25 April Thursday

അടിച്ചേല്‍പ്പിച്ച ട്രഷറി മുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Apr 6, 2017

കേരളത്തിനുമേല്‍ റിസര്‍വ് ബാങ്ക് അടിച്ചേല്‍പ്പിച്ചിരിക്കുന്ന സാമ്പത്തിക അടിയന്തരാവസ്ഥ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ട്രഷറികള്‍ക്ക് പണം ലഭിക്കാത്തതു മൂലം വലിയൊരു വിഭാഗത്തിന്റെ ശമ്പളവും പെന്‍ഷനും മുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തെ പകുതിയിലേറെ ട്രഷറികള്‍ കറന്‍സി ചെസ്റ്റുകളില്‍നിന്ന് പണം ലഭിക്കാതെ പ്രവര്‍ത്തനം നിലച്ചു. അഞ്ചാം തീയതിയായിട്ടും ശമ്പളം പിന്‍വലിക്കാനാകാതെ ജീവനക്കാരും പെന്‍ഷന്‍ കിട്ടാതെ വയോജനങ്ങളും നിരാശരായി മടങ്ങുകയാണ്. ദൈനംദിനാവശ്യങ്ങള്‍ പോലും നിറവേറ്റാനാകാതെ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍, വാണിജ്യ-തൊഴില്‍ മേഖലകള്‍ നിശ്ചലമായിക്കൊണ്ടിരിക്കുന്നു. എടിഎമ്മുകള്‍ ഭൂരിഭാഗവും കാലിയായി കിടക്കുകയാണ്.

ഇപ്പോഴത്തെ നോട്ടുക്ഷാമത്തിന് അടിയന്തര കാരണങ്ങള്‍ വേറെയുമുണ്ടെങ്കിലും കഴിഞ്ഞ നവംബര്‍ എട്ടിനു നടപ്പാക്കിയ നോട്ടുനിരോധനത്തില്‍ തന്നെയാണ് പ്രതിസന്ധിയുടെ വേരുകള്‍ കിടക്കുന്നത്. 15.46 ലക്ഷം കോടിയുടെ നോട്ടുകള്‍ പിന്‍വലിച്ച സ്ഥാനത്ത്, പകുതിയില്‍ അല്‍പ്പം കൂടുതല്‍ മാത്രമാണ് അച്ചടിച്ച് വിതരണത്തിന് എത്തിച്ചിട്ടുള്ളത്. ലോറി സമരം കാരണം അച്ചടിച്ച പുതിയ നോട്ടുകള്‍ കറന്‍സി ചെസ്റ്റുകള്‍ക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ലെന്ന തൊടുന്യായവും റിസര്‍വ് ബാങ്ക് അധികൃതര്‍ പറയുന്നുണ്ട്. മധ്യപ്രദേശിലെ ദേവാസ്, മൈസൂരു എന്നിവിടങ്ങളിലെ പ്രസുകളില്‍നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് നോട്ട് എത്തിക്കുന്നത്. വാര്‍ഷാവസാനം കറന്‍സിയുടെ ഉപയോഗം വര്‍ധിക്കുന്ന ഘട്ടത്തില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ ലോറിസമരത്തെ പഴിചാരുന്ന റിസര്‍വ് ബാങ്കിന്റെ നിലപാട് നിരുത്തരവാദപരമാണ്.

നോട്ടുനിരോധനവും പണരഹിത ഇടപാടും മുന്നൊരുക്കം ഇല്ലാതെ നടപ്പാക്കിയതിന്റെ ദുരന്ത ഫലങ്ങളോടൊപ്പം കേരളത്തിലെ എല്‍ഡിഎഫ് ഗവര്‍മെന്റിനോടുള്ള വിവേചനപരമായ കേന്ദ്ര സമീപനംകൂടി ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിലുണ്ട്. കേന്ദ്ര ഗവര്‍മെന്റും റിസര്‍വ് ബാങ്കും ലക്കുംലഗാനുമില്ലാതെ കൊണ്ടുവന്ന പല നിയന്ത്രണങ്ങളും അമിത ചാര്‍ജുകളും ബാങ്കിങ് സംവിധാനത്തില്‍തന്നെ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ളതാണ്. വര്‍ഷാവസാനം വന്‍തോതില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഇടപാടുകളും പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാനത്ത് രൂക്ഷമായ കറന്‍സി ക്ഷാമം രൂപപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ അക്കൌണ്ടില്‍ പണം ഉണ്ടായിട്ടും ട്രഷറി സ്തംഭനത്തിലായതിനു പിന്നില്‍ എന്തെങ്കിലും ഗൂഢാലോചന സംശയിച്ചാലും തെറ്റാകില്ല. വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശിക തീര്‍ത്തുകൊടുക്കുന്നതിന്റെ ഭാഗമായി വന്‍തോതില്‍ പണവിക്രയം ആവശ്യമായി വരുന്ന ഘട്ടംകൂടിയാണിത്. ഇതിലെല്ലാം സംസ്ഥാന സര്‍ക്കാരിനെ പ്രതിസ്ഥാനത്തു നിര്‍ത്താനാഗ്രഹിക്കുന്നവര്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പും ലക്ഷ്യമാക്കുന്നുണ്ടാകും.

