30 May Thursday

കോൺഗ്രസിന്റെ പ്രതിസന്ധി

വെബ് ഡെസ്‌ക്‌Updated: Saturday Jun 8, 2019

ബിജെപിയെ ഫലപ്രദമായി നേരിടണമെങ്കിൽ കോൺഗ്രസ‌് ജയിക്കണമെന്നും ആ പാർടിക്കുമാത്രമേ രാജ്യത്ത്  ബദലുണ്ടാക്കാനാകൂ എന്നുമാണ് ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. കോൺഗ്രസിന് ഒരംഗം കുറഞ്ഞാൽപ്പോലും മോഡി വീണ്ടും അധികാരത്തിൽ വരാനിടയാകുമെന്നുള്ള ആ പ്രചാരണം കേരളത്തിൽ യുഡിഎഫിന്  വിജയം നേടുന്നതിന് സമർഥമായി ഉപയോഗിക്കുകയായിരുന്നു. രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കപ്പെടാനുള്ള ഉപാധിയായി കോൺഗ്രസിനും സഖ്യകക്ഷികൾക്കും വോട്ട‌് ചെയ‌്തവർ എത്രമാത്രം കബളിപ്പിക്കപ്പെട്ടു എന്നാണ‌് തെരഞ്ഞെടുപ്പിനുശേഷമുള്ള കോൺഗ്രസിന്റെ അവസ്ഥ വരച്ചുകാട്ടുന്നത്.

നാഥനോ നയങ്ങളോ രാഷ്ട്രീയമോ ഇല്ലാത്ത പാർടിയാണ‌് ഇന്ന് കോൺഗ്രസ്. പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിലെ തോൽവി ആ പാർടിയുടെ അടിത്തറ പൂർണമായും ഇളക്കിയിരിക്കുന്നു. കോൺഗ്രസ് മുൻകൈ എടുത്ത് രൂപീകരിച്ച  സംസ്ഥാനമാണ് തെലങ്കാന. അവിടെ കോൺഗ്രസ് നിയമസഭാകക്ഷിയിലെ 18ൽ 12 പേരും ടിആർഎസിൽ എത്തി എന്നതാണ് ഒടുവിലത്തെ വാർത്ത. മുഖ്യ പ്രതിപക്ഷ കക്ഷിസ്ഥാനംപോലും നഷ്ടമായി. തെരഞ്ഞെടുപ്പിൽ വലിയ വിജയപ്രതീക്ഷ വച്ചുപുലർത്തിയ പാർടിയാണ് കോൺഗ്രസ്. ആ പ്രതീക്ഷ യാഥാർഥ്യം  ആക്കുന്നതിനുള്ള ഇടപെടലൊന്നും നടത്തിയില്ല.  ബിജെപി ഇതര കക്ഷികളെ കൂട്ടിയോജിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം സ്വന്തം കഴിവുകൊണ്ട് ജയിച്ചുകയറാമെന്ന അമിതവിശ്വാസവുമായി സാധ്യമായിരുന്ന യോജിപ്പുകൾപോലും ഇല്ലാതാക്കുകയാണുണ്ടായത്. ബിജെപി വർഗീയതയുടെയും തീവ്രഹിന്ദുത്വത്തിന്റെയും രാഷ്ട്രീയമാണ് പ്രയോഗിച്ചത്. അതിന്റെ ആവർത്തനത്തിനും കോൺഗ്രസ് ശ്രമിച്ചു. ജാതി–-മത വികാരങ്ങൾ ഉണർത്തിയുള്ള ബിജെപിയുടെ പ്രചാരണശൈലിതന്നെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസും വലിയൊരളവുവരെ സ്വീകരിച്ചത്. രാജ്യം നേരിടുന്ന സുപ്രധാന വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയായി ഉയർത്തിക്കൊണ്ടുവരാനോ അഞ്ചുവർഷത്തെ എൻഡിഎ ഭരണം വരുത്തിയ ദുരിതങ്ങൾ ജനങ്ങളോട് പറയാനോ അതുവഴി നരേന്ദ്ര മോഡി സർക്കാരിനെ വിചാരണ ചെയ്യാനോ ഉള്ള അവസരം കോൺഗ്രസ് വിനിയോഗിച്ചില്ല.

