24 September Sunday

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും

വെബ് ഡെസ്‌ക്‌Updated: Thursday Jan 7, 2016

രക്തം കുടിക്കാനുള്ള ദാഹവുമായി മുട്ടനാടുകളെ തമ്മിലടിപ്പിച്ച് നാവുനീട്ടി കാത്തുനില്‍ക്കുന്ന ചെന്നായയെപ്പോലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്ന് കണ്ണൂരിലെ സമാധാനശ്രമത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ ഒരു രാഷ്ട്രീയനേതാവ് കഴിഞ്ഞദിവസം പറഞ്ഞു. ഈ ഉപമ ഞങ്ങള്‍ ആവര്‍ത്തിക്കുന്നില്ല. കാരണം, സംഘര്‍ഷത്തിന്റെ ഒരു ഭാഗത്തേ ആടുള്ളൂ. മറുഭാഗത്ത് ആടില്ല എന്നതുതന്നെ. മറുഭാഗത്തുള്ളത് രക്തദാഹിയായ പുലിയോ കടുവയോ ഒക്കെയാണ്. ഒരുവശത്ത് ആടും മറുവശത്ത് പുലിയുമാകുമ്പോള്‍ അതിനെ സംഘര്‍ഷമെന്നു പറയാനും നിവൃത്തിയില്ല. നിഷ്ഠുരവും ഏകപക്ഷീയവുമായ ആക്രമണം ആവുന്നതേയുള്ളൂ അത്. രാഷ്ട്രീയനേതാവ് നടത്തിയ ഉപമയോടുള്ള വിയോജിപ്പ് ഇവിടെ തീരുന്നു. മുഖ്യമന്ത്രി ആടിന്റെ ചോര വീഴുന്നതു കാത്തുനില്‍ക്കുന്ന ചെന്നായയെപ്പോലെയാണ് എന്നതിനോട് പൂര്‍ണമായും യോജിക്കുന്നു. യോജിക്കാന്‍ നിര്‍ബന്ധിതമാക്കുന്നത് മുഖ്യമന്ത്രിയുടെ മനുഷ്യത്വരഹിതമായ പ്രതികരണംതന്നെ. 

കണ്ണൂരിലെ ആക്രമണങ്ങള്‍ക്ക് അറുതിവന്നേക്കുമെന്ന ഒരു വിദൂര സൂചനയുണ്ടാകുമ്പോള്‍ത്തന്നെ എത്ര അസ്വസ്ഥനായി ഈ മുഖ്യമന്ത്രി! നാട്ടില്‍ സമാധാനവും സ്വസ്ഥതയും നിലനിന്നു കാണണമെന്നാണ് ഏതു മുഖ്യമന്ത്രിയും ആഗ്രഹിക്കുക. എന്നാല്‍, ഇവിടെ ഇതാ ഒരു മുഖ്യമന്ത്രി സമാധാനമെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ വിറളിപിടിച്ച് പ്രതികരിക്കുന്നു. കേരളം ഈ മുഖ്യമന്ത്രിയെ ഓര്‍ത്ത് ലജ്ജിച്ച് തലതാഴ്ത്തണം.

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് സമാധാനചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അതിനോട് ക്രിയാത്മകമായി പ്രതികരിച്ചു. ഉടന്‍ ഉമ്മന്‍ചാണ്ടിക്ക് പരിഭ്രാന്തിയായി. കണ്ണൂരില്‍ സമാധാനമുണ്ടായാല്‍ തങ്ങളുടെ പ്രധാനപ്പെട്ട ഒരു മുദ്രാവാക്യമാണ് നഷ്ടമാവുക എന്നാണ് അദ്ദേഹം ചിന്തിച്ചത്. അതുകൊണ്ട് കണ്ണൂരില്‍ ഒരിക്കലും സമാധാനമുണ്ടാകരുത് എന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. മനുഷ്യന്‍ മരിച്ചുവീണാലും വേണ്ടില്ല, തങ്ങള്‍ക്ക് പ്രചാരത്തിനായി രാഷ്ട്രീയ ആയുധം കിട്ടണമെന്ന ചിന്ത. ഇവിടെ മറ്റൊരു ഉപമയാണ് പ്രസക്തമാവുക. കൌതുകമുള്ള ആ പഴയ ഉപമ. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുക്കിന്നു കൌതുകം!

