20 April Saturday

വഴികാട്ടി മാര്‍ക്‌സിസം

വെബ് ഡെസ്‌ക്‌Updated: Monday May 7, 2018


 മാര്‍ക്‌സ് തിരിച്ചുവന്നിരിക്കുന്നു. കമ്യൂണിസ്റ്റ് വിപ്ലവകാരിയായ ആ താടിക്കാരന്റെ രൂപം ലോകത്തെ എല്ലാ മുക്കിലും മൂലയിലും  ഇടംപിടിച്ചിരിക്കുന്നു.  മാര്‍ക്‌സും സുഹൃത്ത് എംഗല്‍സും ചേര്‍ന്ന് രൂപീകരിച്ച ശാസ്ത്രീയ സോഷ്യലിസത്തെക്കുറിച്ച് അഥവാ മാര്‍ക്‌സിസത്തെക്കുറിച്ച് സെമിനാറുകളും സമ്മേളനങ്ങളും ഗവേഷണങ്ങളും നടക്കുന്നു. മാര്‍ക്‌സിനെക്കുറിച്ചും മാര്‍ക‌്സിസത്തെക്കുറിച്ചും   പുതിയ പുസ്തകങ്ങള്‍ ഇറങ്ങുന്നു. സോവിയറ്റ‌് തകര്‍ച്ചയുടെ കാലത്ത‌് തകര്‍ക്കപ്പെട്ട മാര്‍ക‌്സിന്റെ പ്രതിമകള്‍ ജന്മനാടായ ജര്‍മനിയിലെ ട്രയറില്‍മാത്രമല്ല, ലോകമെങ്ങും വീണ്ടും ഉയരുകയാണ്. ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രം പറഞ്ഞതുപോലെ, യൂറോപ്പിനെ കമ്യൂണിസം എന്ന ഭൂതമല്ല (1848ലെ കമ്യൂണിസ‌്റ്റ‌് മാനിഫെസ്‌റ്റോയിലെ ആദ്യവരി) മറിച്ച് മാര്‍ക്‌സ് എന്ന ഭൂതം പിടികൂടിയിരിക്കുന്നു. അതെ ബ്രൂക്ക്‌ലിനിലും ലണ്ടനിലും ബെർലിനിലും പാരിസിലും മാത്രമല്ല, ലോകമെങ്ങും മാര്‍ക‌്സിന്റെ ജന്മദ്വിശതാബ്ദി ആവേശപൂർവം തന്നെ ആഘോഷിച്ചു.

ശനിയാഴ്ച ലോകത്തിന്റെ കണ്ണുകള്‍ മുഴുവന്‍ പശ്ചിമ ജര്‍മനിയില്‍ ലക്‌സംബര്‍ഗിനടുത്ത ട്രയറിലായിരുന്നു.  ജനകീയ ചൈന സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ വു വിഷാന്‍ എന്ന ശില്‍പ്പി രൂപകല്‍പ്പന ചെയ്ത മാര്‍ക‌്സിന്റെ അഞ്ചരമീറ്റര്‍ ഉയരമുള്ള പൂര്‍ണകായപ്രതിമ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സ്ഥാപിച്ചു. ബര്‍ലിന്‍ മതില്‍ വീണപ്പോള്‍ കമ്പോളചത്വരമെന്ന് പേരു മാറ്റിയ പഴയ മാര്‍ക‌്സ് ചത്വരത്തിലാണ് ഈ പ്രതിമ സ്ഥാപിച്ചത്.  യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കര്‍, സോഷ്യല്‍ ഡെമോക്രാറ്റിക‌് പാർടി നേതാവ് ആന്‍ഡ്രിയ നഷ്‌ലേസ് എന്നിവര്‍ ഉള്‍പ്പെടെ ചടങ്ങിനെത്തി. ട്രയറിന്റെ ആഗോളപൗരന് 30 വര്‍ഷംമുമ്പ് ഇത്തരമൊരു പ്രതിമ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍പോലും കഴിയില്ലെന്ന മേയര്‍ വോള്‍ഫ്രാം ലീബെയുടെ വാക്കുകളില്‍നിന്നുതന്നെ മാര്‍ക‌്സിസത്തിന്റെ വര്‍ധിച്ചുവരുന്ന പ്രസക്തി വായിച്ചെടുക്കാം.  നഗരത്തില്‍ മാര്‍ച്ച‌് 19 മുതല്‍തന്നെ ട്രാഫിക് ലൈറ്റില്‍ പച്ചനിറത്തിനൊപ്പം മാര്‍ക്‌സിന്റെ ചിത്രവും തെളിഞ്ഞുവരാന്‍ തുടങ്ങിയിരുന്നു. ന്യൂബ്രാൻഡൻ ബർഗിലും മാർക‌്സിന്റെ പ്രതിമ ഉടൻ സ്ഥാപിക്കും. 

