14 April Sunday

ലോകം വ്യാപാര യുദ്ധത്തിലേക്കോ?

വെബ് ഡെസ്‌ക്‌Updated: Friday Apr 6, 2018


അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ലോക സമ്പദ്വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്ക ഉയർന്നിരിക്കുന്നു. ഇരു രാഷ്ട്രവും ഉയർന്ന ഇറക്കുമതിത്തീരുവ ചുമത്താൻ ആരംഭിച്ചതോടെയാണ് ഇത്തരമൊരു സംശയം ബലപ്പെട്ടത്. സ്വതന്ത്ര വ്യാപാരത്തിന്റെ കൊടിയുയർത്തിയ അമേരിക്ക ഇപ്പോൾ സ്വന്തം കമ്പോളം മറ്റുള്ളവർക്കു മുമ്പിൽ അടച്ചിട്ട് വ്യാപാരസുരക്ഷയുടെ കുപ്പായം അണിഞ്ഞതോടെയാണ് പ്രശ്നത്തിന്റെ തുടക്കം. ട്രംപിന്റെ 'അമേരിക്ക ഒന്നാമത്' എന്ന മുദ്രാവാക്യം പ്രായോഗികമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മാർച്ച് ഒന്നുമുതൽ സ്റ്റീലിനും അലൂമിനിയത്തിനും യഥാക്രമം 25 ശതമാനവും 10 ശതമാനവും തീരുവ ഏർപ്പെടുത്തിയത്. ലോകത്തിലെ സ്റ്റീൽ ഉൽപ്പാദനത്തിന്റെ പകുതിയും അമേരിക്കയിലെ പെൻസിൽവാനിയയിൽനിന്നാണ്. വിദേശ രാജ്യങ്ങളിൽനിന്ന് സ്റ്റീലും അലൂമിനിയവും വൻതോതിൽ ഇറക്കുമതി ചെയ്യുന്നതിന്റെ ഫലമായി അമേരിക്കൻ ഉരുക്ക്‐അലൂമിനിയം വ്യവസായം തകർച്ചയിലേക്ക് നീങ്ങുകയാണെന്നും അതിനെ സംരക്ഷിക്കാനാണ് ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയിരിക്കുന്നതെന്നുമാണ് ട്രംപിന്റെ വിശദീകരണം.

ലോക വ്യാപാരസംഘടനയുടെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി അമേരിക്ക ഏർപ്പെടുത്തിയ ഇറക്കുമതിച്ചുങ്കത്തിനെതിരെ ആദ്യത്തെ ശക്തമായ പ്രതികരണമുണ്ടായത് ചൈനയുടെ ഭാഗത്തുനിന്നായിരുന്നു. ഏപ്രിൽ ഒന്നിന് അമേരിക്കയിൽനിന്നുള്ള 128 സാധനത്തിന് ഇറക്കുമതിത്തീരുവ ചുമത്താൻ ചൈന തീരുമാനിച്ചു. പന്നിയിറച്ചി, വൈൻ, പഴവർഗങ്ങൾ എന്നിവയ്ക്കാണ് പ്രധാനമായും ചുങ്കം ഏർപ്പെടുത്തിയത്. അമേരിക്കയുടെ 300 കോടി ഡോളർ ഇറക്കുമതിയെയാണ് ഈ തീരുമാനം ദോഷകരമായി ബാധിക്കുക.

