27 September Wednesday

ജെഎൻയു അക്രമം ഉന്നത ഗൂഢാലോചന

വെബ് ഡെസ്‌ക്‌Updated: Tuesday Jan 7, 2020

ഭിന്നാഭിപ്രായവും എതിർശബ്‌ദവും  ഉയർത്തുന്നവരെ കൊല്ലുകയെന്ന കാടത്തം സംഘപരിവാറിന്‌ പുതിയ കാര്യമല്ല. വിമർശകർക്കുനേരെ  ഒളിച്ചുവന്ന്‌ വെടിയുതിർക്കാനും പതിയിരുന്ന്‌ വെട്ടിക്കൊല്ലാനും അവർക്ക്‌ മടിയില്ല. പെരുംനുണകൾ പ്രചരിപ്പിച്ച്‌ വർഗീയ കലാപത്തിലൂടെ ആയിരങ്ങളെ കൂട്ടക്കൊലചെയ്‌ത അനുഭവവും മുന്നിലുണ്ട്‌. ആയുധവുമായി സംഘടിച്ചെത്തി ഭീകരാക്രമണത്തിലൂടെ ക്യാമ്പസുകളെ കീഴ്‌പ്പെടുത്തുകയെന്ന പുതിയ പദ്ധതിയാണ്‌ കഴിഞ്ഞദിവസം ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ നടപ്പാക്കിയത്‌. ആസൂത്രിതമായി ക്രിമിനലുകളെ വിന്യസിച്ചാണ്‌ ക്ലാസ്‌ മുറികളിലും ഹോസ്‌റ്റലുകളിലും  കടന്നാക്രമണം നടത്തിയത്‌. വിദ്യാർഥി യൂണിയൻ പ്രസിഡന്റ്‌ ഐഷി ഘോഷ്‌ മുതൽ അധ്യാപിക സുചരിത സെൻ വരെയുള്ളവരെ  ഉന്നംവച്ചുതന്നെയാണ്‌ അക്രമികൾ എത്തിയത്‌. സംഘർഷത്തിനിടയിൽ യാദൃച്ഛികമായി പരിക്കേറ്റതല്ല ഇവർക്ക്‌. പിന്തുടർന്ന്‌ തലയടിച്ചുപൊട്ടിക്കുകയായിരുന്നു. ഇരുമ്പുദണ്ഡുകൊണ്ട്‌ തലയ്‌ക്കടിച്ചവരുടെ  ലക്ഷ്യം ജീവൻതന്നെയായിരുന്നു.

