26 April Friday

അഴിമതി അലങ്കാരമാകുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Monday Feb 8, 2016

രാജ്യത്ത് ഏറ്റവുംകൂടുതല്‍ പാരമ്പര്യം അവകാശപ്പെടാവുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്. 1885ല്‍ രൂപംകൊണ്ട ഈ രാഷ്ട്രീയ കക്ഷി ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ മലിനമായ ഫലിതമായി അധഃപതിച്ചിരിക്കുന്നു. അഴിമതിയും കൊള്ളയും ലൈംഗികപീഡന ആരോപണങ്ങളും മറ്റും പാര്‍ടിയെ അപ്പാടെ ഗ്രസിച്ചു. കന്യാകുമാരിമുതല്‍ കശ്മീര്‍വരെ കോണ്‍ഗ്രസ് പാര്‍ടിയുടെ ചിത്രം ഇതാണ്. കേരളത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി രാഷ്ട്രീയ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് സോളാര്‍–ബാര്‍ കുംഭകോണങ്ങളാണ്. ധന–എക്സൈസ് മന്ത്രിമാര്‍ക്ക് രാജിവയ്ക്കേണ്ടിവന്നു. ധനമന്ത്രിയുടെ രാജി ഉടന്‍ സ്വീകരിക്കപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയുടെ അടുത്ത അനുയായിയായ എക്സൈസ് മന്ത്രിയുടെ രാജി സ്വീകരിക്കപ്പെട്ടില്ലെന്നുമാത്രം. മുഖ്യമന്ത്രിക്കും അരഡസനോളം മന്ത്രിമാര്‍ക്കും ഭരണകക്ഷി എംഎല്‍എമാര്‍ക്കും ഈ അഴിമതികളില്‍ പങ്കുണ്ടെന്ന് പകല്‍പോലെ വ്യക്തമായി. സോളാര്‍ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമീഷനുമുമ്പില്‍ നടക്കുന്ന വിസ്താരത്തില്‍ അഴിമതിയില്‍ ഉമ്മന്‍ചാണ്ടിക്കും യുഡിഎഫ് സര്‍ക്കാരിനും നേരിട്ടുള്ള പങ്ക് ദിനമെന്നോണം പുറത്തുവരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി ഉമ്മന്‍ചാണ്ടി ഭരണം അതിന്റെ മുഴുവന്‍ സമയവും അധികാരവും കേന്ദ്രീകരിക്കുന്നത് ഈ കേസിലെ തെളിവുകള്‍ നശിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള നെറികെട്ട നീക്കങ്ങളിലാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കുന്ന നിയമസഭയില്‍പ്പോലും നിര്‍ലജ്ജം കള്ളംപറയാന്‍ മടിയില്ലാത്ത ആളായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധഃപതിച്ചു. 

കേരളത്തില്‍ മാത്രമല്ല, കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെയും സ്ഥിതി ഇതുതന്നെ. അഴിമതി അലങ്കാരമായി കാണുന്ന മുഖ്യമന്ത്രിമാരാണ് ഇന്ന് കോണ്‍ഗ്രസിനുള്ളത്. ഹിമാചല്‍പ്രദേശിലെ വീരഭദ്രസിങ്ങും അഴിമതിക്കയത്തില്‍ മുങ്ങിത്താണു. കേന്ദ്രത്തില്‍ ഉരുക്ക് വകുപ്പ് മന്ത്രിയായിരിക്കെ ആറുകോടി രൂപ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് വീരഭദ്രസിങ് സിബിഐ അന്വേഷണം നേരിടുന്നത്. സെപ്തംബറില്‍ തന്റെ വീടും ഓഫീസും സിബിഐ റെയ്ഡ് ചെയ്തിട്ടും രാജിവയ്ക്കാതെ അധികാരത്തില്‍ തുടരുകയാണ് രാംപുരിലെ കിരീടം നഷ്ടപ്പെട്ട ഈ രാജാവ്. കാലിത്തീറ്റ കുംഭകോണക്കേസില്‍ സിബിഐ അറസ്റ്റുചെയ്യുമെന്ന ഘട്ടംവന്നപ്പോള്‍ ബിഹാറിലെ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവുപോലും രാജിവയ്ക്കാന്‍ തയ്യാറായി. എന്നാല്‍, അദ്ദേഹം കാട്ടിയ ധര്‍മികതപോലും വീരഭദ്രസിങ്ങിനുണ്ടായില്ല. തന്റെ പേരിലുള്ള ആപ്പിള്‍ത്തോട്ടത്തില്‍നിന്ന് കിട്ടിയ വരുമാനമാണ് ആറുകോടി രൂപയെന്ന കള്ളമാണ് വീരഭദ്രസിങ് ആദ്യം പറഞ്ഞത്. ചന്ദ്രശേഖരന്‍ എന്ന വ്യക്തിയില്‍നിന്ന് വാങ്ങിയ വായ്പയാണെന്ന് പിന്നീട് തിരുത്തി. കള്ളം പറയുന്നതില്‍ ഉമ്മന്‍ചാണ്ടിയുടെ പാതയില്‍ത്തന്നെ വീരഭദ്രസിങ്ങും. കോടികളുടെ ടെലികോം കുംഭകോണം നടത്തി കിടപ്പറയില്‍പ്പോലും നോട്ടുകെട്ടുകള്‍ സൂക്ഷിച്ച് കുപ്രസിദ്ധനായ കോണ്‍ഗ്രസ് നേതാവ് സുഖ്റാമിന്റെ ശിഷ്യനായാണ് ഹിമാചല്‍ രാഷ്ട്രീയത്തില്‍ ഇന്ന് വീരഭദ്രസിങ് അറിയപ്പെടുന്നത്.   

