24 September Sunday

മുഖ്യമന്ത്രി തുടരുന്നത് കേരളത്തിനപമാനം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 6, 2016

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സരിത എസ് നായര്‍ എന്ന വനിത രണ്ടുവര്‍ഷം മുമ്പെഴുതിയ കത്തില്‍ ഉന്നയിച്ച ആരോപണം വളരെയേറെ ഗൌരവമുള്ളതാണ്. സരിത പറയുന്നതിന് വിശ്വാസ്യതയില്ലെന്ന് പറഞ്ഞ് നിസ്സാരമായി തള്ളാവുന്നതല്ല ആരോപണങ്ങള്‍. നിയമസഭാ തെരഞ്ഞെടുപ്പ് മുമ്പില്‍കണ്ട് രാഷ്ട്രീയ മുതലെടുപ്പിനാണ് ഈ കത്തെഴുതിയതെന്ന് ആരുതന്നെ പറഞ്ഞാലും അത് ഉപ്പുകൂട്ടാതെ വിഴുങ്ങാനാകില്ല. സരിത എസ് നായര്‍ മുഖ്യമന്ത്രിയുടെ ശത്രുവാണെന്ന് പറയാന്‍ കഴിയില്ല. സരിത മുഖ്യമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നതിന് തെളിവുണ്ട്. ശ്രീധരന്‍നായരുടെ മൊഴിയില്‍ സരിതയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കണ്ടതായി വെളിപ്പെടുത്തിയിട്ടുണ്ട്. സരിത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി രഹസ്യമായി എന്തോ പറയുന്നതിന്റെ ഫോട്ടോ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഉമ്മന്‍ചാണ്ടിയുമായി വളരെയധികം ബന്ധമുള്ള, വ്യക്തിപരമായി അറിയാവുന്ന, ഏറെ സൌഹൃദമുള്ള ഒരു വനിതയ്ക്കല്ലാതെ ഇത്ര അടുത്തുനിന്ന് മുഖ്യമന്ത്രിയോട് രഹസ്യസംഭാഷണം നടത്താന്‍ കഴിയില്ല. സരിത ഡല്‍ഹിയിലും മുഖ്യമന്ത്രിയെ നിഴല്‍പോലെ പിന്‍തുടര്‍ന്നതായി കാണുന്നു. തനിക്കെതിരെ കളവായ ആരോപണം ഉന്നയിക്കാനുള്ള എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യം സരിതയ്ക്കുണ്ടെന്ന് ഉമ്മന്‍ചാണ്ടിക്ക് വിശദീകരിക്കാന്‍ കഴിയുന്നില്ല. സരിതയുടെ ആരോപണം ഒരടിസ്ഥാനവുമില്ലാത്തതാണെന്ന് പറഞ്ഞ് നിസ്സാരവല്‍ക്കരിച്ച് തള്ളിക്കളയാന്‍ കഴിയുന്നതുമല്ല. ആരോപണം ഉമ്മന്‍ചാണ്ടിക്ക് കനത്ത മാനനഷ്ടം വരുത്തിവയ്ക്കുന്നതാണ്. അത് ഉമ്മന്‍ചാണ്ടിയുടെ തൊലിയുരിച്ചു കാട്ടുന്നതുമാണ്. മുഖ്യമന്ത്രിക്കെതിരെ മാത്രമല്ല മറ്റു ചില മന്ത്രിമാര്‍ക്കെതിരെയും പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും ആരോപണമുണ്ട്.

രണ്ടുവര്‍ഷം മുമ്പെഴുതിയതായി പറയുന്ന ഈ കത്ത് ഇതേവരെ എന്തുകൊണ്ട് പുറത്തുവന്നില്ല? ആരാണിത് പൂഴ്ത്തിവച്ചത്? സോളാര്‍ വൈദ്യുതി ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് വ്യവസായമാരംഭിക്കാനുള്ള അപേക്ഷയുമായാണ് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസുകളില്‍ അവര്‍ കയറിയിറങ്ങിയത്. അങ്ങനെ മന്ത്രിമാരെ സമീപിച്ചപ്പോള്‍ ഒരു വനിതയായ വ്യവസായ സംരംഭകയ്ക്ക് അനുഭവിക്കേണ്ടിവന്ന പീഡനകഥയാണവര്‍ കത്തില്‍ വിവരിച്ചത്. ഇതേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ബിജു രാധാകൃഷ്ണനുമായി എറണാകുളം അതിഥിമന്ദിരത്തില്‍ അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂര്‍ രഹസ്യസംഭാഷണം നടത്തിയത്. ബിജു രാധാകൃഷ്ണനും സരിതയുമായുള്ള ബന്ധവും രഹസ്യമല്ല. തന്റെ ഓഫീസിലുള്ള ജീവനക്കാരെ ഉമ്മന്‍ചാണ്ടി പുറത്താക്കിയിട്ടുണ്ട്. ബിജു രാധാകൃഷ്ണന്‍ ഒരു ക്രിമിനലാണ്. വയനാട് എംപിയാണ് ബിജു രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്താന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ കൊട്ടാരമതിലിനകത്ത് വളരെനാളായി എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. ദുര്‍ഗന്ധം കേരളത്തിനകത്തും പുറത്തും വ്യാപിക്കുന്നു.

ഇനിയിത് മൂടിവയ്ക്കാനാവില്ല. നിരവധി അഴിമതിക്കഥകള്‍ വേറെയുമുണ്ട്. ഇതേക്കുറിച്ചൊക്കെ വിശദമായ അന്വേഷണം വേണം. അതനിവാര്യമാണ്. ഉമ്മന്‍ചാണ്ടിയുടെ പഴക്കവും പാരമ്പര്യവുമുള്ള പാര്‍ടിക്ക് ഉളുപ്പുണ്ടെങ്കില്‍ ഉടന്‍ അന്വേഷണത്തിനുത്തരവിടണം. ഉമ്മന്‍ചാണ്ടിയെ വിശ്വസിക്കാന്‍ കൊള്ളാതായി. സരിതയുടെ വിശ്വാസ്യത തകര്‍ന്നാലും കേരളത്തിനൊന്നും വരാനില്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടരുകയാണല്ലോ. 40 ദിവസത്തേക്കായാലും കേരളത്തിനത്  താങ്ങാന്‍ കഴിയുന്നതല്ല. മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്റെ പ്രമേയം വളരെ പ്രസക്തമാണ്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top