവർ നേടിക്കൊടുത്തതാണെന്ന മട്ടിൽ പ്രചാരണങ്ങൾ നടത്തിയിരുന്നതും ചരിത്രം.

പക്ഷേ, ഇപ്പോൾ എന്താണ്‌ കോൺഗ്രസ്‌ നിലപാട്‌? ഇത്ര നിർണായകമായ ഒരു വിഷയത്തിൽ ആ പാർടി ചർച്ച നടത്തി ഒരു നിലപാട്‌ എടുത്തിട്ടുണ്ടോ? ഇല്ലെന്നു മാത്രമല്ല ഓരോ നേതാവും ഓരോ നിലപാടിൽ നിൽക്കുന്നു. ദയനീയമല്ലേ ഈ സ്ഥിതി? ഇതേപ്പറ്റി ഒരു ദേശീയ ചാനൽ രാഹുൽ ഗാന്ധിയോട്‌ ചോദിച്ചതായി അവർ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ‘‘ഞാനിപ്പോൾ പ്രസിഡന്റല്ലല്ലോ, പിന്നെ എങ്ങനെ യോഗം വിളിക്കും’’ എന്നാണത്രേ അദ്ദേഹം പ്രതികരിച്ചത്‌. എത്ര നിരുത്തരവാദപരമായാണ്‌ ഈ പാർടി ഒരു നിർണായക ദേശീയ വിഷയത്തെ കൈകാര്യം ചെയ്യുന്നതെന്ന്‌ നോക്കൂ. പ്രസിഡന്റ്‌ സ്ഥാനമൊഴിഞ്ഞാൽ യോഗം വിളിക്കാൻ ചുമതലപ്പെട്ട ഒരാളെങ്കിലും ആ പാർടിയിൽ ഉണ്ടാകണ്ടേ?

ഈ നിലപാടില്ലായ്‌മ ഇപ്പോൾ എവിടംവരെ എത്തിയെന്ന്‌ രാജ്യം കണ്ടു. രാജ്യസഭയിൽ കശ്‌മീർ വിഭജന ബില്ലിനെതിരെ വോട്ടുചെയ്യാൻ വിപ്പുനൽകാൻ ചുമതലപ്പെട്ട ഭുവനേശ്വർ കാലിത തനിക്ക്‌ ഈ ബില്ലിനോട്‌ യോജിപ്പാണെന്ന പരസ്യ നിലപാടെടുത്ത്‌ പാർടിയിൽനിന്നു തന്നെ രാജിവച്ചു. പിന്നാലെ മുതിർന്ന നേതാക്കളടക്കം എത്രപേരാണ്‌ ബിജെപി സർക്കാരിന്റെ നിലപാട്‌ ശരിവച്ച്‌ രംഗത്തെത്തിയത്‌ എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. പുതിയ കോൺഗ്രസ്‌ അധ്യക്ഷനാകുമെന്നു പറയപ്പെടുന്ന ജ്യോതിരാദിത്യ സിന്ധ്യ, പ്രവർത്തകസമിതി അംഗം ജനാർദനൻ ദ്വിവേദി, മഹാരാഷ്‌ട്ര പിസിസി മുൻ അധ്യക്ഷൻ മിലിന്ദ്‌ ദേവ്‌ര, മുതിർന്നനേതാവ്‌ അനിൽ ശാസ്‌ത്രി, ദീപേന്ദർ ഗുഡ, പാർടി വക്താവ്‌ ജയ്‌വീർ ഫെർഗിൽ അങ്ങനെ ആ നിര നീളുന്നു. സോണിയ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട റായ്‌ബറേലിയിൽനിന്നുള്ള നിയമസഭാംഗമായ അദിതിസിങ്ങും ബിജെപി സർക്കാരിന്റെ നടപടിയെ അനുകൂലിച്ച്‌ പരസ്യമായി രംഗത്തെത്തി.

ലോക്‌സഭയിലാകട്ടെ ബില്ലിന്റെ ചർച്ചാവേളയിൽ സഭയിലെ കക്ഷിനേതാവ്‌ അധീർ രഞ്ജൻ ചൗധരി നിലപാടിൽ മറുകണ്ടം ചാടി. കശ്‌മീർ പ്രശ്‌നം അന്താരാഷ്‌ട്ര വിഷയമാണെന്ന്‌ സൂചന നൽകി പ്രസംഗിച്ച്‌ സ്വയംവെട്ടിലായി; പാർടിയെയും വെട്ടിലാക്കി. അധീറിന്റെ  പ്രസംഗംകേട്ട്‌ സോണിയ തലയിൽ കൈവച്ചതായി മാധ്യമങ്ങൾ പറയുന്നു.