കോണ്‍ഗ്രസ് ഭരണം നടത്തുന്ന അസമിലും അഴിമതി കൊടി കുത്തിവാഴുന്നു. തന്റെ സര്‍ക്കാരിന്റെ എല്ലാ വകുപ്പിലും അഴിമതിയുണ്ടെന്ന് തുറന്നുസമ്മതിച്ച മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് സ്വന്തം അഴിമതിക്കും സ്വജനപക്ഷപാതത്തിനും മറയിടാനുള്ള പാഴ്ശ്രമമാണ് നടത്തുന്നത്. നേരിട്ട് നടത്തിയ അഴിമതിക്ക് വെള്ളപൂശാനാണ് മറ്റെല്ലാ വകുപ്പിലും അഴിമതിയുണ്ടെന്ന മുഖ്യമന്ത്രിയുടെ തുറന്നുപറച്ചിലെന്ന് മറ്റ് മന്ത്രിമാര്‍ കുറ്റപ്പെടുത്തുന്നു. കണക്കില്‍പ്പെടാത്ത കോടികളുടെ സ്വത്താണ് പത്തുവര്‍ഷത്തെ ഭരണത്തിനിടയില്‍ തരുണ്‍ ഗൊഗോയ് സ്വന്തമാക്കിയതെന്ന് ആരോപണമുയര്‍ന്നു. കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിനെതിരെയും അഴിമതി ആരോപണമുയരുന്നു.

സ്വന്തം പാര്‍ടിയിലെ മുഖ്യമന്ത്രിമാരെല്ലാം അഴിമതി ആരോപണം നേരിടുമ്പോഴും അത് കണ്ടില്ലെന്ന് നടിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. 1984ല്‍ 415 ലോക്സഭാ സീറ്റ് നേടിയ കോണ്‍ഗ്രസിന് ഇന്ന് 44 സീറ്റ് മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് അധികാരം കൈയാളുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള രാഷ്ട്രീയശേഷി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കൈമോശം വന്നു. എങ്കിലും ഒരു ചോദ്യം അവശേഷിക്കുന്നു. രണ്ടാം യുപിഎ സര്‍ക്കാരിന്റെകാലത്ത് അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി എന്തേ സ്വന്തം മുഖ്യമന്ത്രിമാര്‍ അഴിമതിക്കയത്തില്‍ ആണ്ടുമുങ്ങിയിട്ടും പ്രതികരിക്കാതിരിക്കുന്നു? കുറ്റവാളികളെന്ന് (അഴിമതി ഉള്‍പ്പെടെ) തെളിയിക്കപ്പെടുന്ന എംപിമാരെയും എംഎല്‍എമാരെയും അയോഗ്യരാക്കണമെന്ന സുപ്രീംകോടതിവിധി മറികടക്കാന്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അംഗീകരിച്ച ഓര്‍ഡിനന്‍സ് വാര്‍ത്താസമ്മേളനത്തില്‍വച്ച് പരസ്യമായി കീറിക്കളഞ്ഞ രാഹുല്‍ ഗാന്ധി എതു മാളത്തിലാണ് ഇപ്പോള്‍ മുഖംതാഴ്ത്തിയത്? അന്ന് മന്‍മോഹന്‍സിങ് സര്‍ക്കാരിനെ പിച്ചിച്ചീന്താന്‍ മടിക്കാതിരുന്ന രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിക്കും വീരഭദ്രസിങ്ങിനും മുന്നില്‍ വിനയാന്വിതനാകുന്നത് എന്തുകൊണ്ടാണ്? അഴിമതിയെന്ന് കേള്‍ക്കുമ്പോള്‍ രാജിവച്ച് ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാന്‍ മാലോകരെ ഉപദേശിക്കുന്ന ആന്റണിയുടെ മൌനവും അപഹാസ്യമാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top