10 June Saturday

ഫയലുകളിലെ ജീവിതങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 9, 2016

അഴിമതിക്കും കാര്യക്ഷമതയില്ലായ്മയ്ക്കുമെതിരെ ശക്തമായ ഇടപെടല്‍ ഉണ്ടാകും എന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയിലെ പ്രഖ്യാപനമാണ്. സംശുദ്ധമായ സിവില്‍ സര്‍വീസും ജനോപകാരപ്രദമായ നടപടിക്രമങ്ങളും ഉറപ്പുവരുത്തുന്നതിനും ഭരണരംഗം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുമുള്ള നടപടികള്‍ പ്രകടനപത്രിക പ്രഖ്യാപിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കുമുന്നില്‍ വയ്ക്കാനുള്ള സാങ്കേതികമായ ഒരു ഉപചാരം മാത്രമായി പ്രകടനപത്രികകള്‍ മാറുകയും വിജയത്തിനുശേഷം അത് വിസ്മരിക്കുകയുംചെയ്യുന്നത് പലവട്ടം കണ്ടിട്ടുള്ളവരാണ് നാം. അതില്‍നിന്ന് വ്യത്യസ്തമായി പ്രകടനപത്രികയില്‍ പ്രതിപാദിക്കുന്ന ഓരോ വാഗ്ദാനവും സമയബന്ധിതമായി പൂര്‍ത്തിയാക്കും എന്ന് ഉറപ്പുനല്‍കിയാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റത്. സെക്രട്ടറിയറ്റ് ജീവനക്കാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി ബുധനാഴ്ച ആവര്‍ത്തിച്ചത് ആ ഉറപ്പുകളും അതിന്റെ പ്രായോഗികരൂപവുമാണ്. 

ജനവിധി മാറ്റങ്ങള്‍ക്കുള്ളതാണ്. അത് ഭരണത്തില്‍ പ്രതിഫലിക്കേണ്ടതുണ്ട്. ജനങ്ങളുടെ മാന്‍ഡേറ്റ് പ്രകാരമുള്ള സര്‍ക്കാര്‍നയങ്ങള്‍ നടപ്പാക്കേണ്ടത് ജീവനക്കാരാണ്. അതുകൊണ്ടുതന്നെ സെക്രട്ടറിയറ്റ് ജീവനക്കാരുടെ സമ്പൂര്‍ണസഹായം പുതിയ സര്‍ക്കാരിനും വേണമെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി സെക്രട്ടറിയറ്റ് ജീവനക്കാരെ അഭിസംബോധനചെയ്തത്. ഭരണം ഒരു തുടര്‍ച്ചയാണ്. അത് എങ്ങനെ വേഗത്തില്‍ കാര്യക്ഷമമായി ജനങ്ങള്‍ക്ക് പ്രയോജനമാകുംവിധത്തില്‍ പുരോഗമനോന്മുഖമായി സാധ്യമാക്കും എന്നതിന് എല്‍ഡിഎഫ് സര്‍ക്കാരിന് സുവ്യക്തമായ കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാടാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. അദ്ദേഹം ഊന്നിപ്പറഞ്ഞ ഒരു പ്രധാനകാര്യം ഫയല്‍നീക്കത്തെക്കുറിച്ചാണ്. ഓരോ ഫയലും ബന്ധപ്പെട്ടവരെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ആ ഫയലില്‍ ഉദ്യോഗസ്ഥര്‍ എഴുതുന്ന കുറിപ്പുകള്‍ ചിലരുടെ ജീവിതംതന്നെ മാറ്റിമറിച്ചേക്കും. ഒരു ഫയലില്‍ പ്രതികൂലപരാമര്‍ശം വന്നതിനെത്തുടര്‍ന്ന് എല്ലാ പ്രതീക്ഷയും അടഞ്ഞ് ആത്മഹത്യചെയ്ത ഒരു വൃദ്ധയുടെ അനുഭവം മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഫയലുകളില്‍ ഉള്ളത് ജീവിതമാണെന്നും കരുതലോടെയും അവധാനതയോടെയും അത് കൈകാര്യംചെയ്യണമെന്നുമാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.

ഭരണപരിഷ്കരണത്തെക്കുറിച്ച് വ്യക്തമായ സമീപനം എല്‍ഡിഎഫ് പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നുണ്ട്. സിവില്‍ സര്‍വീസ് കാര്യക്ഷമമാക്കുന്നതിനൊപ്പം ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഇ–ഗവേണന്‍സ്, എം–ഗവേണന്‍സ് എന്നിവ സജീവമാക്കുമെന്നും പ്രകടനപത്രികയിലെ വാഗ്ദാനമാണ്. ഇന്ന് നിലനില്‍ക്കുന്നത് കാലഹരണപ്പെട്ട ഫയല്‍നോട്ട സമ്പ്രദായമാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ എങ്ങനെ നിരസിക്കാം എന്നാണ് പരീക്ഷിക്കപ്പെടുന്നത്. അതുമാറ്റി എങ്ങനെ ജനങ്ങളെ സഹായിക്കാം എന്ന അന്വേഷണമായി ഫയല്‍നീക്കത്തെയും പരിശോധനയെയും മാറ്റാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്.
ഇ എം എസ് മന്ത്രിസഭയുടെ കാലംമുതല്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സെക്രട്ടറിയറ്റില്‍ എത്തി നേരിട്ടുകണ്ട് ആവലാതികള്‍ ബോധിപ്പിക്കാനുള്ള അവസരം ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. അത്തരമൊരു ജനകീയമുഖം സംരക്ഷിച്ച് നിര്‍ത്തുകയും ജനങ്ങള്‍ക്ക് പരാതികളില്‍ എത്രയുംവേഗം തീര്‍പ്പുണ്ടാക്കുന്ന രീതിയില്‍ അതിനെ പരിഷ്കരിക്കുകയും വേണം. നിലവിലുള്ള സംവിധാനം കൂടുതല്‍ മെച്ചപ്പെടുകയാണ് വേണ്ടത്. സിവില്‍ സര്‍വീസിനെ അഴിമതിമുക്തമാക്കണം. അതിനുള്ള പ്രധാന ഉപാധി ഭരണതലത്തിലെ അഴിമതി തുടച്ചുമാറ്റുക എന്നതാണ്. യുഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ അഴിമതി ആരോപണവിധേയരായിരുന്നു. പലരും അഴിമതി കേസുകളില്‍ പ്രതികളായിരുന്നു. ഇന്നതല്ല അവസ്ഥ. അഴിമതിക്കെതിരെ അതിശക്തമായ നിലപാട് എടുക്കുന്ന സര്‍ക്കാരാണ് അധികാരത്തിലുള്ളത്. അതുകൊണ്ടുതന്നെ സിവില്‍ സര്‍വീസിലെ അഴിമതി തുടച്ചുനീക്കണമെന്ന് ആ സര്‍ക്കാരിന് നെഞ്ചുയര്‍ത്തി പറയാനാകും. അഴിമതി നടത്തുന്നവരെ വച്ചുപൊറുപ്പിക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആ ആത്മവിശ്വാസത്തില്‍നിന്നുള്ളതാണ്. ഒത്തൊരുമിച്ച് ജനങ്ങള്‍ക്കുവേണ്ടി കര്‍മനിരതരാകാം എന്ന ആഹ്വാനം സെക്രട്ടറിയറ്റില്‍ മാത്രമല്ല സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലാകെ സ്വീകരിക്കപ്പെടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top