19 April Friday

ആനക്കള്ളത്തിലെ വർഗീയവിഷം

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020


പാലക്കാട്‌ വെള്ളിയാറിൽ ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ കേരളത്തിനെതിരെ, പ്രത്യേകിച്ച്‌ മലപ്പുറം ജില്ലയ്‌ക്കെതിരെ   കാവിപ്പടയുടെ ഉന്നത നേതാക്കൾ ഹീനമായ വർഗീയ പ്രചാരണമാണ്‌ അഴിച്ചുവിട്ടത്‌. മലപ്പുറത്താണ്‌ ആന കൊല്ലപ്പെട്ടതെന്നും കുറ്റകൃത്യങ്ങളിൽ ആ ജില്ല മുന്നിലാണെന്നും ട്വീറ്റ്‌ ചെയ്‌ത്‌ കേന്ദ്രമന്ത്രി പ്രകാശ്‌ ജാവദേക്കറാണ്‌ പ്രചാരണത്തിന്‌ ചുക്കാൻ പിടിച്ചത്‌. ആനയുടെ പേര്‌ ‘ഉമാദേവി’ എന്നാണെന്നും മുസ്ലിങ്ങൾ ഏറെയുള്ള സ്ഥലത്താണ്‌ അതിനെ കൊന്നതെന്നുമുള്ള പ്രചാരണവും ഉത്തരേന്ത്യൻ സംഘപ്രവർത്തകർ തട്ടിവിട്ടു. മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മനേക ഗാന്ധിയും അക്രമാസക്ത പ്രചാരണവുമായാണ്‌ ചാടിവീണത്‌. മലപ്പുറം കുറ്റകൃത്യങ്ങളിൽ മുന്നിലാണെന്ന്‌ പ്രഖ്യാപിച്ച അവർ, അവിടെ  റോഡിൽ പരസ്യമായി വിഷം തൂവി  നായ്‌ക്കളെയും പക്ഷികളെയും ഇല്ലാതാക്കാറുണ്ട്‌. സംസ്ഥാനത്താകെ ഒരു കൊല്ലം അറുനൂറിലധികം ആനകൾ ചരിയുന്നു. എഴുന്നള്ളിപ്പിനു കൊണ്ടുപോകുന്നവയെയും പീഡിപ്പിക്കുന്നു–- മനേക വിശദീകരിച്ചു. 

വസ്‌തുത കൃത്യമായി അറിയുന്നവരായിട്ടും ചില സംസ്ഥാന ബിജെപി നേതാക്കളും മലപ്പുറത്തെ ലക്ഷ്യമിട്ടു. മലപ്പുറവും കേരളവും നിയമബാഹ്യ ശക്തികളുടെ സ്വാധീനത്തിലാണെന്ന ദേശവ്യാപക  പ്രചാരണം കുറച്ചുവർഷമായി പരിവാർ സംഘടനകൾ മുറുകെപ്പിടിക്കുകയാണ്‌. ലൗജിഹാദ്‌, തബ്‌ലീഗ്‌ കോവിഡ്‌ തുടങ്ങിയവ മറയാക്കിയും വിഷ ദംശനം നടത്തി. നാഗ്‌പുർ ആസ്ഥാനമായി അതിനൊരു ബുദ്ധികേന്ദ്രംതന്നെയുണ്ട്‌. കുറ്റിപ്പുറത്ത് ദളിതർക്ക് ശുദ്ധജലം മുടക്കുന്നുവെന്ന്‌ ശോഭ കരന്തലജേ എംപി കള്ളം പറഞ്ഞ്‌ നടന്നു. ആർഎസ്‌എസിന്റെ ഹിന്ദി–- ഇംഗ്ലീഷ്‌ പ്രസിദ്ധീകരണങ്ങൾ മലപ്പുറത്തെ ചിത്രീകരിച്ചതാകട്ടെ പശുഹത്യയുടെ കേന്ദ്രമായും. ഭയപ്പെടുത്തുംവിധം പടർന്ന കൊറോണയും മുൻകരുതലുകളില്ലാതെ നടപ്പാക്കിയ ലോക്‌ഡൗണും അതിഥിത്തൊഴിലാളികളുടെ അനാഥത്വവും മോഡി സർക്കാരിനെതിരെയും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഭരണത്തിനെതിരെയും സാർവത്രിക വിമർശം ക്ഷണിച്ചുവരുത്തിയിരിക്കയാണ്‌. അതിൽനിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാനാണ്‌ കേരളത്തെ മോശമായി ചിത്രീകരിക്കാൻ കേന്ദ്രമന്ത്രിതന്നെ മത ഉള്ളടക്കം നിറച്ചുള്ള പ്രചാരണം ഏറ്റെടുത്തത്‌.


