19 April Friday

ഇപിഎഫ്‌ പെൻഷൻ : ക്രൂരമാണ്‌ ഈ അവഗണന

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022


അധ്വാനശേഷി രാഷ്ട്രനിർമാണത്തിനായി വിനിയോഗിക്കുന്നവരോട്‌ കേന്ദ്രസർക്കാർ പിന്തുടരുന്ന അവഗണനയ്‌ക്ക്‌ ഒടുവിലത്തെ ഉദാഹരണമാണ്‌ ഇപിഎഫ്‌ പെൻഷൻ കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ സംഭവിക്കുന്ന കാലതാമസം. സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന്‌ വിരമിച്ചവർക്ക്‌ ഉയർന്ന പെൻഷന്‌ വഴിയൊരുക്കുന്ന ഉത്തരവ്‌ സുപ്രീംകോടതി പുറപ്പെടുവിച്ച്‌ മാസമൊന്ന്‌ പിന്നിടുമ്പോഴും ഇതു പ്രാവർത്തികമാക്കാൻ ആവശ്യമായ മാർഗനിർദേശം ഇപിഎഫ്‌ഒ തയ്യാറാക്കിയിട്ടില്ല. മാർഗനിർദേശം വന്നാൽ അതനുസരിച്ചുള്ള നടപടിക്രമങ്ങൾ ജീവനക്കാരും പെൻഷൻകാരും തൊഴിൽസ്ഥാപനങ്ങളും ഇപിഎഫ്‌ഒയും സ്വീകരിക്കേണ്ടതുണ്ട്‌. സങ്കീർണമായ ഈ പ്രക്രിയ നടപ്പാക്കാൻ സുപ്രീംകോടതി നാലുമാസമാണ്‌ നൽകിയത്‌.

ദീർഘകാല വ്യവഹാരങ്ങൾക്കുശേഷം സുപ്രീംകോടതി ഈ വിഷയത്തിൽ ഇറക്കിയ ഉത്തരവ്‌ പൂർണമായും തൃപ്‌തികരമായില്ലെങ്കിലും പെൻഷൻകാർക്കും ജീവനക്കാർക്കും ഒരളവോളം ആശ്വാസമായിരുന്നു. ഈ പ്രതീക്ഷയിന്മേൽ കരിനിഴൽ വീഴ്‌ത്തിയ നടപടികളാണ്‌ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്‌. വിധി നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ ഇനിയും വ്യക്തമായ തീരുമാനം എടുത്തിട്ടില്ലെന്നാണ്‌ തൊഴിൽമന്ത്രി ഭൂപേന്ദ്രസിങ്‌ യാദവിന്റെ പ്രതികരണം വ്യക്തമാക്കുന്നത്‌. വേതനത്തിന്‌ ആനുപാതികമായി കൂടിയ പിഎഫ്‌ വിഹിതം അടയ്‌ക്കുന്നവർക്ക്‌ ഉയർന്ന പെൻഷൻ നൽകണമെന്ന സുപ്രീംകോടതി വിധി നിയമപരമായും സാമ്പത്തികമായും വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്നു മന്ത്രി പറഞ്ഞു.

ഉയർന്ന പെൻഷൻ സംവിധാനം നടപ്പാക്കാൻ കേന്ദ്രത്തിനു താൽപ്പര്യമില്ലെന്നത്‌ പലതവണ തെളിഞ്ഞതാണ്‌. ഇതുസംബന്ധിച്ച്‌ വിവിധ ഹൈക്കോടതികൾ പുറപ്പെടുവിച്ച വിധികൾക്കെതിരെ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരിന്റെ വാദങ്ങളും സത്യവാങ്‌മൂലവും ഉയർന്ന പെൻഷൻ നടപ്പാക്കുന്നതിനെ എതിർത്തായിരുന്നു. കേസ്‌ നീട്ടാനും കേന്ദ്രം പല കളികളും നടത്തി. താൽപ്പര്യപൂർവം കേസ് പരിഗണിച്ച ജഡ്ജിക്കെതിരെ കേന്ദ്രസർക്കാർ പരാതിപ്പെട്ടു. ഇതൊക്കെ കഴിഞ്ഞ് അന്തിമവിധി വന്ന്‌ ഒരുമാസത്തിനുശേഷമാണ്‌ തൊഴിൽമന്ത്രിയുടെ വിചിത്രമായ പ്രതികരണം. വൻകിട കോർപറേറ്റുകൾക്ക്‌ ലക്ഷക്കണക്കിനു കോടിരൂപയുടെ നികുതിയിളവ്‌ നൽകാൻ അരനിമിഷത്തിൽ തീരുമാനമെടുക്കുന്ന കേന്ദ്രസർക്കാർ കോടിക്കണക്കിനു പെൻഷൻകാരോടും ജീവനക്കാരോടും ക്രൂരമായി മുഖം തിരിഞ്ഞുനിൽക്കുകയാണ്‌.

