28 September Thursday

ബിജെപിയുടെ പണപ്പെട്ടി നിറയ‌്ക്കാൻ വീണ്ടും പമ്പ‌്

വെബ് ഡെസ്‌ക്‌Updated: Friday Dec 7, 2018


അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ നടന്ന പെട്രോൾപമ്പ‌് കുംഭകോണം രാജ്യം അതുവരെ കണ്ടതിൽവച്ച്‌ എറ്റവും വലിയ അഴിമതിയായിരുന്നു. 3000 കോടിയിലേറെ രൂപയുടെ കോഴ ഇടപാടാണ്‌ അന്ന്‌ നടന്നത്‌. പതിനാറുവർഷംമുമ്പത്തെ ആ ഇടപാടിൽ  മുവായിരത്തിലേറെ പമ്പുകളാണ‌് അനുവദിച്ചത്‌. എന്നാലിപ്പോൾ രാജ്യവ്യാപകമായി 65000 പുതിയ പമ്പുകൾ അനുവദിക്കാനാണ്‌ മോഡി സർക്കാർ തീരുമാനിച്ചിട്ടുള്ളത്‌. നിലവിൽ 62585 പമ്പുകളേ രാജ്യത്തുള്ളൂ എന്നറിയുമ്പോഴാണ്‌ എത്രവലിയ കുംഭകോണത്തിനാണ്‌ ബിജെപി സർക്കാർ കരുനീക്കുന്നതെന്ന്‌ മനസ്സിലാകുക.  വാജ്‌പേയി സർക്കാർ അനുവദിച്ച പമ്പുകളിലേറെയും പാർടി എംപിമാർക്കും നേതാക്കൾക്കുമായിരുന്നു. ലഖ്നൗവിലുള്ള വാജ്‌പേയിയുടെ വസതിയുടെ വിലാസത്തിൽപോലും പമ്പ‌് അനുവദിച്ചു. വാജ്‌പേയിയുടെ അടുത്ത ബന്ധു അപർണ മിശ്രയുടെ പേരിലും പമ്പ‌് ലഭിച്ചു. അർഹരായ അപേക്ഷകരെ മാറ്റിനിർത്തി സ്വന്തക്കാർക്ക്‌ ധാരാളംപമ്പ‌് നൽകിയെങ്കിലും അവരിൽനിന്ന‌് കോഴ വാങ്ങിയതായി ആരോപണം ഉയർന്നു. ഇങ്ങനെ പണംകൊടുത്ത‌് വാങ്ങിയവർ ഒരു മാനദണ്ഡവും പാലിക്കാതെ പതിന്മടങ്ങ്‌ തുക വാങ്ങി മറിച്ചുകൊടുത്തു.

സ്വാതന്ത്ര്യപ്രാപ്‌തി മുതലിങ്ങോട്ടുതന്നെ പലവിധ അഴിമതിയാരോപണങ്ങൾക്ക്‌ ഭരണാധികാരികൾ വിധേയരായിട്ടുണ്ട്‌. തെളിയിക്കപ്പെട്ടതും അല്ലാത്തതുമായ ആ ആരോപണങ്ങളിൽ ഉൾപ്പെട്ടിരുന്നത്‌ ഒരു വ്യക്തിയോ എതാനും വ്യക്തികളോ മാത്രമായിരുന്നു

