26 April Friday

സുരക്ഷാവീഴ്ച: ഒഴിഞ്ഞുമാറാനാകില്ല

വെബ് ഡെസ്‌ക്‌Updated: Friday Jan 8, 2016

യുദ്ധം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം യുദ്ധസജ്ജത കാര്യക്ഷമതയോടെ നിലനിര്‍ത്തുക എന്നതാണെന്ന് ഒരു ചൊല്ലുണ്ട്. ഇതിനെ പശ്ചാത്തലത്തില്‍ നിര്‍ത്തിവേണം പത്താന്‍കോട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തെ കാണേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ ദയനീയമായിരുന്നു നമ്മുടെ പ്രതിരോധസജ്ജത എന്നു പറയേണ്ടിവരും. ആ ദയനീയതയ്ക്കും അതിന്റെ ഫലമായി ഉണ്ടായ ഏഴ് ധീരസൈനികരുടെ ദാരുണാന്ത്യത്തിനും അധികാരികള്‍ ഉത്തരം പറയേണ്ടതുണ്ട്. വിപത്തുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍പോലും ആവശ്യമാണ് ഇത്തരം ഉത്തരം പറയലുകളും പറയിക്കലുകളും. 

സുരക്ഷാവീഴ്ചയുണ്ടായതായി ഇപ്പോള്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ സമ്മതിക്കുന്നുണ്ട്. രാജ്യസുരക്ഷാ കാര്യത്തില്‍ ജാഗ്രത പുലര്‍ത്താതിരുന്നുവെന്ന അതിഗുരുതരമായ തെറ്റുചെയ്തു എന്നാണ് ഇതിനര്‍ഥം. ഈ തെറ്റിന് ഏറ്റുപറച്ചില്‍ പ്രായോഗികമാകുമോ? ഒരു ട്രെയിന്‍ മറിഞ്ഞപ്പോള്‍ അതിന്റെ ധര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് റെയില്‍മന്ത്രിസ്ഥാനം രാജിവച്ച ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ദൃഷ്ടാന്തം നമുക്കു മുന്നിലുണ്ട്. ഇവിടെയിതാ ഒരു പ്രതിരോധമന്ത്രി തെറ്റുപറ്റി എന്ന് പറഞ്ഞശേഷവും അധികാരത്തില്‍ തുടരുന്നു. ഈ മന്ത്രി പറയുന്ന തെറ്റിന് രാജ്യം കൊടുത്ത വില എത്രയാണെന്ന് ജനങ്ങള്‍ ആലോചിക്കണം.

ആറുമാസത്തിനുള്ളില്‍ നടന്ന രണ്ടാമത്തെ ഭീകരാക്രമണമാണ് ഇത്. നവവത്സരം എപ്പോഴും ഭീകരര്‍ ആക്രമണത്തിന് തെരഞ്ഞെടുക്കുന്ന ഘട്ടമാണ്. ഈ പുതുവര്‍ഷാരംഭത്തില്‍ ഭീകര ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ആ റിപ്പോര്‍ട്ട് സൈന്യത്തിന് കൈമാറുകപോലും ചെയ്തില്ല. മന്ത്രിക്ക് തലയിണക്കീഴില്‍ സൂക്ഷിക്കാനുള്ളതാണോ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്? ആറുമാസത്തിനിടയിലുണ്ടായ ആദ്യ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ത്തന്നെ ജാഗ്രത ശക്തിപ്പെടുത്തിയിരുന്നെങ്കില്‍ ഈ ദുരന്തമുണ്ടാകുമായിരുന്നോ? ഇതിന് മന്ത്രി മറുപടി പറയേണ്ടതല്ലേ? ക്രിസ്മസ് ഘട്ടത്തില്‍ത്തന്നെ നവവത്സരത്തിലുണ്ടാകാനിടയുള്ള ഭീകരാക്രമണത്തെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളതായി ഒരു ഇംഗ്ളീഷ് പത്രം എഴുതിയിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ച മന്ത്രി പത്രം വായിക്കുകപോലും ഉണ്ടായിട്ടില്ല എന്നുണ്ടോ?

