25 April Thursday

വഴിമുടക്കികളെ നിലയ‌്ക്കുനിർത്തണം

വെബ് ഡെസ്‌ക്‌Updated: Tuesday May 7, 2019


കേരളത്തിലെ ദേശീയപാത വികസനം  ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള കേന്ദ്രത്തിൽ സമ്മർദം ചെലുത്തി അട്ടിമറിച്ചുവെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ‌്. ഇത്തരം ജനവിരുദ്ധ നീക്കങ്ങൾക്ക‌് അരുനിൽകുന്ന കേന്ദ്ര ഭരണാധികാരികളുടെ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണ‌്. വർഷങ്ങളായി സ‌്തംഭിച്ചുകിടന്ന സ്ഥലമെടുപ്പ‌്  പിണറായി സർക്കാർ പൂർത്തിയാക്കിവരുമ്പോഴാണ‌്  ബിജെപി ഉടക്കുവയ‌്ക്കുന്നത‌്. ഇപ്പോഴത്തെ രീതിയിൽ മുന്നോട്ടുപോയാൽ എൽഡിഎഫ‌് ഗവൺമെന്റിന്റെ കാലത്തുതന്നെ പുതിയ ദേശീയപാത യാഥാർഥ്യമാകുമെന്ന ഘട്ടം വന്നപ്പോഴാണ‌് കേന്ദ്രം വഴിമുടക്കുന്നത‌്. മകൻ മരിച്ചിട്ടായാലും മരുമകളുടെ കണ്ണീരുകാണണമെന്ന ബിജെപി നേതാക്കളുടെ മനോഭാവം മറയില്ലാത്ത രാജ്യദ്രോഹമാണ‌്.

ഉയർന്ന ജനസാന്ദ്രതയുള്ളപ്പോഴും കേരളത്തിന്റെ ഗ്രാമീണ റോഡ‌് ശൃംഖല ലോകത്തിന‌ുതന്നെ മാതൃകയാണ‌്.  ബഹുഭൂരിപക്ഷം വീടുകൾക്കും നേരിട്ട‌് റോഡുബന്ധം ഉള്ള മറ്റൊരു സംസ്ഥാനം ഇന്ത്യയിൽ ഉണ്ടാകില്ല. ജനങ്ങളുടെ സാമൂഹ്യപ്രതിബദ്ധതയും തദ്ദേശഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമതയുമാണ‌് ഈ നേട്ടത്തിന‌് ആധാരം. എന്നാൽ, ദേശീയപാതയുടെ കാര്യമെടുത്താൽ ഏറ്റവും പിന്നോക്കംനിൽക്കുന്ന നാടാണ‌് കേരളം. നഗര മാർക്കറ്റുകൾക്ക‌് നടുവിലൂടെ കുപ്പിക്കഴുത്തുപോലെ കടന്നുപോകുന്ന, അസംഖ്യം വളവുതിരിവുകൾ നിറഞ്ഞ രണ്ടുവരി റോഡാണ‌് ഇവിടത്തെ ദേശീയപാത.  ഉപ്പുതൊട്ടുകർപ്പൂരംവരെ അയൽസംസ്ഥാനങ്ങളിൽനിന്ന‌് കയറ്റിവരുന്ന ട്രക്കുകളും അനുദിനം വർധിച്ചുവരുന്ന സ്വകാര്യവാഹനങ്ങളും പൊതുഗതാഗത സംവിധാനങ്ങളുമെല്ലാം ചേർന്ന‌്  കേരളം വലിയൊരു ഊരാക്കുടുക്ക‌ാണ‌്. ആംബുലൻസുകളും ഫയർ എൻജിനുകളും പോലും കടന്നുപോകാൻ സാധിക്കാത്തവിധം സ‌്തംഭനമാണ‌് ദേശീയപാതകളിൽ പലയിടത്തും. കുരുക്കുകളിനിന്ന‌് മോചനം കിട്ടുമ്പോൾ  നടത്തുന്ന മരണപ്പാച്ചിലുകളിൽ സംഭവിക്കുന്ന അപകടങ്ങൾ കുറച്ചൊന്നുമല്ല. റോഡപകട മരണങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്ന‌് കേരളമാണ‌്. റോഡുകളുടെ അപര്യാപ‌്തതയും നിലവാരത്തകർച്ചയുമാണ‌് ഇതിനെല്ലാം കാരണം.