ട്രയറില്‍നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ ചൈനയുടെ തലസ്ഥാനമായ ബീജിങ്ങില്‍ മാര്‍ക്‌സിന്റെ വലിയ ചിത്രത്തിനും ചെങ്കൊടിക്കും മുമ്പില്‍ നിന്നുകൊണ്ട് ചൈനീസ് പ്രസിഡന്റും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറിയുമായ ഷി ജിന്‍പിങ‌് ‘മനുഷ്യവംശചരിത്രത്തിലെ മഹത്തായ ചിന്തകനാണ‌് കാള്‍ മാര്‍ക‌്സ‌്’ എന്ന‌് വിശേഷിപ്പിച്ചു. ഒരാഴ്ചമുമ്പ് പാര്‍ടി പൊളിറ്റ‌്ബ്യൂറോയോട‌് മാര്‍ക‌്സിയൻ തത്വശാസ്ത്രത്തിന് പ്രചുരപ്രചാരം നല്‍കാനും ഷി ആവശ്യപ്പെട്ടു.  ചൈനീസ് ടെലിവിഷന്‍ മാര്‍ക‌്സിനെക്കുറിച്ചുള്ള പ്രത്യേക പരിപാടികള്‍ സംപ്രേഷണം ചെയ്തു. ചൈനയില്‍ ഇന്നും മാര്‍ക‌്സിസം സ‌്കൂള്‍‐ കോളേജ് ഗവേഷണ മേഖലകളില്‍ പ്രധാന പാഠ്യവിഷയവുമാണ്. ഇന്ത്യയില്‍ സിപിഐ എമ്മാകട്ടെ ഒരുവര്‍ഷം നീണ്ട പരിപാടികള്‍ക്കാണ് തുടക്കമിട്ടിട്ടുള്ളത്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ കമ്യൂണിസത്തിനും സോഷ്യലിസത്തിനും അന്ത്യമായെന്ന പ്രചണ്ഡമായ പ്രചാരണങ്ങളാണ് ലോകമെങ്ങും ഉണ്ടായത്. കേരളത്തിലും ഇതിന്റെ അലകളെത്തിയിരുന്നു. എന്നാല്‍, 2008 സാമ്പത്തികപ്രതിസന്ധിയോടെ  ലോകത്തിന്റെ ശ്രദ്ധ വീണ്ടും മാര്‍ക്‌സിലേക്കും സോഷ്യലിസത്തിലേക്കുമായി. തൊഴിലില്ലായ്മയും കൂലിക്കുറവും കടഭാരവും ദാരിദ്ര്യവും അസമത്വവും വംശീയവിവേചനങ്ങളും  മനുഷ്യസമൂഹത്തെ തളര്‍ത്തിയപ്പോള്‍, അതിന് കാരണം കണ്ടെത്താനും പരിഹാരമാര്‍ഗം തേടാനും മുതലാളിത്തത്തിന്റെ ഏറ്റവും രൂക്ഷവിമര്‍ശകനായ മാര്‍ക്‌സിലേക്ക് ലോകം തിരിഞ്ഞു.  ആഗോളവല്‍ക്കരണത്തിലൂടെ വാഗ‌്ദാനം ചെയ്യപ്പെട്ട മുതലാളിത്തസ്വര്‍ഗം എന്നത് ഉട്ടോപ്യമാത്രമാണെന്ന തിരിച്ചറിവ് മാര്‍ക‌്സിസത്തെ വീണ്ടും പ്രസക്തമാക്കി. മുതലാളിത്തത്തിന്റെ ജിഹ്വയായ ന്യൂയോര്‍ക്ക് ടൈംസ് പോലും ‘ജന്മദിനാശംസകള്‍ കാള്‍ മാര്‍ക‌്സ്, നിങ്ങളാണ് ശരി' എന്ന ലേഖനം പ്രസിദ്ധീകരിച്ചു.  ഗ്രീസിലെ മുന്‍ ധനമന്ത്രിയായ യാനിസ് വറൗഫാക്കിസ് വര്‍ത്തമാനപ്രതിസന്ധി മുറിച്ചുകടക്കാനുള്ള മാര്‍ഗം തെളിയിക്കുന്നത് മാര്‍ക്‌സാണെന്ന് വിളിച്ചുപറഞ്ഞു.

