29 March Friday

യുഡിഎഫിന് മദ്യനയമുണ്ടോ? സിപിഐ എമ്മിനുണ്ട്

വെബ് ഡെസ്‌ക്‌Updated: Saturday Apr 9, 2016

നിയമസഭാതെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മദ്യത്തെപ്പറ്റി വാചാലനായി കാണുന്നു. യുഡിഎഫ് സര്‍ക്കാര്‍ എല്ലാ വിഷയത്തിലും പ്രതിക്കൂട്ടിലാണ്. ആകെ പ്രതിരോധത്തിലായപ്പോള്‍ മദ്യനയത്തെപ്പറ്റി വീമ്പുപറയാമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ധാരണ. അത്തരം വാചകക്കസര്‍ത്തുകളല്ല, ഈ സര്‍ക്കാരിന് മദ്യനയം ഉണ്ടോ എന്ന ചോദ്യത്തിനാണ് അദ്ദേഹം നേരേചൊവ്വേ ഉത്തരം പറയേണ്ടത്. മദ്യനിരോധനം യുഡിഎഫിന്റെ അംഗീകൃത നയമല്ലെന്ന് വ്യക്തം. ആണെങ്കില്‍ അത് നടപ്പാക്കാന്‍ അഞ്ചുവര്‍ഷം ഒന്നും ചെയ്തുകാണുന്നില്ല. വൈന്‍– ബിയര്‍ പാര്‍ലറുകള്‍ സംസ്ഥാനത്ത്് വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ വിറ്റഴിക്കുന്നത് കുടിവെള്ളമല്ല; ലഹരിപിടിപ്പിക്കുന്ന വസ്തുക്കള്‍തന്നെയാണ്. നാലുനക്ഷത്രം വരെയുള്ള ഹോട്ടലുകള്‍ ബിയര്‍– വൈന്‍ പാര്‍ലറുകളാണെങ്കില്‍ പഞ്ചനക്ഷത്ര–ഹെറിറ്റേജ് ഹോട്ടലുകളില്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യം തന്നെയാണ് വില്‍ക്കുന്നത്. ബിവറേജസ് കോര്‍പറേഷന്റെ നൂറുകണക്കിന് മദ്യവില്‍പ്പനശാലകള്‍ നാട്ടിലാകെ തുറന്നുപ്രവര്‍ത്തിക്കുന്നുമുണ്ട്. ഈ വില്‍പ്പനശാലകളുടെ മുമ്പില്‍ നീണ്ട ക്യൂ കാണാറുണ്ട്. പൊരിവെയിലത്തും എത്രനേരം വേണമെങ്കിലും മദ്യത്തിനായി കാത്തുനില്‍ക്കുന്നവരാണിവര്‍. അടക്കിനിര്‍ത്താന്‍ കഴിയാത്ത മദ്യാസക്തിയാണ് ഇത് വിളിച്ചറിയിക്കുന്നത്. ബാര്‍ അടച്ചുപൂട്ടിയതുമൂലം മദ്യവില്‍പ്പനയില്‍ അല്‍പ്പമെങ്കിലും കുറവുവന്നതായി കാണുന്നില്ല. ഇന്ത്യന്‍നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പ്പനയുടെ അളവിലും കുറവുവന്നിട്ടില്ല. 