അതിര്‍ത്തിക്കടുത്തുള്ള വ്യോമസേനാ താവളമാണ്. അവിടെ നിരവധി യുദ്ധവിമാനങ്ങളുണ്ട്. ഇന്ധന ടാങ്കറുണ്ട്. പടക്കോപ്പുകളുണ്ട്. സ്ഫോടകവസ്തുക്കളുണ്ട്. മൂവായിരത്തോളം എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുണ്ട്. അതിബന്ധവസ്സുവേണ്ട ഈ കേന്ദ്രത്തിലേക്കാണ് ഒരു തടസ്സവുമില്ലാതെ ഭീകരര്‍ എത്തിയത്. അത്യുഗ്രമായ സ്ഫോടനപരമ്പരയില്‍ സര്‍വവും നശിക്കാതിരുന്നത് നമ്മുടെ സൈനികരുടെ ത്യാഗപൂര്‍ണമായ ധീരതകൊണ്ടാണ്. ആ ദേശാഭിമാനികളുടെ നിരയിലെ ഏഴുപേരാണ് ചെറുത്തുനില്‍പ്പിനിടയില്‍ രാജ്യത്തെ രക്ഷിക്കാന്‍ ജീവത്യാഗം നടത്തിയത് എന്നോര്‍ക്കണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സൈന്യത്തിന് കൈമാറിക്കൊണ്ട് സുരക്ഷ ശക്തമാക്കാന്‍ ഇടപെടലുണ്ടായിരുന്നെങ്കില്‍ ഇതൊക്കെയുണ്ടാകുന്നത് ഒഴിവാക്കാമായിരുന്നില്ലേ? അതിശക്തമായ രക്ഷാകവചത്തിനുള്ളിലാകേണ്ട വ്യോമസേനാ താവളത്തിലേക്ക് ഭീകരര്‍ കടക്കുന്നത് ഒഴിവാക്കാമായിരുന്നില്ലേ? അതിര്‍ത്തി കടന്ന് ഏറെ സഞ്ചരിച്ച് വ്യോമസേനാ താവളത്തിനുള്ളില്‍ സുരക്ഷിതരായി ഭീകരര്‍ കടക്കുക. ലജ്ജാകരമല്ലേ മന്ത്രി ഈ അവസ്ഥ? അതിര്‍ത്തിയിലെന്നല്ല, ഇന്ത്യയിലെവിടെയും തങ്ങള്‍ക്ക് നുഴഞ്ഞുകയറാന്‍ പറ്റുമെന്നും വ്യോമസേനാ താവളംപോലും തങ്ങള്‍ക്ക് അപ്രാപ്യമല്ലെന്നും ഭീകരര്‍ തെളിയിച്ചു. അതിന് അവരെ അനുവദിക്കുന്ന വീഴ്ചയല്ലേ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്? അതിന് ഉത്തരം പറയേണ്ടതല്ലേ മന്ത്രി പരീഖര്‍?

