23 April Tuesday

കർഷകരുടെ പ്രശ്നം ബാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jul 7, 2018


കൃഷിച്ചെലവിനൊപ്പം  അതിന്റെ 50ശതമാനം കൂടി ഉൾപ്പെടുത്തി കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവില നിശ്ചയിക്കണമെന്നായിരുന്നു  സ്വാമിനാഥൻ കമീഷന്റെ 2006ലെ ശുപാർശ. ൨൦൧൪ലെ  ലോക‌്സഭാ തെരഞ്ഞെടുപ്പിൽ   നരേന്ദ്ര മോഡിയും  ബിജെപിയും നൽകിയ വാഗ്ദാനം സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് പൂർണ അർഥത്തിൽ  നടപ്പാക്കും എന്നതായിരുന്നു. എന്നാൽ,  ഭരണം  നാലുവർഷം പിന്നിടുമ്പോഴും ആ വാഗ്ദാനം നടപ്പാക്കാൻ  തയ്യാറായില്ല. ജീവിതം വഴിമുട്ടി രാജ്യവ്യാപകമായി കർഷകർ പ്രക്ഷോഭത്തിൽ ഇറങ്ങേണ്ടിവന്നു. കാർഷികരാജ്യം എന്ന പേര് മാറ്റി   കൃഷിക്കാർ ആത്മഹത്യചെയ്യുന്ന രാജ്യം എന്നതിലേക്ക് ഇന്ത്യ മാറുന്നു. സമീപനാളുകളിൽ നടന്ന ഐതിഹാസിക കർഷകപ്രക്ഷോഭങ്ങൾ കാർഷികമേഖലയിലെ ഗുരുതര അവസ്ഥ എന്തെന്നും രാജ്യത്തിന്റെ പൊതുവികാരം എന്തെന്നും  വിളിച്ചോതുന്നതായിരുന്നു.  മുഖം രക്ഷിക്കാൻ എന്നോണമാണ് വിളകളുടെ സംഭരണവില 150 ശതമാനം ആക്കുമെന്ന  പ്രഖ്യാപനം കേന്ദ്ര ഗവൺമെന്റ‌് നടത്തിയത്.  തീർച്ചയായും  പ്രഥമദൃഷ്ട്യാ  കർഷകർക്ക് പ്രതീക്ഷ നൽകുന്ന തീരുമാനമാണിത്. എന്നാൽ,  നിലവിലുള്ള അവസ്ഥയിൽനിന്ന് ഏറെ എന്തെങ്കിലും  മാറ്റം  പുതിയ പ്രഖ്യാപനംകൊണ്ട് വരാനില്ല എന്നതാണ് യാഥാർഥ്യം. താങ്ങുവില എന്നത്  ജനങ്ങളെ സന്തോഷിപ്പിക്കാനുള്ള കേവല  പ്രഖ്യാപനമല്ല.  മറിച്ച് നാടിനാകെ പ്രയോജനംചെയ്യേണ്ട തീരുമാനമാകണം  അത്.

അതിന് നിയതമായ മാനദണ്ഡങ്ങളുണ്ട്. കൃഷിക്കാവശ്യമായ വായ്പയുടെ പലിശ,  ഭൂമിയുടെ വാടക, മൂലധനം എന്നിവ ഉൾപ്പെടെ  ഉൾപ്പെടുത്തി ഉൽപ്പാദനച്ചെലവ് കണക്കാക്കി  50 ശതമാനവും കൂട്ടിച്ചേർത്ത‌് താങ്ങുവില നിശ്ചയിക്കാനാണ് സ്വാമിനാഥൻ കമീഷൻ ശുപാർശ.  വിത്ത്, വളം , അധ്വാനം എന്നിവ മാത്രം  മാനദണ്ഡങ്ങൾ ആയാൽ പോരാ.  ഒരു ക്വിന്റൽ  നെല്ലിന്റെ ഉൽപ്പാദനച്ചെലവ് യഥാർഥത്തിൽ 1560 രൂപയാണ്. അങ്ങനെവരുമ്പോൾ 2340 രൂപ താങ്ങുവിലയായി കർഷകന് ലഭിക്കണം.  ഇപ്പോഴത്തെ പ്രഖ്യാപനം നടപ്പായാൽ 590 രൂപയാണ് ഒരു  ക്വിന്റൽ നെല്ലിന്മേൽ കർഷകന്  നഷ്ടം വരിക. എല്ലാ വിളകളുടെയും കാര്യത്തിലും ഇതാണ് സ്ഥിതി .