ബ്രിട്ടനിലും മാർക‌്സ് സജീവ ചര്‍ച്ചാവിഷയമായി. ഗാര്‍ഡിയന്‍ പത്രം ഒന്നിലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.  മുമ്പെന്നത്തേക്കാളും വിപ്ലവകാരിയായി മാര്‍ക‌്സ് മാറിയിരിക്കുന്നുവെന്ന് സ‌്റ്റുവർട്ട‌് ജെഫ്രിസ് വിലയിരുത്തി. ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയില്‍ മാര്‍ക‌്സിന്റെ   മൃതദേഹം അടക്കം ചെയ്യുമ്പോള്‍ എംഗല്‍സ് ഉള്‍പ്പെടെ 11 പേരാണ് ഉണ്ടായിരുന്നതെങ്കില്‍, ഇന്ന് സെമിത്തേരിയിലെ സ്മാരകത്തിനു മുമ്പില്‍നിന്ന് സെല്‍ഫി എടുക്കാന്‍  യുവജനങ്ങള്‍ മത്സരിക്കുകയാണ്.

 മാര്‍ക്‌സിനെയും മാര്‍ക്‌സിസത്തെയും വിലയിരുത്തിക്കൊണ്ടുള്ള നിരവധി പുസ്തകങ്ങളും പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. റൂപര്‍ട് വുള്‍ഫിനും ഓസ്‌കര്‍ സരാട്ടെയും ചേര്‍ന്ന് തയ്യാറാക്കിയ  മാര്‍ക‌്സിസം  എ ഗ്രാഫിക‌് ഗൈഡ്, ടെറി ഈഗിള്‍ട്ടണിന്റെ വൈ മാര്‍ക‌്സ് വാസ് റൈറ്റ് (പുനഃപ്രസിദ്ധീകരണം), ഗ്രഗറി ക്ലായേഴ‌്സിന്റെ മാര്‍ക‌്സ് ആൻഡ‌് മാര്‍ക്‌സിസം, ജസോ ബാര്‍ക്കറുടെ മാര്‍ക‌്സ് റിട്ടേണ്‍സ് എന്നിവ ഇതില്‍ പ്രധാനം.  ഓക്‌സഫോര്‍ഡ് തുടങ്ങിയ സർവകലാശാലകളില്‍ നടന്ന സെമിനാറുകളില്‍ ജോണ്‍ മക് ഡോണല്‍, സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ചൈനീസ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സിലെ ലുവോ വെന്‍ഡോങ‌് എന്നിവര്‍ സംസാരിച്ചു.  ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയില്‍ മാര്‍ക്‌സിനെക്കുറിച്ചുള്ള പ്രദര്‍ശനവും നടന്നുവരികയാണ്. ലോകത്തിന്‌ വഴികാട്ടിയായി മാർക്‌സും മാർക്‌സിസവും അംഗീകരിക്കപ്പെടുകയാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top