25 April Thursday

വെടിയുണ്ടകളെ തോല്‍പ്പിച്ച സര്‍ഗാത്മക ജീവിതം

വെബ് ഡെസ്‌ക്‌Updated: Thursday Sep 7, 2017


നിലപാടുകളില്‍ ഒത്തുതീര്‍പ്പിന് തയ്യാറല്ലാത്ത ധിഷണാശാലിയും ധീരയുമായ മാധ്യമ-സാംസ്കാരികപ്രവര്‍ത്തകയെ ശാരീരികമായി ഇല്ലാതാക്കിയവരുടെ ഉദ്ദേശ്യം വ്യക്തമാണ്. പക്ഷേ അവര്‍ക്ക് ലക്ഷ്യം പിഴച്ചിരിക്കുന്നു. മധ്യവയസ്സിലെത്തിയെങ്കിലും അവശേഷിക്കുന്ന ജീവിതത്തിലും അവര്‍ പ്രസരിപ്പിച്ചേക്കാവുന്ന ആശയപ്രകാശത്തിന് മറയൊരുക്കാന്‍ എതിരാളികളുടെ കൈയില്‍ ഏതാനും വെടിയുണ്ടകള്‍മാത്രമേ ഉള്ളൂ. എന്നാല്‍, ഗൌരി ലങ്കേഷിന്റെ ദുര്‍ബലമായ ശരീരത്തെ തീയുണ്ടകള്‍ പായിച്ച് നിശ്ചലമാക്കിയവര്‍ക്ക്  സ്പര്‍ശിക്കാന്‍പോലും സാധിക്കാത്ത ഉയരത്തിലാണ് ആ സര്‍ഗാത്മകജീവിതം. അത് കൂരിരുളിലെ വെളിച്ചമായി ഭാവി ഇന്ത്യക്ക് വഴിതെളിക്കും.  

ഇന്ത്യയുടെ ആത്മാവിലേക്ക് ഇവര്‍ ഉതിര്‍ക്കുന്ന എത്രാമത്തെ വെടിയുണ്ടയാണിത്്? കരിഞ്ഞുവീണ മഹത്ജീവിതങ്ങള്‍ പകര്‍ന്നത് ഉറവ വറ്റാത്ത ഊര്‍ജവും പഠിപ്പിച്ചത് കലര്‍പ്പില്ലാത്ത മനുഷ്യസ്നേഹവുമായിരുന്നു. അക്രമികള്‍ തീര്‍ത്ത മുറിവുകളില്‍ കിനിയുന്ന ചോരത്തുള്ളികളാല്‍ മുദ്രചാര്‍ത്തപ്പെടുന്നത് പുതിയൊരു ഇന്ത്യയെന്ന സ്വപ്നമാണ്. മതവും ജാതിയും സമ്പത്തും മതിലുകള്‍ തീര്‍ക്കാത്ത ഒരൊറ്റ ഇന്ത്യ. ഗൌരി ലങ്കേഷ് സ്വന്തം ജീവിതവും ജീവനുംകൊണ്ട് അടയാളപ്പെടുത്തിയ ഇന്ത്യ.
എന്തുകൊണ്ടാണ് ഗൌരിയെന്ന മാധ്യമപ്രവര്‍ത്തകയ്ക്കുനേരെ നിറതോക്ക് ഉയര്‍ന്നതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ- ഫാസിസത്തിനുനേരെ വിരല്‍ചൂണ്ടിയതിന്. ദേശീയ സിനിമാപുരസ്കാര ജേതാവുകൂടിയായ പുരോഗമനകവി ലങ്കേഷിന്റെ ജീവിതം കണ്ടുവളര്‍ന്ന മകള്‍ക്ക് വര്‍ഗീയ- വിദ്വേഷരാഷ്ട്രീയത്തെയും അതിന് പാലൂട്ടുന്ന മതനിരപേക്ഷനാട്യങ്ങളെയും എതിര്‍ക്കാതിരിക്കാനാകില്ല. സ്വന്തമായി ഒരു പ്രസിദ്ധീകരണം നടത്തുമ്പോഴും നിലപാടുകളില്‍ വെള്ളംചേര്‍ക്കാന്‍ അവര്‍ തയ്യാറായില്ല. നിലനിന്നുപോകാന്‍ ആവശ്യമായ മെയ്വഴക്കവും അവര്‍ക്ക് അന്യമായിരുന്നു.