മാധ്യമങ്ങളില്‍ അടുത്തദിവസം പ്രസിദ്ധീകരിച്ച കണക്ക് മുഖ്യമന്ത്രിയും പരിശോധിച്ചുകാണും. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനവര്‍ഷം 39.78 ലക്ഷം കെയ്സ് മദ്യം കൂടുതല്‍ വിറ്റതായി എക്സൈസ് വകുപ്പിന്റെ കണക്ക് വെളിപ്പെടുത്തുന്നു. 1537 കോടി രൂപയുടെ അധികവില്‍പ്പന നടന്നതായാണ് കാണുന്നത്. നികുതിയിനത്തില്‍ 857 കോടിയുടെ അധികവരുമാനവും ഉണ്ടായി. അബ്കാരി കേസുകളുടെ കാര്യത്തിലും വര്‍ധനയുണ്ട്. മയക്കുമരുന്ന് കേസ് അഞ്ചിരട്ടിയായി വര്‍ധിച്ചു. ഈ കണക്കുകള്‍ ഉമ്മന്‍ചാണ്ടിയുടെ മദ്യനയത്തിന്റെ വ്യക്തമായ തെളിവുകളാണ്. അതേപോലെ മദ്യപാനംമൂലമുള്ള കെടുതിയിലും കുറവുവന്നിട്ടില്ല.  മദ്യനിരോധനം ഒരു നയമായി യുഡിഎഫ് സര്‍ക്കാര്‍ ഇതേവരെ അംഗീകരിച്ചിട്ടുമില്ല. ബാറുകള്‍ അടച്ചുപൂട്ടിയതുതന്നെ കോടതിവിധിമൂലമാണെന്നത് കാണാതിരുന്നുകൂടാ. ബാറുകള്‍ തുറക്കാനുള്ള പഴുതിനുവേണ്ടിയാണ് സര്‍ക്കാരും ബാറുടമകളും നോക്കിനിന്നത്. കോടതികളുടെ വ്യക്തമായ വിധിമൂലം ഇത് സാധിക്കാതെപോയി. ബാറുകളില്‍നിന്ന് കോടിക്കണക്കിന് രൂപ കോഴപറ്റാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ അവസരം പ്രയോജനപ്പെടുത്തിയത്. അതുകൊണ്ടുതന്നെ അഞ്ചുവര്‍ഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വ്യക്തമായ മദ്യനയം ആവിഷ്കരിച്ച് നടപ്പാക്കിയിട്ടില്ല. അതിന് സര്‍ക്കാരിന് കരുത്തുമില്ല. വിടുവായത്തംകൊണ്ട് ജനങ്ങളെ വഞ്ചിക്കാനോ തെറ്റിദ്ധരിപ്പിക്കാനോ കഴിയില്ല.

സിപിഐ എം ബാറുടമകളുടെ സേവകരാണെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞുനടക്കുന്നത്. സിപിഐ എം കോണ്‍ഗ്രസിനെപ്പോലെയല്ല. പാര്‍ടിക്കും എല്‍ഡിഎഫിനും വ്യക്തമായ മദ്യനയം ഉണ്ട്. അത് പരീക്ഷിച്ച് ശരിയെന്ന് ബോധ്യപ്പെട്ടതുമാണ്. പാര്‍ടിയും എല്‍ഡിഎഫും മദ്യവര്‍ജന നയമാണ് സ്വീകരിച്ചത്. മദ്യവര്‍ജനം ഫലപ്രദമായി നടപ്പാക്കിയാല്‍ മാത്രമേ മദ്യാസക്തിയും മദ്യപാനശീലവും കുറച്ചുകൊണ്ടുവരാന്‍ കഴിയൂ. സംസ്ഥാനത്ത് ഒട്ടേറെ മദ്യവര്‍ജന സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മദ്യവര്‍ജന സമിതികളുമായി യോജിച്ചുകൊണ്ട് പടിപടിയായി മദ്യവര്‍ജനം ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുമെന്നാണ് സിപിഐ എം കരുതുന്നത്. ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, എസ്എഫ്ഐ തുടങ്ങിയ ഒട്ടേറെ സംഘടനകള്‍ മദ്യവര്‍ജനനയം വിവിധ രീതിയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ ശ്രമം തുടരുകയും ചെയ്യും. തുടര്‍ച്ചയായ പ്രചാരണത്തിലൂടെ മദ്യപാനശീലം ഇല്ലാതാക്കാന്‍ കഴിയുമെന്നതില്‍ സംശയംവേണ്ട. മദ്യനിരോധനം മദ്യപാനശീലത്തിന് പരിഹാരമല്ല. സിപിഐ എം അതിന്റെ ഭരണഘടനയില്‍ പാര്‍ടി അംഗങ്ങള്‍ മദ്യം കഴിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മദ്യപാനശീലമുള്ള പാര്‍ടി അംഗങ്ങളെ അതില്‍നിന്ന് പിന്തിരിപ്പിക്കാനും ആവശ്യമായിവന്നാല്‍ അച്ചടക്കനടപടി സ്വീകരിക്കാനും പാര്‍ടി സന്നദ്ധമായിട്ടുണ്ട്. ഭരണഘടനാചട്ടങ്ങളില്‍ മദ്യപാനശീലത്തിനെതിരെ ഇത്ര വ്യക്തമായ പരാമര്‍ശമുള്ള മറ്റേതെങ്കിലും പാര്‍ടിയുണ്ടോ? എന്നിട്ടും പാര്‍ടിയുടെ മദ്യനയത്തെപ്പറ്റി ദുഷ്പ്രചാരവേല നടത്തുന്ന ഉമ്മന്‍ചാണ്ടിയും കൂട്ടരും വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ സ്ഥിരതാമസമുള്ളവരാണെന്ന് വ്യക്തം.