  കേരളത്തിൽ ദേശീയപാതയുടെ നവീകരണത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട‌് പതിറ്റാണ്ടുകൾ പലതുകഴിഞ്ഞു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ ഹൈവേ അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച‌് റോഡ‌്നിർമിക്കുന്നതിലുള്ള സാങ്കേതികതടസ്സങ്ങൾ കുറച്ചൊന്നുമായിരുന്നില്ല. 60 മീറ്റർ വീതിയിൽ റോഡിനുവേണ്ടി സ്ഥലമെടുക്കാനായിരുന്നു ആദ്യനിർദേശം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിൽ ഇത്രയും സ്ഥലം കണ്ടെത്തുക പ്രയാസകരമായിരുന്നു. സ്ഥലമെടുപ്പിനെതിരെ പ്രാദേശികമായ എതിർപ്പുകളും പ്രക്ഷോഭങ്ങളും സ്വാഭാവികമായും ഉണ്ടായി.  മാറിമാറിവന്ന സംസ്ഥാന സർക്കാരുകൾക്ക‌് മുന്നിൽ ഇതൊരു കീറാമുട്ടിയായി . 2016 ൽ ചുമതലയേറ്റ പിണറായി സർക്കാർ സ്വീകരിച്ച നിശ്ചയദാർഢ്യത്തോടെയുള്ള നടപടികളാണ‌് കാര്യങ്ങൾ മാറ്റിമറിച്ചത‌്.

ഉമ്മൻചാണ്ടി സർക്കാർ അട്ടത്തുവച്ച ദേശീയപാത പ്രോജക്ട‌് എൽഡിഎഫ‌് സർക്കാർ പൊടിതട്ടിയെടുത്ത‌ു. കേരളത്തിന‌് തെക്കുവടക്ക‌് 45 മീറ്ററിൽ നാലുവരി ദേശീയപാത ഈ സർക്കാരിന്റെ കാലത്തുതന്നെ പൂർത്തിയാക്കുമെന്ന ‌ ഇച്ഛാശക്തിക്കുമുന്നിൽ തടസ്സങ്ങൾ വഴിമാറി. സ്ഥലം നഷ‌്ടപ്പെടുന്നവർക്ക‌് ന്യായമായ നഷ്ടപരിഹാരമെന്നതായിരുന്നു ഒന്നാമത്തെ മുൻഗണന. ഇതിന‌് തടസ്സവാദവുമായി കേന്ദ്രം രംഗത്തുവന്നു. ഭൂമിക്ക‌് ഇത്രയധികം പ്രതിഫലം നൽകാൻ വകുപ്പില്ലെന്നായി കേന്ദ്രം. കേരളത്തിലെ പ്രത്യേക പരിതസ്ഥിതി, ഭൂമിയുടെ ദൗർലഭ്യം ഇവയെല്ലാം കേന്ദ്രത്തെ ബോധ്യപ്പെടുത്തി ഉയർന്ന നഷ‌്ടപരിഹാരപ്പാക്കേജുമായി എൽഡിഎഫ‌് സർക്കാർ മുന്നോട്ടുപോയി. അർഹമായ തുക ലഭിച്ചതോടെ ഭൂമി വിട്ടുകൊടുക്കാൻ ജനങ്ങൾക്കും മടിയില്ലാതായി. കാസർകോട് തലപ്പാടിമുതൽ  ചെർക്കളവരെയുള്ള റീച്ചിൽ പാതയുടെ നിർമാണത്തിന് സംസ്ഥാനം ചെയ്യേണ്ടതെല്ലാം ഒന്നരവർഷം മുമ്പുതന്നെ ചെയ‌്തുതീർത്തു.  എന്നാൽ, ദേശീയപാത അതോറിറ്റി  ഇതുവരെ ടെൻഡർ നടപടി സ്വീകരിച്ചിട്ടില്ല. മറ്റു റീച്ചുകളിലും സ്ഥലമെടുപ്പ‌് നടപടികൾ അന്തിമഘട്ടത്തിലാണ‌്.