സമാധാനശ്രമത്തില്‍നിന്ന് മുഖംതിരിഞ്ഞുനിന്നിട്ടുള്ള പാര്‍ടിയല്ല സിപിഐ എം എന്ന് ഉമ്മന്‍ചാണ്ടി മനസ്സിലാക്കണം. എന്തുകൊണ്ടാണത്? അക്രമം സിപിഐ എമ്മിന്റെ വഴിയല്ല എന്നതുകൊണ്ടുതന്നെ. എണ്‍പതുകളില്‍ അച്ഛനമ്മമാരുടെ മുമ്പില്‍വച്ച് കൊലചെയ്യപ്പെട്ട സുധീഷിന്റെ ചിത കത്തിക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ത്തന്നെ ചിതയ്ക്കരികില്‍നിന്ന് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സമാധാന പുനഃസ്ഥാപന ചര്‍ച്ചയ്ക്കായി ജില്ലാ കലക്ടറേറ്റിലേക്ക് പോകാന്‍ മടികാട്ടാതിരുന്ന പ്രസ്ഥാനമാണ് സിപിഐ എം. സമാധാനത്തിനുവേണ്ടിയുള്ള നിലപാടിന്റെ തിളങ്ങുന്ന ദൃഷ്ടാന്തമാണത്. എല്ലാക്കാലത്തും സിപിഐ എമ്മിന്റെ നിലപാട് അതാണ്. ആ നിലപാടിന്റെ ഭാഗമാണ് മോഹന്‍ ഭാഗവതിന്റെ നിലപാടിനോട് പിണറായിയില്‍നിന്നുണ്ടായ പ്രതികരണം. അത്തരമൊരു സമീപനമുണ്ടാകുമ്പോള്‍ സമാധാനമുണ്ടാകട്ടെ എന്ന നിലപാടെടുക്കുകയല്ലേ ഒരു മുഖ്യമന്ത്രി ചെയ്യേണ്ടത്. സമാധാനമുണ്ടായാല്‍പ്പിന്നെ 'കണ്ണൂരിലെ അക്രമരാഷ്ട്രീയം' എന്ന് കേരളമാകെ തങ്ങള്‍ അലമുറയിട്ടു നടക്കുന്നതെങ്ങനെ എന്ന് ചിന്തിക്കുകയാണോ ജനങ്ങളോട് സ്നേഹമുള്ള ഒരു മുഖ്യമന്ത്രി ചെയ്യേണ്ടത്?

തങ്ങള്‍ സമാധാനചര്‍ച്ചയ്ക്കില്ലെന്ന് സിപിഐ എം പറയണമെന്നും സംഘര്‍ഷം നിരന്തരം തുടരണമെന്നും ആഗ്രഹിക്കുന്ന ഒരു മുഖ്യമന്ത്രിയെക്കുറിച്ച് എന്തു പറയാനാണ്? തലശേരിയില്‍ ആക്രമണം ആരംഭിച്ചത് ആര്‍എസ്എസാണ്. അറുപതുകളുടെ തുടക്കത്തില്‍ മംഗലാപുരത്തുനിന്നും മറ്റും കൊണ്ടുവരപ്പെട്ട ആര്‍എസ്എസുകാര്‍ അവിടെ താവളമടിച്ച് സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ചു. ഇതിന് രണ്ടു ലക്ഷ്യമുണ്ടായിരുന്നു. മുസ്ളിം ന്യൂനപക്ഷം നല്ല നിലയ്ക്കുള്ള പ്രദേശമായ അവിടെ വര്‍ഗീയ കലാപമുണ്ടാക്കണം. അതിന് അനുവദിക്കാത്ത രാഷ്ട്രീയശക്തിയായ സിപിഐ എമ്മിനെ തകര്‍ക്കണം. ഇതു രണ്ടുമായിരുന്നു ലക്ഷ്യം. സിപിഐ എം ചെറുത്തുനിന്നു. തന്ത്രങ്ങള്‍ നടപ്പാക്കാന്‍ ആര്‍എസ്എസിന് എളുപ്പമായില്ല. അങ്ങനെയിരിക്കെയാണ് തലശേരി വര്‍ഗീയകലാപത്തിന് എഴുപതുകളുടെ തുടക്കത്തില്‍ അവര്‍ തിരികൊളുത്തിയത്. അവിടെയും ന്യൂനപക്ഷ സംരക്ഷണത്തിന് ആകെക്കൂടി കമ്യൂണിസ്റ്റുകാരേ ഉണ്ടായുള്ളൂ. ഒരു കോണ്‍ഗ്രസുകാരനുമുണ്ടായില്ല; ഒരു ലീഗുകാരനുമുണ്ടായില്ല. സിപിഐ എം മൊഴികൊടുക്കാന്‍ ചെല്ലാതിരുന്നിട്ടുകൂടി കലാപത്തെക്കുറിച്ചന്വേഷിച്ച വിതയത്തില്‍ കമീഷന്‍ രേഖപ്പെടുത്തിയത്, കൊടിവച്ച കാറില്‍ നടന്ന് കലാപത്തിന്റെ തീ കെടുത്താനും ന്യൂനപക്ഷത്തെ രക്ഷിക്കാനും സിപിഐ എം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ്. ആ കലാപത്തിനെതിരെ പ്രവര്‍ത്തിച്ചതിനാണ് ആര്‍എസ്എസുകാര്‍ സിപിഐ എമ്മിന്റെ യു കെ കുഞ്ഞിരാമനെ കൊലപ്പെടുത്തിയത് എന്നതും ഓര്‍മിക്കണം. മനുഷ്യഭിത്തി സൃഷ്ടിച്ച് സിപിഐ എം കലാപത്തെ ചെറുത്തു. ഇതിന്റെ ഫലമായി പക വീണ്ടും വര്‍ധിച്ചു. കലാപം ജയിക്കാതിരുന്നതിലുള്ള വിഷമമാണ് സിപിഐ എമ്മിനെതിരായ ആക്രമണം മറ്റു പ്രദേശങ്ങളിലേക്കുകൂടി പടര്‍ത്തിയത്. അഖിലേന്ത്യാ നേതൃത്വത്തിന്റെതന്നെ കാര്‍മികത്വത്തിലാണ് ഇതൊക്കെ നടന്നത് എന്നതിന് മറ്റു സംസ്ഥാനത്തുനിന്നുള്ളവര്‍ വന്ന് തമ്പടിച്ചതുമുതല്‍ തലശേരി പ്രദേശത്തെ കേന്ദ്രനേതൃത്വം ഏറ്റെടുത്തു എന്ന പ്രഖ്യാപനംവരെ എത്രയോ തെളിവുകള്‍. കണ്ണൂരിനെ ആദ്യവും അതുവഴി കേരളത്തെ പിന്നീടും അധീനമാക്കുക എന്നതായിരുന്നു തന്ത്രം. ആ വഴിക്കുള്ള നീക്കമാണ് കണ്ണൂരിനെ കലാപഭൂമിയായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസിനടക്കം പഴുതു നല്‍കിയത്. ഏതായാലും അക്രമത്തിലൂടെ അമര്‍ച്ച ചെയ്യാനാവില്ല എന്ന് ബോധ്യപ്പെട്ടിട്ടോ എന്തോ ആര്‍എസ്എസിന്റെ കേന്ദ്രനേതൃത്വംതന്നെ സമാധാനത്തെക്കുറിച്ച് പറഞ്ഞു. സിപിഐ എം അതിനോട് ക്രിയാത്മകമായി പ്രതികരിച്ചു. അപ്പോഴാണ് രക്തദാഹിയെപ്പോലെ മുഖ്യമന്ത്രി വരുന്നത്.

മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ടിയും സമാധാനത്തിന്റെ മാലാഖ ചമയേണ്ട. ഡിസിസി ഓഫീസില്‍ ബോംബുണ്ടാക്കുന്നുവെന്ന് ഡിസിസി മുന്‍ സെക്രട്ടറിതന്നെ പറഞ്ഞത് ഉമ്മന്‍ചാണ്ടി മറന്നതായി നടിക്കേണ്ടതില്ല. അടിയന്തരാവസ്ഥയില്‍ ദിനേശ് ബീഡി തൊഴിലാളിയായ കൊളങ്ങരേത്തു രാഘവനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതുമുതല്‍ക്കിങ്ങോട്ടുള്ള ഭീകരപ്രവര്‍ത്തനചരിത്രം ഉമ്മന്‍ചാണ്ടി സൌകര്യപൂര്‍വം മറന്നാലും കേരളം മറക്കില്ല. കോണ്‍ഗ്രസ് തുടങ്ങിവച്ച ആ പഴയ ബോംബ് രാഷ്ട്രീയം കൂടുതല്‍ ശക്തിപ്പെടുത്തി മുമ്പോട്ടുകൊണ്ടുപോയി ആര്‍എസ്എസ്. അതിന്റെ ദേശീയനേതാവുതന്നെ സമാധാനം സ്ഥാപിക്കാന്‍ ചര്‍ച്ചയാകാമെന്ന് ഇന്നു പറയുമ്പോള്‍ മുഖംതിരിഞ്ഞ് സിപിഐ എം നില്‍ക്കില്ല.

അതിനര്‍ഥം ബിജെപിയുമായി ബന്ധം എന്നല്ല. കോ–ലീ–ബി സഖ്യത്തിന്റെയും തൊഗാഡിയ കേസ് പിന്‍വലിച്ചുകൊടുക്കലിന്റെയും എംജി കോളേജ് ആക്രമണക്കേസ് പിന്‍വലിക്കലിന്റെയും ഒക്കെ ബിജെപി ബന്ധമുള്ള ഉമ്മന്‍ചാണ്ടിക്ക് ആ മഞ്ഞക്കണ്ണാടിയിലൂടെയേ എന്തും കാണാനാകൂ. ജനത്തിന് ആ അവസ്ഥയില്ല. ആര്‍എസ്എസുമായി ബന്ധം സ്ഥാപിച്ചിട്ടുള്ള ഉമ്മന്‍ചാണ്ടി സിപിഐ എമ്മും അങ്ങനെതന്നെ എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കേണ്ട. കണ്ണൂരില്‍ മനുഷ്യരക്തം വീഴുന്നതു തടയാന്‍ സമാധാനശ്രമമുണ്ടാകുന്നെങ്കില്‍ അതു തകര്‍ത്ത് രാഷ്ട്രീയനേട്ടമുണ്ടാക്കാമെന്നു ധരിക്കുകയും വേണ്ട


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top