25 April Thursday

കടമകളില്‍ കാലുറപ്പിച്ച് ഇന്ത്യന്‍ യുവത

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2017


വര്‍ത്തമാനകാലത്ത് ഒരു യുവജനസംഘടനയ്ക്ക് നിറവേറ്റാനുള്ള കര്‍ത്തവ്യങ്ങളെ അതിവിപുലമായ സാമൂഹ്യകര്‍മപരിപാടിയാക്കി വികസിപ്പിച്ചാണ് ഡിവൈഎഫ്ഐ പത്താം അഖിലേന്ത്യാസമ്മേളനം കൊച്ചിയില്‍ സമാപിച്ചത്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടം, മതനിരപേക്ഷത, സാമൂഹ്യനീതി തുടങ്ങി ഏതൊരു പുരോഗമന യുവജനസംഘടനയും ഉയര്‍ത്തിപ്പിടിക്കുന്ന ലക്ഷ്യങ്ങള്‍ക്കപ്പുറം, അടിസ്ഥാനമുദ്രാവാക്യങ്ങളുടെ പ്രയോഗത്തിലും ജനസാമാന്യത്തിന്റെ ദൈനംദിന ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും തനതായ പ്രവര്‍ത്തനശൈലി ഡിവൈഎഫ്ഐക്കുമാത്രം അവകാശപ്പെട്ടതാണ്. സമ്മേളനത്തോടനുബന്ധിച്ച് നടന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും സമാപന മഹാറാലിയിലും ദൃശ്യമായത്, ഇന്ത്യയിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത സംഘടനാശേഷിതന്നെ.

സാമ്രാജ്യത്വ-സമ്പന്ന താല്‍പ്പര്യങ്ങളെ തഴുകി സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന ഭരണനടപടികളെ പ്രതിരോധിക്കാന്‍ രാജ്യത്ത് ഉയര്‍ന്നുവരുന്ന ഐക്യനിരയില്‍ യുവജനങ്ങളുടെ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നുവെന്ന് സമ്മേളനം വിലയിരുത്തി. ഏറ്റവുമൊടുവില്‍, കറന്‍സിനിയന്ത്രണവും കേന്ദ്രബജറ്റും ഉള്‍പ്പെടെയുള്ള നടപടികള്‍ തൊഴിലില്ലായ്മയെ കൂടുതല്‍ രൂക്ഷമാക്കുന്നവയാണ്. പൊതുമേഖലാസ്ഥാപനങ്ങള്‍ തുടരെ വിറ്റഴിക്കപ്പെടുന്ന സാഹചര്യത്തില്‍ ഡിവൈഎഫ്ഐ മുന്നോട്ടുവയ്ക്കുന്ന സ്വകാര്യമേഖലയിലും തൊഴില്‍സംവരണം എന്ന ആവശ്യത്തിന് ഏറെ പ്രസക്തിയുണ്ട്. ഉന്നത വിദ്യാഭ്യാസമേഖലയില്‍ നിലനില്‍ക്കുന്ന പീഡനങ്ങള്‍ക്കുംജാതിവിവേചനത്തിനും ബിജെപി ഭരണം തണലൊരുക്കുകയാണ്. ഇതിന്റെ രക്തസാക്ഷിയായ രോഹിത് വെമുലയുടെ പേരില്‍ പുതിയൊരു നിയമനിര്‍മാണത്തിന് ഡിവൈഎഫ്ഐ സഹോദര സംഘടനകളുമായി ചേര്‍ന്ന് പോരാടും.
രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മതനിരപേക്ഷതയ്ക്ക് നേരെയുള്ളതാണ്. ഹിന്ദുത്വ വിദ്വേഷ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരെ കൊന്നുതള്ളുന്ന നിലയിലേക്ക് അസഹിഷ്ണുത വളര്‍ന്നിരിക്കുന്നു. ഗോമാതാവും രാമക്ഷേത്രവും ദേശീയഗാനവുമെല്ലാം തരാതരംപോലെ അന്യമതവിരോധത്തിന്റെ മൂര്‍ച്ചയുള്ള ആയുധങ്ങളാണ് അവര്‍ക്ക്. സാംസ്കാരിക- വിദ്യാഭ്യാസ രംഗങ്ങളില്‍ സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണി ഡിവൈഎഫ്ഐ ഗൌരവപൂര്‍വം കാണുന്നു. സമ്മേളനത്തിനെത്തിയ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കുവച്ചതും ഈ ആശങ്കതന്നെ. ആശയമേഖലയില്‍ നിരന്തരമായ ഇടപെടലും കൂട്ടായ്മയും ശക്തിപ്പെടുത്തിമാത്രമേ ഈ ആപത്തിനെ മറികടക്കാനാകൂ. 

