27 April Saturday

അഴിമതിയുടെ ആളിക്കത്തല്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 7, 2016

അണയുന്നതിനുമുമ്പുള്ള ആളിക്കത്തലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വെപ്രാളപ്രകടനത്തിലൂടെ ദൃശ്യമാകുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിന് തൊട്ടുമുമ്പുള്ള അവസാന മന്ത്രിസഭായോഗങ്ങളില്‍ എടുത്തത് 822 തീരുമാനങ്ങളാണ്. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍നിന്ന് ഒഴിവാകാന്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അവധിയെടുത്തു മാറിനില്‍ക്കുന്നു. ഫെബ്രുവരി 24നും മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളിലും നടന്ന മന്ത്രിസഭായോഗങ്ങളുടെ തീരുമാനങ്ങളില്‍ സിംഹഭാഗവും നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും വിരുദ്ധമാണ്. റവന്യൂ വകുപ്പില്‍ മാത്രം ഇരുനൂറിലേറെ ഫയലുകള്‍ക്ക് അംഗീകാരം നല്‍കി. നിലംനികത്തല്‍ ക്രമപ്പെടുത്തലായിരുന്നു ഭൂരിപക്ഷം ഫയലുകളും. ഭൂമാഫിയക്കും നികുതി വെട്ടിപ്പുകാര്‍ക്കുംവേണ്ടിയെടുത്ത തീരുമാനങ്ങളില്‍ മന്ത്രിസഭയില്‍തന്നെ ഭിന്നാഭിപ്രായം വന്നതായാണ് വാര്‍ത്ത. 

റവന്യൂ വകുപ്പിന്റെ കീഴില്‍ കൂറ്റന്‍ അഴിമതികളാണ് അരങ്ങേറുന്നത്. നെല്‍വയല്‍–തണ്ണീര്‍ത്തട സംരക്ഷണനിയമം (2008) ലംഘിച്ച് എറണാകുളം, ആലപ്പുഴ ജില്ലകളിലായി 425 ഏക്കര്‍ നെല്‍വയല്‍ നികത്താന്‍ അനുമതി നല്‍കി ഉത്തരവിറക്കിയത് മാര്‍ച്ച് രണ്ടിനാണ്. അപ്പര്‍ കുട്ടനാട്ടിലെ മെത്രാന്‍ കായലില്‍ 378 ഏക്കര്‍ കുമരകം ഇക്കോ ടൂറിസം പ്രോജക്ടിനുവേണ്ടി നികത്താനും എറണാകുളം ജില്ലയിലെ കടമക്കുടിയില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി പണിയാന്‍ 47 ഏക്കര്‍ നികത്താനുമാണ് അനുമതി. മെത്രാന്‍ കായല്‍ 2007 മുതല്‍ തരിശ്ശിട്ടിരിക്കയാണെന്ന ന്യായം പറഞ്ഞാണ് നികത്താന്‍ അനുമതി നല്‍കിയത്. നടപടിക്രമങ്ങള്‍ പാലിക്കാതെ, സുതാര്യതയില്ലാത, ധൃതിവച്ച് ഇങ്ങനെയൊരു ഉത്തരവിറക്കിയതിനു പിന്നില്‍ കൂറ്റന്‍ അഴിമതിയല്ലാതെ മറ്റൊന്നുമല്ല. നെയല്‍വയലും തണ്ണീര്‍ത്തടവും നികത്തുന്നത് പരിസ്ഥിതിനാശത്തിന് കാരണമാകുമെന്നിരിക്കെ, പാരിസ്ഥിതികാഘാതം ശാസ്ത്രീയമായി പഠിച്ചുമാത്രം ഇടപെടണ്ട ഒരു വിഷയത്തിലാണ് ഏകപക്ഷീയമായ തീരുമാനം നിഗൂഢമായ രീതിയില്‍ റവന്യൂ മന്ത്രി നടപ്പാക്കുന്നത്. സ്വന്തം പാര്‍ടി നേതൃത്വത്തെപ്പോലും ഇതിനെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല.