വിധി നടപ്പാക്കാൻ നിർദേശം വരാത്ത സാഹചര്യത്തിൽ എന്തു ചെയ്യണമെന്ന കാര്യത്തിൽ രാജ്യമെമ്പാടുമുള്ള ഇപിഎഫ്‌ഒ കാര്യാലയങ്ങളിലെ ജീവനക്കാരും കടുത്ത ആശങ്കയിലും സമ്മർദത്തിലുമാണ്‌. സുപ്രീംകോടതി ഉത്തരവ്‌ എങ്ങനെ നടപ്പാക്കണമെന്ന്‌ അന്വേഷിച്ച്‌ ഇപിഎഫ്‌ഒ ആസ്ഥാനത്തേക്ക്‌ _കത്തുകളും ഇ മെയിലുകളും പ്രവഹിക്കുന്നു. ഓരോ ദിവസവും ആയിരക്കണക്കിനു ചോദ്യങ്ങൾ വരുന്നുണ്ടെന്നും എന്തു മറുപടി നൽകണമെന്ന്‌ അറിയില്ലെന്നും വിവിധ സംസ്ഥാനങ്ങളിലെ ഇപിഎഫ്‌ഒ ജീവനക്കാർ പറയുന്നു. ഇപിഎഫ്‌ഒ ജീവനക്കാരുടെ അഖിലേന്ത്യ ഫെഡറേഷൻ സുപ്രീംകോടതി ഉത്തരവ്‌ ഉടൻ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇപിഎഫ്‌ കമീഷണർക്ക്‌ കത്ത്‌ നൽകി. ഇപിഎഫ്‌ഒ കാര്യാലയങ്ങളിലെ ജോലിഭാരം പതിന്മടങ്ങ്‌ വർധിച്ചിട്ടുണ്ട്‌. ദൈനംദിന ജോലിക്കു പുറമേയാണ്‌ സുപ്രീംകോടതി ഉത്തരവ്‌ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അധികജോലികൾ നിറവേറ്റേണ്ടത്‌. ആവശ്യത്തിനു ജീവനക്കാരെ ലഭ്യമാക്കാനും കേന്ദ്രം തയ്യാറാകുന്നില്ല. ഇപിഎഫ്‌ പദ്ധതിയിൽ ചേരുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന്‌ കേന്ദ്രം അവകാശപ്പെടുമ്പോഴും ഇവരുടെ ഫയലുകൾ കൈകാര്യം ചെയ്യാൻ മതിയായ സംവിധാനം ഒരുക്കുന്നില്ല. ആത്മാർഥത തീരെ പ്രകടിപ്പിക്കാതെയാണ്‌ കേന്ദ്രം തൊഴിലാളിക്ഷേമത്തെക്കുറിച്ച്‌ അവകാശവാദങ്ങൾ പ്രകടിപ്പിക്കുന്നത്‌. ഇപിഎഫ്‌ നിക്ഷേപം ഓഹരിവിപണിയിൽ നിക്ഷേപിച്ച്‌ ധനമൂലധനശക്തികളുടെ ചൂതാട്ടത്തിന്‌ കൂട്ടുനിൽക്കാനാണ്‌ കേന്ദ്രം വ്യഗ്രത കാട്ടുന്നത്‌. ഇപ്പോൾ ഇഎസ്‌ഐ ഫണ്ടും ഓഹരിവിപണിയിലേക്ക്‌ തിരിച്ചുവിടുന്നു. സംഘപരിവാർ അനുകൂല തൊഴിലാളിസംഘടനയടക്കം കേന്ദ്രസർക്കാരിന്റെ ഇത്തരം നയങ്ങൾക്കെതിരെ പ്രക്ഷോഭത്തിലാണ്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കൊണ്ടുവന്ന തൊഴിൽനിയമങ്ങൾപോലും അട്ടിമറിക്കാൻ തൊഴിൽകോഡുകൾ കൊണ്ടുവന്ന മോദിസർക്കാർ തൊഴിലാളികളെ കൊടിയ ചൂഷണത്തിനായി എറിഞ്ഞുകൊടുക്കുകയാണ്‌. ഇതിനെതിരായി വരുംനാളുകളിൽ അതിശക്തമായ പ്രക്ഷോഭങ്ങൾ ഉയരേണ്ടതുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top