26 April Friday

ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 8, 2016


ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരില്‍നിന്ന് പ്രതികാരനടപടികള്‍ ഉണ്ടാകില്ലെന്ന് തുടക്കത്തില്‍ത്തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഒരു പ്രതികാരനടപടിയും വേണ്ടതില്ല യുഡിഎഫ് ഭരണകാലത്തെ അഴിമതിയും കൊള്ളരുതായ്മയും നിയമത്തിനു മുന്നിലെത്താന്‍ എന്നാണ് സന്തോഷ് മാധവന്‍ ഭൂമിദാന  കേസില്‍ അന്വേഷണം പ്രഖ്യാപിച്ച വിജിലന്‍സ് കോടതി തെളിയിച്ചത്. ഭീഷണിയുടെയും ഇടങ്കോലിടലിന്റെയും ഭാഷയല്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. അതാണ് കോടതി ഉത്തരവ് വന്നയുടന്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതിലൂടെ ആവര്‍ത്തിച്ച് വ്യക്തമാക്കപ്പെട്ടത്. ഹീനമായ കുറ്റകൃത്യത്തിലേര്‍പ്പെട്ട് ജയിലില്‍ കഴിയുന്ന ക്രിമിനല്‍ സ്വാമിയുടെ ബിനാമി കമ്പനിക്കാണ് കൊടുങ്ങല്ലൂരിലും വടക്കന്‍ പറവൂര്‍ പുത്തന്‍വേലിക്കരയിലും 127.85 ഏക്കര്‍ തണ്ണീര്‍ത്തടം പതിച്ചുനല്‍കിയത്. ആ കേസില്‍ മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് സന്തോഷ് മാധവനൊപ്പം പ്രതികളാകുന്നത്.

ഇത് പുതിയ വാര്‍ത്തയാകേണ്ട ഒന്നല്ല. നിയമവും ചട്ടവും മറികടന്ന് 127.85 ഏക്കര്‍ തണ്ണീര്‍ത്തടം വിവാദക്കമ്പനിക്ക് പതിച്ചുനല്‍കിയത് നേരത്തെതന്നെ പുറത്തുവന്ന വിവരമാണ്. കളമശേരിയില്‍ ഒരു വ്യക്തി നല്‍കിയ പരാതിയില്‍ ഈ വിഷയം ത്വരിതാന്വേഷണം നടത്തണമെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടതുമാണ്. എന്നാല്‍, ആ കേസ് അട്ടിമറിക്കാനാണ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ ശ്രമിച്ചത്. ഭൂമിദാന ഉത്തരവ് റദ്ദാക്കിയിട്ടുണ്ടെന്നും അതുകൊണ്ട് കേസില്ലെന്നുമാണ് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. അത് ബോധ്യപ്പെടാതെയാണ് കോടതി ചില ചോദ്യങ്ങള്‍ ഉന്നയിച്ചത്. സുവ്യക്തമായ ചോദ്യങ്ങള്‍ അധികാരകേന്ദ്രങ്ങളെ ചൂണ്ടി ഉന്നയിച്ചിട്ടും കുറ്റമൊന്നും കണ്ടെത്താന്‍ യുഡിഎഫ് കാലത്തെ വിജിലന്‍സ് തയ്യാറായില്ല. അത്തരം എല്ലാ റിപ്പോര്‍ട്ടുകളും തള്ളിയാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടതും രണ്ട് മുന്‍ മന്ത്രിമാരും തട്ടിപ്പുസ്വാമിയും കൂട്ടുപ്രതികളായി കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതും.

