08 December Friday

മോഡിത്തത്തിന്റെ അടിത്തറ ഇളകുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 7, 2017


സാമ്പത്തികമാന്ദ്യം രാജ്യത്തെ പിടികൂടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്മതിച്ചത് ബിജെപിയുടെ നേതൃയോഗത്തിലാണ്. സാമ്പത്തിക വളര്‍ച്ചനിരക്ക് ഇടിയുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി, ബിജെപി അധ്യക്ഷന്‍ അമിത് ഷായും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി അടിയന്തര കൂടിക്കാഴ്ച നടത്തിയതിന്റെ വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിജെപിയുടെ സമുന്നത നേതൃസ്ഥാനം അലങ്കരിച്ച യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും ഉള്‍പ്പെടെയുള്ളവര്‍ വിളിച്ചുപറയുന്നത് മോഡിഭരണത്തിന്റെ ദയനീയ പരാജയത്തെക്കുറിച്ചാണ്.  റിസര്‍വ് ബാങ്ക് സര്‍വേയില്‍ സമ്പദ്ഘടനയ്ക്കുണ്ടായ തളര്‍ച്ചയുടെ വ്യക്തമായ ചിത്രം തെളിയുന്നു. നോട്ട് നിരോധനത്തെ ന്യായീകരിച്ചും ചരക്ക് സേവന നികുതിയില്‍ മാറ്റങ്ങള്‍ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചും സാമ്പത്തികനയങ്ങളെ ന്യായീകരിച്ചുമുള്ള പ്രതികരണങ്ങള്‍ മോഡിയില്‍നിന്ന് വന്നിട്ടുണ്ട്. 

നോട്ട് റദ്ദാക്കലിന്റെയും ജിഎസ്ടി നടപ്പാക്കിയതിന്റെയും തെറ്റായ രീതിയും ഗുരുതരമായ പ്രത്യാഘാതവും മുന്‍ ധനമന്ത്രികൂടിയായ യശ്വന്ത് സിന്‍ഹ എണ്ണിപ്പറഞ്ഞപ്പോള്‍ കേവലം കൊതിക്കെറുവായി അതിനെ പുച്ഛിച്ചുതള്ളാനാണ് എന്‍ഡിഎ നേതൃത്വം തയ്യാറായത്.  സര്‍ക്കാരും രാജ്യവും ഗുരുതരമായ സാമ്പത്തികക്കുഴപ്പം നേരിടുന്നു എന്ന് വസ്തുതകള്‍ നിരത്തി പ്രതിപക്ഷം പറഞ്ഞതാണ്. അതിനോടുള്ള പ്രതികരണവും സമാനമായിരുന്നു.  ആ അവസ്ഥ മാറിയിരിക്കുന്നു. പ്രതിപക്ഷപാര്‍ടികള്‍മാത്രമല്ല, സാമ്പത്തികവിദഗ്ധരും അന്താരാഷ്ട്ര ഏജന്‍സികളും വലിയ വിഭാഗം മാധ്യമങ്ങളും സാമ്പത്തികക്കുഴപ്പത്തെക്കുറിച്ച് അനിഷേധ്യമായ തെളിവുകള്‍ സഹിതം വിമര്‍ശം ഉന്നയിക്കുകയാണ്. ജനങ്ങള്‍ കടുത്ത പ്രയാസങ്ങള്‍ അനുഭവിക്കുന്നു. എണ്ണവില വര്‍ധന, സബ്സിഡി വെട്ടിച്ചുരുക്കല്‍, പൊതുമേഖല സ്ഥാപനങ്ങളുടെ തകര്‍ച്ചയും വില്‍പ്പനയും എന്നിവയടക്കം ഒട്ടേറെ വിഷയങ്ങള്‍ ജനരോഷത്തിന്റെ തോത് പടിപടിയായി ഉയര്‍ത്തുന്നു.

