29 March Friday

തെളിവ് നശിപ്പിച്ചതും അന്വേഷിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday May 7, 2016

ജിഷയുടെ ക്രൂരമായ കൊലപാതകം തെളിയാതിരിക്കാനാണ് പൊലീസ് ഇടപെട്ടതെന്ന് സ്ഥാപിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. മൃതദേഹം ദഹിപ്പിക്കാന്‍ ആരാണ് സമ്മതം നല്‍കിയത് എന്ന് ജിഷയുടെ അമ്മതന്നെ ചോദിക്കുന്നു. ഇത്തരം മരണങ്ങളുണ്ടായാല്‍ ദഹിപ്പിക്കുകയില്ല എന്ന് ശ്മശാനം സൂക്ഷിപ്പുകാരന്‍ പൊലീസിനോട് പറഞ്ഞതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ വെളിപ്പെടുത്തിയതിനുപിന്നാലെ, ദഹിപ്പിക്കാന്‍ വ്യഗ്രതയോടെ പൊലീസ് ഇടപെട്ടതിന്റെ രേഖ പുറത്തുവന്നിരിക്കുന്നു. പൈശാചികമായ ബലാത്സംഗത്തിനുശേഷം ജിഷ കൊല്ലപ്പെട്ടത് ഏപ്രില്‍ 28നാണ്. ഇതുവരെ പ്രതികളെ അറസ്റ്റ്ചെയ്യാനോ തിരിച്ചറിയാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. രോഷാകുലരായ ജനങ്ങളെ കബളിപ്പിക്കാന്‍ പ്രതികളെന്നപേരില്‍ രണ്ടു പൊലീസുകാരെ വേഷംകെട്ടിച്ച് മുഖംമറച്ച് പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് പരിഹാസ്യമായ നാടകംകളിക്കാനാണ് പൊലീസ് തയ്യാറായത്. അത് കൈയോടെ പിടിക്കപ്പെട്ടിട്ടും ഒരു ജാള്യവുമില്ലാതെ കള്ളക്കളി തുടരുകയാണ്. 

കൊലപാതകം നടന്നതിന്റെ പിറ്റേന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി അന്നു രാത്രിതന്നെ മൃതദേഹം ദഹിപ്പിച്ചുകളഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലം സംരക്ഷിച്ചില്ല. ശാസ്ത്രീയമായ തെളിവുശേഖരണത്തിനുള്ള വഴികള്‍ പൂര്‍ണമായും ഇല്ലാതാക്കി. അസാധാരണ കൊലപാതകമാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ ആര്‍ക്കും മനസ്സിലാകുന്ന കേസില്‍, ഒരു തെളിവും അവശേഷിക്കരുതെന്ന് പൊലീസ് നിര്‍ബന്ധം കാണിച്ചതെന്തിനാണ്? ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ഥിയെക്കൊണ്ട് ചടങ്ങിന് പോസ്റ്റ്മോര്‍ട്ടം നടത്തിച്ച് അതിവേഗം കൊണ്ടുപോയി ദഹിപ്പിക്കാന്‍ പൊലീസിനെ ആരാണ് നിര്‍ബന്ധിച്ചത്? എവിടെ പോസ്റ്റ്മോര്‍ട്ടത്തിന്റെ വീഡിയോ? എന്തുകൊണ്ട് അത് ചിത്രീകരിച്ചില്ല? ഇത്തരം കേസുകളില്‍ പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ ഒരു സംഘം ഡോക്ടര്‍മാരാണ് പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടത് എന്ന് അറിയാത്തവരാണോ രമേശ് ചെന്നിത്തല നയിക്കുന്ന കേരള പൊലീസില്‍? അതോ ദരിദ്ര–ദളിത് പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത് എന്നതിനാല്‍ ഇങ്ങനെയൊക്കെചെയ്ത് എല്ലാം അവസാനിപ്പിക്കാം എന്ന് പൊലീസ് കരുതിയോ?

പൊലീസ് ഇക്കാര്യത്തില്‍ കാണിച്ച ഗുരുതരമായ കൃത്യവിലോപവും കുറ്റകരമായ നിയമലംഘനവും സുവ്യക്തമായി തെളിഞ്ഞിട്ടും ഒരു പൊലീസുകാരനെതിരെപോലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല. ജിഷയുടെ അമ്മയുടെ അറിവോ സമ്മതമോ ഇല്ലാതെ മൃതദേഹം ദഹിപ്പിക്കാന്‍ ശ്മശാനത്തില്‍ കത്തുനല്‍കിയ ഉദ്യോഗസ്ഥനടക്കം കാക്കിയിട്ട് കേസന്വേഷണം തുടരുന്നു. കതിരൂരില്‍ മനോജ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍, കേരള പൊലീസിന് അന്വേഷിക്കാനുള്ള കഴിവില്ലെന്ന പരസ്യനിലപാടെടുത്ത്, കേസ് സിബിഐക്കുവിട്ട ആഭ്യന്തരമന്ത്രിയാണ് രമേശ് ചെന്നിത്തല. അതേ മന്ത്രിതന്നെയാണ് ജിഷ വധക്കേസില്‍ പൊലീസില്‍നിന്ന് അക്ഷന്തവ്യമായ വീഴ്ചയുണ്ടായിട്ടും അന്വേഷണം ക്രൈംബ്രാഞ്ചിനുപോലും വിടാന്‍ വിസമ്മതിക്കുന്നത്. കളങ്കിതനും സര്‍വീസിലുടനീളം കുറ്റാരോപിതനുമായ ഉദ്യോഗസ്ഥനെ തെരഞ്ഞുെപിടിച്ച് അന്വേഷണച്ചുമതല ഏല്‍പ്പിച്ചതും മറ്റാരുമല്ല.