നിഷ്പക്ഷതയെന്ന കാപട്യം വെടിഞ്ഞ് സ്വാഭിപ്രായം നിര്‍ഭയം പ്രകടിപ്പിച്ച ഗൌരിക്ക് ഇങ്ങനെയൊരു അന്ത്യം വിധിച്ചവരെ നയിച്ചത് കറകളഞ്ഞ ഫാസിസ്റ്റ് ചിന്തയല്ലാതെ മറ്റെന്താണ്. അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രത്തിന് എന്ത് നീതിബോധം. ഇന്ത്യ എല്ലാവരുടേതുമെന്ന് ചിന്തിച്ച ഗൌരിക്ക് ഒരിക്കലും സംഘപരിവാര്‍ ചെയ്തികളോട് സന്ധിചെയ്യാനായില്ല. "എന്റെ ഭരണഘടന എന്നെ പഠിപ്പിച്ചത് മതനിരപേക്ഷതയാണ്; വര്‍ഗീയതയ്ക്കെതിരെ പോരാടുകയെന്നത് എന്റെ അവകാശമാണ്''- ഇങ്ങനെ തുടങ്ങിയ ആശയപ്രകാശനം ബിജെപിക്കെതിരായ ചാട്ടുളികളായി മാറുന്നതും പിന്നീട് കണ്ടു. ഘാതകരുടെ തോക്കിന്‍റേഞ്ചുകള്‍ അകലെയല്ലെന്ന് അറിയാമായിരുന്നിട്ടും നേരിനുവേണ്ടി ആ നാവുകള്‍ ചലിച്ചു. "മോഡിഭക്തരും ഹിന്ദുത്വ ബ്രിഗേഡും കൊലപാതകങ്ങളെ സ്വാഗതംചെയ്യുകയാണ്; കലബുര്‍ഗിയുടേതുപോലെ. മരണങ്ങള്‍ ആഘോഷിക്കുകയാണ്. യു ആര്‍ അനന്തമൂര്‍ത്തി മരിച്ചപ്പോള്‍ മധുരം നല്‍കി നൃത്തംവച്ചതുപോലെ. മോഡിയെയും അവരുടെ പ്രത്യയശാസ്ത്രത്തെയും കുറിച്ചു പറയുന്ന എന്റെ വായടപ്പിക്കാനും ഏതുവിധേനയും അവര്‍ ശ്രമിക്കും.''

ഇന്ത്യ ഹിന്ദുമതരാഷ്ട്രമായിക്കൂടെന്ന ആഗ്രഹം തുറന്നുപറഞ്ഞതിനാണ് ഗാന്ധിജിമുതല്‍ ഗൌരി ലങ്കേഷ്വരെ നിരവധി പേരുടെ ജീവനെടുത്തത്. ബാബറി മസ്ജിദ് എന്ന പുരാതന മുസ്ളിംപള്ളി തകര്‍ത്തത് മതസ്പര്‍ധ അരക്കിട്ടുറപ്പിക്കാനാണ്. പശുവിന്റെപേരില്‍ മനുഷ്യരെ കൊന്നത് വര്‍ഗീയകലാപങ്ങള്‍ക്ക് തിരികൊളുത്താനായിരുന്നു. തീവണ്ടികള്‍ തീവച്ചും സ്ഫോടനങ്ങള്‍ നടത്തിയും വ്യാജ ഏറ്റുമുട്ടലുകള്‍ വഴിയും എവിടെയെല്ലാം ചോരപ്പുഴകള്‍ ഒഴുക്കി. എത്രതവണ വംശഹത്യകള്‍ക്ക് ഒരുമ്പെട്ടു. അധികാരത്തിന്റെ ചവിട്ടുപടിയായി ഈ അധമരാഷ്ട്രീയം വീണ്ടും വീണ്ടും പ്രയോഗിക്കുകയാണ് സംഘപരിവാര്‍. ഹിന്ദുത്വരാഷ്ട്രീയത്തെ എന്നും തീണ്ടാപ്പാടകലെ നിര്‍ത്തുന്ന കേരളത്തില്‍പോലും ബിജെപി അസംബന്ധനാടകങ്ങള്‍ക്ക് അരങ്ങൊരുക്കാന്‍ ശ്രമിക്കുകയാണ്. 

