18 April Thursday

കേരളത്തെ വീണ്ടും നാണംകെടുത്തുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Apr 7, 2016

യുഡിഎഫിലെയും കോണ്‍ഗ്രസിലെയും സീറ്റുവിഭജനം വളരെയേറെ സംഘര്‍ഷംനിറഞ്ഞ പ്രക്രിയയായി മാറിയിരിക്കുന്നു. രാഷ്ട്രീയത്തിനപ്പുറമുള്ള നിരവധി ഘടകങ്ങള്‍ അവരുടെ സ്ഥാനാര്‍ഥിനിര്‍ണയത്തെ സ്വാധീനിക്കുകയാണ്. കോണ്‍ഗ്രസിലെ സീറ്റുവിഭജനത്തില്‍ അഴിമതിക്ക് അനുകൂലവും പ്രതികൂലവുമായ ശക്തികളാണ് ഇരുഭാഗത്തും അണിനിരന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വമായ പ്രചാരണം നടന്നു. ഇത് തെറ്റായ പ്രചാരണമാണെന്ന് സീറ്റുവിഭജനത്തിന്റെ അന്ത്യത്തില്‍ ബോധ്യമായി. അഴിമതിയാരോപണ വിധേയരായ ചില മന്ത്രിമാര്‍ക്കെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ശക്തമായ നിലപാടെടുത്തത് അദ്ദേഹത്തിന് താല്‍പ്പര്യമുള്ള ചിലര്‍ക്ക് സീറ്റ് നേടുന്നതിനു മാത്രമാണെന്ന് പുറത്തുവന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിസ്റ്റ് വ്യക്തമാക്കുന്നു. 

അഴിമതിക്ക് വഴിയൊരുക്കുന്ന യുഡിഎഫ് നയങ്ങളോട് സുധീരന് തെല്ലുമില്ല എതിര്‍പ്പ്. ഒറ്റപ്പെട്ട ചില കാര്യങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ജനശ്രദ്ധ നേടുകയെന്നല്ലാതെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പോരാട്ടമെന്നത് സുധീരന്റെ മനസ്സിലേയില്ല. അഴിമതിയെയും ജനവിരുദ്ധതയെയും സ്ഥാപനവല്‍ക്കരിച്ച യുഡിഎഫ് നയത്തിന് പൂര്‍ണ പിന്തുണനല്‍കി തെരഞ്ഞെടുപ്പിനെ വ്യക്തിതാല്‍പ്പര്യങ്ങളുടെ ഇടമാക്കി മാറ്റുകയാണ് സുധീരനും.

കെ ബാബു, അടൂര്‍ പ്രകാശ്, കെ സി ജോസഫ് എന്നീ മന്ത്രിമാര്‍ക്ക് സീറ്റ് നല്‍കരുതെന്നായിരുന്നു സുധീരന്റെ ആവശ്യം. അഴിമതിക്കാര്‍ക്കെതിരായാണ് സുധീരന്റെ പോരാട്ടമെങ്കില്‍ അദ്ദേഹം ആദ്യം പോരാടേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയാണ്. കേരളത്തില്‍ ഏറ്റവുംകൂടുതല്‍ അഴിമതിയാരോപണം നേരിടുന്നത് താനാണെന്ന് പറഞ്ഞത് മുഖ്യമന്ത്രിതന്നെ. സോളാര്‍, ടൈറ്റാനിയം, പാറ്റൂര്‍ തുടങ്ങി നിരവധി അഴിമതി ഇടപാടുകളില്‍ കളങ്കിതനായി നില്‍ക്കുകയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ത്തന്നെ യുഡിഎഫ് വീണ്ടും ജനങ്ങളെ സമീപിക്കുന്നതില്‍ സുധീരന് ഒട്ടും വേവലാതിയില്ല. പകരം, മറ്റു ചില മന്ത്രിമാരെയും നേതാക്കളെയും ചൂണ്ടിക്കാട്ടി വിലപേശി അതുവഴി തനിക്കൊപ്പം നില്‍ക്കുന്ന ചിലര്‍ക്ക് സീറ്റ് തരപ്പെടുത്താനാണ് കെപിസിസി പ്രസിഡന്റ് ശ്രമിച്ചത്.

വനിതകള്‍ക്ക് സ്ഥാനാര്‍ഥി ലിസ്റ്റില്‍ മതിയായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും എന്തെങ്കിലും മുന്‍കൈയെടുത്തോ? 83 പേരുടെ ലിസ്റ്റ് കോണ്‍ഗ്രസ് പുറത്തുവിട്ടപ്പോള്‍ ഏഴു വനിതകള്‍ മാത്രമാണ് സ്ഥാനാര്‍ഥികള്‍. ഇടതുപക്ഷ ജനാധിപത്യമുന്നണിയിലാകട്ടെ, 17 വനിതകളാണ് ലിസ്റ്റിലുള്ളത്. യുഡിഎഫിലെ മറ്റ് ഘടകകക്ഷികളൊന്നും വനിതകള്‍ക്ക് സ്ഥാനം നല്‍കിയിട്ടില്ല. ജനസംഖ്യയിലും വോട്ടര്‍മാരിലും പകുതിയിലധികമുള്ള സ്ത്രീകളോട് ഒരു ജനാധിപത്യ രാഷ്ട്രീയപാര്‍ടിയുടെ നിലപാടാണിത്.

