25 April Thursday

ഭീരുത്വത്തിന്റെ പരാക്രമം

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2017

രാജ്യാധികാരത്തിന്റെ അഹന്തയും എതിര്‍ശബ്ദങ്ങളെ തല്ലിക്കെടുത്താമെന്ന മിഥ്യാധാരണയുമാണ് സിപിഐ എം ആസ്ഥാനത്തേക്ക് നുഴഞ്ഞുകയറി പാര്‍ടിയുടെ സമുന്നതനേതാവിനുനേരെ ചാടിവീഴാന്‍ അക്രമികളെ നിയോഗിക്കുന്നതിലേക്ക്് സംഘപരിവാറിനെ നയിച്ചത്. രാഷ്ട്രപിതാവിന്റെ ഘാതകര്‍ക്ക് രാഷ്ട്രീയ അതിക്രമങ്ങള്‍ അന്യമല്ല. ഫാസിസ്റ്റ് നുകത്തിലേക്ക് ഇന്ത്യാ മഹാരാജ്യത്തെയും നൂറ്റിമുപ്പത്തൊന്നുകോടി ജനങ്ങളെയും വലിച്ചിഴയ്ക്കാനുള്ള കുടിലപദ്ധതിക്ക് വിഘാതമാകുന്ന രാഷ്ട്രീയം ചുവപ്പിന്റേതാണെന്ന് സംഘനേതൃത്വം തിരിച്ചറിയുന്നു. ആ കൊടി ഉയര്‍ത്തിപ്പിടിച്ച് പോരാടുന്ന സിപിഐ എമ്മിനെ നശിപ്പിച്ചാല്‍ തങ്ങള്‍ ജയിച്ചുവെന്ന് അവര്‍ കണക്കുകൂട്ടുന്നു. ആര്‍എസ്എസിന്റെ കോയമ്പത്തൂര്‍ ശിബിരം അത് തുറന്നുപറയാനും മടിച്ചില്ല. ഇതിന്റെയെല്ലാം തികട്ടലാണ് ബുധനാഴ്ച ഡല്‍ഹിയില്‍ ഉണ്ടായത്. സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാര്‍ത്താസമ്മേളന ഹാളിലേക്ക് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന കടന്നുകയറി രണ്ട് സംഘപരിവാര്‍ ക്രിമിനലുകള്‍ നടത്തിയ ആക്രമണം ഒറ്റപ്പെട്ടതല്ല. പാര്‍ടി ആസ്ഥാനത്തിനുനേരെയും ഡല്‍ഹി കേരള ഹൌസിലും പലവട്ടം നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയാണിത്്. രാജ്യത്താകെ സിപിഐ എമ്മിനുനേരെ നടത്തുന്ന നുണപ്രചാരണങ്ങളുടെയും പാര്‍ടി നേതാക്കള്‍ക്കുനേരെ മുഴക്കുന്ന വധഭീഷണികളുടെയും ഭാഗമാണത്. കേരളത്തില്‍ സംഘടനാസ്വാതന്ത്യ്രമില്ലെന്ന കള്ളക്കണ്ണീരുമായി, കേരള മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്തും കാലുകുത്തിക്കില്ലെന്ന് ആക്രോശിക്കുന്ന രാഷ്ട്രീയത്തിന്റെ പ്രയോഗപദ്ധതിയാണത്.

മതന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും ഉന്മൂലനം ചെയ്ത് സമഗ്രാധിപത്യം വെട്ടിപ്പിടിക്കാനുള്ളതാണ് ആര്‍എസ്എസിന്റെ രാഷ്ട്രീയപദ്ധതി. ഫാസിസ്റ്റ് ശൈലിയില്‍ സംഘടനയുണ്ടാക്കുന്നതും രാഷ്ട്രീയ എതിരാളികളെ കശാപ്പ് ചെയ്യുന്നതും കപട ദേശീയതയുടെയും വിദ്വേഷപ്രചാരണത്തിന്റെയും ബലത്തില്‍ ചേരിതിരിവ് സൃഷ്ടിക്കുന്നതും വര്‍ഗീയകലാപങ്ങള്‍ സംഘടിപ്പിക്കുന്നതും അതിനുവേണ്ടിയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ബിജെപി മുഖ്യമന്ത്രിമാര്‍ ഭരിക്കുന്ന കാലം വരുമെന്നും അതിനായി എന്തും ചെയ്യുമെന്നും പറയാന്‍ അവര്‍ മടിക്കുന്നില്ല. മതനിരപേക്ഷതയെക്കുറിച്ച് മിണ്ടുന്നവരെ നോക്കി 'പോ... പാകിസ്ഥാനിലേക്ക്' എന്ന് ആജ്ഞാപിക്കുന്നതും വര്‍ഗീയവിരുദ്ധ സംസ്കാരത്തിന്റെ പ്രചാരകരെ കൊന്നുതള്ളുന്നതും  നിങ്ങള്‍ ഡല്‍ഹിയില്‍ ചെന്ന് ബീഫ് ഫെസ്റ്റ് നടത്താമോ എന്ന് വെല്ലുവിളിക്കുന്നതും അതേ ലക്ഷ്യംവച്ചുതന്നെ. 

