26 April Friday

ബാഗ്ദാദിലെ സ്ഫോടനപരമ്പര

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2016


ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഇരുനൂറിലധികം നിരപരാധികളെ ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ സ്ഫോടനപരമ്പരയില്‍ കൊന്നുതള്ളിയത് മനുഷ്യസ്നേഹം അല്‍പ്പമെങ്കിലും അവശേഷിക്കുന്ന എല്ലാവരെയും വേദനിപ്പിച്ച സംഭവമാണ്. ബാഗ്ദാദില്‍ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലും മതത്തിന്റെപേരില്‍ വളര്‍ത്തിയെടുത്ത കൊടുംഭീകരത പല രീതിയില്‍ ആവര്‍ത്തിക്കുകയാണ്. സദ്ദാം ഹുസൈന്‍ എന്ന മതനിരപേക്ഷവാദി വളര്‍ത്തിയെടുത്ത ഇറാഖ് രാഷ്ട്രം ഇന്നത്തെ നിലയിലേക്ക് അധഃപതിപ്പിച്ചത് അമേരിക്കന്‍ സാമ്രാജ്യത്വമാണ്. സദ്ദാം ഹുസൈനെയും കുടുംബാംഗങ്ങളെയും തൂക്കിക്കൊന്നത് അവരാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിലും കൂട്ടക്കൊല മാത്രം സമ്മാനിച്ച അമേരിക്കയെ ജനാധിപത്യരാഷ്ട്രമായാണ് ഇന്നും സാമ്രാജ്യത്വവാദികള്‍ വിലയിരുത്തുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കണ്ണിലും അമേരിക്കന്‍ സാമ്രാജ്യ്രവാദികള്‍ ജനാധിപത്യം കാത്തുസൂക്ഷിക്കുന്നവരാണ്. പ്രമുഖ പത്ര–ദൃശ്യമാധ്യമങ്ങളെല്ലാംതന്നെ സാമ്രാജ്യത്വത്തിന്റെയും കോര്‍പറേറ്റുകളുടെയും നിയന്ത്രണത്തിലാണ്. അവര്‍ സാമ്രാജ്യത്വശക്തികളുടെ സംരക്ഷകരും ആരാധകരും പ്രചാരകരുമാണ്. കൂട്ടക്കൊലപാതകങ്ങളെ അപലപിക്കാന്‍പോലും ജനാധിപത്യത്തിന്റെപേരില്‍ പെരുമ്പറയടിക്കുന്നവര്‍ക്ക് കഴിയുന്നില്ല.

ഇസ്ളാമിക തീവ്രവാദികള്‍ എന്നപേരില്‍ അറിയപ്പെടുന്ന ദുഷ്ടപ്പരിഷകള്‍ റമദാന്‍ പുണ്യമാസത്തിന്റെ അവസാന നാളുകളിലാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഷിയാ പള്ളിക്കുമുന്നിലാണ് സ്ഫോടനപരമ്പര നടന്നത്. ഷിയാകളും സുന്നികളും തമ്മില്‍ സ്പര്‍ധ വളര്‍ത്തുക എന്നതും ഭീകരരുടെ ലക്ഷ്യമാണ്.

എന്തായാലും ഇറാഖികള്‍ കുറേക്കാലമായി എല്ലാം സഹിക്കുകയാണ്. അമേരിക്കന്‍ ഐക്യനാടുകള്‍ ഭീകരവാദം ബോധപൂര്‍വം വളര്‍ത്തുകയായിരുന്നു. ഇനി എത്രനാള്‍ ഇറാഖിന് ഇത് സഹിക്കേണ്ടിവരും എന്ന ചോദ്യം അവശേഷിക്കുന്നു. ഇത് മനുഷ്യത്വമില്ലാത്തവരുടെ ചെയ്തികളാണ്. ഇസ്ളാമികപണ്ഡിതന്മാര്‍ പറയുന്നതുപോലെ ഭീകരവാദത്തിന് മതമില്ല. മതത്തിന്റെപേരിലാണ് മതവിശ്വാസികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത്! ഈ ക്രൂരകൃത്യത്തെ നമുക്ക് ഒന്നിച്ച് അപലപിക്കാം *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top