ഒരാഴ്ച സെക്രട്ടറിയറ്റ് പൂര്‍ണമായും സ്തംഭനാവസ്ഥയിലാക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സീറ്റുചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ തമ്പടിച്ചത്. യുഡിഎഫിലെ സീറ്റുവിഭജനം പൂര്‍ത്തിയാക്കാതെയാണ് കോണ്‍ഗ്രസിന്റെ സീറ്റുവിഭജനത്തിനായി മുഖ്യമന്ത്രിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഡല്‍ഹിയിലെത്തിയത്. അവിടെനിന്ന് ഫോണില്‍ ഘടകകക്ഷിനേതാക്കളെ വിളിച്ച് കോണ്‍ഗ്രസ് തീരുമാനം അടിച്ചേല്‍പ്പിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതെ കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി മാറിനിന്നത്. പൂഞ്ഞാര്‍ സീറ്റിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ കോട്ടയം ഡിസിസി പ്രസിഡന്റ് പരസ്യവിമര്‍ശം നടത്തുന്നതിനെതിരെയും കേരള കോണ്‍ഗ്രസ് എം പ്രതിഷേധമറിയിച്ചു.

കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ച സ്ഥാനാര്‍ഥി ലിസ്റ്റിനെതിരായ പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. ഇരിക്കൂറില്‍ മന്ത്രി കെ സി ജോസഫിനെതിരെ മത്സരിക്കുമെന്നു പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റുതന്നെയാണ്. ചടയമംഗലത്ത് എം എം ഹസ്സനെതിരെ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ചിതറ മധു പ്രഖ്യാപിച്ചു. കൊയിലാണ്ടിയിലെ സ്ഥാനാര്‍ഥിക്കെതിരെ മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ഡിസിസി ഓഫീസ് ഉപരോധിച്ചു. വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുന്‍ എംഎല്‍എ കൂടിയായ ശോഭന ജോര്‍ജ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഐഎന്‍ടിയുസിക്ക് മതിയായ പ്രാതിനിധ്യമില്ലെന്നു പറഞ്ഞ് തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ഐഎന്‍ടിയുസി സംസ്ഥാനനേതൃത്വം. യുവാക്കള്‍ക്കും വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല. സീറ്റ് ലഭിച്ച യുവാക്കളില്‍ പകുതിയിലധികവും കോണ്‍ഗ്രസ് നേതാക്കളുടെ മക്കളാണ്.

യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക് കോണ്‍ഗ്രസിന്റെ ജനാധിപത്യവിരുദ്ധ മനോഭാവത്തില്‍ മനസ്സ് മടുത്തുകഴിഞ്ഞു. വലിയ ആവേശത്തോടെ യുഡിഎഫിലെത്തിയ ആര്‍എസ്പിയാണ് ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത്. ആര്‍എസ്പി മത്സരിക്കേണ്ട സീറ്റുകള്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി തീരുമാനിച്ചു. തൃശൂര്‍ ജില്ലയിലെ കയ്പമംഗലത്ത് സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ കുഴങ്ങുകയാണ് ആര്‍എസ്പി. കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് രണ്ട് സീറ്റ് കൂടുതല്‍ ചോദിച്ചു. എന്നാല്‍, കോണ്‍ഗ്രസ് വഴങ്ങിയില്ല. മുസ്ളിംലീഗിനൊഴികെ മറ്റൊരു ഘടകകക്ഷിക്കും യുഡിഎഫില്‍ മാന്യമായ സ്ഥാനമില്ലെന്നതാണ് അവസ്ഥ.

യുഡിഎഫ് പ്രതിനിധാനംചെയ്യുന്ന ജീര്‍ണമായ രാഷ്ട്രീയംതന്നെയാണ് സീറ്റുവിഭജനത്തിലും അതേത്തുടര്‍ന്നുണ്ടാകുന്ന പ്രതികരണങ്ങളിലും കാണുന്നത്. സ്ഥാനാര്‍ഥിത്വവും ഭരണവും അഴിമതിക്കുള്ള വകയായിമാത്രം കാണുന്ന ഒരു രാഷ്ട്രീയസംവിധാനത്തിന് ഇങ്ങനെയൊക്കെയേ പെരുമാറാനും പ്രവര്‍ത്തിക്കാനും കഴിയൂ. അഞ്ചുവര്‍ഷം കേരളത്തെ നാണംകെടുത്തിയ ഭരണക്കാര്‍ വീണ്ടും ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ സ്ഥാനാര്‍ഥിനിര്‍ണത്തിലൂടെയും തമ്മിലടിയിലൂടെയും വീണ്ടും സംസ്ഥാനത്തെ നാണം കെടുത്തുകയാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top