19 April Friday

യുവതയ്‌ക്ക്‌ ആത്മവിശ്വാസം പകരുന്ന തീരുമാനം

വെബ് ഡെസ്‌ക്‌Updated: Friday Mar 6, 2020


പഠനത്തോടൊപ്പം തൊഴിൽ ചെയ്യുന്നത്‌ നയമായി സ്വീകരിക്കാനുള്ള തീരുമാനം കേരളത്തിലെ ലക്ഷക്കണക്കായ കൗമാരക്കാരോടും യുവജനങ്ങളോടുമുള്ള സംസ്ഥാന സർക്കാരിന്റെ കരുതലും ശ്രദ്ധയുമാണ്‌ കാണിക്കുന്നത്‌. പഠനത്തിന്റെ ഇടവേളകളിൽ ജോലി ചെയ്‌ത്‌ സ്വന്തം കാലിൽ നിൽക്കാൻ യുവജനങ്ങൾക്ക്‌ പ്രേരണ നൽകുന്നതാണ്‌ ചരിത്രപരമായ ഈ തീരുമാനം. സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനും തികഞ്ഞ കാര്യക്ഷമതയോടെ സമൂഹത്തിൽ ഇടപെടാനും ഇത്‌ യുവതലമുറയ്‌ക്ക്‌ ആത്മവിശ്വാസം നൽകും.

സർക്കാർ, തദ്ദേശ, പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും പഠനത്തിന്‌ തടസ്സംവരാതെ വർഷത്തിൽ 90 ദിവസം വിദ്യാർഥികളുടെ സേവനം ഉപയോഗപ്പെടുത്തുകയാണ്‌ പുതിയ നയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്‌.  സർക്കാർ വകുപ്പുകൾക്കും സംരംഭങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും വേതനത്തുകയുടെ 15 ശതമാനം വിദ്യാർഥികൾക്ക്‌ ഓണറേറിയമായി നൽകാം. മുഖ്യമന്ത്രിയുടെ 12 ഇന വികസന പരിപാടിയിൽ ഉൾപ്പെട്ട പുതിയ നയം നടപ്പാക്കാൻ സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ്‌ നോഡൽ ഏജൻസിയായി പ്രവർത്തിക്കും.

നവീനമായ ചിന്തകളും ആശയങ്ങളും വറ്റാത്ത ഊർജവുമുള്ളവരാണ്‌ നമ്മുടെ യുവതലമുറ. ഈ  കർമശേഷി നാടിന്‌ ഗുണകരമായി ഉപയോഗപ്പെടുത്താനാണ്‌ പഠനത്തോടൊപ്പം പാർടൈം ജോലി എന്ന ആശയം സംസ്ഥാനത്തിന്റെ നയമാക്കി മാറ്റുന്നത്‌. പഠനത്തിന്റെ ഇടവേളകളിൽ വെറുതെ കളയുന്ന സമയം അവർക്കിനി സൃഷ്‌ടിപരമായി ഉപയോഗിക്കാം. എൽഡിഎഫ്‌ സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഈ ഇടപെടൽ യുവജനങ്ങളെ കൂടുതൽ ആത്മവിശ്വാസമുള്ളവരാക്കി മാറ്റുമെന്നുറപ്പാണ്‌.

യുവാക്കളും കൗമാരക്കാരുമെല്ലാം ഇന്ന്‌ സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്നു. മൊബൈൽ ഫോൺ റിചാർജിങ്‌ മുതൽ ഇഷ്‌ടവാഹനം സ്വന്തമാക്കുന്നതുവരെയുള്ള കാര്യങ്ങൾക്ക്‌ അച്ഛനമ്മമാരെ ബുദ്ധിമുട്ടിക്കാൻ പലർക്കും ഇഷ്‌ടമില്ല. പഠനത്തോടൊപ്പം ജോലി ചെയ്യാൻ അവസരമുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന എത്രയോ പേരുണ്ട്‌.

വിദ്യാർഥികൾ പഠനത്തിന്റെ ഇടവേളകളിൽ ജോലി ചെയ്യുന്നത്‌ നാണക്കേടായി കണ്ട സമൂഹമാണ്‌ നമ്മുടേത്‌. വിദ്യാർഥികൾ തൊഴിൽ ചെയ്യുന്നത്‌ ഇല്ലായ്‌മയുടെ ലക്ഷണമായാണ്‌ പൊതുവെ  കണക്കാക്കിയിരുന്നത്‌. കൗമാരക്കാർ സദ്യവിളമ്പുകാരായി എത്തുന്നത്‌ ഈ മനോഭാവം മാറുന്നതിന്റെ സൂചനയാണ്‌.