കേന്ദ്ര ഭരണകക്ഷിതന്നെ ദേശീയപാത വികസനത്തെ തുരങ്കംവയ‌്ക്കുന്ന അനുഭവം ഇതാദ്യത്തേതല്ല. കണ്ണൂർ കീഴാറ്റൂരിൽ നെൽവയൽ നഷ്ടപ്പെടുമെന്ന വാദമുന്നയിച്ച‌് ഒരുവിഭാഗം ആളുകൾ സംഘടിപ്പിച്ച സമരത്തിന‌ുപിന്നിൽ ബിജെപിയായിരുന്നു. യുഡിഎഫും  ചില മാധ്യമങ്ങളും സിപിഐ എമ്മിനെതിരെ കിട്ടിയ വടിയെന്ന‌ുകരുതി സമരത്തെ പിന്തുണച്ചു. ബിജെപി നേതാക്കൾ കീഴാറ്റൂരിലെ എതിർപ്പുകാരുമായി ഡൽഹിയിൽപോയി മന്ത്രി നിതിൻ ഗഡ‌്കരിയെ കാണുകയും ചെയ‌്തു.  ഒരുഘട്ടത്തിൽ കീഴാറ്റൂർവഴിയുള്ള അലൈൻമെന്റ‌് റദ്ദാക്കിയതായും വാർത്തവന്നു. എന്നാൽ‌‌‌, സംസ്ഥാന സർക്കാരിന്റെ ആത്മാർഥമായ സമീപനത്തിന‌് അടിവരയിട്ടുകൊണ്ട‌് കേന്ദ്രം സ്ഥലമെടുപ്പിനുള്ള 3 ഡി വിജ്ഞാപനം ഇറക്കുകയാണുണ്ടായത‌്. മറ്റ‌് പല സ്ഥലങ്ങളിലും ചില തീവ്രവാദ സംഘടനക‌ളുടെ നേതൃത്വത്തിൽ സ്ഥലമെടുപ്പ‌് തടസ്സപ്പെടുത്താൻ ശ്രമം നടന്നെങ്കിലും സംസ്ഥാന സർക്കാരിന്റെ കർക്കശമായ നിലപാടിന‌ുമുന്നിൽ തടസ്സങ്ങൾ നീങ്ങി. ജനങ്ങളെ ബോധ്യപ്പെടുത്തിയും ഫലപ്രദമായ ബദൽസംവിധാനങ്ങൾ എർപ്പെടുത്തിയുമുള്ള ശ്രമകരമായ പ്രവർത്തനമാണ‌് സർക്കാർ നടത്തിയത‌്.

എല്ലാ പ്രതിബന്ധങ്ങളും നീങ്ങി നിർമാണപ്രവൃത്തി ടെൻഡർ ചെയ്യേണ്ട സമയത്ത‌് കേന്ദ്രം സ്വീകരിക്കുന്ന ശത്രുതാനിലപാട‌് ആത്മഹത്യാപരമാണ‌്. പ്രളയ പുനർനിർമാണത്തിന്റെ കാര്യത്തിലും മോഡി സർക്കാർ ഇതേ സങ്കുചിതത്വം പ്രകടപ്പിക്കുകയുണ്ടായി. അൽപ്പമനസ‌്കരായ സംസ്ഥാന ബിജെപി നേതാക്കളുടെ താളത്തിന‌് തുള്ളേണ്ടവരല്ല കേന്ദ്ര ഭരണാധികാരികൾ. രാജ്യത്തിന്റെ ഫെഡറൽ ഭരണഘടനപ്രകാരം സംസ്ഥാനങ്ങൾക്ക‌് അർഹതപ്പെട്ട വികസനസംരംഭത്തെയാണ‌് ഇവർ തടസ്സപ്പെടുത്തുന്നത‌്. തെറ്റായ ഈ  നിലപാട‌് തിരുത്തണമെന്ന‌് ആവശ്യപ്പെട്ട‌് മുഖ്യമന്ത്രിയും മറ്റ‌് മന്ത്രിമാരും നടത്തിയ ഇടപെടലുകൾക്ക‌് ഫലം കാണുമെന്ന‌് പ്രതീക്ഷിക്കാം.  അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിലൂടെ ഈ  വഴിമുടക്കികളെ നിലയ‌്ക്കുനിർത്താൻ കേര‌ളജനത നിർബന്ധിതമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top