02 July Wednesday

വിരാമമില്ലാത്ത വിലക്കയറ്റം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 6, 2016

തെരഞ്ഞെടുപ്പ് അടുത്ത് വന്നാലെങ്കിലും വിലക്കയറ്റം സൃഷ്ടിക്കാതിരിക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അതും ഇല്ലാതായി. പെട്രോള്‍–ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. മുമ്പൊക്കെ സര്‍ക്കാര്‍ വില കൂട്ടി എന്ന് പറഞ്ഞിരുന്നത് ഇപ്പോള്‍ എണ്ണക്കമ്പനി വില കൂട്ടിയെന്നാക്കി മാറ്റം വരുത്തി. പാവം ജനങ്ങള്‍ അതും വിശ്വസിക്കുമെന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്. പെട്രോളിന് ലിറ്ററിന് 2.19 രൂപയും ഡീസലിന് 98 പൈസയുമാണ് വര്‍ധിപ്പിച്ചത്.

കഴിഞ്ഞമാസം പെട്രോളിന്  3.07 രൂപയും ഡീസലിന് 1.90 രൂപയും വര്‍ധിപ്പിച്ചിരുന്നു. രാജ്യാന്തര വിപണിയിലുണ്ടായ മാറ്റവും ഡോളര്‍ വിനിമയനിരക്കിലുണ്ടായ മാറ്റവുമാണ് വിലക്കയറ്റത്തിന്  കാരണമായി പറയുന്നത്. ഈ വിശദീകരണം തൃപ്തികരമല്ലെന്ന് മാത്രമല്ല വസ്തുതയ്ക്ക് നിരക്കുന്നതുമല്ല. ഒരു വീപ്പ അസംസ്കൃത എണ്ണയ്ക്ക് 140 ഡോളര്‍ വിലയുണ്ടായിരുന്നത് 36 ഡോളറായി ഇടിഞ്ഞപ്പോഴും ആനുപാതികമായ വിലക്കുറവ് ഉപഭോക്താക്കള്‍ക്കനുഭവപ്പെട്ടില്ല. ജനങ്ങളെ ഞെക്കിപ്പിഴിയാനുള്ള ഒരുപകരണമായി എണ്ണവില സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയാണ്. 

ക്ഷീരകര്‍ഷകരെ കണ്ണീരു കുടിപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും മാധ്യമങ്ങളില്‍ സ്ഥാനംപിടിച്ചു. കാലിത്തീറ്റയുടെ വില അടിക്കടി വര്‍ധിപ്പിക്കുകയാണ്. മില്‍മ കാലിത്തീറ്റക്കും കേരള ഫീഡ്സിനുമാണ്  വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതോടൊപ്പം, ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിവന്ന സബ്സിഡിയും നിര്‍ത്തലാക്കി. വൈക്കോലിന്റെ വിലയും തുടര്‍ച്ചയായി  വര്‍ധിക്കുകയാണ്. അസഹ്യമായ ചൂടു കാരണം പാല്‍ കുറയുന്ന ഘട്ടത്തില്‍ത്തന്നെയാണ് ക്ഷീരകര്‍ഷകരെ കഷ്ടത്തിലാഴ്ത്തുന്നത്. നാളികേരം, റബര്‍ എന്നീ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും കര്‍ഷകരെ വിഷമത്തിലാഴ്ത്തുന്നു. കഷ്ടപ്പെടുന്ന യഥാര്‍ഥ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിക്കാനുള്ള അവസരം കര്‍ഷകര്‍ ഉപയോഗപ്പെടുത്തുമെന്നതില്‍ സംശയം വേണ്ട


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top