 

ഗുജറാത്തിലും ഉത്തർപ്രദേശിലും ഹിമാചലിലും മറ്റും കൊറോണ അക്ഷരാർഥത്തിൽ നരകം തീർക്കുകയാണ്‌. കോവിഡ് ബാധിതന്റെ മൃതദേഹം അഹമ്മദാബാദിലെ ദനിലിംദ ബസ്‌സ്റ്റാൻഡിൽ വലിച്ചെറിഞ്ഞത്‌ സംസ്ഥാനത്തെ സ്ഥിതിഗതികൾ ആശങ്കാജനകമാണെന്ന്‌ ഒരിക്കൽക്കൂടി തെളിയിച്ചു. ഹിന്ദു–- മുസ്ലിം രോഗികൾക്ക്‌ പ്രത്യേക വാർഡുകൾ ക്രമീകരിച്ച്‌ കുപ്രസിദ്ധമായ അഹമ്മദാബാദ്‌ സിവിൽലൈൻ  ഹോസ്‌പിറ്റലിനെതിരെ ഗുജറാത്ത് ഹൈക്കോടതി അതിശക്തമായ വിമർശമാണ്‌ നടത്തിയത്‌. ആശുപത്രിയുടെ അവസ്ഥ പരിതാപകരമാണെന്ന് നിരീക്ഷിച്ച നീതിപീഠം, ജയിലുകൾ അതേക്കാൾ മെച്ചമാണെന്നും സ്ഥിതി ഇനിയും മോശമായേക്കാമെന്നും പ്രതികരിച്ചു. മോഡി തുടർച്ചയായി 13 വർഷം മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിൽനിന്ന്‌ കേൾക്കുന്നത്‌ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഇല്ലായ്‌മയുടെയും ശോച്യാവസ്ഥകളുടെയും കഥകളാണ്‌. കൊട്ടിഘോഷിച്ച ഗുജറാത്ത് ‘മാതൃക’യുടെ ഉള്ളറകൾ കൊറോണ വ്യാപനത്തോടെ കൂടുതൽ വെളിപ്പെട്ടു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സ്ഥാപിച്ച വെന്റിലേറ്ററുകൾ ഉപയോഗശൂന്യമായി. മുഖ്യമന്ത്രി വിജയ്‌ രൂപാണിയുടെ സുഹൃത്ത് പങ്കജ് സിങ് ജഡേജയുടെ ഉടമസ്ഥതയിലുള്ള, രാജ്കോട്ട് ആസ്ഥാനമായ സിഎൻസി കമ്പനി 10 ദിവസംകൊണ്ട് വികസിപ്പിച്ചെടുത്തതാണവ. ‘ആരോഗ്യ മാഫിയ’യുടെ മറ്റൊരു പരീക്ഷണം ഹിമാചൽപ്രദേശിൽനിന്നാണ്‌ കേട്ടത്‌. അവിടെ ബിജെപി സർക്കാർ പിപിഇ കിറ്റുകൾ വാങ്ങിക്കൂട്ടിയതിലായിരുന്നു വൻ അഴിമതി. ലക്ഷക്കണക്കിനു രൂപ കോഴ കൈപ്പറ്റിയതിന്റെ തെളിവ്‌ പുറത്തുവന്നതിനെത്തുടർന്ന്‌ സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ബിൻഡലിന്‌ രാജിവക്കേണ്ടിവന്നു. 