അതിനുമപ്പുറം സംഭരണത്തിന്റെ പ്രശ്നമുണ്ട്. 14 ഖാരിഫ് വിളകളുടെ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും ഒന്നിനും   കൃത്യമായ സംഭരണം ഉറപ്പാക്കാൻ ആയിട്ടില്ല.  നെല്ലും ഇതരവിളകളും യഥാവിധി സംഭരിച്ചാലാണ് താങ്ങുവിലയുടെ പ്രയോജനം കർഷകർക്ക് ലഭിക്കുക. ഇവിടെ സംഭരണം ഗൗരവമായി ആലോചിക്കുന്നില്ല. താങ്ങുവില വർധിപ്പിക്കുക എന്നത് ഒറ്റനോട്ടത്തിൽ കർഷകർക്ക് അനുകൂലമായ നടപടിയാണെന്ന് തോന്നാമെങ്കിലും അതിന്റെ പ്രയോജനം അർഹരായ കർഷകർക്ക് ലഭിക്കില്ല എന്നതാണ് വസ്തുത.  ഇത് കർഷകരോടുള്ള   വഞ്ചനയാണ്. നാട്ടിൽ വിലക്കയറ്റം ഉണ്ടെന്നും കൃഷിച്ചെലവ് കുത്തനെ ഉയരുകയാണെന്നും   വിത്തിനും  വളത്തിനും  ഇന്ധനത്തിനും വില നിയന്ത്രണാതീതമായി വർധിക്കുകയാണെന്നും അറിയാത്തവരല്ല കേന്ദ്രം ഭരിക്കുന്നത്. കർഷകർക്കിടയിൽ നിലനിൽക്കുന്ന രോഷവും അതൃപ്തിയും ശമിപ്പിക്കാൻ ലക്ഷ്യമിട്ട് നടത്തിയ പ്രഖ്യാപനം ഫലത്തിൽ കർഷകരെ കൂടുതൽ ദ്രോഹിക്കുന്നതിന് തുല്യമാണ്. ബിജെപി നയിക്കുന്ന സംസ്ഥാന സർക്കാരുകൾ കണക്കാക്കിയ മിനിമം താങ്ങുവിലയോടുപോലും അടുത്തുനിൽക്കാത്ത ഈ താങ്ങുവില പ്രഖ്യാപനം പുനഃപരിശോധിച്ച്  യാഥാർഥ്യങ്ങൾക്ക് നിരക്കുന്ന രീതിയിൽ പുതുക്കി  നിശ്ചയിക്കാൻ കേന്ദ്ര ഗവൺമെന്റ‌് തയ്യാറാകണം. അതല്ലെങ്കിൽ കൂടുതൽ ശക്തമായ കർഷകപ്രക്ഷോഭമാകും നേരിടേണ്ടിവരിക

രോഗം വിതയ്ക്കുന്ന വ്യാജ വെളിച്ചെണ്ണ
കഴിഞ്ഞദിവസം നിരോധിച്ച   51  വെളിച്ചെണ്ണ ബ്രാൻഡുകളിൽ   22 ന്റെയും പേരിനോട് ചേർത്ത്  കേര, കേരളം എന്നീ വാക്കുകൾ ഉണ്ട്. കേരളം കേരവൃക്ഷങ്ങളുടെ നാടാണ്.   കേരളീയന്റെ ദൈനംദിനജീവിതത്തിൽ അരിയും ഉപ്പും മുളകും പോലെതന്നെ പ്രാധാന്യമുള്ള ഒന്നാണ് വെളിച്ചെണ്ണ. അത്തരമൊരു അവസ്ഥ കൃത്യമായി മനസ്സിലാക്കിയാണ് സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണയുടെ ഒഴുക്കുണ്ടാകുന്നത്. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരഫെഡ് ഉൽപ്പന്നമാണ് എന്ന് തോന്നിച്ച് അതിന്റെ സ്വീകാര്യത മുതലെടുക്കാനാണ് കേര,കേരളം പേരുപയോഗിച്ച് വ്യാജ വെളിച്ചെണ്ണ ഉണ്ടാക്കി വിതരണത്തിനെത്തിക്കുന്നത്. ഗുണനിലവാരമില്ല എന്നുകണ്ട‌് ആറു മാസത്തിനിപ്പുറം  നിരോധിച്ച 91  വെളിച്ചെണ്ണ ബ്രാൻഡുകളിൽ 41 എണ്ണത്തിനും കേര,കേരളം തുടങ്ങിയ വിശേഷണങ്ങൾ ഉണ്ടായിരുന്നു. 