ചാരായനിരോധനം പാര്‍ടി നയമല്ലെങ്കിലും എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ചാരായനിരോധനത്തില്‍ മാറ്റംവരുത്തിയിട്ടില്ല. അതുപോലെതന്നെ അടച്ചുപൂട്ടിയ ഒരു ബാറും തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ സിപിഐ എമ്മും എല്‍ഡിഎഫും തയ്യാറാവുകയില്ലെന്ന് പിണറായി വിജയന്‍തന്നെ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ടിയുടെ അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇതേ നയമാണ് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. പാര്‍ടിയുടെ അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ എതിരാളികള്‍ ശ്രമം നടത്തുന്നുണ്ട്. അത്തരം കുതന്ത്രങ്ങളൊന്നും ഇവിടെ വിലപ്പോകില്ല. ബാറുകള്‍ അടച്ചതുകൊണ്ടോ മദ്യനിരോധനം ഏര്‍പ്പെടുത്തിയതുകൊണ്ടോ മദ്യപാനശീലം ഇല്ലാതാകില്ല. ഇതര സംസ്ഥാനങ്ങളില്‍ മദ്യനിരോധനം നടപ്പാക്കിയ അനുഭവം നമ്മുടെ മുമ്പിലുണ്ട്. മദ്യനിരോധനം നടപ്പാക്കിയ ബിഹാറില്‍ മദ്യം കിട്ടാത്തതിനെത്തുടര്‍ന്നുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാല്‍ 750 പേര്‍ ആശുപത്രിയെ അഭയംപ്രാപിച്ചു എന്നാണ് ഒടുവിലത്തെ വാര്‍ത്ത.

സിപിഐ എം മദ്യപാനശീലം പ്രോത്സാഹിപ്പിക്കുന്ന പ്രശ്നം ഉദിക്കുന്നതേയില്ല. അത് വിലയിരുത്താന്‍ ജനങ്ങള്‍ക്ക് നിഷ്പ്രയാസം സാധിക്കും. പുകവലിശീലം നമ്മുടെ സംസ്ഥാനത്ത് കുറഞ്ഞുവരുന്നുണ്ട്. മയക്കുമരുന്നിന്റെ കാര്യത്തില്‍ അങ്ങനെ തറപ്പിച്ചുപറയാന്‍ കഴിയില്ല. മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നതായാണ് കാണുന്നത്. വിദ്യാലയങ്ങള്‍ക്കുചുറ്റം മയക്കുമരുന്ന് വില്‍പ്പന തകൃതിയായി നടക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. മദ്യവും മയക്കുമരുന്നും സ്വയം ഉപേക്ഷിക്കാന്‍ എല്ലാവരും തയ്യാറാവുകയാണ് വേണ്ടത്. ഇടതുപക്ഷ ജനാധിപത്യമുന്നണി ഇത് രണ്ടും നിരുത്സാഹപ്പെടുത്താന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഉമ്മന്‍ചാണ്ടിയുടെ മദ്യനയം സംബന്ധിച്ച ജല്‍പ്പനങ്ങള്‍, യുഡിഎഫിന്റെ കാപട്യം തുറന്നുകാട്ടാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുകയേ ഉള്ളൂ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top