ഏറെ പ്രയാസങ്ങള്‍ അനുഭവിക്കുന്ന അവഗണിക്കാനാകാത്ത ഒരുവിഭാഗമാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍. ഇവരുടെ ജീവിതപോരാട്ടങ്ങളെ പിന്തുണയ്ക്കാനും സംഘടനയില്‍ അവരുടെ ലിംഗപദവി അംഗീകരിച്ചുതന്നെ അംഗത്വം നല്‍കാനുമുള്ള തീരുമാനം പ്രാധാന്യമര്‍ഹിക്കുന്നതാണ്. ആരോഗ്യ- സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ ഡിവൈഎഫ്ഐയുടെ ഇടപെടല്‍ പുതിയ കാര്യമല്ല. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ നേരിടുന്നതിലും രക്തദാനത്തിലും പിന്തുടര്‍ന്നുപോരുന്ന മാതൃക രാജ്യമാകെ ശ്രദ്ധിക്കപ്പെടുന്നതാണ്. അഖിലേന്ത്യാ സമ്മേളന പ്രതിനിധികളായ 700 പേരും അവയവദാനത്തിനുള്ള സമ്മതപത്രം നല്‍കുകവഴി ഈ രംഗത്ത് വലിയൊരു കുതിച്ചുചാട്ടത്തിനുതന്നെ ഡിവൈഎഫ്ഐ വഴിയൊരുക്കുന്നു. അവയവദാനത്തിന് സമ്മതപത്രം ലഭിക്കാത്തതല്ല ഈ രംഗത്തെ പരിമിതി. ആവശ്യമായ സമയത്ത് ദാതാവില്‍നിന്ന് അവയവം വേര്‍പെടുത്തി രോഗിക്ക് എത്തിക്കാന്‍ സാധിക്കാറില്ലെന്നതാണ് അവയവമാറ്റ ചികിത്സയിലെ പ്രധാന തടസ്സം. ഡിവൈഎഫ്ഐപോലുള്ള കരുത്തുറ്റ യുവജനസംഘടന അഖിലേന്ത്യാസമ്മേളനത്തില്‍ എടുത്ത ഈ തീരുമാനം വലിയൊരു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. അതിബൃഹത്തായ സംഘടനാസംവിധാനമുള്ള ഡിവൈഎഫ്ഐ ഈ ചുമതല ഏറ്റെടുക്കുമ്പോള്‍ വലിയൊരു ബോധവല്‍ക്കരണവും ഒപ്പം ഈ രംഗത്ത് നടമാടുന്ന തട്ടിപ്പുകള്‍ക്കും ചൂഷണങ്ങള്‍ക്കുമുള്ള താക്കീതുംകൂടിയാകുന്നു.