51 ബ്രാൻഡുകളെ ഒറ്റയടിക്ക് നിരോധിച്ചെങ്കിലും   വ്യാജമായി നിർമിക്കുന്ന വെളിച്ചെണ്ണ കേരളത്തിലേക്ക് വരുന്നത് തടയാൻ കഴിഞ്ഞു എന്ന് പറയാറായിട്ടില്ല. പുതിയ പേരുകളിലും പാക്കിങ്ങിലും അവ  വീണ്ടും വരാനിരിക്കുന്നു. സർക്കാർ ബ്രാൻഡായ എന്ന് തെറ്റിദ്ധരിപ്പിച്ച്   വിൽക്കുന്നത്തിനുപുറമെ  വിലകുറച്ച് വിൽക്കുന്ന ചില സ്വകാര്യ ബ്രാൻഡുകളും മനുഷ്യശരീരത്തെ ഗുരുതരമായി ബാധിക്കുന്ന  രാസവസ്തുക്കൾ അടങ്ങിയതാണ് എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മാരകമായ രോഗങ്ങൾ സൃഷ്ടിക്കുന്നതും ആരോഗ്യത്തിന്  വലിയ വെല്ലുവിളി ഉയർത്തുന്നതാണ് രാസപദാർഥങ്ങൾ ചേർത്ത വെളിച്ചെണ്ണ. ശുദ്ധമായ വെളിച്ചെണ്ണയ്ക്ക്  കൂടുതൽ വില നൽകേണ്ടി വരുമ്പോൾ ചെറിയ വിലയ്ക്ക് വിപണി പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ്   ഡസൻ കണക്കിന് ബ്രാൻഡുകളിൽ വ്യാജ വെളിച്ചെണ്ണ എത്തുന്നത്.  ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിരന്തരപരിശോധനയും ഇടപെടലും നടക്കുന്നുണ്ടെങ്കിലും വ്യാജന്മാരെ   പൂർണമായി നിയന്ത്രിക്കാൻ കഴിയുന്നില്ല. 

എങ്ങനെ വ്യാജവെളിച്ചെണ്ണ തിരിച്ചറിയാം , ഏതൊക്കെ ബ്രാൻഡുകളാണ് അപകടരഹിതമായി വാങ്ങാൻ കഴിയുന്നത് എന്നൊക്കെയുള്ള ബോധവൽക്കരണം   ഭക്ഷ്യസുരക്ഷാവകുപ്പിന്റെ  നേതൃത്വത്തിൽ നടക്കേണ്ടതുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങളും രാസമിശ്രിതങ്ങളും  മറ്റും ചേർത്ത് വിപണിയിലെത്തിക്കുന്ന വെളിച്ചെണ്ണയുടെ അപകടം ജനം തിരിച്ചറിയുന്ന വിധത്തിലുള്ള ബോധവൽക്കരണപ്രവർത്തനം ഏറ്റെടുക്കേണ്ടതുണ്ട് . അതോടൊപ്പംതന്നെ ഭക്ഷ്യസുരക്ഷാവകുപ്പ് , ആരോഗ്യ വകുപ്പ് , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ  വ്യാജ വെളിച്ചെണ്ണ വ്യാപിക്കുന്നത് തടയാനുള്ള ശക്തമായ ഇടപെടൽ തുടരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top