23 September Saturday

വിലയ്ക്കു വാങ്ങിയ വിജയം

വെബ് ഡെസ്‌ക്‌Updated: Friday Jul 8, 2016

ആര്‍എസ്എസും കോണ്‍ഗ്രസും തെരഞ്ഞെടുപ്പുകളില്‍ നീക്കുപോക്ക് ഉണ്ടാക്കുന്നതും രഹസ്യവും പരസ്യവുമായ സഖ്യമുണ്ടാക്കുന്നതും പുതിയ അനുഭവമല്ല. 14–ാം നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് അക്കൌണ്ട് തുറക്കാന്‍ കോണ്‍ഗ്രസുമായി വിവിധ മണ്ഡലങ്ങളില്‍ ധാരണ രൂപപ്പെട്ടിരുന്നുവെന്നത് വോട്ടെടുപ്പിനുമുമ്പുതന്നെ പരസ്യമായതാണ്. യുഡിഎഫ് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് വോട്ടെണ്ണലിന് തൊട്ടുമുമ്പുവരെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കൊണ്ട് പറയിച്ചത് ഈ അവിശുദ്ധസഖ്യത്തില്‍നിന്ന് ഉടലെടുത്ത ആത്മവിശ്വാസമാണ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ പരീക്ഷിച്ച വടകര–ബേപ്പൂര്‍ മോഡലും ഇതുതന്നെയായിരുന്നു. ബിജെപിയുടെയും യുഡിഎഫിന്റെയും വോട്ടുകള്‍ ചേര്‍ന്നാല്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാം എന്ന അമിതമായ ആത്മവിശ്വാസവുമായാണ് വടകരയിലും ബേപ്പൂരിലും സംയുക്ത സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. രണ്ടിടത്തും അവരുടെ കണക്കുകൂട്ടലുകള്‍ തകര്‍ത്തെറിഞ്ഞ് ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചു. എന്നാല്‍, ആ പരാജയത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാതെ ഓരോ തെരഞ്ഞെടുപ്പിലും അവിശുദ്ധ സഖ്യത്തിനു പിന്നാലെ പോകാനും വോട്ടുകച്ചവടം നടത്താനുമാണ് സംഘപരിവാറും യുഡിഎഫും തയ്യാറായത്. ഇതുസംബന്ധിച്ച് ബിജെപിക്കകത്തുതന്നെ പലവട്ടം അന്വേഷണം നടക്കുകയും വോട്ടുകച്ചവടക്കാര്‍ക്കെതിരെ നടപടി തുടങ്ങുകയും ചെയ്തതാണ്.

ഇപ്പോള്‍ കെപിസിസി നിയോഗിച്ച അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നേമംമണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ബിജെപിക്ക് മറിച്ചുകൊടുത്തു എന്നാണ്. കേരളത്തില്‍ വലിയ ചലനം സൃഷ്ടിക്കുമെന്ന് അവകാശപ്പെട്ട ബിജെപി സഖ്യത്തിന് ഏക ആശ്വാസമായത് നേമത്തെ വിജയമാണ്. ആ വിജയം കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ചോര്‍ത്തിയെടുത്ത് നേടിയതാണെന്ന് ഫലം വന്നപ്പോള്‍ത്തന്നെ വ്യക്തമായതുമാണ്. യുഡിഎഫിന്റെ ചോര്‍ന്നുപോയ വോട്ടാണ് ഒ രാജഗോപാലിന്റെ ഭൂരിപക്ഷമായി മാറിയത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 32,639 വോട്ടും കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ 33,100 വോട്ടും ലഭിച്ച യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ 13,860 വോട്ട് മാത്രമാണ് കിട്ടിയത്. മുന്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥി സുരേന്ദ്രന്‍പിള്ളയുടെ അക്കൌണ്ടില്‍ വീണിരുന്നെങ്കില്‍ നേമത്തുനിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിക്കുമായിരുന്നു. അത് ഇടതുപക്ഷവും മാധ്യമങ്ങളും പറഞ്ഞപ്പോള്‍ ഒരുതരത്തിലുള്ള സഖ്യവും ഉണ്ടായിട്ടില്ലെന്നാണ് ബിജെപി–യുഡിഎഫ് നേതൃത്വങ്ങള്‍ ആണയിട്ടത്. എന്നാല്‍, വോട്ടുകച്ചവടം നടന്നെന്ന് ഇപ്പോള്‍ തെളിവുസഹിതം റിപ്പോര്‍ട്ട് ചെയ്യുന്നത് കെപിസിസി നിയോഗിച്ച സമിതിതന്നെയാണ്.