നോട്ടു നിരോധനത്തിന്റെ തുടര്‍ച്ചയായി ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ കറന്‍സി ക്ഷാമത്തിന് പ്രത്യക്ഷമായി തന്നെ കാരണമായിട്ടുണ്ട്്. നേരിട്ടുള്ള പണം ഇടപാടിനുള്ള പരിധി മൂന്നു ലക്ഷം രൂപയായി പരിമിതപ്പെടുത്തിയപ്പോള്‍ തന്നെ ഇടപാടുകാര്‍ കൈയില്‍ കിട്ടുന്ന പണം ചെലവാക്കാതിരിക്കാനും സൂക്ഷിച്ചുവയ്ക്കാനും തുടങ്ങിയിരുന്നു. അടുത്തിടെ പരിധി രണ്ടു ലക്ഷമായി കുറച്ചതോടെ കറന്‍സി പൂഴ്ത്തിവയ്ക്കല്‍ ശക്തമായി. രണ്ടു ലക്ഷം പരിധിക്ക് മുകളിലുള്ള പണം ഇടപാടുകള്‍ക്ക് നൂറു ശതമാനം പിഴ നിശ്ചയിച്ചതിനാല്‍, പൊടുന്നനെ വരാവുന്ന ഏത് ആവശ്യത്തിനും കറന്‍സി തന്നെ സൂക്ഷിച്ചുവയ്ക്കുകയെന്ന നിലയിലേക്ക് ആളുകള്‍ മാറി. ഇതിനു പുറമെയാണ് വിവിധ സേവനങ്ങള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന കഴുത്തറുപ്പന്‍ ചാര്‍ജുകള്‍.

ഡിജിറ്റല്‍ ഇടപാടുകള്‍ നിരുത്സാഹപ്പെടുത്തുംവിധം ഉയര്‍ന്ന ചാര്‍ജുകളും ഹിഡണ്‍ ചാര്‍ജുകളുമാണ് ബാങ്കുകള്‍ ഈടാക്കുന്നത്. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഊഴംവച്ച് ചാര്‍ജ് ഈടാക്കുന്ന സാഹചര്യത്തില്‍ കിട്ടാവുന്നത്ര പിന്‍വലിച്ച് കൈയില്‍ കരുതുക എന്നതാണ് ജനങ്ങള്‍ കാണുന്ന പോംവഴി. ഇത്തരത്തില്‍ തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ക്കിടയില്‍ എസ്ബിടി ഇല്ലാതായതും പണവിക്രയത്തെ കാര്യമായി കുറച്ചിട്ടുണ്ട്. പാതയോരത്തെ മദ്യശാലകള്‍ അടച്ചതോടെ ബിവറേജ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ് എന്നിവ വഴി ബാങ്കുകളില്‍ ദിനംപ്രതി എത്തിക്കൊണ്ടിരുന്ന കറന്‍സിയും കുറഞ്ഞു.

നോട്ടുനിരോധനത്തിന്റെ ഘട്ടത്തില്‍ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ സ്വീകരിച്ച നടപടികള്‍ക്ക് തെല്ലൊന്ന് അയവ് വന്നിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും പിടിമുറുക്കിയിരിക്കുകയാണ്. പ്രൈമറി സംഘങ്ങളെ വ്യക്തിഗത അക്കൌണ്ടുകളായി കണ്ടുകൊണ്ട് രണ്ടു ലക്ഷം രൂപയുടെ വിനിമയ പരിധി നിശ്ചയിച്ചിരിക്കുകയാണ്. ഇത് സഹകരണ ബാങ്കുകളിലെ പണലഭ്യതയെ വന്‍തോതില്‍ കുറച്ചു. ഇതെല്ലാം നോട്ടുനിരോധനത്തെ തുടര്‍ന്നുണ്ടായതിന് സമാനമായ നിശ്ചലാവസ്ഥയാണ് സമ്പദ്ഘടനയില്‍ സൃഷ്ടിച്ചിരിക്കുന്നത്. പ്രത്യേകിച്ച് സമൂഹത്തിന്റെ അടിത്തട്ടില്‍. നോട്ടുനിരോധനത്തിന്റെ ദുരിതങ്ങള്‍ തീര്‍ന്നെന്ന് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും അവകാശപ്പെടുമ്പോഴാണ് ഈ ആഘാതം.

നിരവധി ഘടകങ്ങളുണ്ടെങ്കിലും കറന്‍സി ദൌര്‍ലഭ്യമെന്ന അടിസ്ഥാന കാരണത്തിന് പരിഹാരം കാണേണ്ടത് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കുമാണ്. ഈ ഉത്തരവാദിത്തം നിര്‍വഹിക്കാതെ പണക്ഷാമത്തില്‍പ്പെട്ട് ഉഴലുന്ന ജനങ്ങളുടെ രോഷം സംസ്ഥാന ഗവര്‍മെന്റിനു നേരെ തിരിച്ചുവിടാനാകുമോ എന്ന ദുഷ്ടലാക്കാണ് അവര്‍ പ്രയോഗിക്കുന്നത്. കാര്യക്ഷമമായ ധന മാനേജുമെന്റുവഴി വര്‍ഷാവസാന ട്രഷറി തിരക്ക് അഭിനന്ദനാര്‍ഹമായ രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. ഈ ഭരണ നിപുണതയ്ക്ക് മങ്ങലേല്‍പ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇപ്പോള്‍ അരങ്ങേറുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top