വിനോദസഞ്ചാരവികസനത്തിന് ഞങ്ങള്‍ എതിരല്ല. എന്നാല്‍, പരിസ്ഥിതിനാശത്തിലേക്ക് നയിക്കുന്ന നടപടികള്‍ അംഗീകരിക്കാനാകില്ല. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം നെല്‍വയല്‍–നീര്‍ത്തടസംരക്ഷണനിയമം ദുര്‍ബലപ്പെടുത്താന്‍ നിരവധിശ്രമം നടത്തി. അതിന്റെ തുടര്‍ച്ചയായേ പുതിയ ഉത്തരവിനെ കാണാനാകൂ. രണ്ടു ദശാബ്ദത്തിനിടയില്‍ കേരളത്തിലെ നെല്‍വയലുകള്‍ പകുതിയിലധികം കുറഞ്ഞിട്ടുണ്ട്. നെല്‍വയല്‍–തണ്ണീര്‍ത്തടസംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കിയേ ഈ പ്രവണത തടയാനാകൂ. 420 ഏക്കര്‍വരുന്ന മെത്രാന്‍ കായല്‍ പാടശേഖരത്തില്‍ 378 ഏക്കറും നികത്തുന്നത് കുട്ടനാടിന്റെ പരിസ്ഥിതിക്ക് വന്‍ പ്രത്യാഘാതമാണ് ഉണ്ടാക്കുക. ഇക്കോ ടൂറിസത്തോടോ മെഡിക്കല്‍ ടൂറിസത്തോടോ പെട്ടെന്ന് താല്‍പ്പര്യം വന്നതുകൊണ്ടല്ല ഈ ഉത്തരവ് എന്നത് പകല്‍പോലെ വ്യക്തം.

അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, അഴിമതിയുടെ വെടിക്കെട്ടിനുതന്നെയാണ് ഉമ്മന്‍ചാണ്ടി തീകൊളുത്തിയിരിക്കുന്നത്. ഇനിയൊരവസരം ഉണ്ടാകില്ലെന്ന ബോധ്യത്തോടെ, അഴിമതിമേള നടത്തുകയാണ്. മറുഭാഗത്ത്, പൂര്‍ത്തിയാകാത്തതും പണിതീരാത്തതുമായ പദ്ധതികള്‍ ഉദ്ഘാടനംചെയ്ത് ജനങ്ങളെ കബളിപ്പിക്കുന്നു. നാട് കടുത്ത വേനല്‍ച്ചൂടിലും കുടിവെള്ളക്ഷാമത്തിലുമാണ്. വിലക്കയറ്റവും കാര്‍ഷികത്തകര്‍ച്ചയും കേരളത്തിന്റെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണ വിലക്കുറവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അനിശ്ചിതത്വം പ്രവാസികളെയും കുടുംബങ്ങളെയും ആശങ്കയിലാഴ്ത്തുന്നു. ഇതെല്ലാം ശ്രദ്ധിച്ച് ഇടപെടുന്നതിനുപകരമാണ്, വ്യാജപ്രതീതികള്‍ നിര്‍മിക്കാനുള്ള ശ്രമം. സ്വജനപക്ഷപാതവും കൊള്ളയും അഴിമതിയും മാത്രമാണ് യുഡിഎഫ് ഭരണത്തില്‍ നടക്കുന്നത്. കോടികള്‍ ചെലവിട്ട് പരസ്യങ്ങളുടെ പെരുമഴ പെയ്യിച്ചതുകൊണ്ട് എല്ലാം മൂടിവയ്ക്കാമെന്ന ചിന്തയിലാണ് ഉമ്മന്‍ചാണ്ടി. അത് വ്യാമോഹം മാത്രമാണ്. നെല്‍വയല്‍ നികത്തുന്നതുള്‍പ്പെടെയുള്ള തെറ്റായ ഉത്തരവുകള്‍ റദ്ദാക്കിയില്ല എങ്കില്‍ ജനങ്ങള്‍ക്കും നിയമത്തിനും മുന്നില്‍ എണ്ണിയെണ്ണി ഉത്തരം പറയേണ്ടിവരുമെന്ന് അഴിമതിഭരണാധികള്‍ ഓര്‍ത്തേ മതിയാകൂ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top