ക്യാമ്പസുകളെയും  യുവതയെയും ഭയപ്പെടുത്തി നിശ്ശബ്ദമാക്കാമെന്ന വ്യാമോഹമാണ്‌ സംഘനേതൃത്വത്തെ നയിക്കുന്നത്‌.  എബിവിപിയെന്ന മറയിൽ ഹിന്ദുത്വ ബ്രിഗേഡിന്റെ പരിച്ഛേദമാണ്‌ ഞായറാഴ്‌ച ജെഎൻയു വളഞ്ഞത്‌. അവരിൽ ബഹുഭൂരിപക്ഷവും റിക്രൂട്ട്‌ ചെയ്യപ്പെട്ട, ആയുധധാരികളായ  ക്രിമിനലുകളായിരുന്നു. പ്രധാന കവാടം പുറത്തുനിന്ന്‌ പൂട്ടി മണിക്കൂറുകളോളം കൊലവിളി നടത്തിയവർക്ക്‌ കേന്ദ്ര ആഭ്യന്തരവകുപ്പിന്‌ കീഴിലുള്ള പൊലീസിൽനിന്ന്‌ ശാസനപോലും നേരിടേണ്ടിവന്നില്ല. ആയുധങ്ങളുമായി അകത്തുകടന്നവർക്ക്‌ വാട്‌സാപ്‌ ഗ്രൂപ്പുകൾവഴി യഥാസമയം നിർദേശങ്ങൾ ലഭിച്ചു.  അവർ വിദ്യാർഥികളെയും അധ്യാപകരെയും കൂട്ടമായും ഒറ്റതിരിഞ്ഞും ആക്രമിച്ചു. നിരവധി പേർക്ക്‌ സാരമായി പരിക്കേറ്റു. അക്രമികൾ ഹോസ്‌റ്റലുകളിലും  ക്ലാസുകളിലും കയറിയിറങ്ങി സർവതും തച്ചുതകർത്തു. വാഹനങ്ങൾ ഒന്നൊഴിയാതെ തല്ലിപ്പൊളിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥികളെ പോലും ആശുപത്രിയിലേക്ക്‌ മാറ്റാൻ അനുവദിച്ചില്ല. മണിക്കൂറുകളോളം നീണ്ട ഭീകരത ലോകമാകെ ദൃശ്യമാധ്യമങ്ങളിലൂടെ കാണുമ്പോഴും പൊലീസ്‌ അനങ്ങിയില്ല. അക്രമികളെ കസ്‌റ്റഡിയിലെടുക്കാനോ പിന്തിരിപ്പിക്കാനോ തയ്യാറാകാത്ത പൊലീസ്‌, വിദ്യാർഥികൾക്കുനേരെ മർദനത്തിന്‌ മുതിർന്നത്‌ സംഘർഷം മൂർച്ഛിപ്പിച്ചു. അധ്യാപകരും  ക്യാമ്പസിലെത്തിയ സിപിഐ എം നേതാക്കളും ഇടപെട്ടാണ്‌ വിദ്യാർഥികളെ പൊലീസ്‌ അതിക്രമത്തിൽനിന്ന്‌ രക്ഷിച്ചത്‌. പൊലീസിന്റെ നഗ്‌നമായ സംഘപരിവാർ സേവയാണ്‌ ജെഎൻയുവിൽ കണ്ടത്‌.


 

ഹിന്ദുത്വ അജൻഡയ്‌ക്കെതിരെ അക്കാദമിക്‌ മേഖലകളിൽനിന്ന്‌  ഉയരുന്ന എതിർപ്പും ചെറുത്തുനിൽപ്പും ബിജെപി സർക്കാരിനെ കുറച്ചൊന്നുമല്ല  അലോസരപ്പെടുത്തുന്നത്‌. രാജ്യത്തെ പ്രധാന സർവകലാശാലകളിലെല്ലാം   മോഡിയുടെ ആദ്യസർക്കാരിന്റെ കാലത്തുതന്നെ വിദ്യാർഥികളുടെ ഉണർവ്‌  പ്രകടമായിരുന്നു. ശാസ്‌ത്രവിരുദ്ധതയും ചരിത്രനിരാസവും  മുഖമുദ്രയാക്കിയ സംഘബന്ധുക്കളെ സർവകലാശാലകളിൽ താക്കോൽസ്ഥാനങ്ങളിൽ അവരോധിച്ചാണ്‌ സർക്കാർ ഇതിനെ നേരിട്ടത്‌. കേന്ദ്ര സർവകലാശാലകളെല്ലാം  അഴിമതിയുടെയും സവർണസേവയുടെയും വിളനിലമായി. ദളിത്‌ പിന്നോക്ക വിദ്യാർഥികൾ കടുത്ത പീഡനങ്ങൾക്ക്‌ ഇരയായി. കുറെപേർ പുറത്താക്കപ്പെട്ടു. നിരവധി സമർഥരായ വിദ്യാർഥികൾ പഠനം ഉപേക്ഷിച്ചു. ഏതാനും കുട്ടികൾ  ജീവനൊടുക്കി. ഈയൊരു പശ്‌ചാത്തലത്തിലാണ്‌ ജെഎൻയു, ഹൈദരാബാദ്‌ ഉൾപ്പെടെയുള്ള സർവകലാശാലകൾ തുടരെയുള്ള വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക്‌ വേദിയായത്‌. ഇതിന്റെ ഫലമായി വിദ്യാർഥി യൂണിയനുകൾ പുരോഗമന വിദ്യാർഥിപ്രസ്ഥാനങ്ങൾ തിരിച്ചുപിടിച്ചു. എബിവിപിയും അരാജ സംഘടനകളും ക്യാമ്പസുകളിൽ നേടിയ താൽക്കാലികസ്വാധീനം ഇതോടെ ഇല്ലാതായി.