കേന്ദ്രത്തിലെ ബിജെപി ഭരണവും മോഡി-അമിത്ഷാ കൂട്ടുകെട്ടുംചേര്‍ന്ന് രാജ്യത്താകെ സൃഷ്ടിക്കുന്നത് ആപല്‍ക്കരമായ അന്തരീക്ഷമാണ്. എതിര്‍ക്കുന്നവരെ കൊന്നും ഭയപ്പെടുത്തിയും എല്ലാം വരുതിയിലാക്കുകയാണ് സംഘപരിവാര്‍ പദ്ധതി. ഒരുവശത്ത് എല്ലാ സാംസ്കാരികസ്ഥാപനങ്ങളും കാവിവല്‍ക്കരിക്കുക;  സ്ഥാനമാനങ്ങള്‍ വച്ചുനീട്ടി ആളുകളെ ഒപ്പംനിര്‍ത്തുക, വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുക- ഇതാണ് തന്ത്രം. സ്വതന്ത്രമായ നിലപാടുകളിലൂടെ സംഘപരിവാര്‍ അജന്‍ഡകള്‍ തുറന്നുകാട്ടുന്നവരെ വകവരുത്തുക. മഹാരാഷ്ട്രയില്‍ നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ്പന്‍സാരെ, കര്‍ണാടകത്തില്‍ എം എം കലബുര്‍ഗി, ഒടുവില്‍ ഗൌരി ലങ്കേഷും. വധഭീഷണിയുടെ നിഴലില്‍ കഴിയുന്ന ഒട്ടേറെപേര്‍ വേറെയുമുണ്ട്. രണ്ടുവര്‍ഷം പിന്നിട്ടിട്ടും കലബുര്‍ഗിയുടെ ഘാതകരെക്കുറിച്ച് തുമ്പൊന്നും കണ്ടെത്താന്‍ സാധിക്കാത്ത കര്‍ണാടകത്തിലെ പൊലീസിനും അവരെ നയിക്കുന്ന കോണ്‍ഗ്രസ് ഭരണത്തിനും ഗൌരിയുടെ കൊപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് മാറിനില്‍ക്കാനാകില്ല.

കോര്‍പറേറ്റ് സേവയിലൂടെ  മാധ്യമലോകം കൈയടക്കാനുള്ള ശ്രമത്തില്‍ ഒരു പരിധിവരെ ബിജെപി വിജയം കണ്ടിരിക്കുന്ന കാലഘട്ടമാണിത്. നേരുംനെറിയുമുള്ള മാധ്യമപ്രവര്‍ത്തകര്‍ ഇന്നും സംഘപരിവാറിന് തലവേദനതന്നെ. ഗൌരിയുടെ വധത്തിലൂടെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെയാണ് അവര്‍ ലക്ഷ്യമിടുന്നത്. ഗൌരിയുടെ ജീവത്യാഗം രാജ്യത്താകമാനം ഉയര്‍ത്തിയ പ്രതിഷേധക്കൊടുങ്കാറ്റ് ഘാതകരുടെ കണക്കുതെറ്റിച്ചിരിക്കുന്നു. ജനാധിപത്യവിശ്വാസികള്‍ക്ക് പ്രതീക്ഷ പകരുന്നതാണ് ഈ പ്രതിരോധം. ജീവിച്ചിരിക്കുന്ന ഗൌരിയേക്കാള്‍ സംഘപരിവാര്‍ ഭയപ്പെടേണ്ടിവരിക അവരുടെ ധീരരക്തസാക്ഷിത്വത്തെ ആയിരിക്കും. സമര്‍പ്പിതയായ പത്രാധിപയ്ക്ക് ഞങ്ങളുടെ ആദരാഞ്ജലികള്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top