ആ പാർടി എത്തിനിൽക്കുന്ന അതിദയനീയമായ സ്ഥിതിയല്ലേ ഇതൊക്കെ കാണിക്കുന്നത്‌. 134 കൊല്ലത്തെ പാരമ്പര്യം അവകാശപ്പെടുന്ന ഈ ദേശീയ കക്ഷിക്ക്‌ കശ്‌മീർ പ്രശ്നത്തിൽ എന്താണ്‌ നിലപാട്‌ എന്നെങ്കിലും പറഞ്ഞുകൂടെ? സർക്കാർ നീക്കത്തിനെതിരെ ശക്തമായ നിലപാടെടുത്ത്‌ ഗുലാംനബി ആസാദും മറ്റും പ്രസംഗിച്ചുവെന്നത് ശരിയാണ്‌. പി ചിദംബരവും എതിർത്തെങ്കിലും നിയമപരമായ വീഴ്‌ചകളെപ്പറ്റിയാണ്‌ ഏറെ വേവലാതിപ്പെട്ടത്‌. എന്താണ്‌ പാർടിയുടെ ഇക്കാര്യത്തിലെ നിലപാട്‌? ഇനിയെങ്കിലും കോൺഗ്രസ്‌ അതു വ്യക്തമാക്കുമോ?

പാർലമെന്റിൽ നിയമനിർമാണവേളകളിലെല്ലാം തുടർച്ചയായി വീഴ്‌ച വരുത്തുന്ന മുസ്ലിംലീഗ് വരെ ഇക്കാര്യത്തിൽ കോൺഗ്രസിനെ വിമർശിക്കുന്നു. മുത്തലാഖ്‌ ബില്ലിലും യുഎപിഎ നിയമത്തിൽ ഭേദഗതി വന്നപ്പോഴുമെല്ലാം ആടിക്കളിച്ച ലീഗുപോലും ചോദിക്കുന്നു കോൺഗ്രസേ എന്തിനിങ്ങനെ തുടരുന്നുവെന്ന്‌

പാർലമെന്റിൽ നിയമനിർമാണവേളകളിലെല്ലാം തുടർച്ചയായി വീഴ്‌ച വരുത്തുന്ന മുസ്ലിംലീഗ് വരെ ഇക്കാര്യത്തിൽ കോൺഗ്രസിനെ വിമർശിക്കുന്നു. മുത്തലാഖ്‌ ബില്ലിലും യുഎപിഎ നിയമത്തിൽ ഭേദഗതി വന്നപ്പോഴുമെല്ലാം ആടിക്കളിച്ച ലീഗുപോലും ചോദിക്കുന്നു കോൺഗ്രസേ എന്തിനിങ്ങനെ തുടരുന്നുവെന്ന്‌. രാജ്യം കോൺഗ്രസിനോട്‌ ചോദിക്കുന്നതും അതേ ചോദ്യമാണ്‌. എന്തിനാണിങ്ങനെ ഒരു പാർടി? കശ്‌മീരിനെ അശാന്തിയുടെ മലനിരയും താഴ്‌വരയുമാക്കി മാറ്റുന്നതിൽ കാലാകാലങ്ങളായി കോൺഗ്രസ്‌ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. ജനകീയ ആവശ്യങ്ങൾ അവഗണിച്ചും അധികാരം മാത്രം ലക്ഷ്യമിട്ട്‌ കൂട്ടുകെട്ടുകളുണ്ടാക്കിയും ഭരണ അട്ടിമറികൾ നടത്തിയും അവർ കശ്‌മീർ ജനതയിൽനിന്ന്‌ ഒറ്റപ്പെട്ടിട്ട്‌ ഏറെ നാളായി. പക്ഷേ, അപ്പോഴും 370–-ാം വകുപ്പ്‌ നീക്കണമെന്നതാണ്‌ നിലപാടെന്ന്‌ ഒരു കോൺഗ്രസ്‌ നേതാവും പറഞ്ഞുകേട്ടിട്ടില്ല.

ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ മുന്നിൽനിൽക്കാൻ കോൺഗ്രസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഇന്ത്യയിലുണ്ട്. ഈ ഒരു പോരാട്ടത്തിൽ സഭയ്‌ക്കകത്തും പുറത്തും ഉണ്ടാകേണ്ട ഐക്യനിരയിൽ അണിനിരക്കേണ്ട പാർടിയുമാണ് കോൺഗ്രസ്. എന്നാൽ, ഇപ്പോൾ ഇല്ലാത്ത നേതൃത്വവും വല്ലാത്ത നിലപാടുകളുമായി പിന്തുണയ്‌ക്കുന്നവരെയാകെ നാണംകെടുത്തുകയാണ്‌ ആ പാർടി. കശ്‌മീർ അത്യന്തം അപകടകരമായ ദിശയിലേക്കാണ്‌ നീങ്ങുന്നത്‌. ജനാധിപത്യത്തെയും ഭരണഘടനയെയും പാർലമെന്ററി നടപടികളെയുമെല്ലാം ചതച്ചുതള്ളിയാണ്‌ മോഡി‐അമിത്‌ ഷാ ദ്വയം അവരുടെ അധികാര രഥം ഉരുട്ടുന്നത്‌. അതിനു മുന്നിൽനിന്ന് അരുതെന്നു പറയാനുള്ള ചങ്കുറപ്പുള്ളവരെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്‌. ഇടതുപക്ഷം ആ നിലപാടിൽനിന്ന് പൊരുതുകയാണ്. ജനങ്ങൾക്ക് കോൺഗ്രസിലും പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരാനാണ് അവർ ശ്രമിക്കേണ്ടത്‌. അങ്ങനെ ഉയരണമെങ്കിൽ ദേശീയ വിഷയങ്ങൾ ചർച്ച ചെയ്യാനും നിലപാടെടുക്കാനും അതിൽ ഉറച്ചുനിൽക്കാനും ആ പാർടി തയ്യാറാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top