28 March Thursday

ശബരിമല: ജസ്‌റ്റിസ്‌ പി സദാശിവത്തിന്റെ അർഥവ്യാപ്തിയുള്ള വാക്കുകൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019



ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടെന്ന കാര്യം അർഥശങ്കയ്‌ക്കിടയില്ലാത്തവിധം വ്യക്തമാക്കിയാണ് റിട്ട. ജസ്റ്റിസ് പി സദാശിവം കേരളത്തിന്റെ ഗവർണർ സ്ഥാനം ഒഴിയുന്നത്. ഭരണഘടനയ്‌ക്കും നീതിന്യായവ്യവസ്ഥയ്‌ക്കും കീഴിൽ പ്രവർത്തിക്കുന്ന ഏത് സർക്കാരും ചെയ്യേണ്ട കാര്യം മാത്രമാണ് ശബരിമലയിൽ കേരള സർക്കാർ ചെയ്‌തതെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞുകഴിഞ്ഞു. വിധി സംബന്ധിച്ച് പരാതിയുള്ളവർ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെ നയിച്ച ജസ്റ്റിസ് സദാശിവം വ്യക്തമാക്കിയിരിക്കയാണ്. ശബരിമല സ്ത്രീപ്രവേശന വിഷയമുയർത്തി കലാപമുണ്ടാക്കാനും രാഷ്ട്രീയ മുതലെടുപ്പുനടത്താനും ശ്രമിച്ചവർക്കുള്ള ശക്തമായ മറുപടിയാണ് ഈ പ്രതികരണം.

സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ കൈക്കൊണ്ട നിയമപരമായ നടപടികളെ മഹാപാതകമായി ചിത്രീകരിച്ച് ജനങ്ങളെ വഴിതെറ്റിക്കാൻ ശ്രമിച്ചവർക്ക് ഗവർണർ സ്ഥാനത്തുനിന്നു വിടവാങ്ങുന്ന വേളയിൽ പി സദാശിവം നടത്തിയ അഭിപ്രായപ്രകടനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? ശബരിമല വിഷയത്തിൽ ഭരണഘടനാപരവും നിയമപരവുമായ ചുമതല നിർവഹിക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്‌തതെന്ന്‌ സുപ്രീംകോടതി വിധി സുവർണാവസരമാക്കി മാറ്റാൻ ആഹ്വാനംചെയ്‌ത സംഘപരിവാറും അവരുടെ ബി ടീം കളിച്ച് രാഷ്ട്രീയലാഭത്തിനു ശ്രമിച്ച കോൺഗ്രസും ഇനിയെങ്കിലും സമ്മതിക്കുമോ? ഇക്കാര്യത്തിൽ സംശയം ബാക്കിനിൽക്കുന്നവർക്ക് ഇപ്പോൾ കൂടുതൽ വ്യക്തത കൈവന്നിട്ടുണ്ടാകുമെന്നും കരുതാം.

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിൽനിന്നു വിരമിച്ചശേഷം മോഡി സർക്കാർ കേരളത്തിന്റെ ഗവർണർ സ്ഥാനത്ത് അവരോധിച്ച പി സദാശിവത്തിന്റെ അഭിപ്രായപ്രകടനത്തിന് വിപുലമായ മാനങ്ങളുണ്ട്. സുപ്രീംകോടതിയിൽനിന്ന് വിരമിച്ചതിനു പിന്നാലെ അദ്ദേഹത്തെ ഗവർണറായി കേരളത്തിലേക്ക് അയക്കുമ്പോൾ സംഘപരിവാറിന് ചില മനസ്സിലിരിപ്പുകൾ ഉണ്ടായിരുന്നുവെന്ന് വ്യക്തം. എന്നാൽ, സംസ്ഥാന സർക്കാരിനോട് തുറന്ന സമീപനം പുലർത്തിയ സദാശിവത്തിന് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തികഞ്ഞ മതിപ്പായിരുന്നു. കേരളത്തിന്റെ ഐക്യവും സഹിഷ്‌ണുതയും സാഹോദര്യവും ഹൃദയത്തിൽ തൊട്ടറിഞ്ഞാണ് അദ്ദേഹം മടങ്ങുന്നത്.

രാജ്യത്തിന്റെ ജനാധിപത്യപരമായ നിലനിൽപ്പിന് ആധാരമായ ഭരണഘടനയെയും അതിന്റെ അടിസ്ഥാനതത്വങ്ങളെയും മറന്നുള്ള നിയമഭേദഗതികൾ സുപ്രീംകോടതി അനുവദിക്കില്ല. ശബരിമല വിഷയത്തിലെ വിധി മറികടക്കാൻ നിയമമോ ഓർഡിനൻസോ കൊണ്ടുവന്നാൽ അത് അതിവേഗം സുപ്രീംകോടതി റദ്ദാക്കാനാണ് സാധ്യത. അതറിയാവുന്നതുകൊണ്ടാണ് ബിജെപിയും കോൺഗ്രസും ഇപ്പോൾ മിണ്ടാത്തത്.