ജനുവരി രണ്ടിന് ആരംഭിച്ച 'ഓപ്പറേഷന്‍' ദിവസങ്ങളോളം തുടരേണ്ടിവന്നു. 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞത് എല്ലാം അവസാനിച്ചു എന്നാണ്. അദ്ദേഹം അത് പറയുമ്പോഴും വ്യോമസേനാ താവളത്തില്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് 64 മണിക്കൂര്‍ അത് തുടര്‍ന്നു. മന്ത്രിക്ക് രാജ്യത്ത് എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് ഒരു വിവരവുമില്ലേ? ഇല്ല എന്നുതന്നെ പറയണം. പത്താന്‍കോട്ട് സംഭവം നടക്കുമ്പോള്‍ പലതവണ ഡല്‍ഹിയില്‍ ദേശീയ സുരക്ഷാസമിതി യോഗം നടന്നു. ആഭ്യന്തരമന്ത്രി, ധനമന്ത്രി, വിദേശമന്ത്രി, പ്രതിരോധമന്ത്രി എന്നിവര്‍ ഉള്‍പ്പെട്ടതാണ് സമിതി. ഒരു യോഗത്തില്‍പ്പോലും ഡല്‍ഹിയില്‍ ഉണ്ടായിട്ടും ആഭ്യന്തരമന്ത്രി പങ്കെടുത്തില്ല. അദ്ദേഹം പിന്നെ കാര്യങ്ങള്‍ എങ്ങെനെ അറിയാന്‍? ആഭ്യന്തരമന്ത്രി സ്വയം ഒഴിഞ്ഞുനിന്നതോ, അദ്ദേഹത്തെ ഒഴിച്ചുനിര്‍ത്തിയതോ? ഇക്കാര്യം വിശദീകരിക്കപ്പെടേണ്ടതുണ്ട്. ഏതായാലും ആഭ്യന്തരമന്ത്രികൂടി ഉള്‍പ്പെട്ട നിലയില്‍ ഉണ്ടാകേണ്ട ഏകോപനം ഉണ്ടായില്ല. കരസേനാ കമാന്‍ഡോകള്‍ക്ക് പരിചിതമായ വ്യോമസേനാ താവളത്തിലേക്ക് അവിടം തീര്‍ത്തും അപരിചിതമായ എന്‍എസ്ജിയെ അയച്ചതിനെക്കുറിച്ച് ഇപ്പോള്‍ എതിരഭിപ്രായങ്ങളുയരുന്നുണ്ട്. കരസേനാ കമാന്‍ഡോകളെ മാറ്റിനിര്‍ത്തി എന്‍എസ്ജിയെ നിയോഗിച്ചത് അവിവേകമാണെന്ന അഭിപ്രായമുയരുന്നുണ്ട്. മന്ത്രിതലത്തില്‍ ഉണ്ടാകേണ്ടിയിരുന്ന ഏകോപനത്തിന്റെ അഭാവത്തില്‍ ഇത്തരം അഭിപ്രായങ്ങള്‍ പരിശോധനയര്‍ഹിക്കുന്നു. എല്ലാ ഉന്നതതല യോഗങ്ങളില്‍നിന്നും ആഭ്യന്തരമന്ത്രി ഒഴിവായതെങ്ങനെ? സ്വയം ഒഴിഞ്ഞുനിന്നതാണെങ്കില്‍ ആ വീഴ്ചയ്ക്ക് മന്ത്രി സമാധാനം പറയണം. ഒഴിവാക്കിയതാണെങ്കില്‍ പ്രധാനമന്ത്രി സമാധാനം പറയണം.

ഇനി വേണ്ടത് പഴുതുകളടച്ച് മുമ്പോട്ടുപോകലാണ്. ഉത്തരവാദിത്തം കൃത്യമായും നിര്‍ണയിച്ചാലേ പഴുതുകളടയ്ക്കാനാകൂ. അതുണ്ടാകുമോ എന്ന് കണ്ടറിയണം. ഏതായാലും മറ്റു രണ്ടുകാര്യങ്ങളില്‍കൂടി ജാഗ്രതയുണ്ടാകണം. ഭീകരപ്രവര്‍ത്തകര്‍ക്കെതിരായി ഉയരുന്ന വികാരത്തെ മതവികാരമാക്കി മാറ്റാനുള്ള ശ്രമം സ്ഥാപിത വര്‍ഗീയശക്തികള്‍ നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രതയുണ്ടാകണം. ഉണ്ടായ ദുരന്തത്തില്‍നിന്ന് ഉണരുന്ന വികാരത്തെ മുന്‍നിര്‍ത്തി പാകിസ്ഥാനെതിരായ സൈനിക ആക്രമണം നടത്തണമെന്ന ചിന്താഗതി ചില കേന്ദ്രങ്ങളില്‍ ശക്തിപ്പെട്ടുവരുന്നുണ്ട്. ഇക്കാര്യത്തിലും ജാഗ്രത പാലിക്കണം. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ച് ഭീകരരുടെ പാക് ബന്ധം മുന്‍നിര്‍ത്തി കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കി. വര്‍ഗീയ ഭീകര സംഘങ്ങളുടെയും ഐഎസ്ഐയുടെയും നിയന്ത്രണത്തിലാണ് പാകിസ്ഥാന്‍ എന്നിരിക്കെ നവാസ് ഷെരീഫ് വിചാരിച്ചാല്‍ത്തന്നെ എത്രത്തോളം ഈ ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ കഴിയുമെന്ന കാര്യത്തില്‍ ഉറപ്പില്ല. എങ്കില്‍പ്പോലും യുദ്ധത്തിലേക്ക് പോയാല്‍ വര്‍ഗീയ– ഭീകര പ്രസ്ഥാനങ്ങളുടെ താല്‍പ്പര്യമാകും അതിലൂടെ നിര്‍വഹിക്കപ്പെടുക. അത് തിരിച്ചറിഞ്ഞ്, നടക്കാനിരിക്കുന്ന വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയുമായി മുമ്പോട്ടുപോകണം. യുദ്ധമല്ല, ചര്‍ച്ചതന്നെയാണ് വേണ്ടത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top