ജിഷയെ പിച്ചിച്ചീന്തിയ കുറ്റവാളിക്ക് രക്ഷപ്പെടാനോ പിടിക്കപ്പെടാതിരിക്കാനോ ഉള്ള ഒത്താശയാണ് പൊലീസും അതിനെ നയിക്കുന്ന സര്‍ക്കാരും ചെയ്തത് എന്നതില്‍ സംശയമില്ല. തലയിലും കഴുത്തിലും നെഞ്ചിലും ആഴമുള്ള മുറിവുകളുണ്ടായിട്ടും  കുടല്‍ പുറത്തുവന്നിട്ടും ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥന് കൊലപാതകമായി തോന്നിയില്ല എന്ന ന്യായം ചെന്നിത്തലയ്ക്ക് ദഹിക്കുമായിരിക്കും. ഇന്നാട്ടിലെ സാധാരണ ജനങ്ങള്‍ക്ക് പക്ഷേ, അത് ബോധ്യപ്പെടാന്‍ പ്രയാസമാണ്. ഡല്‍ഹി നിര്‍ഭയ സംഭവത്തേക്കാള്‍ ഭീകരവും ദാരുണവുമാണ് പെരുമ്പാവൂരിലേത്. അത് ജനങ്ങളുടെയും നിയമത്തിന്റെയും ശ്രദ്ധയില്‍വരാതിരിക്കാന്‍ പൊലീസ് ആര്‍ക്കുവേണ്ടി ശ്രമിച്ചു എന്ന് വിശദീകരിക്കാനുള്ള ബാധ്യത സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമാണ്. അതു നിറവേറ്റുന്നതിനുപകരം കേസില്‍ രാഷ്ട്രീയം കുത്തിക്കയറ്റി സ്ഥലം എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ സാജു പോളിനെതിരെ ദുഷ്പ്രചാരണത്തിനാണ് മുഖ്യമന്ത്രിയുടെ സൈബര്‍ സംഘം തയ്യാറായത്. ജിഷ സംഭവത്തിന്റെ സാമൂഹികവശം പരിഗണിക്കുമ്പോള്‍, സമൂഹമാകെ സ്വയം വിമര്‍ശനബുദ്ധ്യാ പരിശോധിക്കുകയും തിരുത്തുകയും വേണ്ട വിഷയങ്ങളുണ്ട്. ആ പ്രദേശത്തെ ആറുമാസം മുമ്പുവരെ പ്രതിനിധാനം ചെയ്ത യുഡിഎഫ് വാര്‍ഡംഗത്തിനും അതുവരെ രായമംഗലം പഞ്ചായത്ത് ഭരിച്ച യുഡിഎഫ് പ്രസിഡന്റിനും ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കും ഉത്തരം പറയാനുള്ള ബാധ്യതയുണ്ട്. പട്ടിക വിഭാഗത്തിനായുള്ള ഭവനപദ്ധതിയുള്‍പ്പെടെ അട്ടിമറിച്ച യുഡിഎഫ് സര്‍ക്കാരാണ് മുഖ്യപ്രതി. അതെല്ലാം മറച്ചുവച്ച് വൈകാരികമായ പ്രചാരണമുയര്‍ത്തി സാജു പോളിനെ ആക്രമിക്കാന്‍ കാണിച്ച ഊര്‍ജത്തിന്റെ പത്തിലൊന്ന് പൊലീസിനെ നേര്‍വഴിക്ക് നയിക്കാന്‍ കാണിച്ചിരുന്നെങ്കില്‍ കുറ്റകൃത്യം തെളിയിക്കാനാകാതെ ഇരുട്ടില്‍ തപ്പുന്ന ഗതികേട് എട്ടുദിവസം കഴിഞ്ഞും തുടരില്ലായിരുന്നു. ഭരണംനയിക്കുന്ന രാഷ്ട്രീയനേതൃത്വത്തിന്റെ സ്ഥാപിത താല്‍പ്പര്യങ്ങളാണ് ഇവിടെ തെളിഞ്ഞുകാണുന്നത്. അത് തുടരാന്‍ പാടില്ല. കേസന്വേഷണം പോലെതന്നെ, അന്വേഷണം അട്ടിമറിക്കാനുള്ള ഇടപെടലും അന്വേഷിക്കണം. അതിനു തയ്യാറാകുന്നില്ലെങ്കില്‍ കേരളം ഈ അനീതിക്കെതിരെ, ജിഷയ്ക്കും ഇന്നാട്ടിലെ എല്ലാ സ്ത്രീകള്‍ക്കും ദളിത്–ദരിദ്ര ജനവിഭാഗങ്ങള്‍ക്കും നീതി കിട്ടാനുള്ള പോരാട്ടത്തിലേക്കാണ് നീങ്ങുക


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top