സൽക്കാരങ്ങളിലും സദ്യകളിലും ഭക്ഷണം വിളമ്പുന്ന യുവജനങ്ങൾ ഇന്ന്‌ കേരളത്തിൽ പതിവ്‌ കാഴ്‌ചയാണ്‌. കൊച്ചുകൊച്ച്‌ ആവശ്യങ്ങൾക്ക്‌ പണമുണ്ടാക്കാനെത്തുന്നവരാണ്‌ ഈ യുവാക്കളിൽ ഏറെയും. പഠനത്തിന്‌ പണമുണ്ടാക്കാൻ പൊരികടല വിൽക്കുന്ന എൻജിനിയറിങ്‌ വിദ്യാർഥിയും മൽസ്യക്കച്ചവടം നടത്തുന്ന വിദ്യാർഥിനിയും വൈകിട്ട്‌ ഹോട്ടൽ ജോലി ചെയ്യുന്ന കോളേജ്‌ യൂണിയൻ ചെയർമാനും അടുത്തകാലത്താണ്‌ വാർത്തകളിൽ നിറഞ്ഞത്‌. വിദ്യാർഥികൾ പഠനത്തിന്റെ ഇടവേളകളിൽ ജോലി ചെയ്യുന്നത്‌ നാണക്കേടായി കണ്ട സമൂഹമാണ്‌ നമ്മുടേത്‌. വിദ്യാർഥികൾ തൊഴിൽ ചെയ്യുന്നത്‌ ഇല്ലായ്‌മയുടെ ലക്ഷണമായാണ്‌ പൊതുവെ  കണക്കാക്കിയിരുന്നത്‌. കൗമാരക്കാർ സദ്യവിളമ്പുകാരായി എത്തുന്നത്‌ ഈ മനോഭാവം മാറുന്നതിന്റെ സൂചനയാണ്‌. ജോലി ചെയ്‌ത പണംകൊണ്ട്‌ പഠിക്കുന്നതിൽ അഭിമാനിക്കുന്ന ഒരു തലമുറ ഇനി കേരളത്തിലുണ്ടാകും. അതിലേക്കുള്ള ചുവടുവയ്‌പാണ്‌ സംസ്ഥാന സർക്കാരിന്റെ തീരുമാനം.

ആത്മവിശ്വാസവും തൊഴിൽ നൈപുണ്യവും ആശയവിനിമയശേഷിയുമുള്ള യുവജനങ്ങളെ രൂപപ്പെടുത്താൻ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന്‌ സാധിക്കുന്നില്ലെന്ന വിമർശനം പൊതുവെയുണ്ട്‌. ഉന്നതവിജയവും സർട്ടിഫിക്കറ്റുകളും ഉളളവർപോലും തൊഴിൽ അഭിമുഖങ്ങളിലും മൽസര പരീക്ഷകളിലും പരാജയപ്പെടുന്നു. തൊഴിൽമേഖലയിലെ കടുത്ത മൽസരം നേരിടാൻ ആത്മവിശ്വാസവും നൈപുണ്യവും കൂടിയേ തീരൂ. ഏത്‌ വെല്ലുവിളിയും സൃഷ്‌ടിപരമായും ക്രിയാത്മകമായും അതിജീവിക്കുന്നതിന്‌ പുതിയ നയം യുവതയെ പ്രാപ്‌തരാക്കും. പുതിയ തൊഴിൽമേഖലകളിലേക്കും സംരംഭങ്ങളിലേക്കും കടന്നുചെല്ലാൻ അവർക്ക്‌ അവസരമൊരുങ്ങും.

അടുത്തകാലത്ത്‌ നമ്മുടെ ക്യാമ്പസുകളിലെ വിദ്യാർഥികൾ നടത്തിയ സാമൂഹ്യഇടപെടലുകൾ രാജ്യത്തിനുതന്നെ  വഴികാട്ടുന്നതായിരുന്നു. കഴിഞ്ഞ രണ്ട്‌ പ്രളയത്തിലും യുവജനങ്ങളുടെ കർമശേഷിയും  പ്രവർത്തനമികവും കേരളം അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌. പ്രളയജലത്തിൽ അകപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിച്ച്‌ യുവജനങ്ങൾ നടത്തിയ ഇടപെടൽ അത്‌ഭുതകരമായിരുന്നു. ദുരിതാശ്വാസ വസ്‌തുക്കൾ ശേഖരിക്കുന്നതിന്‌ ആഴ്‌ചകളോളം രാവും പകലും യുവജനങ്ങൾ പണിയെടുത്തു. പുതുതലമുറയ്‌ക്ക്‌ സാമൂഹ്യബോധമില്ലെന്ന്‌ വിമർശിക്കുന്നവരുടെ വായടപ്പിക്കുന്ന പ്രവർത്തനമാണ്‌ അന്ന്‌ അവർ നടത്തിയത്‌.  കേരളത്തിലെ യുവതയുടെ ഈ ഊർജത്തിനും കർമശേഷിക്കും സാമൂഹ്യപ്രതിബദ്ധതയ്‌ക്കും സംസ്ഥാന സർക്കാർ നൽകുന്ന അംഗീകാരമാണ്‌ പുതിയ നയം. നാളത്തെ കേരളം സൃഷ്‌ടിക്കാൻ യുവജനങ്ങളെ മുന്നിൽ നിർത്തുകയാണ്‌ എൽഡിഎഫ്‌ സർക്കാർ. പാശ്‌ചാത്യ രാജ്യങ്ങളിലെപ്പോലെ ഇനി നമ്മുടെ വിദ്യാർഥികളും ഒഴിവുവേളകളിൽ തൊഴിൽചെയ്‌ത്‌ സ്വന്തം കാലിൽ നിൽക്കും. അവർ നവകേരളം സൃഷ്ടിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top