വ്യവസായ ഉല്‍പ്പാദനനിരക്ക് രണ്ടുവര്‍ഷമായി താഴോട്ടാണ്.    കാര്‍ഷികോല്‍പ്പാദനം നല്ല നിലയിലായെങ്കിലും കൃഷിക്കാരില്‍നിന്നുള്ള സംഭരണം അട്ടിമറിച്ചു. കൃഷിക്കാര്‍ വന്‍തോതില്‍ പാപ്പരായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷിക്കാരുടെ സ്വമേധയായുള്ളതും സംഘടിതവുമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നു. കാര്‍ഷികദുരിതംമൂലമുള്ള കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നതേയുള്ളൂ. ജീവിതം വഴിമുട്ടിയ കര്‍ഷകരുടെ അണപൊട്ടിയ രോഷത്തിന്റെ വാര്‍ത്തകളാണ് രാജസ്ഥാനില്‍നിന്നും മധ്യപ്രദേശില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും നിരന്തരം വരുന്നത്. വ്യാവസായികോല്‍പ്പാദന വളര്‍ച്ച 1.6 ശതമാനമായും  കെട്ടിടനിര്‍മാണ വളര്‍ച്ച രണ്ട് ശതമാനമായും ഇടിഞ്ഞു. നോട്ട് അസാധുവാക്കല്‍ സമ്പദ്ഘടനയുടെ അനൌപചാരിക മേഖലയെ തകര്‍ത്തതുമൂലം തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ടത് അനേകലക്ഷം സാധാരണ തൊഴിലാളികളാണ്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ)യുടെ കണക്കുകളില്‍ വെളിപ്പെടുത്തുന്നത് 2016 ജനുവരി- ഏപ്രിലിനും 2017 ജനുവരി- ഏപ്രിലിനും  ഇടയില്‍ ഔപചാരിക തൊഴിലവസരങ്ങള്‍ 930 ലക്ഷത്തില്‍നിന്ന് 860 ലക്ഷമായി കുറഞ്ഞുവെന്നാണ്. സേവനമേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. ഐടി വ്യവസായം തളര്‍ച്ച നേരിടുകയാണ്. പ്രതിവര്‍ഷം രണ്ടുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മോഡിസര്‍ക്കാര്‍ വാഗ്ദാനം നല്‍കിയത്. നേരെ എതിര്‍ദിശയിലേക്കാണ് പോക്ക്. പ്രതിവര്‍ഷം 1.5 കോടി കണ്ട് ചെറുപ്പക്കാര്‍ തൊഴില്‍വിപണിയില്‍ എത്തുകയാണ്.

ഇങ്ങനെ എല്ലാതലത്തിലും തിരിച്ചടി. മോഡിമാജിക്കിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ ഇന്ന് ബിജെപി നേതൃത്വത്തിന് ധൈര്യമില്ല. അപ്രമാദിയെന്നും അപ്രതിരോധ്യനെന്നും അമാനുഷനെന്നുമുള്ള പല്ലവികള്‍ക്കുപകരം മോഡി ഇന്ത്യയെ തകര്‍ച്ചയിലേക്ക് നയിക്കുന്നില്ലെന്ന് സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ് സംഘപരിവാര്‍.  മോഡിയെ പ്രത്യക്ഷമായി വിമര്‍ശിക്കാതെ വകുപ്പുകളെയും  മന്ത്രിമാരെയും കുറ്റപ്പെടുത്തിയാണ് സുബ്രഹ്മണ്യന്‍സ്വാമി, ഗുരുമൂര്‍ത്തി തുടങ്ങിയവര്‍ സമ്പദ്ഘടനയെക്കുറിച്ച് പ്രതികരിച്ചത്. ധനമന്ത്രി സമ്പദ്വ്യവസ്ഥയെ നാശമാക്കിയ കാര്യം ഇപ്പോഴെങ്കിലും തുറന്നുപറയാതിരിക്കുന്നത് തന്റെ വീഴ്ചയാകുമെന്നാണ് യശ്വന്ത് സിന്‍ഹ പ്രതികരിച്ചത്.  

കോര്‍പറേറ്റുകളുടെ താല്‍പ്പര്യസംരക്ഷണമാണ് മോഡിസര്‍ക്കാരിന്റെ മുന്‍ഗണന. തെരഞ്ഞെടുപ്പുഘട്ടത്തില്‍ ജനങ്ങളോട് പറഞ്ഞ ഒരു വാഗ്ദാനവും യാഥാര്‍ഥ്യമാക്കിയില്ല. കള്ളപ്പണം പിടിച്ചെടുത്ത് ജനങ്ങളുടെ ബാങ്ക് അക്കൌണ്ടുകളില്‍ ഇടുമെന്ന് പറഞ്ഞ മോഡി, അത് വിഴുങ്ങി. പിന്നെ പ്രഖ്യാപിച്ചത്, നോട്ടുകള്‍ റദ്ദാക്കിയത് കള്ളപ്പണം പിടിച്ചെടുക്കാനെന്നാണ്. ഒന്നും സംഭവിച്ചില്ല. സര്‍ക്കാരും ഭരണകക്ഷിയും പ്രതിക്കൂട്ടിലാണ്. എല്ലാ വിരലും ചൂണ്ടുന്നത് മോഡിയുടെ നേര്‍ക്കാണ്. ബിജെപിയുടെ പ്രമുഖ നേതാക്കള്‍ വിമര്‍ശവുമായി പുറത്തുവരുന്നത് ഒരു സൂചനയാണ്. സമ്പദ്വ്യവസ്ഥമാത്രമല്ല,  മോഡിസര്‍ക്കാരും കടുത്ത പ്രതിസന്ധി നേരിടുന്നു. മോഡിപ്രഭാവം മങ്ങിയെന്നല്ല ഇതിന്റെ സാരം- മോഡിത്തത്തിന്റെ അടിത്തറ ഇളകുന്നു എന്നുതന്നെയാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
-----
-----
 Top