യുപിയിലെ ക്വാറന്റൈൻ കേന്ദ്രങ്ങൾ അതീവ ശോച്യാവസ്ഥയിലാണ്‌. യോഗി ആദിത്യനാഥിന്റെ  നിസ്സംഗതയും നിരുത്തരവാദവും കാരണം  അവ പീഡനകേന്ദ്രങ്ങളായി. വാസയോഗ്യമല്ലാത്ത ഇടങ്ങളിൽ ക്വാറന്റൈൻ ചെയ്‌ത്‌ ഉദ്യോഗസ്ഥർ അതിഥിത്തൊഴിലാളികളെ മൃഗങ്ങളെപ്പോലെയാണ്‌ പരിഗണിച്ചതും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ഗൊരഖ്പുരിലെ  ക്വാറന്റൈൻ കേന്ദ്രത്തിലെ തൊഴിലാളിയുടെ കട്ടിലിൽനിന്ന്‌ പാമ്പിനെ പിടികൂടുകപോലുമുണ്ടായി. ഔരിയയിൽ റോഡപകടത്തിൽ കൊല്ലപ്പെട്ട 26 അതിഥിത്തൊഴിലാളികളിൽ 11  ജാർഖണ്ഡ് സ്വദേശികളുടെ ജഡങ്ങൾക്കൊപ്പം പരിക്കുപറ്റിയവരെയും ട്രക്കിൽ കയറ്റിവിട്ടത് വൻ വിവാദത്തിന് ഇടയാക്കി. അത്യന്തം അവഹേളനപരമായ ആ നടപടി ഒഴിവാക്കേണ്ടതായിരുന്നുവെന്ന കടുത്ത പ്രതികരണംതന്നെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത്‌ സോറനിൽനിന്നുണ്ടായി.

മുസ്ലിങ്ങൾ ഭീകരരാണെന്നും ആ ജനവിഭാഗങ്ങളിലെ കോവിഡ്‌ ബാധിതരെ ചികിത്സിക്കാതെ ജയിലിൽ ഏകാന്തവാസത്തിന് ഇടണമെന്നും തുറന്നടിച്ച കാൺപുർ ഗണേശ്‌ ശങ്കർ വിദ്യാർഥി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ആർത്തിലാൽ ചാന്ദ്‌നി യോഗിയുടെ കറകളഞ്ഞ അനുയായിതന്നെ. പ്രാദേശിക മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കവെയായിരുന്നു വിഷംചീറ്റൽ. അതിന്റെ വീഡിയോയും പുറത്തുവന്നു. ‘‘തീവ്രവാദികളായ ഇക്കൂട്ടരെ കാരാഗൃഹത്തിലാണ്‌ പാർപ്പിക്കേണ്ടത്‌. പകരം നാമവരെ നന്നായി പരിപാലിക്കുകയാണ്‌. അവർ കാരണമാണ്‌ നമ്മുടെ ഡോക്ടർമാർക്ക്‌ രോഗം പിടികൂടുന്നത്‌. നമ്മുടെ ഭക്ഷണവും കിറ്റും അക്കൂട്ടർ വിനിയോഗിക്കുന്നു. ഇതിന്റെയെല്ലാം ഫലമായി നാം സാമ്പത്തികാടിയന്തരാവസ്ഥയിലേക്ക്‌ കൂപ്പുകുത്തുകയാണ്‌. അതിനാൽ, തീവ്രവാദികളെ ജയിലുകളിൽ ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ പൂട്ടണം’’ എന്ന ഫാസിസ്റ്റ്‌ അതിക്രമഭാഷയുടെ  വക്താക്കളാണ്‌ ആനക്കള്ളത്തിൽ വർഗീയവിഷം നിറയ്‌ക്കുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top