അഴിമതി ആരോപണങ്ങള്‍ തുടരെത്തുടരെ ഉയരുമ്പോഴും തെളിവുകള്‍ പുറത്തുവരുമ്പോഴും പൊലീസ്– വിജിലന്‍സ് സംവിധാനങ്ങളെ ഉപയോഗിച്ച് കുറ്റവാളികളെ രക്ഷപ്പെടുത്താനും കുറ്റകൃത്യങ്ങള്‍ മൂടിവയ്ക്കാനുമാണ് ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് ശ്രമമുണ്ടായത്. വിജിലന്‍സിനെ നഗ്നമായി ദുരുപയോഗിക്കുകയായിരുന്നു. എനിക്കെതിരെ എവിടെ കേസ്, എവിടെ എഫ്ഐആര്‍ എന്ന് ഉമ്മന്‍ചാണ്ടി ചോദിക്കാനുള്ള സാഹചര്യമുണ്ടാക്കിയത്, ഈ ദുരുപയോഗമാണ്. ബാര്‍ കോഴ കേസിലും സോളാര്‍ കേസിലും നിരവധി ഭൂമിതട്ടിപ്പ് കേസുകളിലും ഇതേ രീതിയാണ് അനുവര്‍ത്തിച്ചത്. ഇതിന്റെതന്നെ മറ്റൊരു വശമാണ് സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതികള്‍ ഹൈക്കോടതി ജഡ്ജിയെ വിലയ്ക്കെടുക്കാന്‍ ശ്രമിച്ച അനുഭവം. അതിലും മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെയും അതിനെ നയിച്ച കോണ്‍ഗ്രസിന്റെയും കരങ്ങള്‍ തെളിഞ്ഞുകാണാം. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷന്‍ നല്‍കി നെടുമ്പാശേരിയില്‍ എത്തിച്ചത് കോണ്‍ഗ്രസ് നേതൃത്വമാണ്. എല്ലാ ചട്ടവും മറികടന്നാണ് ആ നിയമനം ഉണ്ടായത്. 2000 കിലോഗ്രാമിലധികം സ്വര്‍ണം കടത്തിയ കേസിലും കോണ്‍ഗ്രസ് ബന്ധമുണ്ടെന്നു മാത്രമല്ല നീതിപീഠത്തെ പണം കൊടുത്ത് പാട്ടിലാക്കാന്‍ ശ്രമിക്കുന്നിടംവരെ ആ സംവിധാനം വളര്‍ന്നു എന്നതാണ് അമ്പരപ്പുളവാക്കുന്ന വസ്തുത.

ഭരണസംവിധാനത്തെ അടിമുടി അഴിമതിയില്‍ മുക്കിയശേഷമാണ് ഉമ്മന്‍ചാണ്ടിയും സംഘവും പടിയിറങ്ങിയത്്. ഏതെങ്കിലും ഒറ്റമൂലി ചികിത്സകൊണ്ട് മാറ്റിയെടുക്കാവുന്ന പ്രശ്നമല്ല ഇത്. നിരന്തരമായ ഇടപെടലുകളിലൂടെയും കര്‍ക്കശമായ നടപടികളിലൂടെയും അന്വേഷണസംവിധാനങ്ങളെ ശാക്തീകരിക്കുന്നതിലൂടെയും സ്വതന്ത്രമാക്കുന്നതിലൂടെയും അഴിമതിയെ ഒരു പരിധിവരെ അകറ്റിനിര്‍ത്താനാകും. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും എന്ന് ഉറപ്പാക്കണം. കുറ്റവാളികള്‍ക്ക് സേവ ചെയ്യുന്നവരും കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കുന്നവരും ആകരുത് അന്വേഷണസംവിധാനം. ഭരണതലത്തില്‍ അഴിമതിയില്ലെന്ന ഉറപ്പ് ഉണ്ടാകുമ്പോഴാണ് അന്വേഷണസംവിധാനങ്ങള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്യ്രം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുക. ഉമ്മന്‍ചാണ്ടി വിജിലന്‍സിനെയും പൊലീസിനെയും കെട്ടിപ്പൂട്ടിവച്ചിരിക്കുകയായിരുന്നു. ഇവിടെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വിജിലന്‍സിനോട് പറയുന്നു നിങ്ങള്‍ നിങ്ങളുടെ ജോലിചെയ്യൂ. അഴിമതിക്കാരെ നിയമത്തിനു മുന്നില്‍ എത്തിക്കൂ എന്ന്. അതാണ് വ്യത്യാസം. അതുതന്നെയാണ് അഴിമതിക്കാരെ ഭയപ്പെടുത്തുന്ന സംഗതിയും. ഇന്ന് രണ്ട് മുന്‍ മന്ത്രിമാരാണെങ്കില്‍ മുന്‍ മന്ത്രിമാരുടെ വലിയൊരു നിരതന്നെ നാളെ വരാനിരിക്കുന്നു– പ്രതിപ്പട്ടികയിലേക്ക്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top