ഇന്ന് രാജ്യത്തിന്റെ ഭൂരിപക്ഷം മേഖലകളിലും കോൺഗ്രസ് സംഘടനാ സംവിധാനം പാടെ തകർന്നു. സംഘടനയും ഭരണവും ഉള്ള രാജസ്ഥാൻ, മധ്യപ്രദേശുപോലുള്ള സംസ്ഥാനങ്ങളിൽ ആഭ്യന്തരപ്രശ്നങ്ങൾ ആ പാർടിയെ തകർച്ചയിലേക്ക് നയിക്കുന്നു.   തകർച്ചയുടെ യഥാർഥ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമം കോൺഗ്രസിൽ ഉണ്ടാകുന്നില്ല. പകരം തൊലിപ്പുറമെ  ചികിത്സ നടത്തി രക്ഷപ്പെടാനാണ് നോക്കുന്നത്. രാഹുലിന്റെ രാജി സന്നദ്ധതയും നേതൃത്വം ആർക്കെന്നതിലെ അവ്യക്തതയും അതിന്റെ സൂചനകളാണ്.

എന്തുകൊണ്ട് കോൺഗ്രസുകാർ ഒരു മടിയുമില്ലാതെ ബിജെപിയിൽ ചേരുന്നു? ബിജെപിയുടെ പ്രത്യയശാസ്ത്ര നിലപാടുകൾക്കെതിരായി ശക്തമായി പോരടിക്കാൻ കോൺഗ്രസ‌് തയ്യാറാകുന്നില്ല. അതുകൊണ്ടുതന്നെ ബിജെപിയുടെ ആശയങ്ങൾക്കെതിരായി ശക്തമായ അടിത്തറയില്ലാത്ത പ്രസ്ഥാനമായി കോൺഗ്രസ‌് മാറിയിരിക്കുന്നു. ബിജെപിയും കോൺഗ്രസും ഒരുപോലെയാണെന്ന് കോൺഗ്രസുകാർക്കുതന്നെ തോന്നുന്നു.

താൽക്കാലിക രാഷ്ട്രീയനേട്ടത്തിനായി മൃദുഹിന്ദുത്വനിലപാടുകളുമായി കൂട്ടുചേരുന്ന കോൺഗ്രസിന്റെ സ്ഥിതി ആ യാഥാർഥ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ബാബ‌്റി മസ്ജിദ് തകർക്കാൻ സംഘപരിവാർ മുന്നോട്ടുവന്നപ്പോൾ അതിന‌് ഒത്താശചെയ്യുന്ന നിലപാട് കോൺഗ്രസ‌് സ്വീകരിച്ചു. ഇന്ത്യൻ മതേതരത്വത്തിന്റെ  ചിഹ്നമായി ഉയർത്തിക്കാട്ടിയിരുന്ന ബാബ‌്റി മസ്ജിദ് തകർക്കപ്പെട്ടത് ആ നിലപാടുകൊണ്ടാണ്. രാമക്ഷേത്രം പണിയണമെങ്കിൽ കോൺഗ്രസാണ് അധികാരത്തിൽ വരേണ്ടത് എന്ന നിലപാടല്ലേ സി പി ജോഷിയെപ്പോലെയുള്ള കോൺഗ്രസിന്റെ നേതാക്കൾ സ്വീകരിച്ചത്.

ഗോവധത്തിന്റെ പേരുപറഞ്ഞ് ന്യൂനപക്ഷങ്ങളെ ഇന്ത്യയിൽ വേട്ടയാടിയപ്പോൾ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസ‌് തയ്യാറായിട്ടുണ്ടോ? ഹിമാചൽപ്രദേശ് നിയമസഭയിൽ പശുവിനെ വിശുദ്ധമെന്നു പ്രഖ്യാപിച്ച് ഗോവധത്തിനെതിരെ ബിൽ വന്നപ്പോൾ കോൺഗ്രസും ബിജെപിയും മത്സരിച്ച‌് അനുകൂലിച്ചു. മധ്യപ്രദേശിൽ ഗോവധത്തിന്റെ പേരിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ദേശസുരക്ഷാ നിയമം പ്രയോഗിച്ചത്, അവിടത്തെ കോൺഗ്രസ‌് സർക്കാരാണ്. ഇത്തരം നിലപാടുകളാണ് കോൺഗ്രസിനെ നിലയില്ലാക്കയത്തിലേക്ക‌് നയിച്ചത് എന്ന് തിരിച്ചറിയാനും തിരുത്ത് വരുത്താനും ആ പാർടിക്ക് ഇന്നും കഴിയുന്നില്ല എന്നത് ആ പാർടിയുടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നതേയുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top