സ്വാതന്ത്ര്യപ്രാപ്‌തി മുതലിങ്ങോട്ടുതന്നെ പലവിധ അഴിമതിയാരോപണങ്ങൾക്ക്‌ ഭരണാധികാരികൾ വിധേയരായിട്ടുണ്ട്‌. തെളിയിക്കപ്പെട്ടതും അല്ലാത്തതുമായ ആ ആരോപണങ്ങളിൽ ഉൾപ്പെട്ടിരുന്നത്‌ ഒരു വ്യക്തിയോ എതാനും വ്യക്തികളോ മാത്രമായിരുന്നു. എന്നാൽ, ഒരു പാർടി അപ്പാടെ, അതിന്റെ  ഉന്നതനേതൃനിര ഒന്നടങ്കം അഴിമതിക്ക്‌ ചുക്കാൻപിടിക്കുന്ന കാഴ്‌ച രാജ്യം ആദ്യം കണ്ടത്‌ വാജ്‌പേയി ഭരണത്തിലാണ്‌. പ്രധാനമന്ത്രി വാജ്‌പേയി, ആഭ്യന്തരമന്ത്രി എൽ കെ അദ്വാനി, പെട്രോളിയംമന്ത്രി രാംനായിക്‌ എന്നിവരുടെ കാർമികത്വത്തിൽ ബിജെപിയുടെ  പാർടി അജൻഡയായി നിർവഹിക്കപ്പെട്ടതായിരുന്നു അന്നത്തെ പെട്രോൾപമ്പ‌് കുംഭകോണം. പ്രതിപക്ഷകക്ഷികൾ വൻ പ്രതിഷേധം ഉയർത്തുകയും കോഴവീതംവയ‌്‌പിൽ പാർടിക്കുള്ളിൽത്തന്നെ കലഹമുണ്ടാകുകയും ചെയ‌്തതിനെ തുടർന്ന്‌ കുറച്ചു പമ്പുകളുടെ ലൈസൻസ്‌ റദ്ദാക്കിയെങ്കിലും സഹസ്രകോടികൾ മറിഞ്ഞ  ഇടപാട്‌ തീരാക്കളങ്കമായി ചരിത്രത്തിൽ ഇടംനേടി.

ഒരു പതിറ്റാണ്ടിന്‌ ശേഷം ബിജെപി അധികാരത്തിൽ തിരിച്ചെത്തിയത്‌ കോൺഗ്രസ്‌ ഭരണത്തിലെ  അഴിമതികളുടെ പശ്ചാത്തലത്തിൽകൂടിയായിരുന്നു. എന്നാൽ, കോർപറേറ്റുകളുടെ തോഴനായ മോഡി അഴിമതിയിൽ മുങ്ങിത്താഴുന്ന കാഴ്‌ചയാണ്‌ രാജ്യം കണ്ടത്‌. റഫേൽ   ഉൾപ്പെടെയുള്ള പ്രതിരോധ ഇടപാടുകളിൽ നടന്ന അഴിമതിയും സമ്പന്നസേവയും മോഡിഭരണത്തിന്റെ യഥാർഥമുഖം പുറത്തുകൊണ്ടുവന്നു. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസ്‌ ഭരണത്തിലെ അഴിമതികൾ ചികഞ്ഞുപുറത്തിടുകയെന്ന വൃഥാവ്യായാമമാണ്‌ ബിജെപി നടത്തുന്നത്‌. റഫേലിന്‌ ബദലായി അഗസ്‌ത വെസ‌്റ്റ‌് ലാൻഡ്‌ ഹെലികോപ്‌റ്റർ ഇടപാട്‌ ഉയർത്തിക്കാട്ടാനുള്ള ശ്രമമാണ്‌ ഒടുവിലത്തേത‌്. അഴിമതിയിലും സമ്പന്ന പക്ഷപാതിത്വത്തിലും ഇരുകക്ഷികളും ഒരേ തൂവൽപ്പക്ഷികളാണെന്ന്‌ ജനങ്ങൾക്ക്‌ ബോധ്യംവന്നിരിക്കുന്നു.

