26 April Friday

തദ്ദേശസ്ഥാപനങ്ങളെ ശ്വാസംമുട്ടിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday May 6, 2016

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്നതിന് കോണ്‍ഗ്രസും അതിന്റെ നേതൃത്വത്തിലുള്ള ഭരണവും കൈക്കൊള്ളുന്ന നടപടികള്‍ പലതാണ്. അധികാരവികേന്ദ്രീകരണത്തെക്കുറിച്ചും ജനകീയ പദ്ധതിനിര്‍വഹണത്തെക്കുറിച്ചും ഒക്കെ പ്രസംഗിക്കുമ്പോള്‍ ആയിരം നാവാണ് കോണ്‍ഗ്രസിന്. എന്നാല്‍, നടത്തിപ്പിന്റെ കാര്യം വരുമ്പോഴോ? ഉള്‍വലിയും. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പല കാലാവധികള്‍ക്കപ്പുറത്തേക്ക് നീട്ടിക്കൊണ്ടുപോയ ചരിത്രമാണ് കേരളത്തിലെ കോണ്‍ഗ്രസിനും യുഡിഎഫിനുമുള്ളത്. പഞ്ചായത്തിരാജ്–നഗരപാലികാ നിയമങ്ങള്‍ ദേശീയതലത്തില്‍ വന്നശേഷംപോലും അതിന് അനുസൃതമായ ചട്ടങ്ങളുംമറ്റും കൊണ്ടുവരുന്നതിലും താഴെതട്ടിലേക്ക് സാമ്പത്തികാധികാരങ്ങളും ഫണ്ടും നല്‍കുന്നതിലും വൈമുഖ്യംകാട്ടിയ ചരിത്രമാണ് കേരളത്തിലെ യുഡിഎഫിനുള്ളത്.

വേണ്ടത്ര തുക നീക്കിവയ്ക്കാതിരിക്കുക. നീക്കിവച്ചാല്‍ത്തന്നെ അത് കൊടുക്കാതിരിക്കുക തുടങ്ങി എത്രയോ തദ്ദേശസ്വയംഭരണ വിരുദ്ധ നടപടികള്‍ യുഡിഎഫ് സര്‍ക്കാരില്‍നിന്നുണ്ടായി. സാമ്പത്തികവര്‍ഷം അവസാനിച്ച ഘട്ടത്തില്‍പോലും പദ്ധതിയുടെ അറുപതുശതമാനത്തോളം നടപ്പാക്കാതെ കൈവിട്ടുകളഞ്ഞവരില്‍നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കേണ്ടൂ.

ഈ പശ്ചാത്തലമൊക്കെയുണ്ടെങ്കിലും കേരളത്തിലെ ഒമ്പത് ജില്ലകളില്‍ പദ്ധതിപ്രവര്‍ത്തനംതന്നെ സര്‍ക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയുംകൊണ്ട് സ്തംഭിച്ചിരിക്കുന്നു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതുതന്നെയാണ്. ആകെയുള്ള പതിനാല് ജില്ലകളില്‍ ഒമ്പതിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതി ഈ സര്‍ക്കാര്‍ ഉണ്ടാക്കിവച്ചിരിക്കുന്നു. അതായത് കേരളത്തിന്റെ മുക്കാല്‍ഭാഗത്തിലധികം വരുന്ന പ്രദേശങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സമിതികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ട വിഭവങ്ങള്‍ ഈ സര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നു.

