20 April Saturday

മോഡിയുടെ സൌദി സന്ദര്‍ശനം

വെബ് ഡെസ്‌ക്‌Updated: Friday Apr 8, 2016

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രണ്ടുദിന സൌദി സന്ദര്‍ശനം ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ്. യുഎഇ സന്ദര്‍ശിച്ച് എട്ടുമാസത്തിനുശേഷമാണ് മോഡി റിയാദ് സന്ദര്‍ശിച്ചത്. ഉടന്‍തന്നെ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നുമുണ്ട്. ഇറാന്‍മാത്രമാണ് മോഡി സന്ദര്‍ശിക്കാത്ത രാഷ്ട്രം. ഇതില്‍നിന്നുതന്നെ മോഡി സര്‍ക്കാരിന്റെ മുന്‍ഗണന വ്യക്തം.  

ഗള്‍ഫ് രാഷ്ട്രീയത്തിന്റെ ഭിന്നധ്രുവങ്ങളില്‍ നില്‍ക്കുന്ന സൌദി അറേബ്യയും ഇറാനുമായി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ കാലംമുതല്‍ അടുത്ത ബന്ധമാണ് ഇന്ത്യ പുലര്‍ത്തിപ്പോരുന്നത്. എന്നാല്‍, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ഇതില്‍ ചില മാറ്റങ്ങളുണ്ടായി. അമേരിക്കയുമായി ഇന്ത്യ അടുത്തു. പലസ്തീനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇന്ത്യ, ഇസ്രയേലുമായി അടുക്കാന്‍ തുടങ്ങി. ആണവപ്രശ്നത്തില്‍ ഇറാനെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യയും ഇറാനും അകന്നു. അന്താരാഷ്ട്ര ആണവോര്‍ജ സമിതിയില്‍ രണ്ടുതവണ ഇറാനെതിരെ ഇന്ത്യ വോട്ട് ചെയ്തു. മാത്രമല്ല, ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിയും കുറഞ്ഞു. സൌദിയില്‍നിന്നായി കൂടുതല്‍ ഇറക്കുമതി. അടുത്തിടെ ഇറാനെതിരെയുള്ള ഉപരോധം അമേരിക്ക പിന്‍വലിച്ചു. ഈ അനുകൂല സാഹചര്യം മുതലെടുത്ത് ആ രാഷ്ട്രവുമായി അടുത്തബന്ധം പലര്‍ത്തുന്നതില്‍ മോഡി സര്‍ക്കാര്‍ വേണ്ടത്ര താല്‍പ്പര്യം കാട്ടിയിട്ടില്ല. ഇറാന്റെ എതിരാളി സൌദി അറേബ്യയുമായി അടുക്കുകയാണ് മോഡിയുടെ ലക്ഷ്യം.

സൌദിയുമായി അടുക്കാന്‍ മോഡിസര്‍ക്കാര്‍ താല്‍പ്പര്യം കാട്ടുന്നത് പാകിസ്ഥാനെ ലക്ഷ്യംവച്ചാണ്. പാകിസ്ഥാന് എക്കാലത്തും  പിന്തുണ നല്‍കുന്ന പ്രധാന ഗള്‍ഫ് രാജ്യമാണ് സൌദി അറേബ്യ. എന്നാല്‍, അടുത്ത കാലത്തായി ആ ബന്ധത്തില്‍ വിള്ളല്‍ വീണിട്ടുണ്ട്. ഇറാനുമായി പാകിസ്ഥാന്‍ ഊര്‍ജസഹകരണം ശക്തമാക്കിയത് സൌദിക്ക് ഇഷ്ടപ്പെട്ടിട്ടില്ല. മാത്രമല്ല, ഇറാന്‍ പിന്തുണയുള്ള ഷിയാകളെ ലക്ഷ്യമാക്കി യമനില്‍ സൌദി ആരംഭിച്ച വ്യോമയുദ്ധവുമായി സഹകരിക്കാന്‍ പാകിസ്ഥാന്‍ വിസമ്മതിക്കുകയും ചെയ്തു. പാകിസ്ഥാനോടുള്ള നീരസം പ്രകടിപ്പിച്ചാണ് മോഡിസന്ദര്‍ശനത്തിനു തൊട്ടുമുമ്പ് പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ തോയിബയുമായി ബന്ധമുള്ള വ്യക്തികള്‍ക്കെതിരെ അമേരിക്കയ്ക്കൊപ്പം സൌദി അറേബ്യയും ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതിനുപുറമെ മോഡിസന്ദര്‍ശനവേളയില്‍ ഇരുരാജ്യങ്ങളും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ പാകിസ്ഥാനെ ലക്ഷ്യമിട്ട്, ഭീകരവാദികള്‍ക്കുള്ള പശ്ചാത്തല സൌകര്യങ്ങള്‍ എല്ലാ രാഷ്ട്രങ്ങളും ഇല്ലാതാക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇങ്ങനെയൊക്കെയാണെങ്കിലും പാകിസ്ഥാനും സൌദിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുമെന്ന് പ്രതീക്ഷിക്കുന്നത് അസ്ഥാനത്തായിരിക്കും.