ശബരിമല വിഷയത്തിൽ നിയമനിർമാണം നടത്തുമെന്നും ഓർഡിനൻസ് ഇറക്കുമെന്നും വീമ്പുപറഞ്ഞ സംഘപരിവാറും കോൺഗ്രസും ഇപ്പോൾ മൗനംപാലിക്കുകയാണ്. കേന്ദ്രത്തിൽ കൂടുതൽ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തിയിട്ടും ഓർഡിനൻസ് ഇറക്കാനോ നിയമനിർമാണം നടത്താനോ  മോഡി സർക്കാർ തയ്യാറാകുന്നില്ല. ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങൾക്ക് വിരുദ്ധമായ ഒരു നിയമനിർമാണവും നിലനിൽക്കില്ലെന്ന കാര്യം ബിജെപിക്കും കോൺഗ്രസിനും വ്യക്തമായറിയാം. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിലൊന്നായ തുല്യനീതി നടപ്പാക്കുന്നതിനായി സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ മറികടക്കാൻ നിയമം കൊണ്ടുവരുന്നതും ഓർഡിനൻസ് ഇറക്കുന്നതും ഭരണഘടനയെ തന്നെ നിഷേധിക്കലാണ്. രാജ്യത്തിന്റെ ജനാധിപത്യപരമായ നിലനിൽപ്പിന് ആധാരമായ ഭരണഘടനയെയും അതിന്റെ അടിസ്ഥാനതത്വങ്ങളെയും മറന്നുള്ള നിയമഭേദഗതികൾ സുപ്രീംകോടതി അനുവദിക്കില്ല. ശബരിമല വിഷയത്തിലെ വിധി മറികടക്കാൻ നിയമമോ ഓർഡിനൻസോ കൊണ്ടുവന്നാൽ അത് അതിവേഗം സുപ്രീംകോടതി റദ്ദാക്കാനാണ് സാധ്യത. അതറിയാവുന്നതുകൊണ്ടാണ് ബിജെപിയും കോൺഗ്രസും ഇപ്പോൾ മിണ്ടാത്തത്.

സ്ത്രീപുരുഷ തുല്യത ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത കേരളത്തിലെ ഇടതുപക്ഷജനാധിപത്യ മുന്നണി സർക്കാർ സംശയലേശമെന്യേ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ശബരിമലയിൽ സർക്കാർ മുൻകൈയെടുത്ത് സ്ത്രീകളെ കയറ്റില്ല. ഏതെങ്കിലും സ്ത്രീകൾ ആവശ്യപ്പെട്ടാൽ ആരാധനാ സൗകര്യം ഉറപ്പാക്കുകയും ചെയ്യും. വിശ്വാസികളുടെ വികാരം മാനിച്ചുതന്നെ നിയമപരമായ ബാധ്യത സർക്കാർ നിർവഹിക്കുമെന്നർഥം. ഇതാണ് ഇക്കാര്യത്തിൽ ഒരു സർക്കാരിന് സ്വീകരിക്കാവുന്ന ഏറ്റവും പക്വമായ നിലപാട് എന്ന് ഞങ്ങൾ കരുതുന്നു. ജ. സദാശിവത്തിന്റെ പ്രസ്‌താവന സർക്കാർ നിലപാടാണ് ശരിയെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കയാണ്.

ലോകമാകെ ജനാധിപത്യത്തിന്റെയും തുല്യനീതിയുടെയും സങ്കൽപ്പനങ്ങൾ കൂടുതൽ വികസിക്കുകയാണ്. ഇന്നലത്തെ ആചാരങ്ങൾ ഇന്ന് നീതിനിഷേധമാകുന്നതാണ് അനുഭവം. അയിത്തോച്ചാടനവും പിന്നോക്കവിഭാഗങ്ങളുടെ ക്ഷേത്രപ്രവേശനവുമെല്ലാം സാധ്യമായത് സമൂഹത്തിന്റെ നീതിബോധം വികസ്വരമായതിന്റെ ഫലമായാണ്. സാർവത്രിക വോട്ടവകാശവും മറ്റു ജനാധിപത്യാവകാശങ്ങളും യാഥാർഥ്യമായതും തുല്യനീതിയെക്കുറിച്ചുള്ള മാറുന്ന സങ്കൽപ്പനങ്ങളുടെ വിജയമാണ്. ഏതെങ്കിലും കാരണത്താൽ സ്ത്രീകൾക്ക് ആരാധനാവകാശം നിഷേധിക്കുന്നത് എല്ലാ അർഥത്തിലും തുല്യനീതിയുടെ ലംഘനമാകും.
വിശ്വാസങ്ങളെ അംഗീകരിക്കുമ്പോഴും ഭരണഘടനാപരമായ തുല്യനീതി ഉറപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ഇക്കാര്യമാണ് ജ. പി സദാശിവം കേരള സമൂഹത്തോട് ഊന്നിപ്പറഞ്ഞത്. രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് പദവി വഹിച്ച അദ്ദേഹത്തിന്റെ വാക്കുകളിലെ ഭരണഘടനാപരവും ജനാധിപത്യപരവും മനുഷ്യാവകാശപരവുമായ മാനങ്ങൾ ഉൾക്കൊള്ളാൻ എല്ലാവർക്കും സാധിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top