തദ്ദേശപദ്ധതിപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും അവലോകനംചെയ്യുന്നതിനും അവയുടെ മേല്‍നോട്ടം വഹിക്കുന്നതിനുമുള്ള അധികാരികളുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടില്‍ കാണുന്നത്. ഓരോ ജില്ലയിലും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ എന്നിവരുണ്ട്. ഇവരാണ് പഞ്ചായത്ത് ഡയറക്ടറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നീക്കാന്‍ ചുമതലപ്പെട്ടവര്‍. ഇവരില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സ്തംഭിക്കും. ഈ തസ്തികകളില്‍ നിയമനം നടത്താതിരുന്നതിലൂടെ ജില്ലകളില്‍ തദ്ദേശസ്ഥാപന പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഒമ്പത് ജില്ലകളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇല്ല. ഏഴു ജില്ലകളില്‍ അഡീഷണല്‍ ഡയറക്ടറുമില്ല. സൂക്ഷ്മതല ഭരണനിര്‍വഹണ ചുമതലയുള്ളത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ്. നൂറ് ഗ്രാമപഞ്ചായത്തുകളില്‍ പഞ്ചായത്ത് സെക്രട്ടറി തസ്തികയിലും ദീര്‍ഘകാലമായി ആളില്ല.

ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണം തകര്‍ക്കാനുള്ള ഉപാധി എന്ന നിലയിലാണ് യുഡിഎഫ് സര്‍ക്കാര്‍ ഈ തസ്തികകള്‍ ഒഴിച്ചിട്ടിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ക്കനുവദിച്ച ഫണ്ട് ചെലവഴിക്കപ്പെടാതെ ഖജനാവില്‍ കിടക്കട്ടെ എന്ന ഉദ്ദേശ്യമാണിതിനുപിന്നില്‍. അങ്ങനെ അധികാരമൊഴിയുമ്പോള്‍ ഖജനാവില്‍ അല്‍പ്പം പണം കിടപ്പുണ്ടായിരുന്നു എന്ന് മേനിനടിക്കാനുള്ള വഴി.

കേരളത്തിലെ തദ്ദേശസ്വയംഭരണ സമിതികളില്‍ പുതിയ ഭരണാധികാരികള്‍ വന്ന ഘട്ടമാണിത്. മിക്കവയിലും കന്നിക്കാരാണ് ഭരണകര്‍ത്താക്കളായി വന്ന തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍. അത്തരം അവസ്ഥയുള്ള സമിതികളില്‍ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥര്‍ ഇല്ല എന്നുവരുമ്പോള്‍ ഭരണമാന്ദ്യമുണ്ടായിക്കൊള്ളും എന്നും ആ മാന്ദ്യത്തിലൂടെ ഖജനാവിലെ പണം ഗ്രാമങ്ങളിലെ ക്ഷേമ വികസന കാര്യങ്ങള്‍ക്ക് നല്‍കുന്നത് ഒഴിവാക്കാമെന്നുമുള്ള കുതന്ത്രമാണ് യുഡിഎഫ് സര്‍ക്കാരിനെ നയിക്കുന്നത്.

പ്രഖ്യാപിതപദ്ധതിയുടെ അമ്പതു ശതമാനംപോലും കഴിഞ്ഞ വര്‍ഷത്തില്‍ ചെലവഴിക്കുകയുണ്ടായില്ല യുഡിഎഫ് സര്‍ക്കാര്‍. പുതിയ ഘട്ടത്തില്‍ ഉദ്യോഗസ്ഥപിന്തുണ നിഷേധിച്ച് ജനക്ഷേമ–വികസന പദ്ധതികള്‍ക്ക് തടയിടാമെന്ന ചിന്തയാണ് യുഡിഎഫിനെ നയിക്കുന്നത്.

തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങുന്നതിന് വളരെ മുമ്പേതന്നെ മിക്ക സുപ്രധാനസ്ഥാനങ്ങളും ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആ ഘട്ടത്തില്‍ത്തന്നെ ഒഴിവുകള്‍ നികത്താമായിരുന്നു. അന്ന് ഒഴിവ് നികത്തിയില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന സാഹചര്യത്തില്‍ നിയമനമുണ്ടാകുകയുമില്ല. ഖജനാവ് തീര്‍ത്തും കാലിയല്ല എന്നു കാണിക്കാന്‍ തദ്ദേശസ്ഥാപനങ്ങളെ ശ്വാസംമുട്ടിച്ച് കൊല്ലുകയാണ് സര്‍ക്കാര്‍. രാഷ്ട്രീയകാരണങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപന സമിതികളുടെ കഴുത്ത് ഞെരിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top