പ്രകോപിതനാകുന്ന ഭീരുവിന്റെ പ്രതികാരമാണ് വെറുപ്പ് എന്നു പറഞ്ഞത് ബര്‍ണാഡ് ഷായാണ്. ഭീരുക്കള്‍ പതിഞ്ഞുചെല്ലുന്നു. ഗാന്ധിജിയുടെ നെഞ്ചിലേക്ക് നിറയൊഴിക്കാന്‍ ഗോഡ്സേ എത്തിയത് ആരാധകന്റെ വേഷത്തിലായിരുന്നു. ഗാന്ധിഘാതകന്റെ സംഘടനയുടെ പേര് 'ഹിന്ദു രാഷ്ട്രദള്‍' എന്നായിരുന്നു. ഗാന്ധിവധവുമായി ബന്ധമില്ലെന്ന് ആര്‍എസ്എസ് ഇന്നും പറയുന്നത്, ഗോഡ്സേയുടെ സംഘപാരമ്പര്യം നിഷേധിച്ചുകൊണ്ടാണ്.  യെച്ചൂരിക്കുനേരെ സിപിഐ എം ആസ്ഥാനത്ത്  കടന്നുകയറി ആക്രമണത്തിന് മുതിര്‍ന്നവര്‍ വിളിച്ചത് ആര്‍എസ്എസ് മുദ്രാവാക്യങ്ങളെങ്കിലും, അവര്‍ പറയുന്നത് തങ്ങള്‍ ‘ഭാരതീയ ഹിന്ദുസേന പ്രവര്‍ത്തകരാണ് എന്നത്രേ.

ഏത് വേഷത്തിലായാലും അക്രമത്തിനുപിന്നില്‍ ആര്‍എസ്എസാണ്. ലക്ഷ്യംവയ്ക്കുന്നത് സിപിഐ എമ്മിനെയാണെന്ന് അവര്‍ പലകുറി പലവിധത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പുരില്‍ ഭീഷണിക്ക് പുല്ലുവില നല്‍കാതെ കടന്നുചെന്ന് വര്‍ഗീയരാഷ്ട്രീയത്തിന്റെ വിപത്തിനെക്കുറച്ച് ആഞ്ഞടിച്ചത് സീതാറാം യെച്ചൂരിയാണ്. രണ്ടുവര്‍ഷത്തിനകം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് വര്‍ഗീയധ്രുവീകരണത്തിന്റെ അരങ്ങൊരുക്കാന്‍ മോഡിസര്‍ക്കാര്‍ കൊണ്ടുവന്ന മാട്ടിറച്ചി വിലക്കിനെതിരെ അഭൂതപൂര്‍വമായ പ്രതിഷേധത്തിന് ജ്വാല പകര്‍ന്നത് കമ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന കേരളത്തില്‍നിന്നാണ്. സിപിഐ എമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗമായ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ശബ്ദമാണ് ആ പ്രതിഷേധങ്ങള്‍ക്ക് കരുത്തായി രാജ്യത്ത് മുഴങ്ങിക്കേട്ടത്. ആര്‍എസ്എസ് വിലക്ക് പ്രഖ്യാപിച്ചിടങ്ങളില്‍ നെഞ്ചുവിരിച്ച് കടന്നുചെന്ന് വര്‍ഗീയതയ്ക്കെതിരെ ഗര്‍ജിച്ചത് പിണറായിയാണ്. സിപിഐ എമ്മിന്റെ ഈ ധീരതയെ, ആര്‍ജവത്തെ രാഷ്ട്രീയമായി നേരിടാനുള്ളതൊന്നും സംഘപരിവാറിന്റെ കൈയിലില്ല. അവരുടെ ആയുധം വിദ്വേഷവും വര്‍ഗീയതയും അക്രമവുമാണ്്. തെരഞ്ഞെടുപ്പുഫലം വന്ന നാളില്‍ കേരളത്തില്‍ സിപിഐ എം പ്രവര്‍ത്തകനെ കൊന്ന് അക്രമരാഷ്ട്രീയത്തിന്  പുത്തന്‍ തുടര്‍ച്ച സൃഷ്ടിച്ചവര്‍ കേരളത്തിന് പുറത്തുചെന്ന് വിലപിക്കുന്നത് തങ്ങള്‍ ആക്രമിക്കപ്പെടുന്നു എന്നാണ്. എ കെ ജി ഭവനിലെ ആര്‍എസ്എസ് അഴിഞ്ഞാട്ടത്തിന്റെ പശ്ചാത്തലവും ഇതാണ്. തങ്ങള്‍ക്ക് കരുത്തുള്ളിടങ്ങളില്‍ സിപിഐ എമ്മിനെ തകര്‍ത്തുകളയുമെന്ന ഭീഷണിയുടെ ആവര്‍ത്തനമാണിത്. പേടിച്ച് പിന്മാറിക്കൊള്ളണമെന്ന ആക്രോശമാണിത്. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള പിന്തുണയുണ്ട്. ഡല്‍ഹിയില്‍ ആര്‍എസ്എസ് ആക്രമണസാധ്യതയുണ്ടെന്ന കേരള പൊലീസിന്റെ അറിയിപ്പും കേരള ഹൌസ് അധികൃതരുടെ പരാതിയും അവഗണിച്ചാണ് അക്രമികള്‍ക്ക് ഡല്‍ഹി പൊലീസ് സൌകര്യം ചെയ്തത്.