ജനജീവിതം ദുസ്സഹമാക്കുന്ന ഒട്ടേറെ നടപടികളിലൂടെ ഭരണം മുന്നോട്ടുകൊണ്ടുപോയ മോഡി സർക്കാർ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോഴാണ്‌  65000 പെട്രോൾ പമ്പുകൾ ലേലംവിളിച്ചുനൽകുന്ന റെക്കോഡ്‌ അഴിമതിക്ക്‌ തുടക്കമിട്ടിരിക്കുന്നത്‌. അന്തരീക്ഷ മലിനീകരണം സംബന്ധിച്ച  അന്തർദേശീയ പ്രോട്ടോകോളുകൾ പ്രകാരം പെട്രോൾ ‐ ഡീസൽ ഉപയോഗം കഴിയുന്നത്ര കുറയ‌്ക്കാനാണ്‌ ലോകമാകെ ശ്രമം നടക്കുന്നത്‌. രാജ്യത്തെ ശരാശരി പ്രതിമാസവിൽപ്പന 170 കിലോ ലിറ്ററിൽനിന്ന് 140 കിലോ ലിറ്ററായി കുറഞ്ഞഘട്ടമാണിതെന്നും ഓർക്കേണ്ടതുണ്ട്‌. പതിറ്റാണ്ടുകളായി അനുവദിച്ചതിനേക്കാൾ പമ്പുകൾ ഗ്രാമ ‐നഗര ഭേദമെന്യേ ഒറ്റയടിക്ക്‌ അനുവദിക്കുന്നതിന്റെപിന്നിലുള്ള  ഉദ്ദേശ്യം വളരെ വ്യക്തമാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒഴുക്കാനുള്ള കോടികൾ പെട്രോൾപമ്പ‌് വിറ്റു ശേഖരിക്കാനാണ്‌ ബിജെപിയുടെ നോട്ടം. നിയമാനുസൃതമായും മാനദണ്ഡങ്ങൾ പാലിച്ചും പമ്പുകൾ അനുവദിച്ചാൽ ബിജെപിയുടെ പണപ്പെട്ടി നിറയുകയില്ലെന്ന്‌ അവർക്കറിയാം. അതുകൊണ്ടാണ്‌ വ്യവസ്ഥകളിൽ വൻ ഇളവുകൾ വരുത്തിക്കൊണ്ട്‌ ഉത്തരവ്‌ ഇറക്കിയത്‌.

അപേക്ഷകന് 25 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപമോ ആസ‌്തിയോ ഉണ്ടാകണമെന്ന വ്യവസ്ഥ ഒഴിവാക്കി. സ്വന്തം ഭൂമി വേണമെന്നത്‌ തിരുത്തി ഭൂ വുടമയുമായി ഉടമ്പടി ഉള്ളവർക്കും അപേക്ഷിക്കാമെന്നാക്കി. പഴയ കച്ചവടത്തിൽ നല്ലനേട്ടം കൊയ്‌ത കേരളത്തിലെ  ബിജെപി നേതാക്കൾ  വീണ്ടൂം ചക്കരക്കുടം മുന്നിലെത്തിയതിന്റെ ആഹ്ലാദത്തിലാണ്‌ . 1731 പമ്പുകളാണ്‌ കേരളത്തിൽ വിൽപ്പനയ്‌ക്ക്‌  വച്ചിരിക്കുന്നത്‌. എങ്ങനെയും നില മെച്ചപ്പെടുത്താൻ കിണഞ്ഞുശ്രമിക്കുന്ന  ബിജെപിക്ക്‌ കേരളത്തിൽ തെരഞ്ഞെടുപ്പിന്‌ നല്ല ചെലവുണ്ടാകും. മെഡിക്കൽ കോളേജ്‌ അഴിമതിയിലടക്കം വ്യക്തിപരമായും നല്ല ‘ മാർജിൻ’ ലഭിച്ച നേതാക്കൾ  ഈയൊരവസരം പാഴാക്കില്ല. ഭരണം ഉപയോഗിച്ച്‌ നഗ്നമായി അഴിമതി നടത്തുക, അങ്ങനെ ലഭിക്കുന്ന പണം ഒഴുക്കി  ജനാധിപത്യപ്രക്രിയ അട്ടിമറിക്കുക എന്ന അപകടകരമായ ഗെയിമാണ്‌ ബിജെപി കളിക്കുന്നത്‌. വർഗീയതപോലെ അധികാര ദുർവിനിയോഗവും അഴിമതിയും ബിജെപി  ആയുധമാക്കുകയാണ്‌. ഇതിനെതിരെ ശക്തമായ പ്രതിരോധവും പ്രചാരണവും സംഘടിപ്പിച്ചുമാത്രമേ നിയമവ്യവസ്ഥയും  ജനാധിപത്യഭരണവും സംരക്ഷിക്കാനാവൂ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top