മേഖലയില്‍ ഇറാന്റെ ഒറ്റപ്പെടലിന് ആക്കംകൂട്ടാനാണ് സൌദി അറേബ്യ ഇന്ത്യയുമായി കൂടുതല്‍ അടുക്കുന്നത്. ഇറാനിലെ സിവിലിയന്‍ വിമാനങ്ങള്‍ക്കുപോലും സൌദിയുടെ ആകാശത്ത് പ്രവേശിക്കാന്‍ അനുമതിയില്ല. ഇറാന്‍ അസംസ്കൃത എണ്ണയുമായി പോകുന്ന കപ്പലുകള്‍ക്ക് സൌദി കടലില്‍ പ്രവേശിക്കാനും അനുമതിയില്ല. മാത്രമല്ല, ഭീകരവാദത്തോടുള്ള സൌദിയുടെ യുദ്ധപ്രഖ്യാപനം അപ്പടി വിശ്വസിക്കുന്നതും ഭീമാബദ്ധമായിരിക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വഹാബി തീവ്രവാദം വളര്‍ത്താന്‍ ഏറ്റവും കൂടുതല്‍ പണം ഒഴുക്കുന്നത് സൌദി അറേബ്യയാണെന്ന ആരോപണം ശക്തമാണ്. സിറിയയില്‍ ബാഷര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെതിരെ യുദ്ധത്തിലേര്‍പ്പെട്ട വിമതസേനയെ സഹായിച്ച് പരോക്ഷമായി ഐഎസിനെ വളര്‍ത്തുന്നതും സൌദിയാണെന്ന ആക്ഷേപമുണ്ട്.

ഇന്ത്യയുമായുള്ള ബന്ധം ഇന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് സൌദിയാണെന്ന കാര്യം വിസ്മരിച്ചുകൂടാ. എണ്ണവില കുറഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സൌദി അറേബ്യ. ഷെയില്‍ ഗ്യാസ് ഉല്‍പ്പാദനം ആരംഭിച്ചതോടെ അമേരിക്ക ഊര്‍ജാവശ്യങ്ങള്‍ക്ക് സൌദിയെ ആശ്രയിക്കാതായി. അതുകൊണ്ടുതന്നെ ഇന്ത്യന്‍ എണ്ണക്കമ്പോളത്തിലാണ് സൌദിയുടെ പ്രതീക്ഷ. സൌദിയുടെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ അബ്ദുള്ള അസീസ് സാഷ പുരസ്കാരം മോഡിക്ക് നല്‍കിയതിനുപിന്നിലുള്ള രാഷ്ട്രീയവും മറ്റൊന്നല്ല. ഗള്‍ഫിലുള്ള ഒരുകോടിയിലധികം വരുന്ന ഇന്ത്യക്കാരില്‍ 30 ലക്ഷത്തോളം സൌദിയിലാണ്. അതുകൊണ്ടുതന്നെ സൌദിയുമായുള്ള അടുത്ത ബന്ധം ഇന്ത്യക്ക് സുപ്രധാനമാണ്. എന്നാല്‍, ഗള്‍ഫിലെ ആണവശക്തികൂടിയായ ഇറാനെ പിണക്കുന്നത് ഇന്ത്യക്ക് ഭൂഷണമാകില്ല. രണ്ട് രാജ്യങ്ങളുമായി മുമ്പെന്നപോലെ നല്ല ബന്ധം സ്ഥാപിക്കുന്നതിനാകണം ഇന്ത്യ മുന്‍തൂക്കം നല്‍കേണ്ടത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top