അമേരിക്കൻ സാധനങ്ങൾക്ക് ചൈന ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തി 24 മണിക്കൂറിനകം അതായത് ഏപ്രിൽ മൂന്നിന് ചൈനയിൽനിന്നുള്ള ഇലക്ട്രോണിക്സ്, എയർക്രാഫ്റ്റ് ഭാഗങ്ങൾ തുടങ്ങിയവയ്ക്ക് അമേരിക്ക ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തി. 1333 സാധനത്തിനാണ് 25 ശതമാനം ചുങ്കം ഏർപ്പെടുത്തിയിട്ടുള്ളത്.  500 കോടി ഡോളർ വരുന്ന സാധനങ്ങൾക്ക് ഈ ചുങ്കം ബാധിക്കും. ഉന്നത സാങ്കേതികവിദ്യാരംഗത്ത് ചൈനയുടെ മുന്നേറ്റം തടയുകകൂടി ലക്ഷ്യമാക്കിയായിരുന്നു അമേരിക്കയുടെ ഈ നടപടി. 'മെയ്ഡ് ഇൻ ചൈന 2025' എന്ന ഷി ജിൻ പിങ്ങിന്റെ സ്വപ്ന പദ്ധതിയനുസരിച്ച് ചൈന ഉന്നത സാങ്കേതികമേഖലയിൽ പുതിയ കണ്ടുപിടിത്തങ്ങളിലേക്കും മറ്റും നയിക്കുന്ന ഗവേഷണങ്ങൾക്കും മറ്റും വൻതോതിൽ പണം ചെലവാക്കുന്നത് അമേരിക്കയ്ക്ക് ഭാവിയിൽ ഭീഷണിയാകുമെന്ന് മുൻകൂട്ടിക്കണ്ടുള്ള നടപടിയായിരുന്നു വർധിച്ച ഇറക്കുമതിത്തീരുവയെന്ന് വിലയിരുത്തപ്പെടുന്നു.  അമേരിക്കയുടെ ഈ നീക്കത്തിന് 24 മണിക്കൂറിനകംതന്നെ ചൈനയും ചുട്ടമറുപടി നൽകി. അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 106 ഉൽപ്പന്നത്തിന്് 25 ശതമാനം ചുങ്കം ഈടാക്കാനാണ് ചൈനീസ് വാണിജ്യമന്ത്രാലയം ഏപ്രിൽ നാലിന് ഉത്തരവിട്ടത്. 500 കോടി ഡോളർ വരുന്ന ഉൽപ്പന്നങ്ങൾക്കാണ് ഈ അധികത്തീരുവ ബാധകമാകുക. പ്രത്യേകിച്ചും സോയാബീൻ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങൾക്കാണ് ചൈന ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയിട്ടുള്ളത്. കാർ, രാസവസ്തുക്കൾ, എയർക്രാഫ്റ്റ് എന്നിവയും ഈ പട്ടികയിലുണ്ട്.
ചൈനയുടെ ഈ തീരുമാനം അമേരിക്കയിലെ സോയാബീൻ കർഷകരെ സാരമായി ബാധിക്കും. ട്രംപിന് പിന്തുണ നൽകിയ മിച്ചിഗണിലും ഇയോവയിലും ഒഹയോവിലും മറ്റുമാണ് സോയാബീൻ കൃഷി ഏറെയുള്ളത്. ചൈനയ്ക്ക് ഏറ്റവും കൂടുതൽ സോയാബീൻ നൽകുന്ന രണ്ടാമത്തെ രാഷ്ട്രമാണ് അമേരിക്ക. അമേരിക്ക ഉൽപ്പാദിപ്പിക്കുന്ന 60 ശതമാനം സോയാബീനും വാങ്ങുന്നത് ചൈനയാണ്. സ്വാഭാവികമായും ചൈനയെ ശിക്ഷിക്കാനുള്ള അമേരിക്കൻ നീക്കത്തിനെതിരെ ഇവിടത്തെ കർഷകർ രംഗത്തു വരും. ചൈനയുടെ തീരുമാനം അമേരിക്കയിലെ സോയാബീൻ കൃഷിക്കാരെ നാശത്തിലേക്ക് നയിക്കുമെന്ന് അമേരിക്കൻ സോയാബീൻ അസോസിയേഷൻ പ്രസിഡന്റ് ജോൺ ഹീസ്ഡോർഫ് അഭിപ്രായപ്പെട്ടു. ചൈനയുടെ ഉയർച്ച തടയാൻ അമേരിക്കൻ പ്രസിഡന്റ് ചൈനയ്ക്കെതിരെ മാത്രമല്ല അമേരിക്കയിലെ തന്നെ കൃഷിക്കാർക്കെതിരെയും കമ്പനികൾക്കെതിരെയും ആക്രമണം നടത്തുകയാണെന്ന അഭിപ്രായവും ഉയർന്നുവരികയാണ്.

വ്യാപാരയുദ്ധത്തിന് തിരികൊളുത്തിയ ട്രംപിന്റെ പുതിയ പ്രഖ്യാപനം ആഭ്യന്തരമായും വൈദേശികമായും ചോദ്യം ചെയ്യപ്പെടുകയാണ്. നവഉദാരവൽക്കരണനയത്തിനു വിരുദ്ധമായി ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്താനുള്ള പ്രസിഡന്റിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് ഗാരി കോഹൻ രാജിവച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച് ആർ മക്മാസ്റ്റർ, സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്സ് ടില്ലേഴ്സൺ, പ്രതിരോധ സെക്രട്ടറി ജിം മോറിസ് എന്നിവരെല്ലാം ട്രംപിന്റെ നടപടിയിൽ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിൽ മക്മാസ്റ്ററെയും ടില്ലേഴ്സണെയും തൽസ്ഥാനങ്ങളിൽനിന്നും നീക്കംചെയ്തു.  മാത്രമല്ല, അമേരിക്കയുടെ ആഗോള സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാൻസും ജർമനിയും ജപ്പാനും ക്യാനഡയും ദക്ഷിണകൊറിയയും മറ്റും ഈ തീരുമാനത്തിൽ പ്രതിഷേധം അറിയിക്കുകയും തങ്ങൾക്ക് പ്രത്യേകം ഇളവ് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ചിലർക്കൊക്കെ ഇളവ് നൽകാനും ട്രംപ് തയ്യാറായി.  ട്രംപ് തീരുമാനം മാറ്റാത്തപക്ഷം ലോക വ്യാപാരസംഘടനയുടെ തർക്കപരിഹാരസമിതിയിൽ കേസ് കൊടുക്കാനാണ് യൂറോപ്യൻ യൂണിയൻ തുനിയുന്നത്. അമേരിക്കയുടെ ഹാർലേ‐ഡാവിഡ്സൺ മോട്ടോർ സൈക്കിളുകൾക്കും ബൂർബോൺ വിസ്കിക്കും പകരം ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തുമെന്നാണ് യൂറോപ്യൻ ഭീഷണി. അങ്ങനെ വന്നാൽ യൂറോപ്യൻ കാറുകൾക്കും ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തുമെന്ന് ട്രംപും തിരിച്ചടിച്ചു. ലോകം വ്യാപാരയുദ്ധത്തിലേക്ക് നീങ്ങുന്നത് പ്രതിസന്ധിയിലൂടെ പോകുന്ന ലോകസമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാനാകില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top