20 April Saturday

ആർസിഇപി കരാർ: ആശങ്ക ഒഴിയുന്നില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019

മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാറിൽ ചേരാൻ അവസാന നിമിഷംവരെ മുന്നോട്ടുവച്ച കാൽ മോഡി  പിന്നോട്ടെടുത്തെങ്കിലും രാജ്യത്തിന് ആശ്വാസമായോ? ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ ജനവിരുദ്ധനയങ്ങൾക്ക്‌ തടയിടാനാകുമെന്ന പാഠവും ആർസിഇപി നൽകുന്നുണ്ട്‌. കരാറിൽ ഇപ്പോൾ ഉൾപ്പെട്ടില്ലെങ്കിലും ഒപ്പുവയ്‌ക്കാൻ സാധ്യതകൾ  ഇനിയുമുണ്ടെന്നാണ്‌ ബാങ്കോക്ക് ഉച്ചകോടിയുടെ സമാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മേഖലയിലെ മറ്റു നേതാക്കളും പറഞ്ഞതിൽനിന്ന്‌ മനസ്സിലാകുന്നത്. 2020ൽ കരാർ അന്തിമമായി പ്രഖ്യാപിക്കുംമുമ്പ് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം തുടരുമെന്ന് മോഡി പറഞ്ഞു. ഇന്ത്യക്കായി വാതിലുകൾ തുറന്നുകിടക്കുകയാണെന്ന് മറ്റു രാജ്യങ്ങളും വ്യക്തമാക്കി. അതിനർഥം തൽക്കാലം ആശ്വാസമെങ്കിലും കാര്യങ്ങൾ ഇവിടെ അവസാനിക്കുന്നില്ലെന്നാണ്. കരാറുമായി മുന്നോട്ടുപോകുമെന്ന് മറ്റ്‌ 15 രാജ്യങ്ങൾ സംയുക്ത പ്രസ്‌താവനയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ കർഷകർ, തൊഴിലാളികൾ, വ്യാപാരികൾ, വ്യവസായികൾ എന്നിവരടക്കം ബഹുഭൂരിപക്ഷം ജനങ്ങളെയും ദോഷകരമായി ബാധിക്കുന്നതാണ് കരാർ. ലോകത്തെ പകുതിയോളം ജനങ്ങൾ വസിക്കുന്ന പ്രദേശം ഉൾപ്പെടുന്ന ഏറ്റവും വലിയ സ്വതന്ത്രവ്യാപാര കരാർ. ഇതിൽ ചേർന്നാൽ, മേഖലാ രാജ്യങ്ങളിൽനിന്ന് നിയന്ത്രണമൊന്നുമില്ലാതെ ചരക്കുകൾ ഒഴുകിയെത്തുന്നതു വഴി നമ്മുടെ കൃഷി, ചെറുകിട വ്യവസായം, പാലുൽപ്പാദനം, കോഴി, താറാവു വളർത്തൽ, മത്സ്യബന്ധനം എന്നിവയൊക്കെ താറുമാറാകും. തൊഴിലില്ലായ്മ ഇനിയും പെരുകും. കേരളത്തിലടക്കം റബർ, കാപ്പി, തേയില, കുരുമുളക്, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയുടെയെല്ലാം സ്ഥിതി കഷ്ടത്തിലാകും. സ്വഭാവികമായും കർഷകർ പ്രതിഷേധ കൊടുങ്കാറ്റ്‌ ഉയർത്തി. അവസാന നിമിഷം മോഡി സർക്കാർ ബാങ്കോക്കിൽ തന്ത്രപരമായ പിന്മാറ്റം പ്രഖ്യാപിച്ചു.

ചൈന, ന്യൂസിലൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് തടസ്സമില്ലാതെ ചരക്കുകൾ എത്തുമ്പോൾ അവരുമായി മത്സരിക്കാനാകില്ലെന്ന് ഇന്ത്യൻ വ്യവസായമുതലാളിമാർ ഭയപ്പെടുന്നുണ്ട്. ഇന്ത്യയിലേക്കാൾ കുറഞ്ഞ ചെലവിൽ ചരക്കുകൾ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഈ രാജ്യങ്ങൾക്ക് ഇവിടെ വില കുറച്ച് വിൽക്കാനാകും. അത് ഇന്ത്യൻ വ്യവസായമുതലാളിമാരുടെ ലാഭം കുറയാനിടയാക്കും. വൻകിട കോർപറേറ്റുകളും കുത്തകകളും പൊതുവെ കരാറിന്‌ അനുകൂലമാണെങ്കിലും ചിലർക്കെങ്കിലും ആശങ്കകൾ ഉണ്ട്‌.


 

രാജ്യത്തുയർന്ന അതിശക്തമായ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് സർക്കാരിന്റെ പിന്മാറ്റമെന്നതും ശ്രദ്ധേയമാണ്.  ഇനിയും മുന്നോട്ടുപോയാൽ പ്രതിഷേധം പുതിയ രൂപങ്ങളിലേക്ക് മാറുമെന്നും സർക്കാർ കണ്ടുകാണണം. ദേശവ്യാപകമായി പടർന്ന സമരാഗ്നി കണ്ടില്ലെന്നു നടിക്കാൻ കഴിയുമായിരുന്നില്ല. വിവിധ ജനവിഭാഗങ്ങൾ ഒറ്റക്കെട്ടായി ആളിക്കത്തിച്ച പ്രതിഷേധത്തിന്റെ അഗ്നിജ്വാലകൾ മോഡിയെ ഞെട്ടിച്ചുവെന്നതിൽ തർക്കമില്ല.

കരാറിനെതിരെ ഇടതുപക്ഷ പാർടികൾ വമ്പൻ പ്രതിഷേധമാണുയർത്തിയത്. കർഷകരും കർഷകത്തൊഴിലാളികളും തോട്ടം തൊഴിലാളികളുമെല്ലാം ദേശവ്യാപകമായി രംഗത്തിറങ്ങി. കരാറിൽ ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ട് കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. 2012ൽ ആർസിഇപി ചർച്ച തുടങ്ങിവച്ചത് രണ്ടാം യുപിഎ സർക്കാരാണെങ്കിലും ഇപ്പോൾ കരാറിനെതിരെ കോൺഗ്രസും രംഗത്തുവന്നു. ഹരിയാന, -മഹാരാഷ്ട്ര ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ തിരിച്ചടിയും കാൽ അൽപ്പം പിന്നോട്ടുവയ്‌ക്കാൻ ഇടയാക്കിയിട്ടുണ്ട്. പക്ഷേ, കൃഷിക്കാരുടെയും തൊഴിലാളികളുടെയും ഉൽക്കണ്ഠകൾക്ക് വിരാമമിടാൻ സമയമായില്ല.ആപത്തിന്റെ മണിമുഴക്കം ഇപ്പോഴുംകേൾക്കാം.

വ്യവസായോൽപ്പന്നങ്ങളുടെയും ഉപഭോക്തൃ ചരക്കുകളുടെയും ഏറ്റവും വലിയ കമ്പോളമാണ് ഇന്ത്യ. അതുകൊണ്ട്, ഇന്ത്യയെ ഉൾപ്പെടുത്താൻ സമ്മർദം തുടരും. അത്‌ അസാധ്യമാക്കുംവിധം വൻ ജനകീയമുന്നേറ്റംതന്നെ രാജ്യത്ത്‌ ഉയരണം. ഇനിയുള്ള ദിവസങ്ങളിലും ആർസിഇപി കരാറിനെതിരെ പോരാട്ടം തുടരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top