ജെഎൻയുവിൽ ക്യാമ്പസ്‌ സ്വകാര്യവൽക്കരണത്തിനും അന്യായമായ ഫീസ്‌ വർധനയ്‌ക്കുമെതിരായ പ്രക്ഷോഭം ആരംഭിച്ചിട്ട്‌ 70 നാൾ പിന്നിട്ടു. വിദ്യാർഥി സംഘടനാ നേതാക്കളുമായി ചർച്ചചെയ്‌ത്‌ പ്രശ്‌നപരിഹാരമുണ്ടാക്കാനായിരുന്നില്ല കേന്ദ്ര മാനവശേഷി  വകുപ്പിനും ആജ്ഞാനുവർത്തിയായ വൈസ്‌ ചാൻസലർക്കും താൽപ്പര്യം.  പലവിധത്തിൽ വിദ്യാർഥികളും അവരെ പിന്തുണയ്‌ക്കുന്ന അധ്യാപകരും പ്രതികാര നടപടികൾക്കിരയായി. ഇതിനെതിരെ തെരുവിലിറങ്ങി വിദ്യാർഥിസമൂഹം കേന്ദ്രഭരണ സിരാകേന്ദ്രംതന്നെ കൈയടക്കുന്ന നിലയിലേക്ക്‌ പ്രക്ഷോഭം വളർന്നു. പക്വമായ വിദ്യാർഥിനേതൃത്വം പ്രക്ഷോഭം ശരിയായനിലയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിനിടയിലാണ്‌ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ  വിദ്യാർഥികളെ പൊലീസ്‌ ക്യാമ്പസിനകത്ത്‌ ക്രൂരമർദനത്തിന്‌ ഇരയാക്കിയത്‌. സ്വാഭാവികമായും ഇന്ത്യയിലെമ്പാടും ക്യാമ്പസുകളിൽ പ്രതിഷേധം കത്തിജ്വലിച്ചു. രാജ്യത്തെ പൊതുധാരയ്‌ക്കൊപ്പം വിദ്യർഥികളും മുന്നേറുന്നത്‌ സംഘപരിവാറിന്റെ ഉറക്കം കൊടുത്തുന്നുണ്ട്. ജെഎൻയുവിലെ സംഘടിത ആക്രമണത്തിനുപിന്നിൽ  കേന്ദ്ര സർക്കാരിന്റെ പ്രതികാരബുദ്ധിയാണ്. ഭയപ്പെടുത്തി ക്യാമ്പസുകളെ നിർജീവമാക്കാനുള്ള ഉന്നതതല  ഗൂഢാലോചനയാണ്‌ ജെഎൻയുവിൽ നടന്നത്‌. എന്നാൽ,  അധികാരത്തിനും ആയുധബലത്തിനും കീഴടങ്ങുന്നതല്ല യുവതയെന്ന്‌ ജെഎൻയു തെളിയിച്ചിരിക്കുന്നു. പുരോഗമന പ്രസ്ഥാനങ്ങളും പൊതുസമൂഹവും നൽകുന്ന  പിന്തുണ ക്യാമ്പസുകൾക്ക്‌ കൂടുതൽ കരുത്ത്‌ പകരുന്നുണ്ട്‌. വരുംനാളുകളിൽ ഇത്‌ കൂടുതൽ അർഥപൂർണമായ പ്രക്ഷോഭങ്ങൾക്ക്‌ വഴിതുറക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top