സംഘപരിവാറിന്റെ ഗുണ്ടായിസത്തിനുമുന്നില്‍ മുട്ടുമടക്കില്ല. ഇതുകൊണ്ടൊന്നും നിശബ്ദരാകില്ല. ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്; ഇതില്‍ ഞങ്ങള്‍ വിജയിക്കും എന്നാണ് സീതാറാം യെച്ചൂരി പ്രതികരിച്ചത്. മതനിരപേക്ഷതയെ മതിക്കുന്ന എല്ലാ രാഷ്ട്രീയനേതാക്കളും ശക്തമായ ഭാഷയിലാണ് സംഘപരിവാര്‍ കാടത്തത്തെ അപലപിച്ചത്. കടുത്ത രോഷത്തോടെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്. വിദ്വേഷ അജന്‍ഡകള്‍ തകര്‍ത്തെറിഞ്ഞ്  മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും കൊടി ഉയര്‍ത്തി മുന്നേറാന്‍ ഇന്ത്യന്‍ജനത സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്ന ദൃശ്യമാണ് രാജ്യത്തെങ്ങും ഉയര്‍ന്ന പ്രതിഷേധത്തില്‍ തെളിഞ്ഞത്. അപകടകരമായ തലത്തിലേക്ക് അനുനിമിഷം മാറുന്ന സംഘപരിവാറിന്റെ ഫാസിസ്റ്റ് അജന്‍ഡയെ ചെറുക്കാനുള്ള ബദല്‍ സിപിഐ എമ്മിന്റെ രാഷ്ട്രീയമാണ്, ചെങ്കൊടിയാണ് എന്ന ബോധ്യം ഈ പ്രതിഷേധമുന്നേറ്റങ്ങളില്‍ തെളിയുന്നുണ്ട്. കേരളം മാതൃകയാണ്. രാഷ്ട്രീയ ധീരതയുടെയും മതനിരപേക്ഷനിലപാടിന്റെയും ആ മാതൃക രാജ്യത്താകെ വ്യാപിപ്പിക്കാനുള്ള  ആഹ്വാനമാണ് ഡല്‍ഹിസംഭവം നല്‍കുന്നത്. രാഷ്ട്രീയവിയോജിപ്പുകളെ തല്ലിക്കെടുത്താമെന്ന സംഘപരിവാറിന്റെ വന്യമോഹത്തിന്റെ ചെകിട്ടത്തേല്‍ക്കുന്ന പ്രഹരമാണ് പ്രതിഷേധമുയര്‍ത്തുന്ന ഓരോ മുഷ്ടിയും. ഈ പ്രതിഷേധം പടരണം, വളരണം; വര്‍ഗീയരാഷ്ട്രീയത്തിന്റെ അന്ത്യം കുറിക്കുംവരെ തുടരുകയും വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top