16 June Sunday

അച്ചടക്കം നിര്‍ബന്ധമായും പാലിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2016


തിരുവനന്തപുരത്ത് സെക്രട്ടറിയറ്റ് ജീവനക്കാരെ അഭിസംബോധനചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ച കാര്യങ്ങള്‍ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയതാണ്. പൊതുഭരണവകുപ്പ് കൈകാര്യംചെയ്യുന്ന ഭാരിച്ച ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രി പറയേണ്ടതെല്ലാം വെട്ടിത്തുറന്ന് പറഞ്ഞു. ആരെയെങ്കിലും നോവിക്കാനോ, ചെറുതാക്കി കാണിക്കാനോ,  ആക്ഷേപിക്കാനോ അല്ല മുഖ്യമന്ത്രി സംസാരിച്ചത്. നല്ല ആസൂത്രണത്തോടെ മുന്‍കൂട്ടി ആലോചിച്ച് തയ്യാറാക്കിയതായിരുന്നു ആ പ്രസംഗം എന്ന് കേട്ട മാത്രയില്‍ത്തന്നെ ആര്‍ക്കും മനസ്സിലാകും. മുഖ്യമന്ത്രി ഒരു തവണയല്ല, പല തവണ ആവര്‍ത്തിച്ച് ഇക്കാര്യങ്ങള്‍ സംസാരിച്ചു. പറയുന്ന കാര്യത്തിന്റെ ഗൌരവമാണ് ഇങ്ങനെ പറയാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. ജനകീയപ്രശ്നങ്ങളില്‍ ഒരുമാസത്തിനകം തീരുമാനം വേണമെന്നും ഹാജര്‍നില കര്‍ശനമാക്കുമ്പോള്‍ സര്‍വീസ് സംഘടനകള്‍ ഇടപെടരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഓഫീസുകള്‍ പല വസ്തുക്കളുടെയും വില്‍പ്പനകേന്ദ്രങ്ങളാക്കരുതെന്നും നിര്‍ദേശമുണ്ടായി. ഇങ്ങനെ വിലപ്പെട്ട നിര്‍ദേശങ്ങളാണ് മുഖ്യമന്ത്രി ജീവനക്കാരുടെമുമ്പില്‍ അവതരിപ്പിച്ചത്.

ഇതൊക്കെ നിത്യസംഭവങ്ങളായി ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നതാണ്. പണി കൃത്യമായി ചെയ്യുന്നവര്‍ക്കേ, അവകാശം നേടാന്‍ പണിമുടക്കാനും കഴിയൂ. ഓഫീസില്‍ കൃത്യമായി ഹാജരാകാതെ രണ്ടാംമുണ്ട് ഇരിപ്പിടത്തില്‍ വച്ച് ഓഫീസില്‍നിന്ന് സ്വന്തം താല്‍പ്പര്യത്തിനുവേണ്ടിയോ മറ്റെന്തെങ്കിലും ആവശ്യത്തിനുവേണ്ടിയോ ഇറങ്ങിപ്പോകുന്ന രീതി പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞത് വളരെ പ്രധാനമാണ്. കൃത്യമായി സീറ്റിലിരുന്ന് ജീവനക്കാരന്‍ ജോലിചെയ്യുന്നില്ലെങ്കില്‍ ഫയലുകള്‍ ഓഫീസില്‍ കെട്ടിക്കിടക്കും. ഇത് കാര്യക്ഷമതയുള്ള സിവില്‍ സര്‍വീസിന് വച്ചുപൊറുപ്പിക്കാന്‍ കഴിയുന്നതല്ല.

ജനങ്ങളോട് പ്രതിബദ്ധതയും കൂറുമുള്ള ഒരു ഭരണാധികാരിയും സര്‍വീസിന്റെ അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ല. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് സര്‍ക്കാര്‍ ജീവനക്കാരോടുള്ള താല്‍പ്പര്യം ഇതിനകംതന്നെ എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്. അത്തരത്തില്‍ ജീവനക്കാരുടെ വിശ്വാസം ആര്‍ജിച്ച ഒരു ഭരണാധികാരിക്കുമാത്രമേ അച്ചടക്കം കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കാന്‍കഴിയൂ. അച്ചടക്കം അടിച്ചേല്‍പ്പിക്കേണ്ടതല്ല. ജീവനക്കാരുടെ ഉയര്‍ന്ന സാമൂഹികബോധത്തില്‍നിന്ന് വളര്‍ന്നുവരേണ്ടതാണ്. സര്‍ക്കാര്‍ ഉത്തരവുകള്‍ വളച്ചൊടിച്ച് ജീവനക്കാരുടെ ആനുകൂല്യം നിഷേധിക്കുന്ന ഒരു കൂട്ടം മനുഷ്യപ്പറ്റില്ലാത്ത ഉദ്യോഗസ്ഥരുണ്ട്. അവര്‍ക്ക് ഉപദേശ നിര്‍ദേശങ്ങള്‍ മാത്രം മതിയായെന്നുവരില്ല. കര്‍ശനമായ അച്ചടക്ക നടപടി അനിവാര്യമായ സന്ദര്‍ഭങ്ങളുണ്ട്. അതും അറിയാത്ത ആളല്ല മുഖ്യമന്ത്രി. അച്ചടക്കം കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ചതിന്റെ അര്‍ഥം സിവില്‍ സര്‍വീസിന്റെ കാര്യക്ഷമതയില്‍ വെള്ളംചേര്‍ക്കാന്‍ അനുവദിക്കില്ലെന്നാണ്.

തുടക്കം നന്നായി എന്ന് എല്ലാവരും ഏകസ്വരത്തില്‍ പറയുമ്പോള്‍ ഭംഗിവാക്കുകൊണ്ടുള്ള അഭിഷേകംമാത്രമല്ല. സിവില്‍ സര്‍വീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള ആത്മാര്‍ഥമായ ആഗ്രഹമാണ് ഇതിനുപിന്നിലുള്ളത്. ഈ നിര്‍ദേശത്തിന്റെ പിറകിലുള്ള ആത്മാര്‍ഥതയും സാമൂഹ്യപ്രതിബദ്ധതയും തിരിച്ചറിയാന്‍ ജീവനക്കാര്‍ക്ക് കഴിയുമെന്നും ഏകമനസ്സാടെ അത് അംഗീകരിച്ച് നടപ്പാക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top