കാരുണ്യ- സാന്ത്വന പ്രവര്‍ത്തനങ്ങളുടെ അനുഭവസമ്പത്ത് ഏറെയുള്ള പ്രതിനിധികള്‍ക്കുമുന്നില്‍ ഒരു പ്രതീകാത്മക പ്രവര്‍ത്തനം എന്ന നിലയിലാണ് ക്യാന്‍സര്‍ദിനത്തിലെ ഫണ്ട് പിരിവ് നേതൃത്വം അവതരിപ്പിച്ചത്്. എന്നാല്‍, ദീനാനുകമ്പയുടെ പുതിയൊരുമുഖം അവിടെ ദൃശ്യമായി. പ്രതിനിധികളും വിവിധ ഘടകങ്ങളും സംഭാവനചെയ്ത ഒരു ലക്ഷത്തില്‍പ്പരം രൂപയാണ്  എറണാകുളം ജനറല്‍ ആശുപത്രിയിലെ രോഗികളുടെ ചികിത്സയ്ക്കായി കൈമാറിയത്. സമ്മേളനത്തിന്റെ ഭാഗമായി പാവങ്ങള്‍ക്ക് നിര്‍മിച്ചുനല്‍കിയ വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി സമാപനസമ്മേളനത്തില്‍ നര്‍വഹിച്ചു.  പ്രകൃതിജീവനത്തിന്റെയും ജൈവകൃഷിയുടെയും നേരനുഭവം ഊട്ടുപുരയില്‍നിന്നുതന്നെ പകര്‍ന്നുനല്‍കിയ സംഘാടകര്‍ക്ക് അഭിമാനിക്കാം. ഭക്ഷണശാലയിലേക്കുള്ള അരിയും മത്സ്യവും ഉള്‍പ്പെടെ സര്‍വവിഭവങ്ങളും നേരിട്ട് കൃഷിചെയ്യുകയായിരുന്നു. പരിസ്ഥിതിസംരക്ഷണത്തിന്റെ മാര്‍ഗരേഖയും തുടര്‍പ്രവര്‍ത്തനങ്ങളും സമ്മേളനം ചര്‍ച്ചചെയ്തു.

രാജ്യത്ത് ഇനിയുമേറെ യുവാക്കളെ വെള്ളക്കൊടിക്കു കീഴില്‍ അണിനിരത്താനുണ്ടെന്ന യാഥാര്‍ഥ്യബോധത്തോടെ പുതുതലമുറയുടെ വികാരവും ഭാഷയും ശൈലിയും ഉള്‍ക്കൊണ്ട് സംഘടനയെ നവീകരിക്കാനും സമ്മേളനം തീരുമാനിച്ചു. പുതിയകാലത്തിനൊത്ത് പ്രവര്‍ത്തനമേഖല വൈവിധ്യവല്‍ക്കരിക്കുകയും ചലനാത്മകമാക്കുകയും വേണം. അരാഷ്ട്രീയവല്‍ക്കരണത്തിന്റെ ഗുണഭോക്താക്കള്‍ പ്രതിലോമശക്തികളാണെന്ന തിരിച്ചറിവോടെ നിരന്തരപോരാട്ടവും സമാന സംഘടനകളുമായുള്ള ഐക്യനിരയും മുന്നോട്ടുകൊണ്ടുപോകും. വനിത- ദളിത് പോരാട്ടങ്ങളുടെ പുതിയൊരു പോര്‍മുഖം രാജ്യത്ത് തുറന്നുവരികയാണ്്. ഇവിടെ മുന്നില്‍നിന്ന് നയിക്കേണ്ട ചുമതല ഡിവൈഎഫ്ഐ ഏറ്റെടുക്കുന്നു. കല- കായിക മേഖലകളിലെ പ്രവര്‍ത്തനങ്ങളും സ്ത്രീധനവിപത്തിനെതിരായ പോരാട്ടവും കൂടുതല്‍ ശക്തിപ്പെടുത്തും.

സ്ത്രീശാക്തീകരണം പ്രസംഗിക്കുകയും സ്ത്രീസംവരണത്തോട് മുഖംതിരിക്കുകയുംചെയ്യുന്ന പ്രസ്ഥാനങ്ങള്‍ക്കുമുന്നില്‍ ഡിവൈഎഫ്ഐ വ്യത്യസ്തമായൊരു മാതൃക യാഥാര്‍ഥ്യമാക്കിയിരിക്കുന്നു. സംഘടനാ കമ്മിറ്റികളില്‍ 20 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കി ഭരണഘടന ഭേദഗതിചെയ്തു. ഇതുപ്രകാരം പുതിയ കേന്ദ്ര സെക്രട്ടറിയറ്റില്‍ നിലവിലുള്ള രണ്ട് വനിതകള്‍ക്കുപകരം അഞ്ചുപേരെ ഉള്‍പ്പെടുത്തി. എല്ലാ അര്‍ഥത്തിലും ഇന്ത്യന്‍ യുവതയ്ക്ക് പ്രതീക്ഷയുടെ പുതിയ വഴിതുറക്കുന്നതാണ് കൊച്ചി സമ്മേളനം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top