ബിജെപിക്ക് അക്കൌണ്ട് തുറക്കാന്‍ കോണ്‍ഗ്രസ് സൌകര്യം ചെയ്തുകൊടുത്തു എന്നതാണ് ഗൌരവതരമായ കണ്ടെത്തല്‍. നേമത്തെ രണ്ട് ബ്ളോക്ക് കമ്മിറ്റിയും 168 ബൂത്ത് കമ്മിറ്റിയും ഇതിന്റെ പേരില്‍ പിരിച്ചുവിടണമെന്നും പാര്‍ടിനേതൃത്വത്തിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ യുവജനവിഭാഗമായ സേവാദള്‍ കമ്മിറ്റികള്‍ പിരിച്ചുവിടാനുമുണ്ട് ശുപാര്‍ശ. പാര്‍ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് യുഡിഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കെതിരെ നടപടി വേണമെന്ന ശുപാര്‍ശയും കമ്മിറ്റി നല്‍കിയിട്ടുണ്ട്. അന്വേഷണറിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ കെപിസിസി നേതൃത്വം പുറത്തുവിടണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സുരേന്ദ്രന്‍പിള്ള ആവശ്യമുന്നയിച്ചുകഴിഞ്ഞു. ഇതില്‍ യുഡിഎഫ് നേതൃത്വംമാത്രമല്ല, ബിജെപിയും ജനങ്ങളോട് മറുപടി പറയേണ്ടതുണ്ട്. ജനങ്ങള്‍ക്കുമുന്നില്‍ ഉയര്‍ത്തിയ രാഷ്ട്രീയമുദ്രാവാക്യത്തിന് ലഭിച്ച സ്വീകാര്യതയല്ല ഒ രാജഗോപാലിന്റെ വിജയം. മറിച്ച് അത് വിലയ്ക്കുവാങ്ങിയ വോട്ടിന്റെ ബലത്തിലാണ്. അതിനര്‍ഥം ബിജെപിയുടെ കേരളത്തിലെ അക്കൌണ്ട്, പണം കൊടുത്ത് നേടിയതാണ് എന്നുമാത്രം.

ജനാധിപത്യപരമായി സൃഷ്ടിക്കപ്പെട്ടതല്ല രാജഗോപാലിന്റെ നിയമസഭാഗംത്വം. അതുകൊണ്ടുതന്നെ അതിന്റെ പേരില്‍ ഊറ്റംകൊള്ളാനോ അംഗത്വത്തില്‍ തുടരാനോ അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ പാര്‍ടിക്കോ അവകാശമില്ല. കേരളത്തില്‍ വര്‍ഗീയതയ്ക്കെതിരായ ശക്തമായ വികാരമാണ് എല്‍ഡിഎഫിന് മികച്ച വിജയം നല്‍കിയതിലൂടെ ജനങ്ങള്‍ പ്രകടിപ്പിച്ചത്. മതനിരപേക്ഷ ശക്തികളുടെ വിജയമാണിത്. അതിനെ തകര്‍ക്കാന്‍ വര്‍ഗീയതയ്ക്കൊപ്പംനിന്നു എന്ന ഗുരുതരമായ തെറ്റ് യുഡിഎഫ് ചെയ്തുവെന്നാണ് കെപിസിസി നിയോഗിച്ച സമിതിതന്നെ കണ്ടെത്തിയത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസം നേര്‍ത്തുവരുന്നതിന്റെ ലക്ഷണംകൂടിയാണ് ഇത്. മറുപടി പറയാന്‍ ബിജെപിക്കും കോണ്‍ഗ്രസിനും യുഡിഎഫിലെ ഇതരകക്ഷികള്‍ക്കും ഒരുപോലെ ബാധ്യതയുണ്ട് *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top